പാട്ടിന്‍റെ രാജഹംസമായിരുന്നു മലയാളികളുടെ ഇഷ്ടഗായിക കെ എസ് ചിത്ര. പാട്ടിന്‍റെ രാക്ഷസി എന്നും സംഗീത ലോകത്തെ മറ്റ് ഗായകര്‍ അത്ഭുതത്തോടെ ചിത്രയെ വിശേഷിപ്പിച്ചു. കണ്ണു നിറയെ മുഖം നിറയെ പുഞ്ചിരിയുമായി അവര്‍ നമ്മുടെ മനസ്സ് കീഴടക്കി. കെ എസ് ചിത്ര മലയാളികള്‍ക്ക് ഗായിക മാത്രമല്ല. പലര്‍ക്കും സ്നേഹവും സാന്ത്വനവുമാണ് ചിത്രയുടെ പാട്ടും സാമീപ്യവും. ചിത്രയോടും ചിത്രയുടെ പാട്ടുകളോടും നമുക്ക് വാല്‍സല്യമാണെന്നിരിക്കെ അതിനിരട്ടി വാല്‍സല്യത്തോടെ ചിത്ര തിരിച്ചും നമ്മളോട് സംവദിക്കുന്നു.
പാട്ടില്‍ വിശ്രമമുണ്ടായിരുന്നില്ല ചിത്രയ്ക്ക്. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് അവിടെ നിന്ന് കന്നടയിലേക്ക് തെലുങ്കിലേക്ക് ഹിന്ദിയിലേക്ക് ആസാമീസിലേക്ക് ബംഗാളിലേക്ക് തുളുവിലേക്ക് … ചിത്രയുടെ ശബ്ദം പരിചിതമല്ലാത്ത സംഗീതലോകത്തെ ഭാഷ വിരളം. പിന്നാലേ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ അനേകം പുരസ്കാരങ്ങളും ചിത്രയെ തേടിയെത്തി. ചലച്ചിത്ര ഗാനങ്ങള്‍ മാത്രമല്ല, ഭക്തി ഗാനങ്ങള്‍, ആല്‍ബം പാട്ടുകള്‍, ലളിത ഗാനങ്ങള്‍ അങ്ങനെ ഇരുപത്തി അയ്യായിരത്തില്‍ കൂടുതല്‍ ചലച്ചിത്ര ഗാനങ്ങള്‍ ചിത്ര ആലപിച്ചിട്ടുണ്ട്.
“ചെല്ലം ചെല്ലം “ എന്ന 1979- ല്‍ പുറത്തിറങ്ങിയ അട്ടഹാസം എന്ന ചിത്രത്തില്‍ എം ജി രാധാകൃഷണന്‍ ഈണമിട്ട ഈ ഗാനത്തിലൂടെയാണ് ചിത്ര സംഗീതലോകത്തേക്ക് ആദ്യ ചുവടു വയ്ക്കുന്നത്. പിന്നീട് ചിത്രയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. എന്നാല്‍ ഈ ഗാനം പുറത്തിറങ്ങിയത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു. ആദ്യം പുറത്തിറങ്ങിയത് പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിൽ എം ജി രാധാകൃഷണന്‍ തന്നെ ഈണം പകര്‍ന്ന “അരികിലോ അകലെയോ” എന്ന ഗാനമായിരുന്നു. അക്കാലത്ത് യേശുദാസിനൊപ്പമുള്ള സംഗീതപരിപാടികളില്‍ സജീവമായിരുന്നത് ചിത്രയ്ക്ക് സംഗീതലോകത്തേക്കുള്ള വാതില്‍ തുറക്കുവാന്‍ കൂടുതല്‍ സഹായകരമായി.
തമിഴില്‍ സിനിമയുടെയും സംഗീതത്തിന്‍റെയും തിരക്ക് പിടിച്ച കാലത്തിന്‍റെ നിത്യവസന്തത്തിലേക്കായിരുന്നു പിന്നീട് ചിത്രയുടെ ഗംഭീര ചുവടു വയ്പ്പ്. ‘നീ താനേ അന്തക്കുയില്‍’ എന്ന ചിത്രത്തില്‍ ഇളയരാജ ഈണമിട്ട ഗാനത്തിനു ചിത്ര തന്‍റെ അനുഗ്രഹീതമായ നാദ സൌകുമാര്യം പകര്‍ന്നപ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമാലോകത്തും ആസ്വാദകര്‍ക്കും ചിത്ര സുപരിചിതയായി. ദക്ഷിണേന്ത്യന്‍ സംഗീത ലോകം അവരെ വാനമ്പാടി എന്നു ഹൃദയത്തില്‍ നിന്ന് വിളിച്ചു. ആറ് തവണ കേന്ദ്രസര്‍ക്കാരിന്‍റെ മികച്ച ഗായികയ്ക്കുള്ള അംഗീകാരം തേടിവന്നപ്പോള്‍ ചിത്ര വളരെ തിരക്കുള്ള ഗായികയായി കഴിഞ്ഞിരുന്നു. അരങ്ങിലും അണിയറയിലും ജനമനസ്സുകളിലും അവര്‍ നിറഞ്ഞു നിന്നു.
