“മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനാണെങ്കില്‍ മലയാള ഗാനങ്ങളുടെ പിതാവ് പി ഭാസ്കരന്‍ മാഷാണ്” എന്നു കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി വിശേഷിപ്പിക്കുന്നു. ‘കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരി’യുടെ ശാലീനതയെ മലയാളികള്‍ ആസ്വദിച്ച് തുടങ്ങുന്നത് പി ഭാസ്കരന്‍റെ വരികളിലൂടെയാണ്. പ്രണയിക്കാന്‍ പഠിപ്പിക്കുന്ന വശ്യതയും സൌന്ദര്യവും തന്‍റെ ലളിതമായ നാടന്‍ പദപ്രയോഗങ്ങളിലൂടെ പാട്ടിനെ സമ്പന്നനാക്കി ജനകീയ കവിയും ഗാനരചയിതാവുമായ പി ഭാസ്കരന്‍ മാഷ്. “താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്‍റെ മുന്നില്‍” എന്നു നമ്മളെക്കൊണ്ടും പ്രേയസിയോട് ചോദിപ്പിക്കുകയാണ് കവി. സംഗീതത്തോടൊപ്പം അനിഷേധ്യമായി ഒഴുകിനിറഞ്ഞ ആ കവി മനസ്സ് പാട്ടെഴുത്തിലും തുളുമ്പി നിന്നു. കാല്‍പ്പനികമായിരുന്നു അദ്ദേഹത്തിന്‍റെ പാട്ടുകള്‍. സാഹിത്യത്തിന്‍റെയും സിനിമയുടെതുമായ നവോത്ഥാനവും ആധുനികവും ഉത്തരാധുനികവുമായ ഏത് കാലത്തെയും ഭാസ്കരന്‍ മാഷുടെ പാട്ടുകള്‍ ജനപ്രിയമായി. അതായിരുന്നു ആ വരികളുടെ പ്രത്യേകതയും.
പാട്ടെഴുത്തില്‍ ഭാസ്കരന്‍ മാഷ് മലയാളികളെയും സാധാരണക്കാരായ ആളുകളെയും അതിശയിപ്പിച്ചു. സംഗീതത്തില്‍ ഗ്രാമീണ സംസ്കാരം നിഴലിച്ചു നില്‍പ്പുണ്ടെങ്കില്‍ അതേ പിന്തുടര്‍ച്ച തന്‍റെ പാട്ടിലും പാട്ടിലെ പദങ്ങളിലും കൊണ്ട് വരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അപൂര്‍വ്വ സഹോദരര്‍ എന്ന ചിത്രത്തില്‍ ഒരു പാട്ടില്‍ കുറച്ചു വരികളെഴുതിയ അദ്ദേഹം പൂര്‍ണമായോരു പാട്ടെഴുതുന്നത് ‘ചന്ദ്രിക’ എന്ന ചിത്രത്തിലാണ്. എന്നാല്‍ പി ഭാസ്കരന്‍ എന്ന പേര്‍ മലയാള ചലചിത്ര ഗാനരചനാ ചരിത്രത്തില്‍ അടിയുറയ്ക്കുന്നത് ഭാസ്കരന്‍ മാഷും രാമുകാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത രാഷ്ടപതിയുടെ രജതകമലം നേടിയ ‘നീലക്കുയില്‍’ എന്ന ചിത്രത്തിലൂടെയാണ്. പി ഭാസ്കരന്‍ എന്ന അതുല്യ കലാകാരന്‍റെ വ്യക്തിത്വം ഒന്നില്‍ ഒതുങ്ങുന്നതല്ല. കവിയായും ഗാനരചയിതാവായും ചലച്ചിത്ര സംവിധായകനായും നിര്‍മ്മാതാവായും നടനായും സ്വാതന്ത്ര്യ സമര സേനാനിയായും കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകനായും പത്രപ്രവര്‍ത്തകനായും ഏഷ്യാനെറ്റിന്‍റെ സ്ഥാപക ചെയര്‍മാനായും സമാനതകളില്ലാതെ സംഭാവനകള്‍ സമൂഹത്തിനു നല്കിയ പി ഭാസ്കരന്‍ മാഷിനെ ആളുകള്‍ പക്ഷേ നെഞ്ചോട് ചേര്‍ക്കുന്നത് പാട്ടിലൂടെയാണ്, കവിതകളിലൂടെയാണ്.
