Wednesday, April 2, 2025

‘നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുക്കി’ മലയാളികൾ പാടിനടന്ന പാട്ടുകൾ…

“ഒരു പുലര്‍ച്ചെ പോക്കറ്റിലൊരു കവിതയുമായി വയലാറിനെ തേടി പുറപ്പെട്ടു. തിരക്ക് പിടിച്ച ഒരു പൊതുയോഗ സ്ഥലത്തുവെച്ച് ആ കവിതയേല്‍പ്പിച്ചു തിരികെ പോന്നു . ഒരാഴ്ച കഴിഞ്ഞപ്പോള്‍ വയലാറിന്‍റെ കത്ത് . ‘കവിത നന്നായിട്ടുണ്ട്. നിന്‍റെ പേര് ഏതൊക്കെയോ മാസികകളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഉല്‍സാഹപൂര്‍വ്വം കവിതയെഴുത്ത് തുടരുക…” (പാട്ടിന്റെ വഴികൾ). മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്ന കവി പിന്നീട് മലയാള സിനിമയുടെ മാത്രമല്ല, നിരവധി ഗാനങ്ങളുമായി മലയാളികളുടെ നാവിൻ തുമ്പിലും സജീവമായിരുന്നു.

എഴുപതുകളില്‍ തുടങ്ങി മലയാളസിനിമയുടെ പതിറ്റാണ്ടുകളെ സമ്പന്നമാക്കിയ കലാകാരന്‍. പാട്ടില്‍ കാവ്യസമ്പുഷ്ട്മായ പദങ്ങളെക്കൊണ്ടും, അര്‍ത്ഥങ്ങളെക്കൊണ്ടും അദ്ദേഹം കോര്‍ത്ത് വെച്ച പദസമുച്ചയത്തിനുള്ളില്‍ മറ്റൊരു സുന്ദരമായ ലോകത്തെക്കൂടി നമ്മള്‍ അനുഭവിച്ചറിഞ്ഞു. പ്രണയോന്മാദമായ ഓരോ അണുവിനെയും കണികയെയും അദ്ദേഹം തന്‍റെ അക്ഷരങ്ങളിലൂടെ പ്രപഞ്ചത്തില്‍ ദൃശ്യമാക്കുകയായിരുന്നു.

“ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍ ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു…”1975- ല്‍ പുറത്തിറങ്ങി ഹരിഹരന്‍ സംവിധാനം ചെയ്ത ‘അയലത്തെ സുന്ദരി ‘എന്ന ചിത്രത്തിലെ ശങ്കര്‍ ഗണേഷ് ഈണമിട്ട ഈ പാട്ടെഴുതിയാണ് മങ്കൊമ്പ് ഗോപാലകൃഷണന്‍ പാട്ടിന്‍റെ മേഖലയിൽ സ്വന്തമായൊരിടം പ്രതിഷ്ഠിക്കുന്നത്. കവിത്വം തുളുമ്പുന്ന വരികളിലൂടെ പ്രശസ്തനായി മാറിയ ആ ഗാനസാമ്രാട്ടിനെത്തേടി നിരവധി സിനിമകളെത്തി. കൂടുതലും അദ്ദേഹം പാട്ടെഴുതിയത് ഹരിഹരന്‍റെ ചിത്രങ്ങള്‍ക്കായിരുന്നു. അവയെല്ലാം സൂപ്പര്‍ ഹിറ്റുമായി.

