സംഗീത ലോകത്ത് ഇമ്പമാർന്ന ഗാനങ്ങൾ കൊണ്ട് കോൾമയിർകൊള്ളിച്ച ഗസൽ ഗായകൻ പങ്കജ് പങ്കജ് ഉധാസ് അന്തരിച്ചു. 72- വയസ്സായിരുന്നു. മകൾ നയാബ് ഉധാസ് ആണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം പുറംലോകത്തെ അറിയിച്ചത്. ബോളിവൂഡിലേക്ക് പങ്കജ് ഉധാസ് ആദ്യ ചുവട് വയ്ക്കുന്നത് 1986- ൽ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഗസൽ ഗാനവർഷങ്ങളുടെ ഒരു യുഗപ്പിറവിയായി പങ്കജ് ഉധാസ് നില കൊണ്ടു. മെലഡികൾ കൊണ്ട് ഗസൽ ലോകത്ത് പങ്കജ് ഉധാസ് നിറഞ്ഞു നിന്ന കാലമായിരുന്നു എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും. പ്രണയവും പ്രണയരാഹിത്യവും നിറഞ്ഞു തുളുമ്പുന്ന പങ്കജ് ഉധാസിന്റെ ഈരടികളിൽ അഭിരമിക്കാത്ത സംഗീതാസ്വാദകർ വിരളം.
കുട്ടിക്കാലത്തെ സംഗീതത്തിൽ തത്പരനായിരുന്നു പങ്കജ് ഉധാസ്. ഗുജറാത്തിയിലെ ചർഖ് ഡി എന്ന ഗ്രാമത്തിലായിരുന്നു ജനനം. സംഗീതപാ രമ്പര്യത്തിന്റെ ഏറ്റവും ഉദാഹരണമായിരുന്നു പങ്കജ് ഉധാസിന്റെ മൂത്ത സഹോദരനായിരുന്ന മൻഹർ ഉധാസ്. ഗാനരംഗത്ത് സജീവമായിരുന്ന മൻഹർ ഉധാസ് ഹിന്ദിയിലും ഗുജറാത്തിയിലുമായി മുന്നൂറിലേറെ ഗാനങ്ങൾ ആലപിച്ചു എങ്കിലും അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.
പാട്ടുകൾ പാടുന്നതിനെക്കാൾ ഗസൽ രംഗത്ത് ശ്രദ്ധയൂന്നിയത് കൊണ്ടാവണം പങ്കജ് ഉധാസ് വളരെവേഗം ആളുകൾക്കിടയിൽ സ്വീകരിക്കപ്പെട്ടു. ‘ചിട്ടി ആയി ഹേ’, ‘ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനെ ജൈസേ ബാൽ, ചുപ് കെ ചുപ് കെ, യൂൻ മേരേ ഖാത്ക, സായ ബാങ്കർ, മൈഖാനെ സേ, ഖുതാരത്, തുജ രാഹ ഹൈ തൊ , ക്യാ മുജ്സേ ദോസ്തി, ഗൂൻഗാത്, ആൻസു തുടങ്ങിയ ഗാസലുകളിലൂടെ പങ്കജ് ഉധാസിനെ വളരെ വേഗം ശ്രദ്ധിച്ചു തുടങ്ങി. മുംബൈ സെന്റ് സേവിയേഴ്സ് കോളേജിൽ വിദ്യാർഥിയായി എത്തിയ പങ്കജ് ഉധാസിനു സംഗീതത്തിനുള്ള വെള്ളവും വെളിച്ചവും അവിടെനിന്ന് ലഭിച്ചു. രാജകോട്ട് സംഗീത നാടക അക്കാദമിയിൽ നിന്ന് തബല, മാസ്റ്റർ നവരംഗിന്റെ കീഴിൽ ശാസ്ത്രീയ സംഗീതം എന്നിവ അഭ്യസിച്ചു. ആദ്യമായി പിന്നണി ഗാനം പാടുന്നത് ഉഷ ഖന്ന ഈണമിട്ട കാംനയിലാണ്. എന്നാൽ കാംന ശ്രദ്ധിക്കപ്പെട്ടില്ല. അതോട് കൂടി പങ്കജ് ഉധാസ് പൂർണമായും ഗസൽ ലോകത്തേക്ക് മടങ്ങുകയായിരുന്നു.
ഉറുദു പഠിച്ചതോട് കൂടി ഗസൽ വാദനം അനായസകരമാക്കി മാറ്റിയ പങ്കജ് ഉധാസ് അമേരിക്കയിലും കാനഡയിലുമായി ഗസൽ വസന്തത്തിന്റെ വിസ്മയം തീർത്തു. പിന്നീട് ഇന്ത്യയിലെത്തിയതിന് ശേഷം ഗസൽ ലോകത്തിന്റെ നിത്യസൌന്ദര്യം ഇവിടം തീർക്കുകയായിരുന്നു അദ്ദേഹം. ‘ആഹത്’ എന്ന ഗസൽ ആൽബത്തിലൂടെ 1980- ൽ തുടക്കം കുറിച്ച പങ്കജ് ഉധാസിന് പിന്നീട് ജൈത്രയാത്രയായിരുന്നു. ഗംഭീരമായ ആലാപന ശൈലി കൊണ്ട് സൈഗാളിനും ജഗജിത്ത് സിങ്ങിനും തലത്ത് മൂഹമ്മദിനുമൊപ്പം തുല്യ പാതയിലേക്ക് ഉയർന്നു വന്നു പങ്കജ് ഉധാസും. മുംബൈ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ 11 മണിക്കായിരുന്നു അന്ത്യം. ദീർഘനാളുകളായി ചികിത്സയിലായിരുന്നു.