ആശയ സംഘട്ടനങ്ങളുടെ വേദിയാണ് നമ്മുടെ ഭൂമി.സംവേദനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും കൂട്ടായ പ്രസ്ഥാനങ്ങളിലൂടെയും സാമൂഹികവും സാംസ്കാരികവുമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെയും കലകളിലൂടെയും മൗനത്തിലൂടെയും എന്നിങ്ങനെ മനുഷ്യന് അഭിപ്രായവും ആശയങ്ങളും അടയാളപ്പെടുത്താനുള്ള വ്യത്യസ്ത മാർഗ്ഗങ്ങളുണ്ട്. സിനിമ കലാപ്രവർത്തനങ്ങളിലൊന്നാണ്. കലയെ കാൽപനികമായും രാഷ്ട്രീയമായും സാമൂഹികമായും സാങ്കല്പികമായും സമീപിക്കാം. പക്ഷെ, അതിലെല്ലാം കലയുണ്ടായിരിക്കണം. ചില കൊമേർഷ്യൽ ചിത്രങ്ങൾ രൂക്ഷമായ വിമർശനങ്ങൾക്ക് വിധേയമാകുന്നത് അതിലെ കലാപരമായ ശൂന്യത മൂലമാണ്. എന്നാൽ അത്യാവശ്യം മസാലകൾ തിരുകിക്കയറ്റാത്ത സിനിമകൾക്ക് തിയേറ്ററിൽ കാണികൾ കുറവായിരിക്കും. അടൂർ ഗോപാലകൃഷ്ണന്‍റെ സമാന്തര സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന കലാപരമായ സവിശേഷതകൾ നിരൂപകശ്രദ്ധ പിടിച്ചുപറ്റി.അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ ദേശീയ ദേശാന്തര ചർച്ചകൾക്കും അംഗീകാരങ്ങൾക്കും വിധേയമായി.
1962-65 ൽ പൂനെ ഫിലിം ഇൻസ്റ്റിസ്റ്റ്യൂട്ടിൽ നിന്ന് സംവിധാനത്തിലും തിരക്കഥയിലും പഠനം പൂർത്തിയാക്കിയിറങ്ങിയ അടൂർ ഇന്ത്യയിലെ തന്നെ ആദ്യ സ്വതന്ത്ര്യ സ്ഥാപനമായ ചിത്രലേഖ ഫിലിം സൊസൈറ്റി തിരു വനന്തപുരത്ത് സ്ഥാപിച്ചു. സമാന്തര സിനിമകളുടെ വളർച്ചയ്ക്ക് ഈ സ്ഥാപനം ഏറെ സഹായകരമായി. അരവിന്ദൻ, കെ ജി ജോർജ്ജ്, പവിത്രൻ, പി എ ബക്കർ എന്നിവരെ ചിത്രലേഖ ഫിലിം സൊസൈറ്റി കലാപരമായി സ്വാധീനിച്ചു. അത് വരെ കണ്ട ജനകീയ സിനിമകളിൽ നിന്നും വ്യത്യസ്തമായ ചിത്രമായിരുന്നു അടൂരിന്‍റെ ആദ്യ സിനിമയായ ‘സ്വയംവരം’. അത് വരെ പരീക്ഷിച്ചിട്ടില്ലാത്ത സങ്കേതങ്ങൾ കൊണ്ട് മലയാള ചലച്ചിത്ര ലോകത്ത് വേറിട്ടൊരു ഭാഷ്യം നിർമ്മിച്ചെടുക്കാൻ അടൂർ സിനിമകൾക്ക് കഴിഞ്ഞു.1984- ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അടൂരിന്‍റെ ‘മുഖാമുഖം’ എന്ന സിനിമ ചൂടോടെ ചർച്ച ചെയ്യപ്പെട്ടു.
