Friday, November 15, 2024

പാട്ടിന്‍റെ ഈറന്‍മേഘം

“ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ അമ്പലത്തിലിന്നല്ലയോ സ്വര്‍ണ്ണരഥഘോഷം…”പാട്ടിന്‍റെ രഥോല്‍സവമായിരുന്നു ‘ശ്യാമ’യിലെ പാട്ടുകളെല്ലാം… മനോഹര പദങ്ങള്‍ കൊണ്ട് ഒരുക്കിവെച്ച വിരുന്നായിരുന്നു ഷിബു ചക്രവര്‍ത്തി എന്ന ഗാനരചയിതാവില്‍ നിന്നും പിറന്ന പാട്ടുകളുടെ പ്രത്യേകത. മമ്മൂട്ടി നായകനായ ‘നിറക്കൂട്ട്’എന്ന ചിത്രത്തിന്‍റെ സ്റ്റുഡിയോ പശ്ചാത്തലമൊരുക്കിക്കൊണ്ട് കൊണ്ട് സിനിമയിലേക്ക് ആദ്യം കാല്‍വെയ്പ്പ് നടത്തുകയും മലയാള സിനിമയിലെ പ്രശസ്ത ഗാനരചയിതാവായി മാറുകയും ചെയ്ത ഷിബു ചക്രവര്‍ത്തി പിന്നീട് മലയാളികള്‍ക്ക് സമ്മാനിച്ചത് നിരവധി ഹിറ്റ് ഗാനങ്ങള്‍. പാട്ടുകള്‍ അദ്ദേഹത്തിന് എന്നും ഹരമായിരുന്നു. സിനിമയിലെത്തും മുന്നേ അക്കാലത്ത് അദ്ദേഹം ചില കാസറ്റുകള്‍ക്ക് വേണ്ടിയും നിരവധി പാട്ടുകളെഴുതി. എഴുതിയതില്‍ വെച്ചു ശ്രദ്ധിക്കപ്പെട്ടത് ‘ഓണം’ എന്ന കാസറ്റാണ്. അക്കാലത്ത് ഓണപ്പാട്ടുകളുടെ വന്‍ ശേഖരമായിരുന്ന ‘തരംഗിണി’യോടൊപ്പം ‘ഓണം’ എന്ന കാസറ്റും ശ്രദ്ധിക്കപ്പെട്ടത് അതില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം കലാമേഘലയിലെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ പുതിയ വഴി തുറന്നു വന്നു. ‘ശ്യാമ’യിലെ പാട്ടുകളാണ് ഷിബു ചക്രവര്‍ത്തി എന്ന പേര് ആളുകള്‍ക്കിടയില്‍ സുപരിചിതനാക്കുന്നത്. “പൂങ്കാറ്റേ പോയി ചൊല്ലാമോ”, “ചെമ്പരത്തി പൂവേ ചൊല്ലൂ.. ” തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മനുഷ്യമനസ്സുകളില്‍ ജീവിക്കുന്നു.

