Friday, November 15, 2024

നടന വിസ്മയത്തിന്‍റെ കലാകാരന്‍

സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ പ്രത്യേകത ഗ്രാമീണ സൌന്ദര്യത്തിന്‍റെ നാട്ടുതനിമയാണ്. അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളും അങ്ങനെ തന്നെ. അത് കൊണ്ട് തന്നെ ഒടുവില്‍ ഉണ്ണികൃഷ്ണനെന്ന അഭിനേതാവിനെയും പ്രതീക്ഷിച്ചു കഥയിലും തിരക്കഥയിലും  ഒരു ഗ്രാമീണ വേഷം എന്നും കാത്തു കിടക്കും. മഴവില്‍ക്കാവടിയിലെ ചെത്തുകാരനെയും ഗോളാന്തരവാര്‍ത്തയിലെ കള്ള് കച്ചവടക്കാരനും പൊന്മുട്ടയിടുന്ന താറാവിലെ കറവക്കാരനും തലയണമന്ത്രത്തിലെ ഡാന്‍സ് മാസ്റ്ററും പ്രേക്ഷകരായ നമുക്ക് തരുന്ന ചിരിയുടെ നര്‍മ പ്രധാനമായ ആനന്ദമാണ് പകരുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന അഭിനയ സാമ്രാട്ടില്‍ നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണ വിശുദ്ധിയുടെ നിഷ്കളങ്കത അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളിലും മുഴുനീളെ നിഴലിച്ചു കാണാം. ആ പ്രത്യേകതകള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ അഭിനയ ശൈലിയെയും കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കിയത്. കഥാപാത്രങ്ങളിലേക്കുള്ള ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ പരകായപ്രവേശം ഗംഭീരമായിരിക്കും. കഥാപാത്രത്തിന് യോജിച്ച അദ്ദേഹത്തിന്‍റെ ശരീര പ്രകൃതി, സംഭാഷണ ശൈലി തുടങ്ങിയവയെല്ലാം അതിനുദാഹരണങ്ങളാണ്.

ലാളിത്യമായിരുന്നു അദ്ദേഹത്തിന്‍റെ അഭിനയ ശൈലിയുടെയും കഥാപാത്രങ്ങളുടെയും പ്രത്യേകത. ഒടു വില്‍ ഉണ്ണികൃഷ്ണനായി ഒരു കഥാപാത്രമെങ്കിലും സിനിമയില്‍ പിറന്നിരിക്കും. ആ കഥാപാത്രം പ്രവേശിക്കാനായി ഒടുവില്‍ ഉണ്ണികൃഷ്ണനെന്ന കലാകാരനെ കഥ  തിരഞ്ഞു കൊണ്ടേയിരിക്കും. മലയാള സിനിമയിലേക്ക് കടന്നു വന്ന അദ്ദേഹത്തിന്‍റെ കരിയറിലേക്ക് നാലു പതിറ്റാണ്ടുകളിലെ ചില കഥാപാത്രങ്ങള്‍  ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന അഭിനേതാവിനെ കാത്തു കിടന്നു . തനിമയാര്‍ന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ സമ്പന്നത. അഭിനയവും സംഗീതവും ഒരു പോലെ കൊണ്ട് നടന്ന അതുല്യ പ്രതിഭ. നര്‍മഭാവത്തില്‍ എത്രയോ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ എത്രയോ ചിരിപ്പിച്ചിരിക്കുന്നു. സ്കൂള്‍ പഠനകാലത്ത് തന്നെ തബലവാദനത്തിലും മൃദംഗ വായനയിലും അസാമാന്യമായ പ്രാവീണ്യം നേടിയ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ നിരവധി സംഗീത ആല്‍ബങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചെങ്കിലും ഒടുവില്‍ അറിയപ്പെടുന്നത് ചലച്ചിത്ര അഭിനേതാവ് എന്ന കലാമേഖലയിലാണ്. കെ പി എ സിയുടെയും കേരള കലാവേദിയുടെയും കലാനിലയത്തിന്‍റെയും  നാടകങ്ങളിലൂടെ മികച്ച അഭിനേതാവായി ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മാറ്റുരയ്ക്കപ്പെട്ടു.അരങ്ങിലെ ആ കഥാപാത്രങ്ങളെല്ലാം തന്നെ വെള്ളിത്തിരയിലേക്കുള്ള വഴിത്താരയായിരുന്നു.