ക്വിറ്റ് ഇന്ത്യ സമരത്തോടനുബന്ധമായി ജയില്‍വാസമനുഷ്ഠിച്ച അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ അനുയാത്രികനായപ്പോള്‍ ഒളിവു ജീവിതങ്ങളിലേക്കും ഏറെ ദൂരം സഞ്ചരിച്ചു. അന്നത്തെ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന സര്‍ സി പി രാമസ്വാമി അയ്യര്‍ നിരോധിച്ച ‘വയലാര്‍ ഗര്‍ജ്ജിക്കുന്നു ‘എന്ന ഗ്രന്ഥം ‘വയലാര്‍ വെടിവെപ്പിനെക്കുറിച്ച് പി ഭാസ്കരന്‍ മാഷ് എഴുതിയതായിരുന്നു. ഓര്‍ക്കുക വല്ലപ്പോഴും, പാടും മണ്‍തരികള്‍, ഒസ്യത്ത്, ഓടക്കുഴലും ലാത്തിയും, ഒറ്റക്കമ്പിയുള്ള തംബുരു തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ മറ്റു കൃതികള്‍. ഓടക്കുഴല്‍ പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും വള്ളത്തോള്‍ അവാര്‍ഡും ലഭിച്ചു. പാട്ടെഴുത്തിന്‍റെ ഭാസുരമായ സുവര്‍ണ്ണകാലമായിരുന്നു ഭാസ്കരന്‍ മാഷ് എഴുതിയിരുന്ന കാലമത്രയും. ഓരോ പാട്ടെഴുതി പുറത്തിറങ്ങുമ്പോഴേക്കും ആ അനന്തസമുദ്രത്തിലെ ചിപ്പിക്കുള്ളിലെ മുത്തുകള്‍ ഓരോ പ്രേക്ഷകനും തന്‍റെ ഹൃദയം കൊണ്ട് സ്വന്തമാക്കുകയായിരുന്നു.
ഒരൊറ്റ ജന്മം കൊണ്ട് ഒന്നിലധികം കര്‍മ്മമണ്ഡലങ്ങളില്‍ വ്യാപൃതനായ കലാകാരനായിരുന്നു അദ്ദേഹം. ഗാനരചയിതാവെന്ന അസ്തിത്വത്തില്‍ ഭാസ്കരന്‍ മാഷുടെ ശുക്രനക്ഷത്രം അദ്ദേഹത്തിന്‍റെ ജീവിതമവസാനിച്ചപ്പോഴും സൃഷ്ടികള്‍ക്കും അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ക്കും മീതെ ജ്വലിച്ചു കൊണ്ടിരുന്നു. മൂവായിരത്തിലധികം ഗാനങ്ങള്‍ പിറന്നു വീണ ആ കൈകള്‍ മലയാള ഗാനശാഖയെ സമ്പുഷ്ട്ടമാക്കി. “വൃശ്ചിക രാത്രിതന്‍ അരമന മുറ്റത്തൊരു…” കവിത നിറഞ്ഞ വരികളിലൂടെ ഈ ഗാനം ഇന്നും മലയാളി മനസ്സുകളില്‍ ആനന്ദത്തിന്‍റെയും ഉന്‍മേഷത്തിന്‍റെയും ഹര്‍ഷാരവം മുഴക്കുന്നു. “ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ…”, എന്നെഴുതുമ്പോള്‍ പാട്ടിലെത് പോലെ സിനിമാ രംഗത്തിലേത് പോലെ ഓരോ ആസ്വാദക മനസ്സുകളും പതിനാലാം രാവിലെ പാലാഴിത്തിരമാലകളിലൊന്നാകുന്നു. “അല്ലിയാമ്പല്‍ കടവിലന്നരയ്ക്ക് വെള്ളം…” എന്നു എഴുതി തുടങ്ങിയ കവി അതിനെ അവസാനം “നമ്മുടെ നെഞ്ചിലാകേ അനുരാഗ കരിക്കിന്‍ വെള്ളം…”, എന്നു കൂട്ടിച്ചേര്‍ത്തപ്പോള്‍ ആസ്വാദനത്തിന്‍റെ പ്രണയത്തിന്‍റെ പാരമ്യത്തിലേക്ക് നമ്മളോരോരുത്തരെയും കൊണ്ട് പോവുകയായിരുന്നു. ജീവന്‍റെയും പ്രാണന്‍റെയും വിരഹത്തിന്‍റെയും പ്രണയത്തിന്‍റെയും ഒറ്റപ്പെടലിന്‍റെയും ഉന്‍മാദത്തിന്‍റെയും ബഹുസ്വരങ്ങളായ മനുഷ്യാവസ്ഥകളിലേക്ക് പാട്ടിന്‍റെ വഴിയിലൂടെ അദ്ദേഹം ഓരോരുത്തരേയും കൈ പിടിച്ചു നടത്തിക്കൊണ്ട് കൊണ്ട് പോയി.
