കറപുരണ്ട പല്ലുകള്‍… നിഗൂഢമായ ചിരി… വന്യമായ നോട്ടം…ഭ്രമയുഗത്തിന്‍റെ പോസ്റ്ററില്‍ പുതിയ സ്റ്റൈലിഷ് ലുക്കിലെത്തിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ പോസ്റ്റര്‍ മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് റിലീസ് ചെയ്തത്. വില്ലനായും നായകനായും ഒരുപോലെ തിളങ്ങി നില്‍ക്കുവാന്‍ കഴിവുള്ള പ്രതിഭയാണ് മമ്മൂട്ടി. വില്ലന്‍ കഥാപാത്രങ്ങളായി അഭിനയിച്ച സിനിമകള്‍ വിരളമാണെന്നിരിക്കെ ഭ്രമയുഗത്തിലെ അദ്ദേഹത്തിന്‍റെ കഥാപാത്രം വില്ലനാണോ നായകനാണോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയിലും ഒറ്റപ്പാലത്തുമാണ്. സിദ്ധാര്‍ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, അമല്‍ദ എല്‍ഐഎസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ‘ഞങ്ങളുടെ ആദ്യ നിർമ്മാണത്തിൽ ഇതിഹാസതാരം മമ്മൂക്കയെ വരുന്നതിൽ ഞങ്ങൾക്ക് അഭിമാനവും ത്രില്ലും ഉണ്ട്. മമ്മൂക്കയുടെ സമാനതകളില്ലാത്ത ചിത്രം ഒരു ഗംഭീര ചലച്ചിത്ര അനുഭവം സമ്മാനിക്കും. പ്രഗത്ഭരായ അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് സംവിധായകൻ രാഹുൽ സൃഷ്ടിക്കുന്ന ഒരു വലിയ ലോകമാണ് ‘ഭ്രമയുഗം’- ചക്രവര്‍ത്തി രാമചന്ദ്ര പറഞ്ഞു.
ഹൊറര്‍ ചിത്രമായ ഭ്രമയുഗം പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രമാണെന്നതാണ് മറ്റൊരു പ്രത്യേകത. മമ്മൂക്കയെ സംവിധാനം ചെയ്യുക എന്ന സ്വപ്നത്തിൽ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ‘ഭ്രമയുഗം’ കേരളത്തിന്‍റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്. ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുഭവമാക്കി മാറ്റുന്നതിന് നിർമ്മാതാക്കളുടെ പിന്തുണ ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്കും ഈ വിഭാഗത്തിലുള്ള ആരാധകർക്കും ഇത് ഒരു വിരുന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- തിരക്കഥാകൃത്തും സംവിധായകനുമായ രാഹുൽ സദാശിവൻ പറഞ്ഞു. ഛായാഗ്രഹണം ഷെഹനാദ് ജലാലും എഡിറ്റിങ് ഷഫീക് മുഹമ്മദ് അലിയും സംഗീതം ക്രിസ്റ്റോ സേവ്യരും സംഭാഷണം ടി ഡി രാമകൃഷ്ണനും നിര്‍വഹിക്കുന്നു. മലയാളം, തെലുങ്കു, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഇറങ്ങുന്ന ചിത്രം 2024-ല്‍ തിയ്യേറ്ററുകളിലേക്ക് എത്തും.