Monday, March 31, 2025

പരിണയം: സാമുദായിക അസമത്വത്തിന്‍റെ പൊളിച്ചെഴുത്ത്

രണ്ട് കലകളുടെ സംഗമമായിരുന്നു എം ടി- ഹരിഹരൻ ടീമിന്‍റേത്. സിനിമ ഒരു കവിത പോലെ ആസ്വദിക്കപ്പെടുന്ന സുവര്‍ണ കാലമായിരുന്നു മലയാളത്തിന് എം ടിയിലൂടെയും ഹരിഹരനിലൂടെയും ലഭിച്ചിരുന്നത്. ഈ കൂട്ടുകെട്ട് മലയാള സിനിമയിലെ ചരിത്രത്തിന്‍റെ ഗതി മാറ്റത്തെ അടയാളപ്പെടുത്തുന്നു. തങ്ക ലിപികളാൽ മലയാള സിനിമ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട ഒത്തിരി സർഗാത്മകത തുളുമ്പുന്ന കാവ്യാത്മക ചലച്ചിത്രങ്ങൾ സമ്മാനിച്ചു, ഈ അനശ്വര കൂട്ടുകെട്ട്. കാലത്തിന്‍റെ ഭിന്ന മുഖങ്ങളെ ആവിഷ്കരിക്കാൻ ഈ കലാകാരന്മാരുടെ സർഗാത്മക കൂട്ടുകെട്ടിന് കഴിഞ്ഞിട്ടുണ്ട്.

അറുപതുകളുടെയും തൊണ്ണൂറുകളുടെയും കാലം ഈ കലകളിലെല്ലാം പ്രതിബിംബിക്കുന്നുണ്ട്. സമൂഹം, കുടുംബം, വ്യക്തി, ചരിത്രം, എന്നിങ്ങനെ മനുഷ്യൻ മാനസികമായും ശാരീരികമായും കടന്നു വന്ന എല്ലാ കാലങ്ങളെയും അനുഭവങ്ങളെയും കാഴ്ചകളെയും സിനിമ ചർച്ച ചെയ്യുന്നു. സമൂഹവും കുടുംബവും വ്യക്തിയുമടങ്ങുന്ന ലോകത്തെ ഒറ്റ ഫ്രെയിമിൽ കലാമൂല്യത ചോര്‍ന്ന് പോകാതെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാന്‍ കഴിയുന്നതും സിനിമ എന്ന ദൃശ്യകലയുടെ വിജയമാണ്. എഴുത്തുകാരന്‍റെ ചലച്ചിത്ര ഭാഷ്യം എത്രത്തോളം സുന്ദരമാണെന്ന് എം ടി- ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ തന്നെ ഉദാഹരണം.

എഴുത്തുകാരനായി മലയാള സാഹിത്യത്തിൽ ഉറപ്പോടെ വളർന്നു വന്ന ജ്ഞാനപീഠ പുരസ്‌കാര ജേതാവും നിളയുടെ കഥാകാരനുമായ എം ടിക്ക് ചലച്ചിത്ര ഭാഷയും അതിന്‍റെ രൂപവും ഘടനയും എളുപ്പം വഴങ്ങി. 1963- ൽ സ്വന്തം കഥയായ ‘മുറപ്പെണ്ണി’ന് തിരക്കഥ എഴുതിക്കൊണ്ടാണ് ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശം ചെയ്തത്. 1973- ൽ ‘നിർമാല്യം’ ആദ്യമായി സംവിധാനം ചെയ്തു. ഒത്തിരി പുരസ്‌കാരങ്ങൾ സിനിമാ പ്രവർത്തന മേഖലയിൽ അദ്ദേഹത്തിന് ലഭിച്ചു. എം ടി- ഹരിഹരൻ കൂട്ടുകെട്ടി ൽ 1979- ൽ പുറത്തിറങ്ങിയ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’യാണ് ആദ്യ ചിത്രം. എം ടിയുടെ പതിനൊന്നു തിരക്കഥകൾക്ക് ഹരിഹരൻ സംവിധാനം ചെയ്തു. സംവിധായകൻ മാത്രമല്ല, കഥാകൃത്ത് കൂടിയാണ് ഹരിഹരൻ. ബഹദൂർ എന്ന നടനുമായുള്ള അദ്ദേഹത്തിന്‍റെ അടുപ്പം സിനിമയിലേക്കുള്ള വഴി തുറന്നു. ‘ഏഴാമത്തെ വരവ്’ (2013) എന്ന ചിത്രത്തിൽ ഹരിഹരൻ ആദ്യമായി ഗാനങ്ങൾ രചിക്കുകയും സംഗീതം ചിട്ടപ്പെടുത്തുകയും ചെയ്തു.1973ലെ ‘ലേഡീസ് ഹോസ്റ്റൽ’ ആണ് ഹരിഹരൻ സംവിധാനം ചെയ്ത ആദ്യ ചിത്രം.