“ഇന്നലെ നീയൊരു സുന്ദരഗാനമായെന്‍ പൊന്നോടക്കുഴലില്‍ വന്നൊളിച്ചു നിന്നു…”, കവിയില്‍ ജന്മനാ നിഷിപ്തമായ കവിതപോലെയായിരുന്നു ആ ഗാനവുമെന്ന് അല്ലെങ്കില്‍ ഉള്ളില്‍ പ്രണയം ജനിപ്പിച്ച നീയെന്ന് വ്യംഗ്യാര്ത്ഥത്തില്‍ പാടുകയാണ് ഭാസ്കരന്‍ മാഷ്. “തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍…”, പ്രണയിനിയുടെ കാമുകനെക്കുറിച്ചുള്ള കിനാവുകളെ താമരമാലയോട് ഉപമിച്ചിരിക്കുകയാണ് അദ്ദേഹം. കാമുകിയുടെ പ്രണയോപഹാരം എന്തു തന്നെയായാലും സൂര്യനും താമരയും തമ്മിലുള്ള പ്രണയത്തിന്‍റെ ആത്മബന്ധത്തെയും കവി ധ്വനിപ്പിക്കുന്നു. “ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായ് അവിടത്തെ അരികില്‍ ഞാനിന്ന് വന്നെങ്കില്‍…”, പ്രണയിനിയുടെ സ്വപ്നത്തെ അവസാനിപ്പിക്കുന്നില്ല ഭാസ്കരന്‍ മാഷ്. ഒരു സ്വപ്നത്തിലെങ്കിലും കാമുകന്‍റെ അടുത്തിരിക്കാനും ഒരു നോക്കൂ കാണാനും ഒരുമിച്ചാ ദു:ഖത്തില്‍ പങ്ക് ചേരാനും നായിക ആഗ്രഹിക്കുന്നതിനെ സരളമായ വരികളില്‍ മനോഹരമായ പദങ്ങളുടെ മുത്തുകള്‍ കോര്‍ത്തെടുക്കുന്നു. “താമരക്കുമ്പിളല്ലോ മമ ഹൃദയം…” എന്നു പാടുമ്പോഴും കേള്‍ക്കുമ്പോഴും സൂര്യനെക്കണ്ടെന്ന പോലെ നമ്മുടെ ഹൃദയവും പ്രണയത്താല്‍ വിശാലമാകുന്നു, മിടിക്കുന്നു.