ഫീമെയില്‍ യേശുദാസ്, സംഗീത സരസ്വതി, കന്നഡ കോകില, ഗന്ധര്‍വ്വ ഗായിക, ഇന്ത്യയുടെ കൊച്ചു വാനമ്പാടി, ചിന്നക്കുയില്‍, പ്രിയ ബസന്തി, ,കേരളത്തിലെ വാനമ്പാടി തുടങ്ങി തുടങ്ങി നിരവധി വിശേഷണങ്ങളിലൂടെ ചിത്ര വാനോളം വാഴ്ത്തപ്പെട്ടു. ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ഗായിക എന്ന വിശേഷണം കൂടിയുണ്ട് ചിത്രയ്ക്ക്. ഇന്ത്യയിലും ഏറ്റവും കൂടുതല്‍ പുരകൃതയായിട്ടുള്ള ഗായികമാരുടെ ഇടയിൽ മുന്‍നിരസ്ഥാനം ചിത്രയ്ക്ക് തന്നെ. മലയാളത്തില്‍ എടുത്തു നോക്കിയാല്‍ ചിത്ര പാടിയ ഏത് പാട്ടാണ് കൂടുതല്‍ ഇഷ്ടം എന്നു പറയുക വയ്യ. ഓരോ പാട്ടും അലപാനത്തിന്റെ മാധുര്യം കൊണ്ട് ആസ്വാദകരെ അത്രയേറെ സ്വാധീനിച്ചിക്കുന്നു.
കെ ബാലചന്ദന്‍ എഴുതി സംവിധാനം ചെയ്ത സിന്ധുഭൈരവിയിലെ സരമതി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘പാടറിയേന്‍ പഠിപ്പറിയേന്‍’ എന്ന ഗാനത്തിലൂടെയാണ് 1986- ല്‍ ചിത്രയെ തേടി ആദ്യ ദേശീയ പുരസ്കാരമെത്തുന്നത്. ചിത്രയെ ഏറ്റവും കൂടുതല്‍ പ്രശസ്തിയേലേക്ക് എത്തിച്ച ഗാനം കൂടിയായിരുന്നു ഇത്. ഇളയരാജയുടെയും വൈരമുത്തുവിന്‍റെയും സംഗമം പാട്ടിനെ ഗംഭീരമാക്കി. മലയാളത്തിലേക്കു എത്തുമ്പോള്‍ 1987-ലെ നഖക്ഷതങ്ങള്‍ ചിത്രയ്യ്ക്ക് ഭാഗ്യ മുദ്ര സമ്മാനിച്ചു. ഹരിഹരന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റ്. ചിത്രയുടെ മാസ്റ്റര്‍ പീസുകളില്‍ ഒന്നാണ് ഒ എന്‍ വി എഴുതി ബോംബൈ രവി ഈണമിട്ട ‘മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി’ എന്ന ഗാനം. ഈ ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള അവാര്ഡ് ചിത്രയ്ക്ക് ഇരട്ടിമധുരമായിരുന്നു.
പിന്നീട് നിരവധി ക്ലാസ്സിക് സിനിമകളിലെ അത്രത്തോളം തന്നെ കിടപിടിക്കുന്ന സുന്ദര ക്ലാസീക് ഗാനങ്ങള്‍ ചിത്രയെ തേടി എത്തിക്കൊണ്ടിരുന്നു. 1986 ല്‍ പുറത്തിറങ്ങിയ ‘വൈശാലി’യിലെ ചിത്ര ആലപിച്ച നാല് ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായി. പിന്നീട് തമിഴില്‍ ഇറങ്ങിയ മിന്‍സാരക്കനവിലെ “മാനാ മദുരൈ” എന്ന ഗാനവും ‘വിരാസതി’ലെ “ പായലേം ചന്‍മന്‍” എന്ന ഗാനവും ‘ഓട്ടോഗ്രാഫി’ലെ “ ഒവ്വര് പൂക്കളുമേ”, തുടങ്ങി ഗാനങ്ങള്‍ ഇന്നും ആസ്വാദകരുടെ ചുണ്ടില്‍ മൂളിപ്പാട്ടുകളാണ്.
നിരവധി ഭാഷകളില്‍ ശബ്ദം കൊണ്ട് തന്‍റെ സംഗീത സ്വത്വത്തെ അടയാളപ്പെടുത്തിയ കെ എസ് ചിത്ര കുട്ടിക്കാലത്തെ സംഗീതത്തില്‍ തല്‍പരയായിരുന്നു. സംഗീത കുടുംബം ആയത് കൊണ്ട് തന്നെ അതിനു വളരാനുള്ള പശ്ചാത്തലവും ഉണ്ടായിരുന്നു. സംഗീതജഞനായിരുന്ന പിതാവ് ചിത്രയെ സംഗീതമഭ്യസിപ്പിച്ചു. അമ്മ ശാന്തകുമാരി മികച്ച പാട്ടുകാരിയായിരുന്നു. ഡോ കെ ഓമനക്കുട്ടിയുടെ കീഴില്‍ സംഗീതമഭ്യസിച്ചു. 2005- ല്‍ പത്മശ്രീയും , 2021- ല്‍ പത്മഭൂഷണും നല്കി രാഷ്ട്രം ചിത്രയെ ആദരിച്ചു.
ഏത് ഭാഷയില്‍ വിളങ്ങുമ്പോഴും ചിത്ര മലയാളികളുടെ ആണെന്ന സ്വകാര്യ അഹങ്കാരത്തില്‍ നമുക്ക് അഭിമാനിക്കാം…