ആദ്യകാല നാടക- ചലച്ചിത്ര ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. വർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 81- വയസ്സായിരുന്നു. ‘പച്ചപ്പനം തത്തേ..’ എന്ന പാട്ടിലൂടെ 13 വയസ്സിൽ ശ്രദ്ധേയയായി. കൂടാതെ ആദ്യകാലങ്ങളിൽ നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിപ്ലവഗായകനും റേഡിയോ കലാകാരനുമായ മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂർ കക്കാട് ആണ് ജനിച്ചത്.
ആകാശവാണിയിലും നിരവധി പാട്ടുകൾ പാടി, മച്ചാട്ട് വാസന്തി. കൂടാതെ നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂറിന്റെ വല്ലാത്ത പഹയൻ, പിജെ ആൻറണിയുടെ ഉഴവുചാൽ, കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, തീക്കൊടിയന്റെ നാടകങ്ങൾ എന്നിങ്ങനെ നിരവധി നാടകങ്ങളിൽ മച്ചാട്ട് വാസന്തി അഭിനേത്രിയും ഗായികയുമായി നിറഞ്ഞു നിന്നു. സിനിമയിൽ എത്തുന്നത് സംഗീത് സംവിധായകൻ ബാബുരാജിലൂടെ ആണ്. ബാബുരാജ് ഈണം നല്കിയ ‘ഓളവും തീരവും’ എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ ‘മണിമാരൻ തന്നത് പണമല്ല.. മധുരക്കിനാവിന്റെ കരിമ്പ് തോട്ടം’ എന്ന പാട്ടിലൂടെ മച്ചാട്ട് വാസന്തി സിനിമയിലും സജീവമാകാൻ തുടങ്ങി. പിന്നീട് രാമുകാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലും പാടി. ആ പാട്ടിനും ഈണം പകർന്നത് ബാബുരാജ് ആയിരുന്നു. മച്ചാട്ട് വാസന്തിയുടെ ഫറോക്കിലെ വീട്ടിലും കോഴിക്കോട് ടൌൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. കോഴിക്കോട് മാനാരി ശ്മശാനത്തിൽ വെച്ചായിരിക്കും സംസ്കാരം.