ദേശീയ അന്തർദേശീയ തലങ്ങളിൽ അംഗീകാരങ്ങൾ നേടുകയും കൂടുതൽ ചർച്ചചെയ്യപ്പെടുകയും ചെയ്ത സിനിമയാണ് 1994- ൽ എം ടിയുടെ തിരക്കഥയിൽ  ഹരിഹരൻ സംവിധാനം ചെയ്ത ‘പരിണയം’. വിദ്യാസമ്പന്നയും പുരോഗമന ചിന്തയുമുള്ള കിഴക്കേടത്ത് മനയിലെ ഉണ്ണിമായ എന്ന പെൺകുട്ടിയുടെ കഥയാണിതിൽ. ഒരു കാലഘട്ടത്തിനെയും സാമൂഹിക സമുദായിക അരാജകത്വത്തെയും ഭരിച്ചിരുന്ന സാമ്പ്രദായിക രീതികളെയും ഉള്‍ക്കൊണ്ട ചരിത്ര സിനിമയെന്നും ഇതിനെ വിശേഷിപ്പിക്കാം.

മറക്കുടക്കുള്ളില്‍ അന്തര്‍ജ്ജനങ്ങള്‍ക്ക് സ്വര്‍ഗമായിരുന്നു എന്ന് കരുതിപ്പോന്നിരുന്ന പുറം ലോകത്തോട്  അതിനുള്ളിലെ മഹാനരകത്തെ കാട്ടിക്കൊടുക്കാന്‍ കലയ്ക്ക് കഴിഞ്ഞു. കലകള്‍ കലാപകാരികളായതോടെ മനുഷ്യ ജീവിതത്തിന്‍റെമേല്‍  ഏച്ചു  കെട്ടിയ ജീര്‍ണിച്ച മാമൂലുകള്‍ പൊട്ടിത്തകര്‍ന്നു. തന്‍റെ മുത്തച്ഛന്‍റെ പ്രായമുള്ള, മുൻപ് മൂന്നു വേളികഴിച്ച പാലക്കുന്നത്ത് നമ്പൂതിരിയെ ഉണ്ണിമായയ്ക്ക് വിവാഹം കഴിക്കേണ്ടി വരുന്നതും ഭർത്താവിന്‍റെ വീട്ടിലെ അലിഖിത നിയമങ്ങളുമായും ആചാരങ്ങളുമായും ഉണ്ണിമായക്ക് പൊരുത്തപ്പെടാൻ കഴിയാതെ ആവുകയും ആയിടയ്ക്ക്  പ്രായാധിക്യം മൂലവും മറ്റ് അവശതകൾ കൊണ്ടും ഉണ്ണിമായയുടെ ഭർത്താവ് മരണപ്പെടുകയും അവൾക്ക് വൈധവ്യം സ്വീകരിക്കേണ്ടി വന്നതോടും കൂടി ഉണ്ണിമായയുടെ ജീവിതം പതിന്മടങ്ങ് നരകതുല്യമാകുകയും ചെയ്തു. നമ്പൂതിരി പുരോഗമന സംഘത്തിൽ പ്രവർത്തകനായ പാലക്കുന്നത്തിന്‍റെ മൂത്ത മകൻ കുഞ്ഞുണ്ണി നമ്പൂതിരി മാത്രമായിരുന്നു ഉണ്ണിമായയുടെ ദുരന്ത ജീവിതത്തിൽ കരുണ കാണിച്ചത്.

