മലയാള സിനിമയുടെ പുതു ലോകത്തിലേക്ക് കടന്നുവന്ന നവാഗത സംവിധായകനാണ് ബ്ലെസ്സി. അദ്ദേഹത്തിന്‍റെ സംവിധാനത്തിലിറങ്ങിയ മിക്ക സിനിമകളും പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും നേടി. വാണിജ്യ മേഖലയിലും കലാപരമായും ബ്ലെസ്സിയുടെ സിനിമകൾ വിജയിക്കുകയുണ്ടായി. സാധാരണക്കാരനായ മനുഷ്യന്‍റെ ജീവിത സാഹചര്യങ്ങൾ ഫ്രെയിമിൽ ഒപ്പിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മലയാള ത്തിന്‍റെ മുഖമുദ്ര ലോകസിനിമകളിലേക്ക് ചിരപരിചിതമാക്കിയ പത്മരാജൻ, ഭരതൻ, ലോഹിതദാസ് എന്നീ സംവിധായകരുടെ ശിഷ്യനായും സഹപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം. 2004ൽ ബ്ലെസ്സി സംവിധാനം ചെയ്ത ആദ്യത്തെ ചിത്രമാണ് കാഴ്ച. മികച്ച കലാപ്രവർത്തനമായിരുന്നു ആദ്യ സിനിമ. വാണിജ്യപരമായും സിനിമ വിജയിച്ചു. കന്നി ചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള അവാർഡ് നേടുകയും ചെയ്തു ബ്ലെസ്സി. അതിനുശേഷമിറങ്ങിയ തന്മാത്രയും ഭ്രമരവും കൽക്കട്ടാന്യൂസുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളായിരുന്നു.
ബ്ലെസ്സിയുടെ തന്മാത്ര എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. പത്മരാജന്‍റെ ‘ഓർമ്മ’ എന്ന ചെറുകഥയാണ് ‘തന്മാത്ര’ എന്ന സിനിമയുടെ പ്രമേയം. കേരളസർക്കാർ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ രമേശൻ നായർ എന്ന സാധാരണക്കാരന്‍റെ കുടുംബകഥയാണ് തന്മാത്ര. തന്‍റെ ജോലിയിൽ ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തിയിരുന്ന രമേശൻ നല്ലൊരു അച്ഛനും ഭർത്താവും മകനുമായിരുന്നു. രമേശന്‍റെ ഭാര്യ രേഖ, പ്ലസ്‌ടു വിദ്യാർത്ഥിയായ മകൻ മനു, സ്കൂൾ വിദ്യാർത്ഥിനിയായ മകൾ മഞ്ജു എന്നിവരടങ്ങുന്ന ഒരു അണുകുടുംബമാണ് രമേശന്‍റെത്. പഠിക്കാൻ മിടുക്കനായ മനു കലക്ടറായി കാണാൻ രമേശൻ ആഗ്രഹിക്കുന്നു. അവനും അതിനുള്ള തയ്യാറെടുപ്പിലാണ്. അവൻ അച്ഛനെയും അമ്മയെയും സഹോദരിയെയും ഗുരുക്കന്മാരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.അത് വരെ സന്തോഷകരമായ ജീവി തം നയിച്ചു പോന്ന ആ കുടുംബത്തിന്‍റെ താളം തെറ്റുന്നത് രമേശനെ ബാധിച്ച അൽഷിമേഴ്‌സ് എന്ന മറവി രോഗം അപ്രതീക്ഷിതമായി കുടുംബം അറിഞ്ഞപ്പോഴാണ്. പതിവിൽ നിന്നും തീർത്തും വിചിത്രമായ സ്വഭാവവൈകൃതങ്ങൾ വീട്ടുകാർ രമേശനിൽ കാണുന്നു. ഓഫീസിലെ ഫയൽ റെഫ്രിജറേറ്ററിനുള്ളിൽ വെക്കുക തുടങ്ങിയ പെരുമാറ്റവും ഇടപെടലുകളും സംശയം ബലപ്പെടുത്തുന്നു. ഒരു ദിവസം കവർ നിറയെ പച്ചക്കറി വാങ്ങി രമേശൻ ഓഫീസിലെത്തുകയും ജോലി കഴിഞ്ഞു വീട്ടിലെത്തിയത് പോലെ അവിടെ പെരുമാറുകയും ചെയ്യുന്നു.
