ഒരു ഗ്രാമം നമുക്ക് മുന്നിലൊന്നാകെ വെള്ളിത്തിരയിൽ ദൃശ്യവൽക്കരിക്കപ്പെടുക. അതിലെ സംഗീതം മുഴുവനും പ്രകൃതിയുടേതായി കേൾക്കപ്പെടുക, ഒരു ഗ്രാമീണ സംസ്കാരത്തിന്‍റെ മനുഷ്യായുസ്സ് മുഴുവൻ നമ്മുടെ മുന്നിലേക്ക് പറിച്ചു നടപ്പെടുക അവരുടെ ഓരോ ശ്വാസ കണികയെയും നമ്മുടെ അനുഭവത്തിലേക്ക് കൂടി പകർത്തി വെക്കുക. സത്യൻ അന്തിക്കാട് എന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകന്‍റെ അതിമനോഹരമായൊരു ചലച്ചിത്രാവിഷ്കാരത്തിന്‍റെ കലാവൈഭവമായിരുന്നു മുന്നേ പറഞ്ഞതെല്ലാം. സത്യൻ അന്തിക്കാടിന്‍റെ ചിത്രങ്ങൾക്ക് ഗ്യാരന്‍റി ഉണ്ട്. വിശ്വാസത്തോടെ പ്രേക്ഷകനു തിയ്യേറ്ററിൽ പോയി കാണാവുന്ന ചിത്രങ്ങളാണ് തന്‍റെത് എന്ന ഉറപ്പ് നല്കാനും അദ്ദേഹത്തിനു കഴിയുന്നു. മറ്റു സംവിധായകരെ പോലെ അദ്ദേഹം വിദേശ രാജ്യങ്ങളോ അവരുടെ കഥകളോ ആശയങ്ങളോ തേടുന്നില്ല. തന്നിലും തന്‍റെ ചുറ്റുപാടിലും നൂറായിരം കഥകളുടെ പുല്‍നാമ്പുകള്‍ അദ്ദേഹത്തിന്‍റെ കലാവിഷ്കാരത്തിനായി മാത്രം പിറക്കുന്നു. ഗ്രാമീണ സംസ്കാരത്തിന്‍റെ നാട്ടു തനിമകളാണ് അദ്ദേഹത്തിന്‍റെ സിനിമയ്ക്കുള്ള മുഖ്യാധാരം. ആ കഥാപാത്രങ്ങളിൽ ഗ്രാമീണരായ മനുഷ്യരുടെ വികാരങ്ങളുടെ വ്യത്യസ്ത ഭാവങ്ങൾ കാണാം. ഒരു പക്ഷെ നമ്മൾ സ്‌ക്രീനിൽ കണ്ടു പരിചരിച്ച കഥാപാത്രങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന ചിലത്.
ഗ്രാമീണ മനുഷ്യന്‍റെ ജീവിതഗന്ധിയാർന്ന കഥ പറയുന്ന സത്യൻ അന്തിക്കാടിന്‍റെ ചിത്രങ്ങളിലെ ഓരോ കഥാപാത്രങ്ങൾക്കും മണ്ണിന്‍റെയും വിയർപ്പിന്‍റെയും കണ്ണീരിന്‍റെയും ചൂരുണ്ട്. ‘നാട്ടിൻ പുറം നന്മകളാൽ സമൃദ്ധമാണെ’ ന്ന ഒരു മഹത്തായ സന്ദേശത്തിലൂടെ ദേശസംസ്‌കൃതിയുടെയും കുടുംബ പൈതൃകത്തിന്‍റെയും നാട്ടുപച്ചയെ നമ്മൾ അദ്ദേഹത്തിന്‍റെ സിനിമകളിലൂടെ തൊട്ടറിയുന്നു. തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് എന്ന ദേശത്തെ പ്രസിദ്ധനാക്കിയ സത്യൻ സംവിധായകൻ മാത്രമല്ല, നല്ലൊരു തിരക്കഥാകൃത്തും ഗാനരചയിതാവും ആണ് . ‘ഗാനരചയിതാവ് സത്യൻ അന്തിക്കാട് ‘എന്നായിരുന്നു സിനിമയിൽ ആദ്യം അദ്ദേഹം അറിയപ്പെട്ടിരുന്നത് കാവൽമാട’ത്തിലെ “അക്കരെ നിന്നൊരു പെണ്ണ്”, ധ്രുവസംഗമത്തിലെ “അധരം പകരും മധുരം”, കുറുക്കന്‍റെ കല്യാണത്തിലെ “അനുരാഗമെൻ ജീവനിലുണരു”, ആയുധത്തിലെ ‘അന്തരംഗത്തിലജ്ഞാത’, അധികാരത്തിലെ “ആതിര പൂങ്കുരുന്നിന്”, തൂവൽക്കൊട്ടാരത്തിലെ “ആദ്യമായ് കണ്ട നാൾ”, ഇതിലെ വന്നവരിലെ “ഇതിലെ ഇനിയും വരൂ”, അടുത്തടുത്ത് എന്ന ചിത്രത്തിലെ “ഇല്ലിക്കാടും ചെല്ലക്കാറ്റും”, പട്ടണത്തിൽ സുന്ദരൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അസ്ത്രം, ആരതി, ഞാൻ എകനാണ് , മണ്ടന്മാർ ലണ്ടനിൽ, തുടങ്ങിയ ചിത്രങ്ങളിലും അൻപതോളം ഗാനങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാ നിച്ചു.