നീലക്കുയിലിലെ ഓരോ ഗാനങ്ങളും പി ഭാസ്കരനെന്ന ഗാനരചയിതാവിന്‍റെ കഴിവുകളെയാണ് പുറത്തെത്തിച്ചത്. “കുയിലിനെത്തേടി”, “എല്ലാരും ചൊല്ലണ്”, “എങ്ങനെ നീ മറക്കും കുയിലേ”, തുടങ്ങിയ ഗാനങ്ങള്‍ ഇന്നും ഹിറ്റ് പാട്ടുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ്. “മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍ മഞ്ഞളരച്ച് വെച്ച് നീരാടുമ്പോള്‍…”, കവിതയിലെന്ന പോലെ പാട്ടിലും പ്രാസഭംഗി ചേര്‍ത്തു വെച്ച് മനോഹരമാക്കാറുണ്ട് ഭാസ്കരന്‍ മാഷ്. നായിക നീരാട്ടിനിറങ്ങുന്നതിനെ നിലാവിനോടുപമിച്ചിരിക്കുന്നതിലെ ഔചിത്യ ഭംഗിയും അലങ്കാരവും ആസ്വദിക്കാത്തവരില്ല. നിലാവിന്‍റെ ഇളം മഞ്ഞ നിറത്തെ മഞ്ഞള്‍ നീരാട്ടിനോട് ഉപമിച്ചിരിക്കുമ്പോള്‍ ആ മഹാനായ കവിയെ മനസാനമിക്കും , മലയാളത്തിന്‍റെ ഹിറ്റ് പാട്ടുകളുടെ കാരണവരെ …”, അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്‍ത്തി അറപ്പുര വാതിലില്‍ ഞാന്‍ കാത്തു നിന്നു…”, ഒരൊറ്റ വരിയില്‍ തന്നെ മഹാകാവ്യമൊളിപ്പിച്ചുവെക്കുന്ന കവി. അദ്ദേഹം വാക്കുകള്‍ കൊണ്ട് പണിത അല്ലിയാമ്പല്‍ കടവിലെ പാട്ടിന്‍റെ ദൃഢമായ കൊതുമ്പു വള്ളവും തുഴഞ്ഞ് ഇന്നും എത്രയെത്ര തലമുറകള്‍.
“എന്‍റെ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍ വന്നിറങ്ങിയ രൂപവതീ” എന്നു കേള്‍ക്കുമ്പോഴേക്കും അദ്ദേഹമെഴുതിയ അടുത്ത പാട്ടുകളും നമ്മുടെ മനസ്സിലേക്ക് ചൂണ്ടുകളിലേക്ക് ഓടിയെത്തുകയായി. “കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും” എന്നു പാടിയ ഭാസ്കരന്‍ മാഷ് ഏറ്റവും ജനപ്രിയമായ “എല്ലാരും ചൊല്ലണു”, “കാത്തു സൂക്ഷിച്ചോരു കസ്തൂരി മാമ്പഴം”, എന്നുമെഴുതി. പ്രവാസജനത ഇന്നും നെഞ്ചിലേറ്റുന്ന “മാമലകള്‍ക്കപ്പുറത്ത് മരത കപ്പട്ടുടുത്ത്”, “നാളികേരത്തിന്‍റെ നാട്ടിലെനിക്കൊരു” എന്നി പാട്ടുകളെഴുതിയതും ഇദ്ദേഹം തന്നെ. “ഏഴിമല പൂഞ്ചോല”, “നാഴിയൂരി പാല് കൊണ്ട് നാടാകെ കല്യാണം”,തുടങ്ങി കെ രാഘവന്‍ മാഷും പി ഭാസ്കരന്‍ മാഷും ഒന്നിച്ചപ്പോള്‍ മലബാര്‍ മുസ്ലിം തനതു സംസ്കാരത്തെ അടയാളപ്പെടുത്തുന്ന മണ്ണിന്‍റെയും കാറ്റിന്‍റെയും മണമുള്ള മഴയുടെ സ്പര്‍ശമുള്ള ഗ്രാമീണ പശ്ചാത്തലത്തിലെ ഹിറ്റ് ഗാനങ്ങളും പിറന്നു.
