Friday, November 15, 2024

പാട്ടിന്‍റെ പാലാഴിയിൽ നാദവിസ്മയത്തിന്‍റെ ആറ് പതിറ്റാണ്ടുകൾ

ഏത് പാട്ടിലൂടെയാണ് മലയാളികള്‍ അവരുടെ സ്വന്തം ഗായകന്‍ ദാസേട്ടനെ ഓര്‍മ്മിക്കുക.പാട്ടില്‍ എന്നും മലയാളികള്‍ക്കു പ്രിയങ്കരനായ  അദ്ദേഹത്തെ ‘ദാസേട്ടാ ‘ എന്ന് അഭിസംബോധന ചെയ്യാനാണ് നമ്മളില്‍ പലരും ഇഷ്ട്ടപ്പെടുന്നത്. നിങ്ങള്‍ക്ക് ദാസേട്ടന്‍ പാടിയിട്ടുള്ള ഏത് പാട്ടാണ് കൂടുതലിഷ്ടം എന്ന് ചോദിച്ചാല്‍ അതിത്തിരി പ്രയാസമുള്ള ചോദ്യം തന്നെയാകും. മനസ്സിലേക്കപ്പോള്‍ ഒഴുകിയെത്തുക യേശുദാസ് എന്ന ഗാനഗന്ധര്‍വ്വന്‍  നാദവിസ്മയത്തില്‍ തീര്‍ത്ത മഹാസാഗരത്തിന്‍റെ തിരകളാണ്. ആ സംഗീതത്തിലെ  ഓരോ തിരകളും നമ്മുടെ മനസ്സിലേക്ക് ഇളം തണുപ്പും ചൂടുമുള്ളൊരു കുളിര് നല്കുന്നു. അനുഗ്രഹീത സ്വര മാധുര്യം കൊണ്ട് സംഗീതത്തെ സമ്പന്നമാക്കിയ കലാകാരൻ. ആ കണ്ഠത്തിൽ നിന്നും പൊഴിയുന്ന ഘന ഗാംഭീര്യമായ ഉറക്കുപാട്ടിൽ ലയിച്ചുറങ്ങുന്ന അയ്യപ്പസ്വാമി. അതെ;മനുഷ്യനെയും ദൈവത്തെയും ഒരു  പോലെ സ്വാധീനിച്ച ആ ശബ്ദസംഗീതത്തിനുടമയായ യേശുദാസ് എന്ന മലയാളത്തിന്‍റെ  പ്രിയപ്പെട്ട ഗായകനെ നാം ഗാനഗന്ധർവ്വൻ എന്ന് വിളിച്ചു. സംഗീത തപസ്യയിൽ  അദ്ദേഹം കടന്നു പോയ ജീവിത ത്തിന്‍റെ ഓരോ പടവുകളും ഔന്നത്യത്തിലേക്കുള്ളതായിരുന്നു.

സംഗീതം യേശുദാസിന് ജന്‍മസിദ്ധം മാത്രമായിരുന്നില്ല . അദ്ദേഹത്തിന്‍റെ കുടുംബവും സംഗീതത്തിന്‍റെ പിന്‍തലമുറക്കാരായിരുന്നു. ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകൻ എന്നറിയപ്പെടുന്ന കെ ജെ യേശുദാസിന്‍റെ യഥാർത്ഥനാമം കട്ടാശേരി ജോസഫ് യേശുദാസ് എന്നാണ്. നാടക നടനും സംഗീത വിദഗ്ധനുമായ അഗസ്റ്റിൻ ജോസഫിന്‍റെയും എലിസബത്തിന്‍റെയും ഏഴു മക്കളിൽ രണ്ടാമനാണ് യേശുദാസ്. യേശുദാസിനുള്ളിലെ സംഗീതത്തെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പിതാവാണ് അദ്ദേഹത്തിന്‍റെ  ആദ്യ ഗുരു. പ്രാരാബ്ധം നിറഞ്ഞ കുട്ടിക്കാലമാണെങ്കിലും അദ്ദേഹത്തിന്‍റെ പിതാവ് സംഗീതം അഭ്യസിപ്പിച്ചു. 1949-തിലാണ് ഒൻപതാം വയസ്സിൽ യേശുദാസിന്‍റെ ആദ്യത്തെ കച്ചേരി നടക്കുന്നത്. 