‘അലകള്‍ ‘എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി പാട്ടുകളെഴുതിയതെങ്കിലും വെളിച്ചം കണ്ടത് ‘വിമോചന സമരം‘ എന്ന ചിത്രത്തിന് വേണ്ടിയെഴുതിയ പാട്ടുകളായിരുന്നു. അതിലെ എം എസ് വിശ്വനാഥിന്‍റെ ഈണത്തില്‍ ജാനകിയും പി ലീലയും ആലപിച്ച “പ്രപഞ്ചഹൃദയ വിപഞ്ചികയിലുണരും”എന്ന ഗാനം ശ്രദ്ധേയമായി. പാട്ടിന്‍റെ വരികള്‍ കൊണ്ട് മലയാള സിനിമയിലും മലയാളികളുടെ ഹൃദയത്തിലും അദ്ദേഹം വളര്‍ന്ന് പന്തലിച്ചു. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍റെ പാട്ടുകള്‍ക്ക് കൂടുതല്‍ ഈണമിട്ട  എം എസ് വിശ്വനാഥന്‍റെ സംഗീതവും കൂടിച്ചേര്‍ന്നപ്പോള്‍ ആ തൂലികയില്‍ നിന്ന്  ഗാനാമൃതത്തിന്‍റെ മറ്റൊരു വസന്തമായിരുന്നു പൂത്തൊരുങ്ങിയത്.

 “നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുങ്ങുമീ നാട്ടിന്‍ പുറമൊരു യുവതി…” ’ബാബുമോന്‍’ എന്ന ചിത്രത്തിലെ ഈ പാട്ടിനെ താലോലിക്കാത്ത മലയാളികള്‍ വിരളമായിരിക്കും. നാട്ടിന്‍ പുറത്തെ ശാലീനയായ യുവതിയുടെ ഹൃദയം നാടന്‍ പാട്ടിന്‍റെ ശീലുകള്‍ കൊണ്ടും നന്മകള്‍ കൊണ്ടും നിഷ്കളങ്കത കൊണ്ടും ഊഷ്മളവും സമൃദ്ധവുമാണെന്ന് വർണ്ണിച്ച് എഴുതുകയാണ് ഗാനരചയിതാവ്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ ഗ്രാമങ്ങളെയാണ് കവി നാടന്‍ പെണ്ണിനോട് ഉപമിക്കുന്നത്.

വയലാറിന്‍റെയും പി ഭാസ്കരന്‍റെയും കാലഘട്ടത്തില്‍ അവരോടൊപ്പം തന്നെ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍റെ പേരും അദ്ദേഹത്തിന്‍റെ പാട്ടുകളും  ഉയരങ്ങള്‍ കീഴടക്കി. ‘അയലത്തെ സുന്ദരി’യിലെ “നീലമേഘക്കുട നിവര്‍ത്തി താലവനപ്പീലി നീര്‍ത്തി മുഴുക്കാപ്പ് ചാര്‍ത്തി നില്‍ക്കും ഗ്രാമസുന്ദരി…” മലയാളികളെ കോരിത്തരിപ്പിച്ചു ഈ പാട്ടിലെ വരികളും. ഗ്രാമവിശുദ്ധി മാങ്കോമ്പിന്‍റെ മിക്ക പാട്ടുകളിലും തെളിഞ്ഞു നിന്നിരുന്നു. എങ്കിലും മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്ന ഗാനരചയിതാവ് സിനിമയിൽ നിന്നും കൂടുതൽ കാലം തിരശ്ശീലക്ക് പിന്നില്‍ മറഞ്ഞു നിന്നു.

 ‘ബാബുമോനി’ലെ പാട്ടുകളെല്ലാം തന്നെ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍റെയും എം എസ് വിശ്വനാഥന്‍റെയും പാട്ടും സംഗീതവും ഇഴുകി ചേർന്ന് കൊണ്ട് ഇന്ദ്രജാലങ്ങള്‍ തീര്‍ത്തവയായിരുന്നു. “ഇവിടമാണീശ്വര സന്നിധാനം“, ”ഇന്ദ്രനീലം ചൊരിയും“, ”വള്ളുവനാട്ടിലെ“,”പദ്മതീര്‍ഥക്കരയില്‍“ തുടങ്ങിയ പാട്ടുകള്‍ എക്കാലത്തെയും നിത്യഹരിതമായിരുന്നു. ‘അയലത്തെ സുന്ദരി’യിലെ “ഹേമമാലിനി”, “ചിത്രവര്‍ണ്ണ പുഷ്പജാലമൊരുക്കി വെച്ചു“, ”ത്രയമ്പകം വില്ലൊടിഞ്ഞു”, ”സ്വര്‍ണ്ണ ചെമ്പകം“ തുടങ്ങിയവ പാട്ടിന്‍റെ സ്മൃതികളില്‍ മലയാളികളില്‍ മായാതെ കിടക്കുന്നു.