 പാട്ടെഴുത്തില്‍ മാത്രമല്ല, തിരക്കഥാ രചനയിലും ഷിബു ചക്രവര്‍ത്തി തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അഥര്‍വം, സൈന്യം, പാര്‍വതീപരിണയം, ഏഴരക്കൂട്ടം, മനുഅങ്കിള്‍, ഓര്‍ക്കാപ്പുറത്ത്, ചുരം, തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം തിരകഥ ഒരുക്കി. ഡെന്നിസ് ജോസഫ് ആദ്യമായി സംവിധായകനായ ചിത്രവുമായിരുന്നു മനു അങ്കിള്‍. വായനയും എഴുത്തുമെല്ലാം സമ്പന്നമായിരുന്ന കുടുംബാന്തരീക്ഷത്തില്‍ നിന്നും വളര്‍ന്ന് വന്ന കുട്ടിയായിരുന്നു ഷിബു. ബാലചന്ദ്രന്‍ ചുള്ളിക്കാടും വിജലക്ഷ്മിയുമെല്ലാം മഹാരാജാസില്‍ കവിതകള്‍ കൊണ്ട് ജ്വലിച്ചു നിന്നിരുന്ന അതേ കാലത്തായിരുന്നു ഷിബുവും അവിടെ പഠിച്ചിരുന്നത്. സിനിമാപ്പാട്ടെഴുത്ത് കവികള്‍ക്ക് പൊതുവേ മോശമെന്ന കാലത്തായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തുന്നതും. അങ്ങനെ പാട്ടെഴുത്തില്‍ അദ്ദേഹം തന്‍റെ പേരിന്‍റെ കൂടെ ചക്രവര്‍ത്തി എന്നു കൂട്ടിച്ചേര്‍ത്തു. പിന്നീട് ഷിബു ചക്രവര്‍ത്തി എന്ന പേര് പ്രേക്ഷകര്‍ ഏറ്റെടുത്തു, മലയാള സിനിമയും. ഗാനരചന ഷിബു ചക്രവര്‍ത്തി എന്ന പേര് ഒരുപാടു ഹിറ്റ് പാട്ടുകള്‍ക്കൊപ്പം ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയിലെ പത്തു പാട്ടുകളെടുത്താല്‍ അതില്‍ ഒരെണ്ണമെങ്കിലും ഷിബു ചക്രവര്‍ത്തിയുടെ ഗാനരചനയില്‍ പിറന്നതാവും. ആ വരികളെ ഇപ്പൊഴും ആസ്വദിക്കുകയും ചൂണ്ടിലൊരു മൂളിപ്പാട്ടുമായി കൊണ്ട് നടക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍.

‘ഉപഹാരം’ എന്ന ചിത്രത്തിലെ പാട്ടുകളെഴുതിക്കൊണ്ടാണ് ഷിബു ചക്രവര്‍ത്തി പാട്ടിന്‍റെ സിനിമാ ലോകത്തെത്തുന്നത്. ശ്യാമയിലെ പാട്ടിലൂടെ ജനപ്രിയനായതോടു കൂടി മലയാള സീനിമയ്ക്ക് ഷിബു ചക്രവര്‍ത്തി പ്രിയങ്കരനായിത്തീര്‍ന്നു. ശ്യാമയിലെ പാട്ടുകളെപ്പോലെ ധ്രുവത്തിലെയും ചിത്രത്തിലെയും പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായി.  “ഈറന്‍ മേഘം പൂവും കൊണ്ട് പൂജയ്ക്കായി ക്ഷേത്രത്തില്‍ പോകുമ്പോള്‍…” സൂപ്പര്‍ ഹിറ്റായിരുന്നു ചിത്രത്തിലെ ഈ ഗാനം. ഓരോ വരികളും മനോഹരമായ കവിത പോലെ നമ്മളില്‍ നിറഞ്ഞു നിന്നു. പൂക്കളുമായി ക്ഷേത്രത്തിലേക്ക് പൂജയ്ക്ക് പോകുന്നത് വെറും മേഘമല്ല, പെയ്യാന്‍ വെമ്പുന്ന ഈറനണിഞ്ഞ കണ്ണുകളുള്ളോരു മേഘമാണ്. അവിടെ സോപാനം ആലപിക്കുന്നത് പൂങ്കാറ്റും. പ്രണയം കാത്തു കഴിയുന്ന മനസ്സിനെ മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനോട് ഉപമിച്ചിരിക്കുകയാണ് അദ്ദേഹം. മനോഹരമായൊരു പ്രണയ സിനിമയെ അത് പോലെ പ്രണയാതുരമായ വരികള്‍ കൊണ്ട് സൌന്ദര്യം നല്‍കിയിരിക്കുന്നു ഷിബു ചക്രവര്‍ത്തിയും ഈണം നല്കിയ കണ്ണൂര്‍ രാജനും.