ഗുരു വേലിപ്പടിക്കൽ കുഞ്ഞൻ വേലു ആശാന്‍റെ  കീഴിൽ ഒരു വർഷവും പള്ളുരുത്തി രാമൻ കുട്ടി ഭാഗവതരുടെ കീഴിൽ ആറു മാസവും എറണാകുളം ശിവരാമൻ ഭാഗവതരുടെ കീഴിൽ മൂന്ന് വർഷവും സംഗീതാഭ്യാസം ചെയ്തു. തൃപ്പൂണിത്തുറ ആർ എൽ വി അക്കാദമിയിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ച അദ്ദേഹം 1960 ൽ ഒന്നാം റാങ്കോടു കൂടി ഗാനഭൂഷണം പരീക്ഷയിൽ പാസായതിനു ശേഷം സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതിതിരുനാൾ അക്കാദമിയിൽ ചേരുകയും ചെയ്തു. അരനൂറ്റാണ്ടിലേറെ സംഗീതത്തിൽ വിരാജിച്ച അദ്ദേഹം ആസാമീസ്,കാശ്മീരി,കൊങ്കണി എന്നിവയൊഴികെ അനേകം ഇന്ത്യൻ ഭാഷകളിൽ പാടിയിട്ടുണ്ട്. കർണ്ണാടക സംഗീതത്തിലും അദ്ദേഹം തന്‍റെ കഴിവ് തെളിയിച്ചു. കർണ്ണാടക സംഗീതത്തിലെ കിരീടം വെക്കാത്ത രാജാവായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ അദ്ദേഹത്തിന്‍റെ  മരണകാലം (1974)വരെ ശാസ്ത്രീയ സംഗീതത്തിൽ യേശുദാസ് ശിഷ്യത്വം തുടർന്നു.

മലയാള സിനിമയിൽ 1961ലിറങ്ങിയ ‘കാൽപ്പാടുകൾ’എന്ന ചിത്രത്തിൽ സംഗീത സംവിധായകൻ എം ബി ശ്രീനിവാസൻ ചിട്ടപ്പെടുത്തിയ ‘ജാതിഭേദം മതദ്വേഷം’എന്ന ഗുരുദേവകീർത്തനമാണ് യേശുദാസ് ആലപി ച്ച ആദ്യഗാനം. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ഈ ഗാനത്തിന്‍റെ  റെക്കോർഡിംഗ്. ആലാപനത്തിൽ മാത്രമല്ല,അഭിനയ കലയിലും അദ്ദേഹം ഒരു കൈ പരീക്ഷണം നടത്തിയിട്ടുണ്ട്. 1966ൽ പുറ ത്തിറങ്ങിയ ‘കായംകുളം കൊച്ചുണ്ണി’യിൽ യേശുദാസ്  പാടി അഭിനയിച്ചത് ബി എ ചിദംബരനാഥിന്‍റെ  സംഗീത സംവിധാനത്തിൽ പി ഭാസ്കരൻ രചിച്ച ‘കുങ്കുമപ്പൂവുകൾ പൂത്തു’ എന്ന് തുടങ്ങുന്ന ഗാനത്തിലാണ്. ഈ സിനിമയിൽ യേശുദാസ്  കൊച്ചുണ്ണിയുടെ(സത്യൻ )കാമുകി നബീസയുടെ സഹോദരൻ  ‘ഖാദർ’ എന്ന കഥാപാത്രമായാണു എത്തിയത്. കാവ്യമേള,അനാർക്കലി,പഠിച്ച കള്ളൻ,അച്ചാണി,കതിർമണ്ഡപം, നിറ കുടം, ഹർഷ ബാഷ്പം, പാതിരാ സൂര്യൻ തുടങ്ങിയ ചിത്രങ്ങളിലും യേശുദാസ് പാടിയഭിനയിച്ചിട്ടുണ്ട്.