ഉണ്ണിമായ കഥകളി കലാകാരനായ മാധവനെ കണ്ടു മുട്ടുകയും പ്രണയത്തി ലാവുകയും അവൾ ഗർഭിണിയാകുകയും ചെയ്തു. യാഥാസ്ഥിതിക ബ്രാഹ്മണർ ഉണ്ണിമായയെ സ്മാർത്ത വിചാരത്തിനു വിധേയയാക്കുകയും അവർ ഉണ്ണിമായയെ ഭ്രഷ്ട് കല്പിച്ചു പുറത്താക്കുകയും ചെയ്തു. അനന്തരം ഉണ്ണിമായ സമൂഹത്തിലേക്ക് ഇറങ്ങി മനുഷ്യരുടെ ഇടയിൽ സാമൂഹിക നവോത്ഥാനത്തിനു വേണ്ടി പോരാട്ടത്തിന് നാന്ദി കുറിച്ചു. പത്തൊൻപത്- ഇരുപത് നൂറ്റാണ്ടുകളിലെ സാമൂഹ്യാധ:പതനത്തിനു കാരണങ്ങളായ അനേകം ദുരാചാരങ്ങളുടെ ഒരു ഭാഗം മാത്രമായിരുന്നു ഈ ചിത്രത്തിൽ. നാലു കെട്ടുകളിൽ സുഖലോലുപരായി കഴിയുന്ന അന്തർജനങ്ങളുടെ സൗഭാഗ്യത്തെക്കുറിച്ചോർത്ത് പുറം ലോകം അത്ഭുതപ്പെടുകയും അസൂയപ്പെടുകയും ചെയ്തു. എന്നാൽ പുരുഷാധിപത്യത്തിനും അനാചാരങ്ങൾക്കും സ്ത്രീകൾ എന്നും അടിമകൾ തന്നെയായിരുന്നു അക്കാലങ്ങളിൽ. അതിൽ മേലാളരായ സ്ത്രീകൾ, കീഴാളരായ സ്ത്രീകൾ എന്നിങ്ങനെ വലിയ  വ്യത്യാസമുണ്ടായിരുന്നില്ല. സ്ത്രീയാണോ, എങ്കിൽ അവൾ പുരുഷനും ആചാരങ്ങൾക്കും വിധേയപ്പെടേണ്ടവൾ എന്നാണ് അന്നത്തെ അലിഖിത നിയമം.

നാലുകെട്ടിലെ ചുവരുകൾക്കിടയിൽ കാരണവന്മാർക്കു ആജ്ഞാനുവർത്തിയായി വെച്ചു വിളമ്പാൻ മാത്രമുള്ള ഉപകരണമായിരുന്നു അന്തർജ്ജനങ്ങൾ. വെളിച്ചം തട്ടാതെ, അന്യദർശനത്തിനു മുഖം കൊടുക്കാതെ മറക്കുടയ്ക്കുള്ളിൽ വീണ്ടും വീണ്ടും ചുരുണ്ടുകൂടി ആ ജീവിതങ്ങൾ. തന്നിലേക്ക് തന്നെ ഉൾവലിഞ്ഞു പോയ അവർ അതിനുള്ളിൽ തന്നെ ഒടുങ്ങുകയായിരുന്നു. മൂന്നും നാലും വേളികഴിക്കുന്ന നമ്പൂതിരിക്ക് അവരിലുണ്ടാകുന്ന കുട്ടികൾ, പതിയെപ്പതിയെ സമ്പന്നതയിലേക്ക് പടികയറിവരുന്ന ദാരിദ്ര്യം ഇതിന്‍റെയൊക്കെ പശ്ചാത്തലത്തിൽ ഉയർന്നു വന്ന നവോത്ഥാനം. യാഥാസ്ഥിതിക ബ്രാഹ്മണ സമൂഹത്തെ ചോദ്യം ചെയ്തു കൊണ്ട് കുഞ്ഞുണ്ണി നമ്പൂതിരിയെപ്പോലെ ഉണ്ണിമായയെ പോലെ അനേകർ അവർക്കിടയിൽ നിന്ന് തന്നെ ഉയർന്നു വന്നു.കുറിയേടത്ത് താത്രിയുടെ സ്മാർത്ത വിചാരത്തെ അനുസ്മരിപ്പിക്കുന്നുണ്ട് ഈ ചലച്ചിത്രം.

