69- മത് ദേശീയ പുരസ്കാരത്തില്‍ ഇത്തവണയും അവാര്‍ഡുകള്‍ വാരിക്കൂട്ടി മലയാള സിനിമ. മികച്ച തിരക്കഥ, ജൂറി പുരസ്കാരം ഫീച്ചര്‍- നോണ്‍ ഫീച്ചര്‍ പുരസ്കാരം അടക്കം എട്ടോളം അവാര്‍ഡുകളാണ് മലയാള സിനിമയ്ക്കു ലഭിച്ചിട്ടുള്ളത്. നായാട്ട് എന്ന ചിത്രത്തിലൂടെ ഷാഹി കബീറിന് മികച്ച തിരക്കഥയ്ക്കും പ്രത്യേക ജൂറി അവാര്‍ഡ് ഹോം എന്ന ചിത്രത്തിലൂടെ ഇന്ദ്രന്‍സിനും കൃശാന്ത് സംവിധാനം ചെയ്ത ആവസാവ്യൂഹം എന്ന ചിത്രത്തിന് മികച്ച പരിസ്ഥിതി സിനിമയ്ക്കും മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മേപ്പടിയാനിലൂടെ വിഷ്ണു മോഹനനും മികച്ച ഓഡിയോഗ്രാഫിക്കുള്ള അംഗീകാരം റഹ്മാന്‍ ബ്രദര്‍സ് സംവിധാനം ചെയ്ത ചവിട്ടിനും ലഭിച്ചു.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച പരിസ്ഥിതി ചിത്രമെന്ന നേട്ടം കൈവരിച്ചത് ‘മൂന്നാം വളവ്’ ആണ്. മികച്ച ആനിമേഷന്‍ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ തിരഞ്ഞെടുക്കപ്പെട്ടു. നായാട്ട് എന്ന ചിത്രത്തില്‍ നായകനായി എത്തിയ ജോജു ജോര്‍ജ്ജും ഹോമിലെ ഒലിവര്‍ ട്വിസ്റ്റായി എത്തിയ ഇന്ദ്രന്‍സും സഹനടനുള്ള സാധ്യതപട്ടികയില്‍ ഇടം പിടിച്ചിരുന്നു. സംസ്ഥാന തലത്തില്‍ മികച്ച ചിത്രമായി ആവാസവ്യൂഹം ദേശീയ തലത്തിലും നേട്ടം സ്വന്തമാക്കി.