ആലാപനത്തിലും അഭിനയത്തിലും മാത്രമല്ല,അദ്ദേഹം സംഗീത സംവിധാനം ചെയ്ത അനേകം ഗാനങ്ങളും സംഗീത ആൽബങ്ങളും സൂപ്പർ ഹിറ്റാണ്.’താളപ്പിഴ’ എന്ന ചിത്രത്തിലെ  ‘താരാപഥങ്ങളെ’, ‘തെണ്ടിത്തേങ്ങി അലയും ‘, അഴകുള്ള സെലീന  ‘എന്ന ചിത്രത്തിലെ ‘താജ്മഹൽ നിർമ്മിച്ച രാജ ശില്പി ‘,’പുഷ്പഗന്ധി സ്വപ്ന ഗന്ധി ‘, ‘മരാളികേ,മരാളികേ’, ‘ഡാർലിംഗ് ‘, ‘സ്നേഹത്തിൻ ഇടയനാം ‘, ‘കാലമേഘ തൊപ്പി വെച്ച ‘, ‘ഗാഗുൽത്ത മലകളെ ‘(ചിത്രം -ജീസസ് ),’തീക്കനലിലെ’ ‘ആശ്ചര്യ ചൂഡാമണി ‘, ‘ശ്യാമ ധരണിയിൽ ‘, ‘പൊൻമുകിലൊരു ‘, ‘ചന്ദ്ര മൗലിചതുർ  )’അനുരാഗ വല്ലരി’,’സഞ്ചാ രി’യിലെ ‘റസൂലേ നിൻ ‘,’താറാവ്’എന്ന ചിത്രത്തിലെ   ‘ഒടുവിൽ നീയും ‘, ‘തക്കിടമുണ്ടൻ താറാവെ ‘,’പൂച്ച സന്യാസി’യിലെ “ഇവനൊരു സന്യാസി “, ‘ഞാൻ പെൺ കൊടിമാരുടെ ,’മാളിക പണിയുന്നവർ’എന്ന ചിത്രത്തിലെ ‘ഈ കാളിക്ക് ഭരണി നാളിൽ’ , ‘അമ്പിളിപ്പൂ മാലയിൽ ‘,’മൌനരാഗത്തിലെ  ‘ഹൃദയ സരോവരമുണർന്നു, ‘ഗാനമേ ഉണരൂ ‘,കനക ചിലങ്ക കിലുങ്ങി കിലുങ്ങി’എന്ന ചിത്രത്തിലെ ‘എന്നിൽ നിറയുന്ന ദുഃഖം’, ‘തേടും മനസ്സിലൊ’, ‘ഉദയം കിഴക്ക് തന്നെ ‘എന്ന ചിത്രത്തിലെ ‘താരാപഥങ്ങളെ ‘ ‘മദമിളകിത്തുള്ളും ‘തുടങ്ങിയവ കൂടാതെ അദ്ദേഹം സംഗീത സംവിധാനം ചെയ്ത് ആലപിച്ച ഭക്തി ഗാനങ്ങളും (ആൽബം) മലയാളത്തിലുണ്ട്. ‘ശങ്കരനചലം  കൈലാസം’, ‘ഗംഗയാറു പിറക്കുന്നു’, ‘ഒരേയൊരു ലക്ഷ്യം ശബരിമാമല ‘,എന്നിവ പ്രശസ്തവും ഭക്തി നിര്‍ഭരവുമായ  ആൽബം പാട്ടുകളാണ്.

മലയാളമടക്കം ഇന്ത്യൻ ഭാഷകളിൽ അദ്ദേഹം 30000 ത്തോളം ഗാനങ്ങൾ ആലപിച്ചു. ആസ്വാദരെ വിസ്മയം കൊള്ളിച്ച ഗാനഗന്ധർവ്വനെത്തേടി വന്ന അംഗീകാരങ്ങൾ അനേകമായിരുന്നു.പത്മവിഭൂഷൺ (2017), പത്മഭൂഷൺ (2002), പത്മശ്രീ(1973), 1992ൽ സംഗീത നാടക അക്കാദമി പുരസ്‌കാരം, ഏഴ് പ്രാവശ്യം മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള ദേശീയ അവാർഡ്, 25 തവണ കേരള സർക്കാരിന്‍റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ, 6 തവണ ആന്ധ്രാപ്രദേശ് സർക്കാരിന്‍റെ മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള അവാർഡ്, 8 തവണ തമിഴ് നാട് സർക്കാരിന്‍റെ മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള അവാർഡ്, ഒരു പ്രാവശ്യം പശ്ചിമ ബംഗാൾ സർക്കാരിന്‍റെ മികച്ച ചലച്ചിത്ര പിന്നണി ഗായകനുള്ള അവാർഡ്, കേരള സർക്കാരിന്‍റെ സ്വാതി തിരുനാൾ പുരസ്‌കാരം, ഡി. ലിറ്റ് കേരള സര്‍വ്വകലാശാല  (2003) രാഘവേന്ദ്ര, ശൃംഗേരി, ഉഡുപ്പി എന്നീ മഠങ്ങളിലെ ആസ്ഥാന വിദ്വാൻ സ്ഥാനം എന്നിവയാണ് പുരസ്‌കാരങ്ങൾ. രണ്ടാമത്തെ മകൻ വിജയ് യേശുദാസ് മലയാള ചലച്ചിത്ര പിന്നണി ഗായകനാണ്.