സിനിമയിലേക്ക് കടന്നു വന്ന ആദ്യ കാലങ്ങളിൽ ഗാനരചയിതാവ് എന്ന നിലയിൽ സിനിമയിൽ പ്രശസ്തി നേടിയ സത്യൻ അന്തിക്കാട് സംവിധാനം മാത്രമല്ല, ഒരു പാട് ചിത്രങ്ങൾക്ക് കഥയും എഴുതിയിട്ടുണ്ട്. എഴുതിയതെല്ലാം സൂപ്പർ ഹിറ്റായി അന്നും ഇന്നും.’ഇന്നത്തെ ചിന്താവിഷയം’,’രസതന്ത്രം’, ശ്രീധരന്‍റെ ‘ഒന്നാം തിരുമുറിവ്, ‘സന്മനസ്സുള്ളവർക്ക് സമാധാനം’ തുടങ്ങിയ ചിത്രങ്ങൾക്ക് കഥയൊരുക്കിയ സത്യൻ അന്തിക്കാടിന്‍റെ ചിത്രങ്ങളിൽ തെളിഞ്ഞിരിക്കുന്ന നാടൻ ശീലുകൾ നിറഞ്ഞ നർമവും വേദനയും ചാലിച്ച ഒത്തിരി മുഹൂർത്തങ്ങൾ കൂടി അദ്ദേഹം നമുക്ക് സമ്മാനിച്ചു. സിനിമയിൽ സംവിധായകനായി അരങ്ങേയറ്റം കുറിക്കുന്നത് അദ്ദേഹത്തിന്‍റെ കലാപ്രതിഭയുടെ രണ്ടാം ഘട്ടമായിരുന്നു. 1973ൽ രേഖ സിനി ആർട്സിന്‍റെയും 1975ൽ സംവിധായകൻ ഡോ ബാലകൃഷ്ണന്‍റെ സഹസംവിധായകനുമായാണ് സത്യൻ അന്തിക്കാട് സംവിധായക വേഷത്തിൽ അരങ്ങേറ്റം കുറിച്ചത്. ചന്ദ്രകുമാറിന്‍റെ ‘ആരതി’, ‘അധികാരം’,’അഗ്നിപര്‍വ്വതം ‘എന്നി ചിത്രങ്ങളിലും കൂടാതെ അദ്ദേഹം ഹരിഹരൻ, ജെസി എന്നി സംവിധായകരുടെ കൂടെയും ജോലി ചെയ്തു. 1981 ലാണ് അദ്ദേഹം ‘ചമയം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര്യ സംവിധായകനാകുന്നത്. എന്നാൽ ആ ചിത്രം വെള്ളിത്തിരയിൽ എത്തിയില്ല. പിന്നീട് 1982ൽ സംവിധാനം ചെയ്ത ‘കുറുക്കന്‍റെ കല്യാണം’ ആണ് വെള്ളിത്തിരയിൽ എത്തിയ ആദ്യ ചിത്രം.
