Friday, November 15, 2024

‘ദേവിക്ഷേത്രനടയിലെ’ മേല്‍വിലാസക്കാരന്‍ 

അദ്ദേഹം സ്റ്റുഡിയോയില്‍ ചെല്ലുമ്പോള്‍ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീതജ്ഞന്‍ കണ്ണൂര്‍ രാജന്‍ ഗാനഗന്ധര്‍വ്വനായ യേശുദാസിനെ താനെഴുതിയ പാട്ട് പഠിപ്പിക്കുകയായിരുന്നു. അദ്ദേഹം അത് കേട്ടു കൊണ്ട് അവിടെ നിന്നു. പാട്ട് പഠിച്ചു കൊണ്ടിരിക്കെ യേശുദാസ് കണ്ണൂര്‍ രാജനോട് ചോദിച്ചു; “ഇത്ര മധുരമായ ലളിതമായ ഒരു കവിത ഞാന്‍ പാടിയിട്ടില്ല. ആരാണിതെഴുതിയത് ? ”അന്നും ഇന്നും എന്നും തനിക്ക് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള അംഗീകാരമായി അദ്ദേഹം ആ വാക്കുകള്‍ തന്‍റെ മനസ്സില്‍ സുവര്‍ണ്ണ ലിപികളാല്‍ കോറിയിട്ടു! കണ്ണൂര്‍ രാജന്‍ അവിടെ നിന്നിരുന്ന ആ പാട്ടെഴുത്തുകാരനെ, അദ്ദേഹത്തിനെ പരിചയപ്പെടുത്തിക്കൊടുത്തു. അതാണ് പരത്തുള്ളി രവീന്ദ്രന്‍. ബി കെ പൊറ്റെക്കാട്ട് 1977 ല്‍ സംവിധാനം ചെയ്ത ‘പല്ലവി’ എന്ന ചലച്ചിത്രത്തിന്‍റെ  കഥയും തിരക്കഥയും സംഭാഷണവും പാട്ടുമെഴുതിക്കൊണ്ട് ആ ഒരൊറ്റ പാട്ടിലൂടെ മലയാള സിനിമയുടെ മേല്‍വിലാസത്തില്‍ ശിഷ്ട്ടകാലം അറിയപ്പെടേണ്ടി വന്ന കലാകാരന്‍. ഒരൊറ്റ സിനിമ തന്ന അംഗീകാരവുമായി സിനിമയുടെ തട്ടകം വിട്ടിറങ്ങേണ്ടി വന്ന അതുല്യ ചലച്ചിത്രകാരന്‍. യേശുദാസിന്‍റെ ഇഷ്ട്ടഗാനങ്ങളിലൊന്നായിരുന്നു പരത്തുള്ളി രവീന്ദ്രനെഴുതിയ ആ ഗാനം.

“ദേവീ ക്ഷേത്ര നടയില്‍ ദീപാരാധന വേളയില്‍…”, മലയാള സിനിമയുടെ ഉമ്മറത്ത് ത്രിസന്ധ്യയില്‍ ഭദ്ര ദീപം കൊളുത്തി വെച്ച വിളക്കിന്‍റെ ഉജ്വല പ്രകാശമുണ്ട് ഈ പാട്ടിന്. ഒരിക്കലുമണയാത്ത കെടാവിളക്കിന്‍റെ ശോഭയും. “ദീപസ്തംഭം തെളിയിച്ച് നില്ക്കും ദേവികേ നീയൊരു കവിത ത്രിസന്ധ്യയെഴുതിയ കവിത”! ശ്രീകോവിലിലെ പ്രതിഷ്0 സര്‍വ്വ ചരാചരങ്ങളുടെയും അമ്മയോടുള്ള ഭക്തിയായി പരിണമിക്കുമ്പോള്‍  പ്രാര്‍ഥനാനിരതനായി നില്‍ക്കുന്ന കാമുകന്‍ തന്‍റെ ഹൃദയത്തിന്‍റെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ച പ്രണയിനിയോടുള്ള അര്‍ച്ചനയായും ആ പാട്ട് മാറുന്നു. “ആലിലത്തട്ടിലൊരായിരം പൂവുമായി ആരാധനയ്ക്കായി വന്നവളെ അതിലൊരു തുളസിക്കതിര്‍ നിന്‍റെ മുടിയില്‍ അറിയാതെ ഞാനൊന്നണിയിക്കട്ടെ” പ്രേമാര്‍ദ്രനായി കാമുകിയോട് പൂചൂടിക്കുവാനുള്ള അനുവാദം ചോദിക്കുകയാണ് കാമുകന്‍. എത്ര മനോഹരമായ ഒരിയ്ക്കലും വാടാത്ത സുഗന്ധം പൊലിഞ്ഞു പോകാത്ത പ്രേമത്തിന്‍റെ ജപമാലയാണ് പരത്തുള്ളി രവീന്ദ്രന്‍ മലയാളികളുടെ കാതുകളിലേക്ക്  പ്രേമാനന്ദത്തിന്‍റെ സുന്ദര രൂപം വാക്കുകളിലൂടെ കോര്‍ത്ത് പകര്‍ന്നു നല്കിയത്. നാട്ടില്‍  തന്‍റെ വീടിനടുത്ത് ദേവിക്ഷേത്രം ഉള്ളതിനാല്‍ പാട്ടില്‍ ആ അന്തരീക്ഷവും ഗൃഹാതുരതയും കൊണ്ട് വരാന്‍ കഴിഞ്ഞെന്നു അദ്ദേഹം ഓര്‍മ്മിക്കുന്നു.