സംഗീത സംവിധായകനായ രവീന്ദ്ര ജെയിൻ ഒരു അഭിമുഖത്തിൽ,  “താൻ എപ്പോഴെങ്കിലും കാഴ്ച വീണ്ടെടുക്കുകയാണെങ്കിൽ, താൻ കാണാൻ ആഗ്രഹിക്കുന്ന ആദ്യത്തെ വ്യക്തി യേശുദാസ് ആയിരിക്കു”മെന്ന് പറയുന്നുണ്ട്. “ലോകത്തിൽ വെച്ച് എന്‍റെ ഏറ്റവും പ്രിയപ്പെട്ട ശബ്ദങ്ങളിലൊന്നാണ് യേശുദാസിന്‍റെത് “എന്ന് എ ആർ റഹ്മാൻ പറയുന്നു. അതെ, യേശുദാസ് എന്ന അതുല്യ ഗായകന്‍റെ ഗാനം കേട്ടുണരാത്ത, ഉറങ്ങാത്ത  മലയാളിയുടെ ഒരു ദിവസവും പൂർണ്ണമാകില്ല.

spot_img

Hot Topics

Related Articles

Also Read

‘മേപ്പടിയാ’ന് ശേഷം വിഷ്ണു മോഹൻ; മേതിൽ ദേവികയും ബിജുമേനോനും ഒന്നിക്കുന്ന ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂർത്തിയായി

0
ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കഥ ഇന്നുവരെ’ ചിത്രീകരണം പൂർത്തിയാക്കി. ചിത്രത്തിൽ പ്രശസ്ത നർത്തകി മേതിൽ ദേവികയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

സ്ത്രീകൾക്കായി പ്രത്യേക ഷോയുമായി ‘ഒരു കട്ടിൽ ഒരു മുറി’

0
സമൂഹത്തിലും വീടകങ്ങളിലും ഒറ്റപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ കഥ പറഞ്ഞു കൊണ്ട് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് വിജയകരമായി പ്രദർശനം തുടരുന്നു. സ്ത്രീപ്രാതിനിധ്യമുള്ള സിനിമയായതിനാൽ പൊന്നാനി ഐശ്വര്യ തിയ്യേറ്ററിൽ സ്ത്രീകൾക്ക്...

ഭാവന, ഇന്ദ്രന്‍സ്, ഉര്‍വശി, ഹണിറോസ്; ചിത്രം ‘റാണി’യുടെ ട്രൈലര്‍ പുറത്തിറക്കി നടന്‍ മോഹന്‍ലാല്‍

0
ഭാവന, ഹണിറോസ്, ഇന്ദ്രന്‍സ്, ഉര്‍വശി, അനുമോള്‍ നിയതി, ഗുരു സോമസുന്ദരം, അശ്വിന്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രം റാണിയുടെ ട്രൈലര്‍ നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി.

ദേശീയ പുരസ്കാരത്തിന് മാറ്റ് കൂട്ടി അച്ഛനും മകനും; കീരവാണി മികച്ച പശ്ചാത്തല സംഗീതം, മികച്ച ഗായകനായി കാലഭൈരവ

0
69- മത് ദേശീയ പുരസ്കാര നിറവില്‍ മികച്ച പശ്ചാത്തല സംഗീതത്തിനു കീരവാണി തിരഞ്ഞെടുക്കപ്പെട്ടു.

‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലാ’യി പാട്ടിന്‍റെ വിജയതിലകം

0
അഞ്ചുമണിക്കൂറിനുള്ളില്‍ അറുപത്തിയൊന്‍പത് ഗാനങ്ങള്‍ക്ക് ശ്രുതിയിട്ടുകൊണ്ട് ലോകറെക്കോര്‍ഡിലേക്ക് കുതിച്ചു കയറിയ ഗായിക. അമേരിക്കയിലെ ഇന്‍റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നേടിയപ്പോള്‍ വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തില്‍ സംഗീതം പത്തരമാറ്റായി.