സ്വാഭാവികമായ അഭിനയമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ അഭിനയത്തെയും അതുള്‍ക്കൊണ്ട കഥാപാത്രങ്ങളെയും പൂര്‍ണ്ണതയിലേക്ക് എത്തിച്ചത്. പി എന്‍ മേനോന്‍ 1970 ല്‍ സംവിധാനം ചെയ്ത ‘ദര്‍ശനം എന്ന ചിത്രത്തിലൂടെയാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ ഗ്രാമീണനായ കഥാപാത്രം. നിഷ്കളങ്കനും നര്‍മബോധവുമുള്ള ഒരു ഗ്രാമീണ വ്യക്തിത്വം അങ്ങനെ ഒടുവില്‍ ഉണ്ണി കൃഷ്ണനും സ്വന്തമായി. ‘ഭരത’ത്തിലെ മൃദംഗം കലാകാരനായ ഒടുവിലിനെ എങ്ങനെ മറക്കും? അത് പോലെ തന്നെ ഐ വി ശശി ചിത്രമായ 1993 ല്‍ റിലീസായ ‘ദേവാസുര’ത്തിലെ വാനപ്രസ്ഥനായ ബ്രഹ്മണ വേഷത്തിലെ  ഒടുവിലിന്‍റെ പെരിങ്ങോടന്‍ എന്ന  കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറില്‍ വ്യത്യസ്തമായൊരു അഭിനയത്തിന് നാന്ദി കുറിക്കുകയായിരുന്നു. മംഗലശ്ശേരിയുടെ തറവാട് മുറ്റത്ത് വെച്ച് നീലകണ്ഠനെന്ന സടകൊഴിഞ്ഞ രാജാവിന്‍റെ ദൈന്യത കണ്ടു നില്‍ക്കാനാവാതെ ഒടുവില്‍ കരഞ്ഞു കൊണ്ട് പാടിയ അഷ്ടപദി പ്രേക്ഷകരുടെ കണ്ണും മനസ്സും ഒരുപോലെ  ഈറനണിയിച്ചു. ‘ദേവാസുര’മെന്ന  ചിത്രത്തിലെ ഹൃദയഹാരിയായൊരു രംഗത്തെ അതിന്‍റെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുവാന്‍ അദ്ദേഹത്തിന്‍റെ അഷ്ടപദിക്ക് കഴിഞ്ഞിട്ടുണ്ട്.

കഥാപാത്രങ്ങളെ പരമാവധി തന്നിലേക്ക് ഉള്‍ക്കൊണ്ട് കൊണ്ട് ആ കഥാപാത്രങ്ങളെയെല്ലാം അത് പോലെ തന്നെ കാഴ്ചക്കാരുടെ മനസ്സിലേക്ക് കുടിയിരുത്തുന്നതില്‍ ഇന്ദ്രജാലക്കാരനായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍. കവലയിലെ ചായക്കടക്കാരനായി ഉല്‍സവപ്പറമ്പുകളിലെ കച്ചവടക്കാരനായി നാട്ടിന്‍ പുറത്തെ കവലപ്രാസംഗികനായ  രാഷ്ട്രീയക്കാരനായി കള്ള് കച്ചവടക്കാരനായി കൃഷിക്കാരനായി അങ്ങനെ നമ്മുടെ മുന്നിലൂടെ നിത്യേന ഓരോ മനുഷ്യരും കടന്നു പോകുന്ന വ്യക്തിത്വത്തെ സ്വത്വത്തെ അത്രയും ഉള്‍ക്കൊള്ളുന്ന ഒടുവിലിന്‍റെ കഥാപാത്രങ്ങളുമായി പ്രേക്ഷകരും ചങ്ങാത്തത്തിലാകുന്നു. അടൂരിന്‍റെ 2002 ല്‍ പുറത്തിറങ്ങിയ ‘നിഴല്‍ക്കൂത്ത് ‘ എന്ന  ചിത്രത്തിലെ ‘കാളിയപ്പന്‍’ എന്ന ആരാച്ചാറിന്‍റെ വേഷത്തിലെത്തിയ ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ ഗംഭീര അഭിനയത്തിന്‍റെ മറ്റൊരു വശത്തിന് കൂടി മലയാള സിനിമയും പ്രേക്ഷകരും സാക്ഷ്യം വഹിച്ചു. മാത്രമല്ല, ‘കാളിയപ്പന്‍’ എന്ന കഥാപാത്രത്തെ തേടി അക്കൊല്ലത്തെ മികച്ച നടനുള്ള കേരള സംസ്ഥന ചലചിത്ര പുരസ്കാരവുമെത്തി. അടൂരുമായുള്ള ഒടുവിലിന്‍റെ കഥാപാത്രങ്ങളുടെ ചങ്ങാത്തം വീണ്ടും വീണ്ടും അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1995 ല്‍ പുറത്തിറങ്ങിയ ‘കഥാപുരുഷനി’ലെ അഭിനയത്തിനു മികച്ച സഹനടനുള്ള അംഗീകാരവും സത്യന്‍ അന്തിക്കാടിന്‍റെ ‘തൂവല്‍ക്കൊട്ടാര’ത്തിലെയും അഭിനയത്തിനും മലയാള സിനിമ പുരസ്കാരങ്ങള്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. നടന കലയില്‍ അദ്ദേഹത്തിന്‍റെ മൂളലുകള്‍ക്കും നോട്ടങ്ങള്‍ക്കും ചലനങ്ങള്‍ക്കുപോലും കഥാപാത്രത്തിന് പറയാനുള്ളത് പറഞ്ഞിരിക്കും ഈ അനുഗ്രഹീത കലാകാരന്‍..

ഇന്നും ഒടുവില്‍ ഉണ്ണികൃഷ്ണനെ തേടി കഥാപാത്രങ്ങള്‍ പിറന്നു കൊണ്ടിരിക്കുന്നു എന്നതാണു വസ്തുത. എന്നാല്‍ അര്‍ദ്ധപ്രാണനുമായി മറ്റേതോ അഭിനേതാവിലേക്ക് ആ കഥാപാത്രങ്ങള്‍ക്ക് ചേക്കേറേണ്ടി വരുന്നു. ഒടുവിന്‍റെ നഷ്ടം തിരിച്ചറിയുന്നത് അടൂരിനെയും സത്യന്‍അന്തിക്കാടിനെയും കമലിനെയും പോലെയുള്ള മലയാളത്തിലെ പ്രശസ്തരായ സംവിധായകരും ഒടുവിലിന്‍റെ കഥാപാത്രങ്ങളെ ആസ്വദിക്കുന്ന നല്ല പ്രേക്ഷകരുമാണ്. ആറാം തമ്പുരാനിലെ  എല്ലാം നഷ്ട്ടപ്പെട്ട് ഒടുവില്‍ തന്‍റെ പ്രിയങ്കരമായ ഹാര്‍മോണിയം വില്‍ക്കേണ്ടി വരുന്ന സംഗീതപ്രേമിയായ തമ്പുരാനെ എത്ര മെയ് വഴക്കത്തോടെ അഭിനയിച്ചു കൊണ്ടാണ് അദ്ദേഹം നമ്മുടെയെല്ലാം മനസിനെ സങ്കടക്കടലിന്‍റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോയിരിക്കുന്നത് ! അപ്രധാനമായ കഥാപാത്രങ്ങളെപ്പോലും തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷക മധ്യത്തിലേക്ക് കൊണ്ട് വരാനുള്ള ഒടുവിലിന്‍റെ അഭിനയ മിടുക്ക് എടുത്ത് പറയേണ്ട സവിശേഷതയാണ്. ഒടുവില്‍ സിനിമയില്‍ ഒരു കാഴ്ചക്കാരനായി നിന്നാല്‍ പോലും ഒടുവില്‍ ശ്രദ്ധേയനാകുന്നു. ഒറ്റപ്പെടല്‍, സ്നേഹം, ദൈന്യത, സൌഹൃദം, സങ്കടം എന്നിങ്ങനെ വികാരങ്ങളെ അത്രവേഗമാണിയുവാന്‍ ഒടുവിലിന് കഴിഞ്ഞിട്ടുണ്ട്. താരപരി വേഷത്തിന്‍റെ തലക്കനമില്ലാതെ ഒടുവില്‍ ഇന്നും കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘ചിത്തിനി’

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്തിനിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്.

ടിറ്റോ വിൽസൻ നായകനാകുന്നു; ‘സംഭവം ആരംഭം; ചിത്രത്തിന്റെ ടീസർ റിലീസായി

0
ടീം വട്ടം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാദ് ഹസ്സനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഹെവി ഡോസ് എന്ന കഥാപാത്രമായാണ് ടിറ്റോ വിൽസൺ എത്തുന്നത്. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി മറ്റുള്ളവരുടെ ഏത് വിധേനെയും ഉപയോഗിക്കുന്ന രീതിയാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകത.

ദുബായ് ഇന്റർനാഷണൽ ഫിലിം അവർഡുമായി ‘കാക്കിപ്പട’

0
ദുബായ് ഇന്റർനാഷണൽ ഫിലിം അവാർഡ് നേടി കാക്കിപ്പട. ഷെബി ചൌഘട്ട് സംവിധാനം ചെയ്ത ചിത്രത്തിനാണ് അവാർഡ്. ഇന്റർനാഷണൽ നറേറ്റീവ് ഫീച്ചർ വിഭാഗത്തിൽ ഉൾപ്പെട്ട ചിത്രമാണ് കാക്കിപ്പട.

ബിഗ്ബജറ്റ് ചിത്രവുമായി ടോവിനോ തോമസിന്‍റെ ‘നടികര്‍ തിലകം’; ഷൂട്ടിങ്ങ് ഹൈദരബാദില്‍ പുരോഗമിക്കും

0
നാല്പതു കോടിയോളം മുടക്ക് മുതല്‍ വരുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പ്രധാനമായും ഗോല്‍കൊണ്ട ഫോര്‍ട്ട്, ബന്‍ഞ്ചാര ഹില്‍സ്, രാമോജി ഫിലിംസ് സിറ്റി, തുടങ്ങിയ ലൊക്കേഷനുകളില്‍ ഷൂട്ടിങ്ങ് നടക്കും. കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്‍റെ ആദ്യഭാഗം ഷൂട്ടിംഗ് നടന്നത്.

‘ഡയൽ  100’ മാർച്ച് എട്ടിന് റിലീസിന്

0
വി ആർ എസ് കമ്പനിക്കു വേണ്ടി വിനോദ് രാജൻ നിർമ്മിച്ച് രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന പൊലീസ് ഇൻവെസ്റ്റിഗേഷൻ ചിത്രം ഡയൽ  100 മാർച്ച് എട്ടിന് തിയ്യേറ്ററുകളിലേക്ക് എത്തും.