അധികപേരും പ്രമേയമായി സ്വീകരിക്കാൻ മടിച്ച പ്രസക്തമായ സാമൂഹിക വിഷയങ്ങൾ സ്വീകരിച്ചതിൽ അടൂർ പ്രശംസിക്കപ്പെടുകയും ഒരു പാട് വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്തു.’മുഖാമുഖം’ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയെ കേന്ദ്രീകരിച്ചുള്ള സിനിമയാണ് മുഖാമുഖം. സഖാവ് ശ്രീധരൻ എന്ന പാർട്ടിയിലെ ശക്തനായ നേതാവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സഖാവ് ശ്രീധരൻ നേതൃത്വം നൽകിയ ഒരു ഫാക്ടറിയുമായി ബന്ധപ്പെട്ട സമരത്തിനിടെ ഫാക്ടറി ഉടമ കൊല്ലപ്പെടുകയും പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ട ശ്രീധരൻ ഒളി വിന് പോകുകയും ചെയ്യുന്നു. സംഭവം ഒതുങ്ങിയപ്പോഴും സാമൂഹികമായ രാഷ്ട്രീയ മാറ്റങ്ങൾ മാറിമാറി വന്നപ്പോഴും ശ്രീധരൻ ഒളിവിൽ നിന്ന് പുറത്തു വന്നതേയില്ല. നാടും പ്രസ്ഥാനവും ശ്രീധരൻ മരിച്ചുകാണുമെന്നു കണക്ക് കൂട്ടുന്നു. ശ്രീധരൻ പാർട്ടിയുടെ രക്തസാക്ഷിയാകുന്നു. പെട്ടെന്നൊരുനാൾ മദ്യപാനിയായ ജരാനരകൾ ബാധിച്ചൊരു വൃദ്ധനായി ശ്രീധരൻ ഒളിവിൽ നിന്ന് നാട്ടിലേക്കിറങ്ങുന്നു. ഇത് പ്രസ്ഥാനത്തിൽ അസ്വസ്ഥതയുണ്ടാക്കി. ഒരു ദിവസം ശ്രീധരൻ കൊല്ലപ്പെടുകയും പ്രസ്ഥാനം വീണ്ടുമയാളെ രക്തസാക്ഷി യായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
മറയില്ലാതെ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതികളെ തുറന്നു കാട്ടുന്ന ചിത്രമാണ് അടൂരിന്‍റെ ‘മുഖാമുഖം’. സമകാലിക രാഷ്‌ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ പോലും ചിത്രം കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും വിവാദമാകുന്നതും അതിലെ കാതലായ രാഷ്ട്രീയ സത്തയാണെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു. റഷ്യൻ പാർലമെന്‍റിൽ പോലും ചർച്ച ചെയ്യപ്പെട്ട അടൂർ ഗോപാലകൃഷ്ണന്‍റെ ‘മുഖാമുഖം’ എന്ന മലയാള ചിത്രം രാ ഷ്ട്രീയ അന്തരീക്ഷത്തിൽ വൻ വിവാദങ്ങൾക്ക് കാരണമായി. ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ പിന്നാമ്പുറങ്ങളിലും മാറ്റി നിർത്തപ്പെടുന്ന പ്രായമേറിയ ഋഷി തുല്യരായ രാഷ്ട്രീയ പ്രഗല്ഭരുടെ പ്രതീകമായി ശ്രീധരനെ വിലയിരുത്താം.നേരെ മറിച്ച് കൗമാര യൗവന കാലഘട്ടങ്ങളിൽ പ്രസ്ഥാനത്തിന് വേണ്ടി വിയർപ്പൊഴുക്കുകയും പ്രായമേറുമ്പോൾ പതിയെ അതിൽ നിന്നും പിന്തിരിഞ്ഞു സ്വസ്ഥജീവിതം നയിക്കുകയും ചെയ്യുന്ന ‘പഴയ സഖാവ് ‘ന്‍റെ പ്രതിനിധിയാണ് ശ്രീധരൻ എന്നും പറയാം.