 “ശ്രീകോവില്‍ ചുവരുകളിടിഞ്ഞു വീണു…” ‘കേണലും കലക്ടറും’ എന്ന ചിത്രത്തിൽ ദേവരാജന്‍ മാഷ് ചിട്ടപ്പെടുത്തിയ ഈ പാട്ടിലുമുണ്ട്, ഒളിഞ്ഞിരിക്കുന്ന കവിഭാവന. പ്രത്യക്ഷത്തിലെ കേള്‍വിയില്‍ ക്ഷേത്രച്ചുവരുകളും വിഗ്രഹവും തകര്‍ന്നു വീണു എന്നു അര്‍ത്ഥം ലഭിക്കുമെങ്കിലും ആന്തരികാര്‍ത്ഥത്തില്‍ ക്ഷേത്രച്ചുവരുകള്‍ മനുഷ്യ മനസ്സിനെയും അതിനുള്ളിലെ വിഗ്രഹം പ്രിയപ്പെട്ടവരുടേതുമായി രൂപാന്തരപ്പെടുന്നു. വരികളിലൂടെ അര്‍ത്ഥത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് പാട്ടിന് സൌന്ദര്യഭാവം കൈവരുന്നത്.

പ്രണയം എത്രത്തോളം വിരഹവും സന്തോഷവും പകരുന്ന രാഗമാണെന്ന് ‘യുദ്ധഭൂമി’യിലെ ആര്‍ കെ ശേഖറിന്‍റെ സംഗീതത്തില്‍ വാണിജയറാം പാടിയ “ആഷാഢമാസം ആത്മാവില്‍ മോഹം” എന്ന ഒറ്റപ്പാട്ട് തന്നെ ധാരാളം. പ്രണയത്തിന്‍റെ നിര്‍മലഭാവമാണ് ഈ പാട്ടിലെ ഓരോ വരികള്‍ക്കും അദ്ദേഹം നല്കിയിരിക്കുന്നത്.  വിരഹം വരികൾക്ക് കാതലാകുന്തോറും കാണാന്‍ കൊതിക്കുന്ന മിണ്ടാന്‍ വെമ്പുന്ന സ്പര്‍ശിക്കാന്‍ തുടിക്കുന്ന  പ്രണയിതാക്കളുടെ ഹൃദയത്തെ അദ്ദേഹം വൈകാരികമായ വരികള്‍ കൊണ്ട് ഒപ്പിയെടുക്കുന്നു.

കവിത പിറന്ന തൂലികകൊണ്ട് അദ്ദേഹം ‘ഓര്‍മ്മകള്‍ മരിക്കുമോ’ എന്ന ചിത്രത്തിന് വേണ്ടി എം എസ് വിശ്വനാഥന്‍റെ ഈണത്തില്‍ “തൃപ്പയാറപ്പാ ശ്രീരാമാ “ എന്ന ചലച്ചിത്രഭക്തി ഗാനത്തിനും ജന്മം നല്കി. മലയാളത്തില്‍ നാനൂറോളം പാട്ടുകളുടെ  സൃഷ്ട്ടാവായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ നമ്മളെ അത്ഭുതപ്പെടുത്തുന്നത് സിനിമയ്ക്കായി അദ്ദേഹം ആറു കഥകളും മുപ്പത്തിരണ്ടു സിനിമകള്‍ക്ക് സംഭാഷണവും നാലു സിനിമയ്ക്കു  തിരക്കഥയും എഴുതിയിട്ടുള്ളതാണ്. മാത്രമല്ല, ഇന്ത്യയില്‍ ഏറ്റവും  കൂടുതല്‍ ചിത്രങ്ങള്‍ (ബാഹുബലി ഉള്‍പ്പെടെ) മലയാളത്തിലേക്കു മൊഴിമാറ്റം നടത്തുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.