“ചെല്ലച്ചെറു വീട് തരാം” എന്ന പാട്ടില്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ക്കൊപ്പം ഒന്നിക്കുമ്പോഴും ആ പാട്ടില്‍ സാഹിത്യം നിറഞ്ഞു നിന്നു. പാട്ടില്‍ സാഹിത്യം വേണമെന്ന് നിര്‍ബന്ധമുള്ള സംഗീതജ്ഞനായിരുന്നു അര്‍ജ്ജുനന്‍ മാസ്റ്റര്‍. എങ്കിലും അദ്ദേഹം ഏറ്റവും വരികളെഴുതിയത് ഔസേപ്പച്ചന്‍റെ സംഗീതത്തിലായിരുന്നു. ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന ചിത്രത്തിലെ “ഓര്‍മ്മകളോടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍…” എന്ന പാട്ട് ബാല്യകാല സ്മരണകളെ ഉണര്‍ത്തുന്നുണ്ട്. അത് കൊണ്ട് തന്നെ പാട്ടുകള്‍ എക്കാലത്തെയും നിത്യഹരിതമായി. ഈ ഗാനം താലോലിക്കാതെ ഒരു തലമുറയും കടന്നു പോകുന്നില്ല. ഗൃഹാതുരതയുടെ നിര്‍മലമായ ദീപ്ത സ്മരണകളെ അയവിറയ്ക്കുന്ന ഈ ഗാനത്തിന്‍റെ ഓരോ വരികളും നമ്മേ മാവിന്‍ ചുവട്ടിലേക്ക് മധുരമുള്ള ഓര്‍മ്മകളെ രുചിക്കാന്‍ കൊണ്ട് പോകുന്നു.

“അന്തിപ്പൊന്‍വെട്ടം കടലില്‍ മെല്ലെത്താഴുമ്പോള്‍ മാനത്തെ മുല്ലത്തറയില്‍ മാണിക്യച്ചെപ്പ് വിണ്ണിന്‍ മാണിക്യച്ചെപ്പ്…” ‘വന്ദനം’ എന്ന ചിത്രത്തിലെ ഈ പാട്ടിലൂടെ സൂര്യാസ്തമയ ബിംബത്തെ കാവ്യാത്മകമായി അലങ്കരിക്കുകയാണ് ഷിബു ചക്രവര്‍ത്തി. “കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ കതിരാടും വയലിൻ ചെറുകാവല്‍ക്കാരീ…”  കതിര്‍ കൊത്തിക്കൊണ്ട് പോകുന്ന കിളികളെ ‘കാവല്‍ക്കാരീ’ എന്നു വിളിച്ചിരിക്കുകയാണ് പാട്ടില്‍. പ്രണയത്തിന്‍റെ സാക്ഷാത്കാരമെന്നോണം വിവാഹ സ്വപ്നങ്ങള്‍ നെയ്തു കൂട്ടുന്ന നായിക ആനന്ദത്താല്‍ കതിര്‍ നിറഞ്ഞ പാടം കൊണ്ട് കിളികള്‍ക്ക് വിരുന്നൊരുക്കുന്നു, അവരെ കാവല്‍ക്കാരാക്കുന്നു. ’ഒരു മുത്തശ്ശിക്കഥ’യിലെ “കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പീ കണ്ടാലറിയുമോ കാട്ടുപൂവേ…” ലളിത പദങ്ങള്‍ കൊണ്ട് ശാലീന സുന്ദരമായൊരു ഗാനത്തിലൂടെ അദ്ദേഹം പാട്ടിന്‍റെ വിസ്മയം തീര്‍ക്കുകയായിരുന്നു. ഈ ഗാനം ആസ്വദിക്കാത്ത മലയാളികളില്ല. പാട്ടുകള്‍ പുതിയ കാലത്തിലേക്ക് സഞ്ചരിക്കുമ്പോഴും ഷിബു ചക്രവര്‍ത്തിയുടെ പാട്ടിലെ വരികളില്‍ കവിത്വത്തിന്‍റെ തിളക്കം കൂടിയിട്ടേ ഉള്ളൂ. പ്രാഞ്ചിയേട്ടനിലെ “കിനാവിലെ ജനാലകള്‍ തുറന്നിട്ടതാരാണ്…” സസ്നേഹം സുമിത്രയിലെ “എന്തേ നീ കണ്ണാ”,തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ഹൃദ്യമാണ്.

