പാട്ടിന്റെ അമരത്ത് ഭാവഗാനാലാപനത്തിന്റെ വെന്നിക്കൊടി പാറിച്ച അനശ്വര ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. മലയാളി മനസ്സുകളിൽ പ്രണയത്തിന്റെ ഭാവജ്ജ്വാല പകർന്ന പാട്ടുകാരൻ. പാടിയ പാട്ടുകളെല്ലാം ഹിറ്റ്. രാഗസുന്ദരമായ ശബ്ദാഡ്യം കൊണ്ട് അദ്ദേഹം പാടിയ പാട്ടുകളിലെന്നും നിത്യ യൌവനം പൂത്തു നിന്നു. അദ്ദേഹത്തിന് 81- വയസ്സായിരുന്നു. ഭക്തിഗാനങ്ങളിലൂടെ ആറാടിച്ച ശബ്ദ സൌകുമാര്യത, ലളിതഗാനങ്ങളിലൂടെയും ചലച്ചിത്രഗാനങ്ങളിലൂടെയും കൂട്ടിക്കൊണ്ട് പോയ ആ മധുരശബ്ദത്തിന്നുടമ ഇനി ഓർമ്മയാകുമ്പോഴും ജീവിച്ചുകൊണ്ടേയിരിക്കും ജീവൻ നല്കിയ ഗാനങ്ങളിലൂടെ.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വ്യാഴായ്ചരാത്രി 7- 45 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അർബുദരോഗബാധിതനായി ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് 3:30 തിന് രാവിലെ എട്ട് മണിക്ക് ചേന്ദമംഗലം പാലിയം വീട്ടിൽ സംസ്കാരം നടക്കും. പത്ത് മുതൽ 12- മണിവരെ തൃശ്ശൂർ സംഗീതനാടക അക്കാദമിയിൽ പൊതുദർശനം നടക്കും. അഞ്ചു തവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം ഒരു തവണ ദേശീയ പുരസ്കാരം പി. ജയചന്ദ്രൻ എന്ന ഗായകൻ മലയാളത്തെ അടയാളപ്പടുത്തി.
മലയാളത്തിലെന്ന പോലെ തമിഴിലും അദ്ദേഹം നിറഞ്ഞു നിന്നു. ‘രാസാത്തി വന്ത്’ എന്ന ഗാനം തമിഴ് മണ്ണിൽ കല്പാന്തകാലത്തോളം വേരോടി. കൂടാതെ കന്നടയിലും തെലുങ്കിലും ഹിന്ദിയിലും ഹിറ്റുകൾ സൃഷ്ടിച്ചു. 1944- ൽ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമൻ. കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിന് വേണ്ടിയാണ് പാടിയതെങ്കിലും ആദ്യമിറങ്ങിയത് കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന പാട്ടിലൂടെ ജനപ്രിയനായി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, പി ജയചന്ദ്രന്. പി. ഭാസ്കരന്, വയലാർ, ദേവരാജൻ മാസ്റ്റർ, തുടങ്ങിയവരുടെ വരികളിലും സംഗീതത്തിലും ജയചന്ദ്രന്റെ ശബ്ദം തിലകം ചാർത്തി.