‘പല്ലവി’യിലെ “ദേവിക്ഷേത്ര നടയില്‍ …” എന്ന ഒരൊറ്റ പാട്ട് കൊണ്ട് പ്രശസ്തനായ പരത്തുള്ളി രവീന്ദ്രന്‍ ഇതേ ചിത്രത്തില്‍ എഴുതിയ  “കിനാവിന്‍റെ കടലിലിളനീര്” എന്ന ഗാനം അക്കാലത്തെ കോളേജ് ക്യാമ്പസ്സുകളില്‍ തരംഗമായിരുന്നു. അക്കാലത്ത് കോളേജ് വിദ്യാര്‍ഥികളായിരുന്ന പില്‍ക്കാലത്ത് സാഹിത്യത്തിലും ചലച്ചിത്ര ഗാനരംഗത്തും പ്രശസ്തരായി മാറിയ ഗിരീഷ് പുത്തഞ്ചേരിയുടെയും പി കെ ഗോപിയുടെയും അലങ്കോട് ലീലാ കൃഷ്ണന്‍റെയുമെല്ലാം ഇഷ്ട ഗാനങ്ങളിലൊന്നായിരുന്നു “കിനാവിന്‍റെ കടലിലിളനീര്…”. കൂടാതെ മാധുരി പാടിയ ഒപ്പനപ്പാട്ടിന്‍റെ ശൈലിയിലുള്ള “കിളിക്കൊത്ത കരളുള്ള…” എന്ന ഗാനം പിറന്നതും പരത്തുള്ളി രവീന്ദ്രന്‍റെ തൂലികയില്‍ നിന്നു തന്നെ. ‘പല്ലവി’ എന്ന ചിത്രത്തിന് ശേഷം ‘ചുണക്കുട്ടികള്‍’ എന്ന സിനിമയ്ക്കു വേണ്ടിയും പാട്ടുകളെഴുതിയെങ്കിലും നിര്‍ഭാഗ്യവശാല്‍  ആ ചിത്രം വെളിച്ചം കണ്ടില്ല.  “കിങ്ങിണി കെട്ടിയ ചിങ്ങക്കാറ്റേ…”, “മാവേലി മന്നന്‍റെ വരവായി” തുടങ്ങിയവായിരുന്നു ‘ചുണക്കുട്ടികള്‍’ക്കു വേണ്ടി എഴുതിയ പാട്ടുകള്‍.