മോഹിനി(ഉണ്ണിമായ), വിനീത് (മാധവൻ), മനോജ്‌ കെ ജയൻ(കുഞ്ഞുണ്ണി ), രവി മേനോൻ (കൃഷ്ണൻ), മൂത്തേടത്ത് നമ്പൂതിരി (തിലകൻ ), നെടുമുടി വേണു (അഫൻ നമ്പൂതിരി )ജഗന്നാഥ വർമ്മ (പാലക്കുന്നത്ത് നമ്പൂതിരി ), എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഛായാഗ്രഹണം എസ് കുമാറും വരികൾ യൂസഫലി കേച്ചേരിയും സംഗീതം ബോംബെ രവിയും നിർവഹിച്ചു. കലാമൂല്യം കൊണ്ട് വേറിട്ടു നിൽക്കുന്ന സിനിമയാണ് ‘പരിണയം’. ആ ചിത്രത്തിനു വേണ്ടി പിറന്ന ഗാനങ്ങളും ഇമ്പമാർന്നത് തന്നെ..”അഞ്ചു ശരങ്ങളും “(യേശുദാസ്,), “സാമജ സഞ്ചാരിണി”(യേശുദാസ് ), “പാർവണേന്ദു മുഖി “(ചിത്ര), “വൈശാഖ പൗർണമിയോ”(യേശുദാസ് ), “ശാന്താകാരം”എന്നിവയാണ് ആ പാട്ടുകൾ. ദേശീയ അന്തർദേശീയ തലങ്ങളിൽ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു.ദേശീയ തലത്തിൽ മികച്ച തിരക്കഥ(എം ടി ), മികച്ച സംഗീതം (ബോംബെ രവി ), ഛായാഗ്രഹണത്തിനുള്ള പ്രത്യേക പരാമർശം (എസ് കുമാർ), എന്നീ അംഗീകാരങ്ങൾ നേടി.1994ൽ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പരിണയം നേടി. മികച്ച തിരക്കഥ, മികച്ച ഗായകൻ (യേശുദാസ് ), മികച്ച ഗായിക (ചിത്ര)എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചു. എം ടി യുടെ പതിനൊന്നു തിരക്കഥകൾക്ക് ഹരിഹരൻ സംവിധാനം നിർവഹിച്ചു. ഏഴാമത്തെ വരവ് (2013), പഴശ്ശിരാജാ(2009), മയൂഖം(2005), പ്രേം പൂജാരി (1999), എന്ന്. സ്വന്തം ജാനകികുട്ടി (1998), സർ ഗം (1992), ഒരു വടക്കൻ വീര ഗാഥ(1989), ആരണ്യകം(1988), അമൃതം ഗമയ (1987),നഖക്ഷതങ്ങൾ(1986), പഞ്ചാഗ്നി(1986), ഇടവഴിയിലെപൂച്ച മിണ്ടാപ്പൂച്ച(1979), സുജാത (197), അയലത്തെ സുന്ദരി (1974),എന്നിവ ഹരിഹരന്‍റെ ഹിറ്റ് സിനിമകളാണ്.

spot_img

Hot Topics

Related Articles

Also Read

‘തല തെറിച്ച കൈ’യ്യുമായി സാജൻ ആലുമ്മൂട്ടിൽ

0
കാർമിക് സ്റ്റുഡിയോസിന്റെ ബാനറിൽ സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തലതെറിച്ച കൈ’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.

100 കോടി  കളക്ഷൻ നേടി  ‘നേര്’

0
മോഹൻലാലിനെ നായകനാക്കിക്കൊണ്ട് ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് ചിത്രത്തിന്റെ കളക്ഷൻ 100 കോടി കവിഞ്ഞു എന്നു നിർമ്മാതാക്കളായ ആശീർവാദ് സിനിമാസ് ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തി.

സമകാലിക വിഷയങ്ങളുമായി മലയാളത്തിൽ നിന്നും 12 സിനിമകൾ രാജ്യാന്തര ചലച്ചിത്ര മേളയിൽ

0
രഞ്ജൻ പ്രമോദ് സംവിധാനവും രചനയും നിർവ്വഹിച്ച  ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം ഒ. ബേബി, ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ, ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം, വി, ശരത് കുമാർ, ശ്രുതി ശരണ്യം, സുനിൽ മാലൂർ, ഗഗൻ ദേവ് തുടങ്ങിയവരുടെ സിനിമകൾ കൂടെ പ്രദർശിപ്പിക്കും.

നവംബറിൽ റിലീസ്, ‘കാതൽ ദി കോറു’മായി ജിയോ ബേബി; മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങൾ

0
കണ്ണൂർ സ്ക്വാഡിന്റെ വൻവിജയത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ചിത്രം ‘കാതൽ ദി കോർ’ നവംബർ 23- മുതൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘പുഷ്പകവിമാനം’

0
റയോണ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൌസ് എന്നീ ബാനറുകളിൽ നവാഗതനായ ഉല്ലാസ് കൃഷന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പുഷ്പകവിമാന’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി