Friday, November 15, 2024

 പാട്ടിന്‍റെ തീരങ്ങളില്‍ പിന്നെയും പിറക്കട്ടെ 

“എന്നു വരും നീ എന്നു വരും നീ എന്‍റെ നിലാപ്പന്തലില്‍…” സ്നേഹത്തിന് വേണ്ടിയുള്ള നായികയുടെ കാത്തിരിപ്പിന്‍റെ പവിത്രവും തീഷ്ണവുമായ ഉപാസനയെ ആരാധിക്കുകയാണ് 2002 ല്‍ ജയരാജിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘കണ്ണകി’ എന്ന  ചിത്രത്തിലെ ഈ ഗാനം. പാട്ടിന്‍റെയും സാഹിത്യത്തിന്‍റെയും സാമ്രാട്ടില്‍ ജനിച്ചു വളര്‍ന്ന കൈതപ്രം ദാമോദരന്‍ നമൂതിരിയുടെ വരികള്‍. ഈണം നല്കിയത് അദ്ദേഹത്തിന്‍റെ ഇളയ സഹോദരനായ എഴുത്തുകാരനും സംഗീതജ്ഞനുമായ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരിയും. പാട്ടിന്‍റെ വഴിത്താരയില്‍ സഹോദരങ്ങള്‍ സംഗമിച്ചപ്പോള്‍ പിറന്നു വീണത് എത്ര കേട്ടാലും മതിവരാത്ത സ്നേഹോഷ്മളമായ നല്ല നല്ല പാട്ടുകള്‍. കൈതപ്രത്തിന്‍റെ വരികളും കൈതപ്രം വിശ്വനാഥന്‍റെ സംഗീതവും കൂടിച്ചേര്‍ന്നപ്പോള്‍ രക്തബന്ധo  പോലെ പാട്ടുകളും മനോഹരമായി തീര്‍ന്നു. പാട്ടെഴുത്തിലും  സംഗീതത്തിലും മഹാതപസ്വിയായിരുന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ കൂടെ സംഗീത സംവിധായക സഹായിയായി നിന്നു കൊണ്ടായിരുന്നു കൈതപ്രം വിശ്വനാഥന്‍ സംഗീതത്തില്‍ ആദ്യ ചുവടു വെച്ചു തുടങ്ങുന്നത്.

കലാപാരമ്പര്യമുള്ള സംഗീത കുടുംബമായിരുന്നു കൈതപ്രത്തിന്‍റേത്. സംഗീതജ്ഞനായ പിതാവിന്‍റെ വഴിയേയായിരുന്നു വിശ്വനാഥന്‍ സഞ്ചരിച്ചിരുന്നതും. തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളേജില്‍ നിന്നും  സംഗീതമഭ്യസിച്ച കൈതപ്രം വിശ്വനാഥന്‍ വളരെക്കാലം സംഗീതാധ്യാപകനായി ജോലി നോക്കുകയും ചെയ്തു. അതോടൊപ്പം തന്നെ കൈതപ്രം ഈണമിട്ട പല ഗാനങ്ങളിലും സഹ സംഗീതസംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എക്കാലത്തെയും ഹിറ്റ് ക്ലാസ്സിക്കല്‍ സിനിമകളായ  ദേശാടനം, കളിയാട്ടം തുടങ്ങിയ സിനിമകളില്‍ പശ്ചാത്തലസംഗീതമൊരുക്കിക്കൊണ്ട്  സിനിമയുടെ കാന്‍വാസിലേക്ക് സംഗീത സംവിധായകനായി കടന്നു വന്നു കൈതപ്രം വിശ്വനാഥന്‍. പിന്നീട് ജയരാജിന്‍റെ ‘കണ്ണകി’ എന്ന മറ്റൊരു ക്ലാസിക് ചിത്രം കൈതപ്രം വിശ്വനാഥന്‍ എന്ന സംഗീതജ്ഞനെ പൂര്‍ണമായും അടയാളപ്പെടുത്തുകയുണ്ടായി. ഈ സിനിമയിലെ തന്നെ ചിത്ര ആലപിച്ച “കരിനീലക്കണ്ണഴകീ കണ്ണകീ കാവേരിക്കരയിലെത്തി…” ഈ ഗാനം നേടിക്കൊടുത്ത ജനപ്രിയത ആവോളമുണ്ടായിരുന്നു.

“ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്ത് കാണാം…” പാട്ടൊരു മനുഷ്യായുസ്സിന്‍റെ ഉയിരണിയുകയാണ് ഈ ഗാനത്തിലൂടെ. ജീവിതത്തില്‍ വൈകാരികമായ പലസന്ദഭങ്ങളിലും മനുഷ്യന്‍ അഭയം തേടിയൊരു പാട്ട് കൂടിയാണിത് . “പൂ പറിക്കാന്‍ പോരുമോ പോരുമോ തുള്ളി മഞ്ഞു നുള്ളുവാന്‍ പോരുമോ”. അങ്കം ജയിച്ച  വിജയാഘോഷത്തിന്‍റെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന മനോഹരമായൊരു ഗാനം. ‘കണ്ണകി’ കോഴിപ്പോരിന്‍റെ കഥയായതിനാല്‍  തന്നെ വടക്കന്‍ പാട്ടിന്‍റെ അങ്കക്കളരിയെ മനസ്സില്‍ വെച്ചു കൊണ്ടായിരുന്നു ഈ പാട്ടിന് അദ്ദേഹം ഈണമൊരുക്കിയത്. സിനിമയ്ക്കു വേണ്ടി ഒരു പാട്ടൊരുക്കുമ്പോള്‍ സിനിമയുടെ കഥയെയും പാട്ട് വരുന്ന പശ്ചാത്തലത്തെയും അനുസരിച്ചു ആയിരിക്കണം എങ്കില്‍ മാത്രമേ സിനിമയും പാട്ടും ശരീരവും ആത്മാവും പോലെ ഇഴുകി ചേര്‍ന്ന് നില്‍ക്കുകയുള്ളൂ എന്നു കൈതപ്രം വിശ്വനാഥന്‍ പറയുന്നു. ജയരാജന്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായ ‘തിളക്ക’ത്തിലുമുണ്ട് കൈതപ്രം വിശ്വനാഥന്‍ ഈണമിട്ട ഇന്നും തിളക്കം മങ്ങാത്ത പാട്ടുകള്‍. ഈ ചിത്രത്തിലും കൈതപ്രം സഹോദരന്മാരുടെ വരികളും സംഗീതവും സംഗമിച്ചു, മാസ്മരിക ഗാനങ്ങള്‍ പിറന്നു.  എം ജയചന്ദ്രന്‍ ആലപിച്ച “നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍ പ്രണയം വിടരും കരയാകും…” ഇടയ്ക്കു കടല്‍ എടുത്തണിയുന്ന പ്രണയത്തിന്‍റെ ശാന്തഭാവമായിരുന്നു ഈ പാട്ടിലും. “എനിക്കൊരു പെണ്ണുണ്ടു”എന്ന പാട്ടിലെത്തുമ്പോള്‍ സംഗീതത്തിന്‍റെ മറ്റൊരു മാന്ത്രികത കൂടി നമ്മുടെ കാതുകളിലേക്ക് ഒഴുകുന്നു.

എന്നാല്‍ കണ്ണകിയില്‍ ചെയ്ത സൂപ്പര്‍ ഹിറ്റ് മെലഡികളില്‍ നിന്നും വ്യത്യസ്തമായി ചെയ്ത തിളക്കത്തിലെ തന്നെ “സാറേ സാറേ സാമ്പാറെ” എന്ന  അടിച്ചുപൊളി പാട്ടിലും കൈതപ്രം വിശ്വനാഥന്‍ കൈ വെച്ചു. ഒരു സംഗീത സംവിധായകനാകുമ്പോള്‍ ചില രീതികളില്‍ മാത്രമേ പാടുകള്‍ക്ക് ഈണം ചിട്ടപ്പെടുത്തൂ എന്ന തീരുമാനം ശരിയല്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. പാട്ട് സൂപ്പര്‍ ഹിറ്റ് ആയെങ്കിലും നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. ജയരാജിന്‍റെ മറ്റൊരു ചിത്രമായ ‘ദൈവനാമത്തി’ലും കൈതപ്രം –കൈതപ്രം വിശ്വനാഥന്‍ കൂട്ടുകെട്ടുണ്ടായി. ‘ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളെ’ എന്ന മഞ്ജരി പാടിയ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ഏകാന്തം എന്ന ചിത്രത്തിലെ മധു കൈതപ്രം എഴുതിയ “കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം” എന്ന ഗൃഹാതുരമായ വരികള്‍ക്ക് അതേ ഗൃഹാതുരമായ സംഗീതം കൊണ്ട് അനാവരണം ചെയ്തു പാട്ടിനെ അതി സുന്ദരമാക്കിയിരിക്കുന്നു കൈതപ്രം വിശ്വനാഥന്‍.

സംഗീതത്തിലെ ആദ്യ ഗുരുവും ചേട്ടനുമായ  കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ പോലെ തന്‍റെ സംഗീതത്തെ സമ്പന്നമാക്കുവാന്‍ മറ്റൊരു ഗാനരചയിതാവിന് അത്രത്തോളമാവില്ലെന്ന്  കൈതപ്രം വിശ്വനാഥന്‍ ഉറപ്പിച്ച് പറയുന്നു. ‘മധ്യവേനല്‍’ എന്ന ചിത്രത്തിലെ “സ്വന്തം സ്വന്തം ബാല്യത്തിലൂടെ ഒന്നു പോകാന്‍ കൊതിതോന്നാത്തവരുണ്ടോ…” ബാല്യത്തിലെ ചുട്ടുപൊള്ളുന്ന മീനമാസച്ചൂടിലെ മധ്യവേനലവധിയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഗാനം. അവിടെ തേന്‍മാമ്പഴം പോലെ മധുരിക്കുന്നതും പുളിക്കുന്നതുമായ ഓര്‍മ്മകളുടെ വേനല്‍ മഴ പെയ്യിക്കുകയാണ് ഈ പാട്ടിലൂടെ. ഈ ഗാനത്തിലൂടെ യേശുദാസിന് മിക ച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. നീലാംബരി എന്ന ചിത്രത്തിലെ “ഇന്ദ്രനീലരാവില്‍”,  “ആമ്പലിനോടോ താമരയോടോ സന്ധ്യേ നിന്‍ പ്രണയം”,  “ഓര്‍മയിലെ “പോയി വരൂ പൊന്‍ മകനെ” തട്ടകത്തിലെ “ചന്ദനക്കാവിലെ പൂവാലി”, പകല്‍ക്കിനാവില്‍ പലവട്ടം”, അന്നൊരിക്കല്‍ എന്ന ചിത്രത്തിലെ “പ്രിയദേവതേ”,തൂവല്‍ക്കാറ്റിലെ “നിന്നെക്കണ്ടാലുള്ളില്‍…” തുടങ്ങി എണ്ണത്തിലൊതുങ്ങാത്ത ഒത്തിരി ഗാനങ്ങള്‍ സമ്മാനിച്ചിടുണ്ട് കൈതപ്രം വിശ്വനാഥന്‍. കൈതപ്രം സഹോദര കൂട്ടുകെട്ടിലെ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.  ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ പിന്നേയും ജന്‍മമുണ്ടെങ്കില്‍ ഈ സഹോദര്യവും സംഗീതവും ഒരുമിച്ചു പിറക്കാന്‍ ആഗ്രഹിക്കുന്നു ഓരോ മലയാളിയും. 

spot_img

Hot Topics

Related Articles

Also Read

പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

0
നിരവധി ക്ലാസിക് സിനിമകൾ നിർമ്മിച്ച് കൊണ്ട് മലയാള സിനിമയ്ക്ക് അടിത്തറ നല്കിയ വ്യക്തികളിൽ ഒരാളായിരുന്നു ഗാന്ധിമതി ബാലൻ. കഥാമൂല്യമുള്ള സിനിമകൾക്ക് കമ്പോള ചിത്രങ്ങളെക്കാൾ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

സെല്‍വമണിയും ദുല്‍ഖറും ഒന്നിക്കുന്നു; പോസ്റ്റര്‍ പുറത്ത് വിട്ട് ‘കാന്താ’

0
പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് അനൌണ്‍സ്മെന്‍റ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ‘മികച്ചൊരു ടീമിനൊപ്പം സിനിമ ചെയ്യുന്നു, കാന്തായുടെ ലോകത്തേക്ക് സ്വാഗതം’ ദുല്‍ഖര്‍ കുറിച്ചു.

റിലീസിനൊരുങ്ങി ‘ചാപ്പക്കുത്ത്’

0
ജെ. എസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ ജോളി ഷിബു നിർമ്മിച്ച് നവാഗതരായ അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ചാപ്പക്കുത്ത് ഏപ്രിൽ അഞ്ചിന് തിയ്യേറ്ററുകളിൽ എത്തും. 

ഹിന്ദി റീമേക്കിനൊരുങ്ങി ബാംഗ്ലൂര്‍ ഡേയ്സ്- പ്രിയവാര്യര്‍, അനശ്വര രാജന്‍ നായികമാര്‍

0
014-ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്തു ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ്, നിവിന്‍പോളി, നസ്രിയ, പാര്‍വതി തിരുവോത്ത്, നിത്യമേനോന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രമായെത്തിയ മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്കിലേക്ക്.

മൂന്നാമത് പോസ്റ്ററുമായി ‘നേര്’; അഭിഭാഷകരുടെ കിടിലൻ ലുക്കിൽ മോഹൻലാലും പ്രിയാമണിയും

0
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘നേരി’ന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തിറങ്ങി. അഭിഭാഷകരുടെ കിടിലൻ ലൂക്കിലാണ് മോഹൻലാലും പ്രിയാമണിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.