“തൊഴുകൈ കൂപ്പിയുണരും”(ബോയിങ് ബോയിങ്),”ഈ പാദം ഓംകാര ബ്രഹ്മ പാദം” (മയൂരി),”ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍”, ”തുമ്പപ്പൂക്കാറ്റില്‍”, “നാദങ്ങളായി നീ വരൂ“, (നിന്നിഷ്ടം എന്നിഷ്ട്ടം),”കുയില്‍ പാടും”(കേളി കൊട്ട്), ”ചെല്ല ചെല്ല ആശ” (റോജ), ”അമ്മേ നീ ഒന്നു കൂടി “(ചിരഞ്ജീവി), ”ഭഗവതിക്കാവില്‍ വെച്ചോ“,”ഈ പുഴയും കുളിര്‍കാറ്റും”(മയൂഖം),തുടങ്ങി നാനൂറോള പാട്ടുകള്‍ക്ക് അക്ഷരങ്ങള്‍ കൊണ്ട് ജപമാല കോര്‍ത്ത മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ മലയാള സിനിമയുടെ സൌന്ദര്യത്തെ പാട്ടുകളിലൂടെ കാത്തു സൂക്ഷിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

വിസ്മയം തീർത്ത് മാത്യു തോമസ് ചിത്രം ‘ലൌലി’ യുടെ ട്രയിലർ പുറത്ത്

0
മാത്യു തോമസ് നായകനായി എത്തുന്ന ചിത്രം ‘ലൌലി’യുടെ വിസ്മയകരമായ ട്രയിലർ പുറത്ത്. കുട്ടികൾക്കായി നിർമ്മിക്കപ്പെട്ട ചിത്രമാണ് ‘ലൌലി’. ഏപ്രിൽ 4 -നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്- ത്രീഡി, അനിമേഷൻ...

ദിലീപ് ചിത്രം ‘തങ്കമണി’യുടെ പേര് മാറ്റൽ ഹർജി’; ചിത്രം കണ്ടശേഷം സെൻസർ ബോർഡിന് ഉചിതമായ തീരുമാനം എടുക്കാം- ഹൈക്കോടതി

0
ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നല്കിയ ഹരജിയിലെ ഹൈക്കോടതിയുടെ അന്തിമ തീരുമാനമാണിത്. സെൻസർ ബോർഡ് ചിത്രം വീണ്ടും കണ്ടതിനു ശേഷം റിലീസ് തീയതി പ്രഖ്യാപിക്കും.

ഉള്ളുലയ്ക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതകഥയുമായി ‘ഉള്ളൊഴുക്ക്’

0
രണ്ട് സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉള്ളോഴുക്ക്. ജീവിതത്തിന്റെ തെറ്റും ശരിയും നിറഞ്ഞ സന്ദർഭങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരെ പ്രതിനിധാനം ചെയ്യുന്ന സിനിമയാണ് ഉള്ളോഴുക്ക്. എങ്കിലും അതിൽ നിന്നുള്ള തിരിച്ചടിയിലും അതിജീവിക്കുകയും ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന...

ഫെഫ്ക വാർഷിക ജനറൽ കൌൺസിലിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
പ്രസിഡന്റായി സിബി മലയിലിനെയും ജനറൽ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനെയും വർക്കിങ് സെക്രട്ടറിയായി സോഹൻ സീനുലാലിനേയും ട്രഷററായി ആർ. എച്ച് സതീഷിനെയും തിരഞ്ഞെടുത്തു.

ഡിസംബറിൽ റിലീസാകാനൊരുങ്ങി ‘ഡാൻസ് പാർട്ടി’

0
രാഹുൽ രാജും ബിജിപാലും സംഗീതം ചിട്ടപ്പെടുത്തിയ  ആറ് പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. ഇതിൽ മൂന്നു ഗാനങ്ങൾ ഡാൻസുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണേന്ത്യൻ കൊറിയോഗ്രാഫറായ ഷരീഫ് മാസ്റ്ററാണ് നൃത്തം ഒരുക്കിയിരിക്കുന്നത്