“രോഗശയ്യയിലായിരുന്ന പി ഭാസ്കരനെ കാണാന്‍ എസ് ജാനകി എത്തി. ജാനകി വന്ന വിവരം ഭാര്യ അറിയിച്ചപ്പോള്‍ മാസ്റ്റര്‍ ഒരപരിചിതയെ എന്ന വണ്ണം ജാനകിയെ നോക്കി കിടന്നു. ആരാ മനസ്സിലായില്ലല്ലോയെന്ന് മാസ്റ്റർ ചോദിച്ചു. മാസ്റ്ററുടെ രണ്ടു കൈകളും ചേർത്ത് പിടിച്ച് അവർ പതുക്കെ ഉരുവിട്ടു. മാസ്റ്റർ ഇതു ഞാനാണ് ജാനകി. എന്നിട്ടും പി.ഭാസ്കരന് എസ്. ജാനകിയെ തിരിച്ചറിയാനായില്ല. “കുറച്ചുകാലമായി മാഷ് ഇങ്ങനെയാണ്. അടുത്ത കുടുംബാംഗങ്ങളെപ്പോലും തിരിച്ചറിയാനാവാത്ത അവസ്ഥ. ഒരു പാട്ടു പാടി നോക്കൂ മുഖം മറന്നാലും ആ ശബ്ദം മറക്കാനാകുമോ മാഷിന്. ” ജാനകി പാടി “തളിരിട്ട കിനാക്കൾ തൻ” ഏതോ ഉൾവിളിയാലെന്നവണ്ണം മാസ്റ്റർ പതുക്കെ കിടക്കയിൽ എഴുന്നേറ്റിരുന്നു. ഇടയിലെവിടെയോ വെച്ച് അവരോടൊപ്പം ആ ഗാനത്തിൽ പങ്കുചേർന്നു. ജാനകി പിന്നെയും പാടി “ഒരു കൊച്ചു സ്വപ്നത്തിൻ”, “കേശാദിപാദം തൊഴു ന്നേൻ”,“ഇന്നലെ നീയൊരു സുന്ദരരാഗമായെൻ”, “ആരാധികയുടെ പൂജാ കുസുമം”, “താമരക്കുമ്പിളല്ലോ മമ ഹൃദയം…” ആവേശപൂർവം മാസ്റ്ററും അതിൽ പങ്കുചേർന്നു. ഓർമ്മക്കുറവ് അപ്പോഴൊന്നും അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നില്ല. യാത്രപറഞ്ഞിറങ്ങവേ ജാനകിയുടെ നേർക്ക് കൈകൂപ്പി ഹൃദ്യമായ ഒരു ചിരിയോടെ ചോദിച്ചു “ഇതാരുടെ പാട്ടുകളാണ് അസ്സലായിട്ടുണ്ട് . ഇനീം വന്നു പാടിത്തരണം”. മാസ്റ്ററുടെ കണ്ണുകളിലേക്ക് നോക്കി ജാനകി നിശ്ശബ്ദയായി നിന്നു. എന്തു മറുപടി പറയാൻ? (കടപ്പാട്: “പൂർണേന്ദുമുഖി – രവി മേനോൻ )
മൂര്‍ച്ചയേറിയ അര്‍ത്ഥതലങ്ങളിലേക്കും ഭാസ്കരന്‍മാഷിന്‍റെ പാട്ടുകള്‍ ജീവിതത്തിന്‍റെ വാസ്തവികതയുടെ ആഴങ്ങളിലേക്ക് നമ്മെ കൊണ്ട് പോകുന്നു. “മരണദേവനൊരു വരം കൊടുത്താല്‍ മരിച്ചവരോരു ദിനം തിരിച്ചു വന്നാല്‍ കരഞ്ഞവര്‍ ചിലര്‍ പൊട്ടിച്ചിരിക്കും ചിരിച്ചവര്‍ കണ്ണീര് പൊഴിക്കും…” മാനവ ജീവിതത്തിന്‍റെ നൈമിഷികതയെ എത്ര സൂക്ഷ്മമായാണ് അദ്ദേഹം അടയാളപ്പെടുത്തുന്നത്. “ഏകാന്തതയുടെ മഹാതീരം, ഏകാന്തതയുടെ അപാരതീരം…” ജീവിതത്തിന്‍റെ വരവിന്‍റെയുംയും തിരിച്ചു പോക്കിന്‍റെയും മഹായാത്രയെക്കുറിച്ച് ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് മുദ്രകുത്തുക ?