പഴയ സഖാവിന്‍റെയും പുതിയ സഖാവിന്‍റെയും മാറ്റങ്ങൾ ഉണ്ടാകുമ്പോൾ പഴയ സഖാവ് ജീവിച്ചു കൊണ്ട് തന്നെ പ്രസ്ഥാനത്തിന്‍റെ രക്ത സാക്ഷിയാകുന്നു. ചിലർ മരിച്ചും ചിലർ ജീവിച്ചും രക്തസാക്ഷികളാകുന്നു. ചിലരെ പ്രായവും ജീവിതവും മടുപ്പും വിശ്വാസത്തിലേക്കും ഈശ്വരനിലേക്കും അവസാന കാലങ്ങളിൽ തിരിച്ചു കൊണ്ട് പോകുന്നു. ഇതൊരു നഗ്നസത്യമാണ്. ചെയ്യാനിനി കർമ്മങ്ങളില്ലെന്നു ബോധ്യമാകുമ്പോൾ തന്നിലേക്ക് തന്നെ ആഴത്തിൽ ഇറങ്ങിപ്പോകാനുള്ള കാലം കൂടിയാണ് വാർദ്ധക്യം. അവിടെ നിന്നാണ് പുനർ വിചിന്തനത്തിന്‍റെ വിത്തുകൾ കണ്ടു കിട്ടുന്നത്. ഒരിക്കലുമിനി മുളയ്ക്കാത്തവ. പോയ കാലങ്ങളുടെ വിഫലമായിപ്പോയ വിത്തുകളാണവ. അതിൽ നന്മയും തിന്മയും ഉണ്ട്. രാഷ്ട്രീയത്തിലൂടെ സ്വാർത്ഥ ചിന്തകളില്ലാതെ നന്മ ചെയ്ത ഒരു കാലം ഉണ്ടെങ്കിൽ അത് പഴയ കാലങ്ങളുടെ സമ്പത്താണ്. ആ സമ്പത്ത് പുതിയ കാലത്തിനു പൈതൃക ഗുണത്തിന്‍റെ തണലും വെളിച്ചവും നൽകുന്നു. വാർദ്ധക്യം ബാധിച്ച രാഷ്ട്രീയമെന്ന വന്മരത്തിന്‍റെ ഒരോ പുതുശാഖയെയും അടൂർ തന്‍റെ ചിത്രത്തിലൂടെ അടയാളപ്പെടുത്തുന്നു. അതികായമായ ഇന്ത്യൻ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ചരിത്രത്തെയും അതിന്‍റെ വർത്തമാനത്തെയും ഭാവികാലത്തെയും കുറിച്ച് ‘മുഖാമുഖം’ എന്ന ചിത്രം പറയുന്നു. പി ഗംഗാധരൻ നായർ, ബാലൻ കെ നായർ, കവിയൂർ പൊന്നമ്മ, അശോകൻ തുടങ്ങിയവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചു. സംഗീതം എം ബി ശ്രീനിവാസനും ഛായാഗ്രഹണം മങ്കട രവിവർമ്മയും നിർവഹിച്ചു.
1984- ൽ മികച്ച സംവിധായകൻ,മികച്ച തിരക്കഥ മികച്ച ചിത്രം(അടൂർ -മുഖാ മുഖം) എന്നിവയ്ക്ക് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു.1984ൽ മികച്ച ചിത്രം,മികച്ച സംവിധായകൻ (അടൂർ -മുഖാമുഖം ) എന്നിവയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി.സിനിമയിലെ സമഗ്ര സംഭവനയ്ക്ക് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം(2004), പത്മശ്രീ,ജെ സി ഡാനിയേൽ പുരസ്‌കാരം(2016), എന്നീ അംഗീകാരങ്ങൾ. കൊ ടിയേറ്റം (1977), എലിപ്പത്തായം (1981), മുഖാമുഖം (1984), അനന്തരം (1987), മതിലുകൾ(1989), വിധേയൻ(1993), കഥാപുരുഷൻ (1995), നിഴൽക്കൂത്ത്(2003), നാല് പെണ്ണുങ്ങൾ (2007), ഒരു പെണ്ണും രണ്ടാണും (2008), പിന്നെയും (2016) എന്നിവ അടൂരിന്‍റെ പ്രശസ്ത സിനിമകളാണ്. പൌരന്‍റെ അധികാരവും സ്വാതന്ത്ര്യവും രാഷ്ട്രീയവും നിലപാടും വ്യക്തമാക്കുന്ന ചിത്രം കൂടിയാണ് മുഖാമുഖം.