ഒരു ഫ്ലൈറ്റ് മിസ് ചെയ്തു നില്ക്കുമ്പോഴാണ് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയെന്ന വാര്‍ത്തയെത്തുന്നതെന്ന് കപില്‍ കപിലന്‍. മികച്ച കുട്ടികള്‍ക്കുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘പല്ലൊട്ടി 90സ് കിഡ്സി’ല്‍ മണികണ്ഠന്‍ അയ്യപ്പന്‍ സംഗീതം നിര്‍വഹിച്ചു കപില്‍ കപിലന്‍ പാടിയ “കനവേ മിഴിയിലുയരെ…” എന്ന ചിത്രത്തിലൂടെയാണ് കപിലനെ തേടി പുരസ്കാരമെത്തിയത്. ഈ ഗാനം പാടാന്‍ തനിക്കവസരം തന്ന സംഗീത സംവിധായകനോട് നന്ദി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“എനിക്കു വളരെയധികം സന്തോഷം തോന്നുന്നു. എന്‍റെ ഒരു ഫ്ലൈറ്റ് മിസ് ചെയ്തിട്ടാണ് ഞാനിവിടെ നില്‍ക്കുന്നത്. നല്ലൊരു കാര്യം നടക്കാന്‍ വേണ്ടി ഫ്ലൈറ്റ് മിസ് ആയതുപോലെ ഇപ്പോള്‍ തോന്നുന്നുണ്ട്. ഈ മനോഹര ഗാനം എന്നെ ഏല്‍പ്പിച്ച മണികണ്ഠന്‍ അയ്യപ്പന് ഒരുപാട് നന്ദി. ഞാന്‍ ആഹ്ളാദ തിമിര്‍പ്പിലാണ്. എന്താണ് പറയേണ്ടത് എന്നറിയില്ല. ഭാവിയില്‍ നല്ലൊരു ഗായകനെ എന്നിലൂടെ മലയാള സിനിമയ്ക്കു ലഭിക്കുമെന്ന് ജൂറി അഭിപ്രായപ്പെട്ടതില്‍ സന്തോഷം. ഒരുപാട് നല്ല പാട്ടുകള്‍ പാടാന്‍ കഴിയട്ടെ. ഞാന്‍ അങ്ങനെ പ്രതീക്ഷിക്കുകയാണ്’- കപില്‍ കപിലന്‍ പറഞ്ഞു.