പിന്നീട് നമ്മൾ കണ്ടത് അന്തിക്കാടിന്‍റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഘോഷയാത്രയായിരുന്നു . ഗ്രാമീണതയിൽ നർമവും നന്മയും ജീവിത സംഘട്ടനങ്ങളും അതേ മിഴിവോടെ സ്‌ക്രീനിൽ അവതരിപ്പിച്ചു സത്യൻ അന്തിക്കാട്. സത്യൻ അന്തിക്കാട് ചിത്രങ്ങൾ കൂടുതല്‍ ഹിറ്റായത് ശ്രീനിവാസൻ എന്ന അതുല്യ കലാകാരന്‍റെ കടന്ന് വരവോടു കൂടിയാണ്. ശ്രീനിവാസൻ മികച്ച അഭിനേതാവും തിരക്കഥാകൃത്തുമായി കഴിവ് തെളിയിച്ച കലാകാരനായിരുന്നു. അഭിനയത്തിന് സൗന്ദര്യം മുഖ്യം എന്ന മാനദണ്ഡത്തെ അപ്പാടെ തന്‍റെ കല കൊണ്ട് ഉടച്ചു കളഞ്ഞ കലാകാരൻ. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയ അദ്ദേഹത്തിന്‍റെ പിന്നീടുള്ള ചിത്രങ്ങളും വൻ ഹിറ്റായി. 1986ൽ പുറത്തിറങ്ങിയ ‘ടി പി ബാലഗോപാലൻ എം എ’എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ -സത്യൻ അന്തിക്കാട് കൂട്ട് കെട്ട് മലയാളത്തിൽ ഉണ്ടാകുന്നത്. മോഹൻ ലാലിന്‍റെ സ്വാഭാവികാഭിനയത്തെ തിരിച്ചറിയുകയും ആ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്ത മലയാളസംവിധായകരിൽ പ്രധാനി സത്യൻ അന്തിക്കാടാണ്. മോഹൻ ലാലിനെ പോലെ ജയറാമിനെയും നായകനാക്കി അദ്ദേഹം ഗ്രാമീണ അന്തരീക്ഷത്തെ പശ്ചാത്തലമാക്കി കുടുംബ ചിത്രങ്ങൾ നിർമിച്ചു. മോഹൻലാൽ, ശ്രീനിവാസൻ, ബാലൻ കെ. നായർ, മണിയൻപിള്ള രാജു, ശോഭന എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചി ത്രമായ ‘ടി പി ബാലഗോപാലൻ എം എ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരളസർക്കാർ പുരസ്കാരം ലഭിച്ചത്. ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ശ്രീനിവാസന്‍റെതും.
ടി പി ബാലഗോപാലൻ എം എ ക്ക് ശേഷം പുറത്തിറങ്ങിയ ‘നാടോടിക്കാറ്റ്’ മലയാള സിനിമയുടെ അങ്ങോളമിങ്ങോളം നർമരസികമായ ഓളങ്ങളെ സൃഷ്ടിച്ചു. തമാശയുടെ ഒരു പൂക്കാലം തന്നെ പ്രേക്ഷകർക്ക് സമ്മാനിച്ചു അദ്ദേഹം. വിഖ്യാതമായ ബോബനും മോളിയും എന്ന കാർട്ടൂൺ ചിത്രം പോലെ ദാസനും വിജയനും സാധാരണക്കാരന്‍റെ ജീവിതത്തിനു ഹാസ്യത്തിലൂടെ വിശാലമായ ആശയങ്ങൾ പകർന്നു നൽകി.”എന്താ ദാസ നമുക്കി ബുദ്ധി ആദ്യമേ തോന്നാഞ്ഞത്? “പിൽക്കാലത്തു ഈ സംഭാഷണം കുഞ്ചൻ നമ്പ്യാരുടെ ഫലിതം പോലെ ആഘോഷിക്കപ്പെട്ടു. വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴിലിലായ്മയിലൂടെ ജീവിതത്തെ ബാധിക്കുന്ന ക്രൂരമായ അനുഭവങ്ങളെയും ദുരന്തങ്ങളെയും തമാശയിലൂടെ അവതരിപ്പിക്കുന്നു സത്യൻ അന്തിക്കാട്. മോഹൻലാലിന്‍റെയും ശ്രീനിവാസന്‍റെയും ഗംഭീരമായ അഭിനയം കൊണ്ടു മലയാള സിനിമയുടെ അമരത്ത് വിജയത്തിന്‍റെ വെന്നിക്കൊടി പാറിച്ചു. മോഹൻലാലും ശ്രീനിവാസനും ആണ് ചിത്രത്തിലെ നായകന്മാർ. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും പിന്നീട് പുറത്തിറങ്ങി. പട്ടണ പ്രവേശവും പ്രിയദർശൻ സംവിധാനം ചെയ്ത ‘അക്കരെ അക്കരെയക്കരെ’യും. മൂന്ന് ചിത്രങ്ങളും മലയാള സിനിമ തിയ്യേറ്ററ്ററുകളെ ഹാസ്യം കൊണ്ടു പൊട്ടിച്ചിരികൾ മുഴക്കി. മോഹൻലാൽ -ശ്രീനിവാസൻ കെമിസ്ട്രിയിൽ അത്ഭുതപ്പെട്ടുപോയ സിനിമാലോകമായിരുന്നു അത്.
രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പൊന്മുട്ടയിടുന്ന താറാവ് നാട്ടിൻപുറത്തെ ജീവിത സംസ്കാരത്തെ അടയാളപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ സംവിധാനത്തിന്‍റെ പതിവ് ശൈലി വിജയം കൊയ്തു.ശ്രീനിവാസനും ജയറാമും നായകൻമാരായി എത്തുന്ന ഈ ചിത്രത്തിൽ ഇന്നസെന്‍റ് , ഉർവശി, ശാരി എന്നിവരും പ്രധാന കഥാപത്രങ്ങളായി എത്തുന്നു. ശ്രീനിവാസൻ അവതരിപ്പിച്ച തട്ടാൻ ഭാസ്കരനും ജയറാമിന്‍റെ പവിത്രനും,ഇന്നസെന്‍റ് ചെയ്ത പണിക്കരും ഉർവശി അവതരിപ്പിച്ച സ്നേഹലതയും മലയാള സിനിമയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി. ലോഹിതദാസിന്‍റെ തിരക്കഥയിൽ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘വീണ്ടും ചില വീട്ടുകാര്യങ്ങ’ളും സൂപ്പർ ഹിറ്റായിരുന്നു. സംയുക്തവർമ്മ എന്ന നടിയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ആദ്യ ചിത്രം കൂടിയാണിത്. തിലകന്‍റെ അഭിനയ മികവ് ഒന്നു കൂടെ മലയാള സിനിമ പ്രേക്ഷകർ കണ്ട ചിത്രം. റോയ് തോമസ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ജയറാം സത്യൻ അന്തിക്കാടിന്‍റെ കുടുംബ ചിത്രങ്ങ ളിൽ അവിഭാജ്യ ഘടകമായിരുന്നു.
മലയാള സാഹിത്യത്തിന്‍റെ സ്വന്തം വി കെ എൻ എഴുതിയ തിരക്കഥയിൽ ഒരുങ്ങിയ ‘അപ്പുണ്ണി’ എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ മറ്റൊരു കഥാപാത്രത്തെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എത്ര അനായാസേനയാണ് സംവിധായകൻ മോഹൻലാൽ എന്ന നടനിലെ ഹാസ്യകലയെ ഒപ്പിയെടുത്തത് ! അദ്ദേഹം ആ കഥാപാത്രത്തെ തന്നിലേക്ക് അത്രത്തോളം ആസ്വദിച്ചു കൊണ്ടു ആവാഹിച്ചു എന്ന് തന്നെ വിശേഷിപ്പിക്കാം. സത്യൻ അന്തിക്കാടിന്‍റെ സംവിധാനത്തിൽ മലയാള സിനിമയിൽ പിറന്ന ‘തലയണമന്ത്രം’ മലയാളി കുടുംബത്തിന്‍റെ നിഷ്കളങ്കവും പൊങ്ങച്ചവും കുശുമ്പുമെല്ലാം നിറഞ്ഞ മലയാളി കുടുംബത്തിന്‍റെ കഥ പറയുന്നു ശ്രീനിവാസനും ജയറാമും അഭിയനയിച്ച സുകുവും മോഹനനും. ഉർവശി അവതരിപ്പിച്ച കാഞ്ചനയും പാർവതി അവതരിപ്പിച്ച ശൈലജയും കെ പി എ സി ലളിതയുടെ പാറുവമ്മായിയും നർമത്തിന്‍റെ ചിരി പടർത്തി.
ഹിറ്റ് ഡയലോഗുകൾ കൊണ്ട് ഹിറ്റായ ചിത്രമാണ് ‘സന്ദേശം’.ശ്രീനിവാസൻ എഴുതിയ സംഭാഷണങ്ങൾ ഇന്നും ട്രോൾ രൂപത്തിൽ നമുക്ക് മുന്നിൽ നർമത്തിന്‍റെയും പൊട്ടിച്ചിരിയുടെയും ആക്ഷേപ ഹാസ്യത്തിന്‍റെയും വിരുന്നൊരുക്കുന്നു. ഏറ്റവും കൂടുതൽ സമകാലീനവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ചിത്രം കൂടിയാണ് ‘സന്ദേശം’. മലയാളത്തിൽ കെ ജി ജോര്‍ജ്ജിന്‍റെ പഞ്ചവടി പാലത്തിനു ശേഷം ഇറങ്ങിയ മറ്റൊരു പൊളിറ്റിക്കൽ സറ്റയറായി ‘സന്ദേശ’ത്തെ ചലച്ചിത്ര നിരൂപകർ വിലയിരുത്തുന്നു. “പോളണ്ടിനെക്കുറിച്ച് ഇനിയൊരക്ഷരം മിണ്ടരുത്” … ചിത്രത്തിലെ ശ്രീനിവാസൻ അഭിനയിച്ച പ്രഭാകരൻ ജയറാമിനോട് (പ്രകാശൻ )പറയുന്ന ഹിറ്റ് ഡയലോഗ്. അന്ധമായ രാഷ്ട്രീയ വിശ്വാസം കുടുംബ ബന്ധങ്ങളെ എങ്ങനെ ശിഥിലമാക്കുന്നു എന്നതിന്‍റെ നേർചിത്രമാണ് സന്ദേശത്തിന്‍റെ പ്രമേയം.
മോഹൻലാൽ ഏറ്റവും അലിഞ്ഞു ചേർന്ന് അഭിനയിച്ച ചിത്രമാണ് സന്മനസ്സുള്ളവർക്ക് സമാധാനം. ഹൗസ് ഓണർ ഗോപാലകൃഷ്ണനായി വെള്ളിത്തിരയിൽ മോഹൻ ലാൽ കാഴ്ച വെച്ച ഓരോ അഭിനയ മുഹൂർത്തങ്ങളും പ്രേക്ഷകർ കണ്ണും മനസ്സും കൊണ്ടു ഒപ്പിയെടുത്തു. മോഹൻലാൽ അവതരിപ്പിച്ച വരവേൽപ്പിലെ ‘മുരളി’ എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു. പ്രവാസ ജീ വിതത്തിന്‍റെ കഥപറയുന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് ശ്രീനിവാസനാണ്. മോഹൻലാലും ശ്രീനിവാസനും മുരളിയും രേവതിയും പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ എത്തുന്നു.
മലയാള സിനിമയുടെ ഒരു യുഗം തന്നെ സ്വന്തമാക്കിയ ഷീലയുടെ തിരിച്ചു വരവ് ഒരാഘോഷം തന്നെയായിരുന്നു 2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ ‘എന്ന സിനിമ. ഷീലയുടെ കൊച്ചു ത്രേസ്യയും ജയറാമിന്‍റെ ‘റജി’ എന്ന കഥാപാത്രവും പ്രേക്ഷകർ ആസ്വദിച്ചു. കൊച്ചു ത്രേസ്യ വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന ചിത്രം കൂടിയായിരുന്നു ‘മനസ്സിനക്കരെ’.ഷീലയുടെ ഗംഭീരമായ അമ്മവേഷത്തിലു ള്ള തിരിച്ചു വരവ് പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു. മാത്രമല്ല, ഈ ചിത്രത്തിലൂടെ തെന്നിന്ത്യക്ക് നയൻതാര എന്ന അഭിനേത്രിയെക്കൂടി സ്വന്തമായി. കിന്നാരം, മണ്ടന്മാർ ലണ്ടനിൽ, അടുത്തടുത്തു, കളിയിൽ അല്പം കാര്യം, വെറുതെ ഒരു പിണക്കം, അധ്യായം ഒന്ന് മുതൽ, ഗായത്രി ദേവി എന്‍റെ അമ്മ, ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റ്, പപ്പൻ പ്രിയപ്പെട്ട പപ്പൻ, രേവതിക്കൊരു പാവക്കുട്ടി, കുടുംബ പുരാണം, മഴവിൽ കാവടി, ലാൽ അമേരിക്കയിൽ, കളിക്കളം, സസ്നേഹം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, നരേന്ദൻ മകൻ ജയകാന്തൻ വക,യാത്രകാരുടെ ശ്രദ്ധയ്ക്ക്, അച്ചുവിന്‍റെ അമ്മ, രസതന്ത്രം, വിനോദ യാത്ര, ഭാഗ്യ ദേവത, കഥ തുടരുന്നു, സ്നേഹ വീട് , ഒരു ഇന്ത്യൻ പ്രണയ കഥ, ഞാൻ പ്രകാശൻ, എന്നും എപ്പോഴും ജോമോന്‍റെ സുവിശേഷങ്ങൾ തുടങ്ങിയ മറ്റനേകം സത്യൻ അന്തിക്കാട് ചിത്രങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു മലയാള സിനിമയും അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട പ്രേക്ഷകരും.
തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ സിനിമയെ നടത്തിച്ച സംവിധായകൻ കൂടിയാണ് ഇദ്ദേഹം. മനുഷ്യ മനസ്സിനെ, അവന്‍റെ /അവളുടെ ശരീരത്തിന്‍റെ ഓരോ ചലനങ്ങളെ, അവരുടെ ജീവിത പശ്ചാത്തലങ്ങളെ നന്മയെ എല്ലാം അദ്ദേഹം ഒപ്പിയെടുത്തു. തന്‍റെ കഥാപാത്രങ്ങൾക്കിണങ്ങും വിധം അഭിനേതാക്കളെ സൃഷ്ടിച്ചെടുക്കാൻ സത്യൻ അന്തിക്കാട് വിജയിച്ചിട്ടുണ്ട്. മോഹൻലാൽ -ശ്രീനിവാസൻ കെമിസ്ട്രി ഇതിനുദാഹരമാണ്. കുടുംബ ചിത്രങ്ങൾക്കു വിപരീതമായി അദ്ദേഹം ചെയ്ത പിൻഗാമി, നമ്പർ വൺ, സ്നേഹ തീരം, ബാംഗ്ലൂർ നോർത്ത്, തുടങ്ങിയ ചിത്രങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
പതിയെപ്പതിയെ പൊയ്പ്പോയ ഗ്രാമത്തിന്‍റെ വിശുദ്ധിയും നാട്ടു പച്ചയും അളക്കാൻ പറ്റാത്ത നന്മകളും നിഷ്കളങ്കതയിൽ പൊതിഞ്ഞു നിൽക്കുന്ന നിസ്സീമമായ സ്നേഹവും നൊമ്പരവും പ്രണയവും കുശുമ്പും പരസ്പരശ്രയത്വവും നാട്ടു രുചികളുടെത്തനിമയുടെ ആസ്വാദനവും ഒന്ന് കൂടെ കാണണം എന്ന ആശ തോന്നുമ്പഴും അയ വിറക്കുമ്പോഴുമെല്ലാം ശരാശരി മലയാളികൾ സത്യൻ അന്തിക്കാട് എന്ന സംവിധാ യകനെ ഓർക്കുന്നു, ഗ്രാമത്തിന്‍റെ മണമുള്ള നിറവും ചൈതന്യവുമുള്ള സിനിമകളോർക്കുന്നു, നിറഞ്ഞ സദസ്സിൽ പൊട്ടിച്ചിരിപ്പിച്ച കയ്യടി വാങ്ങുകയും കരയിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളെ ഓർക്കുന്നു, നമ്മൾ ആ സിനിമകൾ വീണ്ടും വീണ്ടും കാണുന്നു.. അതാണ് സത്യൻ അന്തിക്കാടിന്‍റെ ചിത്രങ്ങളുടെ പ്രത്യേകത. സിനിമക്കുള്ള കഥകൾ തേടി അദ്ദേഹം അലയുന്നില്ല. ഓരോ കഥകളും അദ്ദേഹത്തിന്‍റെ കന്മുന്നിൽ തന്നെ തളിരിടുകയും കായ്ക്കുകയും പൂക്കുകയും ചെയ്യുന്നു. അതിന്‍റെ സുഗന്ധം നമുക്കും പകരുന്നു അദ്ദേഹത്തിന്‍റെ കലയിലൂടെ. അതാണ് പ്രേക്ഷകനു കിട്ടുന്ന വിരുന്നും ആസ്വാദനത്തിന്‍റെ രുചിയും പുണ്യവും.