സിനിമയില്‍ ഹിറ്റ് പാട്ടെഴുതുക. സ്ക്രീനില്‍ തന്‍റെ പേര് തെളിയുക. അനേകം പാട്ടുകളിലൂടെ പോപ്പുലറാവുക. മനസ്സില്‍ കുട്ടിക്കാലത്തെയുള്ള ആഗ്രഹം വെച്ച് കൊണ്ടാണ് അദ്ദേഹം മദ്രാസിലേക്ക് വണ്ടി കയറിയതും മലയാള സിനിമയിലേക്ക് എത്തിപ്പെട്ടതും. നിര്‍മാതാവും സുഹൃത്തുമായ ടി പി ഹരിദാസും മറ്റ് സുഹൃത്തുക്കളും അങ്ങനെ സംവിധായകന്‍ ബി കെ പൊറ്റെക്കാട്ടുമായി ചേര്‍ന്ന് ‘പല്ലവി’ചിത്രം ഒരുക്കുകയും ചെയ്തു. തനിക്ക് കവിതയോടും പാട്ടുകളോടും നാടകത്തോടും അങ്ങനെ സര്‍വ്വ കലകളോടും താല്‍പര്യം എന്നല്ല ‘വിധേയത്വം’ എന്നാണ് പരത്തുള്ളി രവീന്ദ്രന്‍ വിശേഷിപ്പിക്കുന്നത്. ഇടശ്ശേരി, ഉറൂബ്, സി രാധാകൃഷണന്‍ തുടങ്ങിയ മലയാളത്തിലെ പ്രഗല്ഭരായ എഴുത്തുകാരുമായുള്ള സൌഹൃദബന്ധം അദേഹത്തിന്‍റെ ഉള്ളിലെ എഴുത്തുകാരനെ പരിപോഷിപ്പിച്ചു. കഥകളും കവിതകളും നാടകങ്ങളുമായി സജീവമാണ് അദ്ദേഹം. സിനിമാലോകവും പ്രേക്ഷകരും പാടെ വിസ്മരിച്ചു പോയ അപൂര്‍വം കലാകാരില്‍ ഒരാളാണ് പരത്തുള്ളി രവീന്ദ്രന്‍. ചേലേമ്പ്ര പടിഞ്ഞാട്ടില്‍ പൈ ഗ്രാമത്തിലെ വീട്ടിലിരുന്നു ആ കലാകാരന്‍ എഴുത്തിന്‍റെ വഴിയിലാണ്. ഒരൊറ്റപ്പാട്ടിന്‍റെ പേരില്‍ അറിയപ്പെടുന്ന ഈ മേല്‍വിലാസക്കാരന്‍. “ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍ ആത്മസഖീ നീ ഒഴുകി വരൂ…”,  ആ ഒഴുക്ക് നിലച്ചിട്ടില്ല, പ്രേമാര്‍ദ്രമായി ഒരു മന്ത്രം പോലെ ഭക്തിരസത്തില്‍ അതങ്ങനെ പരിലസിക്കുകയാണ്.

spot_img

Hot Topics

Related Articles

Also Read

നസ്ലിൻ, ഗണപതി, ലുക് മാൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു

0
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, സമീർ കാരാട്ട്, ജോബിൻ ജോർജ്ജ്, സുബീഷ് കണ്ണഞ്ചേരി തുടങ്ങിയവർ നിർമ്മിച്ച് നസ്ലിൻ, ഗണപതി, ലുക് മാൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ എറണാകുളത്ത് വെച്ച് നടന്നു.

ഡിസംബർ ഒന്നിന് ‘ഡാൻസ് പാർട്ടി’ തിയ്യേറ്ററുകളിലേക്ക്

0
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ ‘ഡാൻസ് പാർട്ടി’ ഡിസംബർ ഒന്നിന് തിയ്യേറ്ററുകളിലേക്ക് എത്തും. ഫാമിലി കോമഡി ചിത്രം കൂടിയാണ് ഡാൻസ് പാർട്ടി.

ആദ്യ ഗാനം പുറത്ത് വിട്ട് ‘ഡാൻസ് പാർട്ടി’; ഷൈൻ ടോമും പ്രയാഗയും തകർപ്പൻ പ്രകടനം

0
ഓർഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലെ ഈ ഗാനം ഓഡിയോ ലോഞ്ച് മമ്മൂട്ടിയാണ് നിർവഹിച്ചത്.

ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ‘ചെക്ക് മേറ്റ്’ ; ചിത്രത്തിന്റെ ട്രയിലർ പുറത്ത്

0
ലാലും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രം ചെക്ക് മേറ്റ് എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും സംഗീതവും നിർവഹിച്ചിരിക്കുന്നത് രതീഷ് ശേഖരാണ്. ഹോളിവുഡ് സിനിമകളെ കിടപിടിക്കുന്ന ദൃശ്യവിസ്മയമാണ് ചെക്ക്...

‘ക്വീൻ എലിസബത്തി’ ന് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം ഇനി തിയ്യേറ്ററുകളിലേക്ക്

0
ഡിസംബർ 29 ന് ചിത്രം തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. എം പത്മകുമാർ സംവിധാനം ചെയ്യുന്ന കുടുംബ ചിത്രമാണിത്. അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിനിക്കൂട്ടം എന്നീ ചിത്രങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും നരേനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.