രാജാവിന്‍റെ മകനിലെ “വിണ്ണിലെ ഗന്ധര്‍വ വീണകള്‍ പാടുന്ന” ആയിരം കണ്ണുകളിലെ “ഈ കുളിര്‍ നിശീഥിനിയില്‍”, “അത്യുന്നതങ്ങളില്‍ ആകാശവീഥികളില്‍”, ജനുവരി ഓരോര്‍മ്മയിലെ “പൂക്കൈത പൂക്കുന്ന”, ചിത്രത്തിലെ “കാടുമീ നാടുമെല്ലാം”, “ദൂരെ കിഴക്കുദിക്കിന്‍ മാണിക്യ ചെമ്പഴുക്ക”, മനുഅങ്കിളിലെ “മേലെ വീട്ടിലെ വെണ്ണിലാവ്”, വന്ദനത്തിലെ “കവിളിണയില്‍”, നമ്പര്‍ 20 മദ്രാസ് മെയിലിലെ “പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം ”  തുടങ്ങി മലയാളത്തില്‍ എണ്ണമറ്റ ഹിറ്റുപാട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട് ഷിബു ചക്രവര്‍ത്തി . ജീവിതഗന്ധിയായ ഗാനങ്ങള്‍… മനുഷ്യമനസ്സുകളെ കീഴടക്കുന്ന പാട്ടുകള്‍. കേൾക്കുന്തോറും ഇഷ്ടം കൂടിക്കൂടി വരുന്ന വരികള്‍… സംഗീതം …. പാട്ടിന്‍റെ അലയൊലികള്‍ എവിടേയും അവസാനിക്കുന്നില്ല. മനസിന്‍റെ പള്ളിയറ വാതില്‍ ഇന്നും ഹിറ്റ് പാട്ടുകള്‍ക്കായി തുറന്നു വെച്ചിരിക്കുകയാണ് മലയാളികള്‍ …. 

spot_img

Hot Topics

Related Articles

Also Read

‘മഴകൊണ്ട് മാത്രം മുളയ്ക്കും’ പാട്ടിന്‍റെ പൂക്കാലം

0
മികച്ച ചലച്ചിത്ര ഗാനരചയിതാവായി 2007 ല്‍ ‘പ്രണയകാല’ത്തിലൂടെയും 2009 ല്‍ ‘സൂഫി പറഞ്ഞകഥ'യിലൂടെയും 2010 ല്‍ ‘സദ്ഗമയ'ലൂടെയും 2012 ല്‍ ‘സ്പിരിറ്റി’ലൂടെയും 2015 ല്‍ ‘എന്നു നിന്‍റെ മൊയ്തീനി’ലൂടെയും റഫീഖ് അഹമ്മദിനെ തേടിയെത്തി. അര്‍ത്ഥ സുന്ദരവും കാവ്യസമ്പത്തും കൊണ്ട് സമൃദ്ധമായിരുന്നു റഫീഖ് അഹമ്മദിന്‍റെ പാട്ടുകള്‍.

ഗംഭീര ലുക്കിൽ ‘നജീബാ’യി പൃഥ്വിരാജ്; ‘ആടുജീവിതം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക്

0
ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമായേക്കും ആടുജീവിതം. മരുഭൂമിയിൽ ജീവിക്കേണ്ടിവരുന്ന നജീബിലേക്കുള്ള പൃഥ്വിരാജിന്റെ മേക്കോവർ എടുത്തുപറയേണ്ടതാണ്.

‘ഒരു കട്ടിൽ ഒരു മുറി’; ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ

0
രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’ ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.  ഷാനവാസ് ഇതിന് മുൻപ് സംവിധാനം...

ടൊവിനോ ചിത്രം ‘നടികർ’ മെയ് മൂന്നിന് പ്രേക്ഷകരിലേക്ക്

0
ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം ‘നടികർ’ മെയ് മൂന്നിന് തിയ്യേറ്ററിലേക്ക് എത്തും. ഭാവനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബാല എന്ന പ്രധാന കഥാപാത്രമായി സൌബിൻ ഷാഹീറും സിനിമയിൽ എത്തുന്നുണ്ട്.

ജോജു ജോര്‍ജിന്‍റെ ‘പുലിമട’ ഇനി തിയ്യേറ്ററില്‍

0
ജോജു ജോര്‍ജ്ജും ഐശ്വര്യ രാജേഷും ലിജോ മോളും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പുലിമട ഒക്ടോബര്‍ 26- നു തിയ്യേറ്ററിലേക്ക് എത്തുന്നു. ചിത്രത്തിന്‍റെ ടീസറുകളും പോസ്റ്ററുകളും ശ്രദ്ധേയമായിരുന്നു. ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രം കൂടിയാണ് പുലിമട