“ഇനിയെന്ന് കാണും നമ്മൾ തിരമാല മെല്ലെ ചൊല്ലി.. ചക്രവാളമാകെ നിന്‍റെ ഗദ്ഗധം മുഴങ്ങീടുന്നു… “(കരി മുകിൽ കാട്ടിലെ..)..എന്ന അനുപല്ലവിയിൽ തുടങ്ങുന്ന ഈ ഗാനം 1969ൽ ഇറങ്ങിയ ‘കള്ളിച്ചെല്ലമ്മ’ എന്ന ചിത്രത്തിലേതാണ്. പാട്ടിൽ കവിത വരുമ്പോളാണ് ഭാവതീവ്രതയോടെ പാടാൻ കഴിയുക. ജയചന്ദ്രന്‍റെ ആലാപനം കൊണ്ട് ഈ ഗാനം അത്രയേറെ മനോഹരവുമാണ്.പ്രണയത്തെയും ഭൂതകാലത്തെയും ഇത്തിരി നോവ് പടർത്തി മനസ്സിനെ ഉണർത്തുന്ന പാട്ട്.രാഘവൻ മാഷിന്‍റെ സംഗീതം പി ഭാസ്കരന്‍റെ തൂലികയുടെ വേദനയെ ഒപ്പിയെടുക്കുകയും ജയചന്ദ്രന്‍റെ ശബ്ദ സൗകുമാര്യത തേങ്ങലോടെ നായികയുടെ മൗനത്തിൽ നിന്നകന്ന് പാടുകയും ചെയ്യുന്നു.പാട്ടിലാകെ തേങ്ങലാണ്.. കരയും കായലും ചക്രവാളവും ആ ശബ്ദത്തി ന്‍റെ വിങ്ങലിൽ മൂകമാകുന്നു,നമ്മുടെ മനസ്സും.”ഏകാന്തപഥികൻ ഞാൻ ഏതോ സ്വപ്ന വനത്തിലെ…”1971ൽ പുറത്തിറങ്ങിയ ‘ഉമ്മാച്ചു’ എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരന്‍റെ രചനയിൽ രാഘവൻ മാസ്റ്റർ ഈണമിട്ടു ജയചന്ദ്രൻ ആലപിച്ച മറ്റൊരു ഹിറ്റ് ഗാനമാണിത്.പ്രേതങ്ങളുടെ താഴ്വരയിലെ”മലയാള ഭാഷതൻ മാദക ഭംഗിയിൽ” ’ചുക്ക്‘എന്ന ചിത്രത്തിലെ”ഇഷ്ട പ്രാണേശ്വരീ” മയൂഖത്തിലെ “ചുവരില്ലാതെ ചായങ്ങളില്ലാതെ..” ചന്ദ്രോത്സവത്തിലെ “ആരാരും കാണാതെ “.. തൊട്ടാവാടിയിലെ ” ഉപാസന ഉപാസന “…’ആലിബാബയും നാൽപത്തിയൊന്ന് കള്ളന്മാരും’ എന്ന ചിത്രത്തിലെ “റംസാനിലെ ചന്ദ്രികയോ “..’കതിർമണ്ഡപ’ത്തിലെ “ചെമ്പകമല്ല നീ”,’നഖക്ഷതങ്ങളി’ലെ “കേവലം മർത്യഭാഷ…” ‘നിറ’ത്തിലെ “പ്രായം തമ്മിൽ “..’ജലോത്സ വ’ത്തിലെ “കേര നിരകളാടും”…’യുദ്ധഭൂമി’യിലെ “അരുവി പാലരുവി “… ‘ബാബുമോൻ’ എന്നചിത്രത്തിലെ “ഇവിടമാണീശ്വര സന്നിധാനം “..തുടങ്ങിയവ ജയചന്ദ്രൻ എന്ന ഗായകന്‍റെ ശബ്ദം കൊണ്ട് അനുഗ്രഹീതമായ പാട്ടുകളാണ്.
1983 എന്ന ചിത്രത്തിന് വേണ്ടി ‘ഓലഞ്ഞാലി കുരുവീ’ എന്ന ഗാനം കേരളമൊട്ടാകെ നെഞ്ചിലേറ്റി. രോഗപീഡകൾ പിടിമുറുക്കുമ്പോൾ പാട്ടിൽ നിന്നും പതിയെ ഇടവേളകൾ എടുത്തുകൊണ്ട് അദ്ദേഹം വിശ്രമിച്ചു എങ്കിലും പാട്ടിൽ എന്നും അദ്ദേഹം വ്യാപൃതനായിരുന്നു. ജീവിതത്തിൽ നിന്നും വിടപറഞ്ഞു പോയെങ്കിലും ആ ശബ്ദം എന്നും മനസുകളിൽ നിറഞ്ഞു നില്ക്കും.