സ്ഥലകാലബോധം നഷ്ട്ടപ്പെട്ട രമേശനെ സുഹൃത്ത് ഡോക്ടറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോകുകയും അൽഷിമേഴ്‌സിന്‍റെ തുടക്കമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. വിവരമറിഞ്ഞ കുടുംബം മാനസികമായി തകരുന്നു. ദിവസങ്ങൾ കഴിയുന്തോറും രോഗം മൂർച്ഛിച്ച രമേശൻ കൊച്ചു കുട്ടികളെപ്പോലെ പെരുമാറുന്നു. പാടെ തകർന്നു പോയെങ്കിലും വിധിയെ നേരിടാൻ ആ കുടുംബം തീരുമാനിക്കുന്നു. ദൃഢ നിശ്ചയം കൊണ്ടും, സ്നേഹ പൂർണ്ണമായ പരിചരണം കൊണ്ടും സാഹചര്യത്തെ മറികടക്കാൻ അവർ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. മനു ആത്മവിശ്വാസത്തോടെ ഐ എ എസ് ഇന്‍റർവ്യൂവിൽ പങ്കെടുക്കുന്നു. അതി നിടയിൽ വീട്ടിൽ വെച്ച് രമേശൻ മരണപ്പെടുന്നു. ജീവിത സാഹചര്യങ്ങളോട് യുദ്ധം ചെയ്തു വിജയിക്കുക, അല്ലെങ്കിൽ അതിനോട് സമരസപ്പെടുകയോ ഭയന്നോടുകയോ പരാജിതരായി കീഴ്പ്പെടുകയോ അശക്തരായി മരണത്തെ സ്വയം വരിക്കുകയോ ചെയ്യുക എന്നതൊക്കെ മനുഷ്യ സഹജമായ ജീവിത മുഹൂർത്തങ്ങൾക്കനുസൃതമായ തീരുമാനങ്ങളാണ്.
വിധിയോട് പോരാടുന്ന രേഖ മരിച്ചു ജീവിക്കുന്ന രമേശന്‍റെ കൈത്താങ്ങാണ്. ചിട്ടയാർന്ന മനോഹരമായൊരു കുടുംബ ചിത്രം പെട്ടെന്നു തകർന്നടിഞ്ഞതിന്‍റെ താളപ്പിഴകളെ ചേർത്തിണക്കുവാൻ രേഖ പെടുന്ന പെടാപ്പാടുകൾ സിനിമയിൽ കാണാം. അപ്രതീക്ഷിതമായി അക്രമിക്കുന്ന രോഗം, അതിന്‍റെ ആഘാതത്തിൽ തളർന്നു വീഴുന്ന നിരാശ്രിതരായ കുടുംബം, പിന്നീട് അവിടെയുള്ള ഒരോ അണുവിലും നിറഞ്ഞു നിൽക്കുന്ന അശാന്തത, ജീവിതത്തിൽ താളം കെട്ടി നിൽക്കുന്ന മഹാ മൗനം, അരക്ഷിതമായ ചിട്ടവട്ടങ്ങൾ, അനി ശ്ചിതമായ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ അങ്ങനെ മനുഷ്യ ജീവിതത്തിൽ നിർണയിക്കുവാൻ കഴിയാത്തത്ര സ്വരൂക്കൂട്ടിയ ആയുഷ്കാലം അപ്രതീക്ഷിതമായ തിരിച്ചടികളിൽ ചിതറി വീഴുന്നു. എങ്കിലും അതിനെയെല്ലാം നേരിടുന്ന രേഖയും മക്കളും എല്ലാവര്‍ക്കും ജീവിതത്തില്‍ ഉദാഹരണങ്ങളാണ്. മോഹൻലാൽ എന്ന അതുല്യനായ നടന്‍റെ അഭിനയ പാടവം നിറഞ്ഞു നിൽക്കുന്ന സിനിമ കൂടിയാണ് തന്മാത്ര.
2005ൽ മികച്ച സിനിമക്കും മികച്ച തിരക്കഥ, മികച്ച സംവിധാനം, മികച്ച നടൻ എന്നീ മേഖലകളിലും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ‘തന്മാത്ര’യ്ക്ക് ലഭിച്ചു. മോഹൻ ലാൽ (രമേശൻ നായർ ), മീര വാസുദേവൻ(രേഖ ), അർജുൻലാൽ (മനു ), ബേബി നിരഞ്ജന(മഞ്ജു ), നെടുമുടി വേണു (രമേശന്‍റെ പിതാവ് ), ജഗതി ശ്രീകുമാർ (ജോസഫ് ), ഇന്നസെന്‍റ് (രേഖയുടെ പിതാവ് ), മങ്ക മഹേഷ്(രേഖയുടെ അമ്മ), എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചു. ചിത്രത്തിന്‍റെ സംഗീതം മോഹൻ സിത്താരയും ഛായാഗ്രഹണം സേതു ശ്രീറാമും ഗാനരചന കൈതപ്രവും നിർവഹിച്ചു.”ഇതളൂർന്നു”(പി ജയചന്ദ്രൻ), “മിണ്ടാതെടി കുയിലേ “(എം ജി ശ്രീകുമാർ, സുജാത ), “മേലെ വെള്ളിത്തിങ്കൾ “(കാർത്തിക് ),”കാട്രു വെളിയിടെയ്”(വിധുപ്രതാപ്, ഷീലാ മണി &ടീം ) എന്നിവയാണ് തന്മാത്രയിലെ ഗാനങ്ങൾ. കാഴ്ച (2004), തന്മാത്ര (2005), പളുങ്ക് (2006), കൽക്കട്ടാ ന്യൂസ് (2008), ഭ്രമരം (2009), പ്രണയം (2011), എന്നിവ ബ്ലെസ്സിയുടെ മലയാളത്തിൽ ശ്രദ്ധേയമായ ചലച്ചിത്രങ്ങളാണ്. ഒരു മനോഹരമായൊരു കുടുംബ ചിത്രം മാത്രമല്ല, സാമൂഹികമായ പല ഘട്ടങ്ങളിലൂടെയും ഈ ചിത്രം മനുഷ്യ ജീവിത പരിസരങ്ങളിലൂടെ സഞ്ചരിക്കുന്നു.