മലയാള സിനിമയുടെ പാട്ടുചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത നിരവധി ഹിറ്റ് ഗാനങ്ങള്‍ക്കുടമയാണ് പി ലീല എന്ന ഗായിക. ഭക്തിരസപ്രധാനമായ പൂന്താനത്തിന്‍റെ ജ്ഞാനപ്പാനയെ ഗുരുവായൂരപ്പന് തന്‍റെ കണ്ഠം കൊണ്ട് സമര്‍പ്പിച്ചു, തെന്നിന്ത്യ മുഴുവന്‍ ആരാധിക്കുന്ന ഈ അനശ്വര ഗായിക. നാരായണീയത്തിലെ ശ്ലോകങ്ങള്‍ ക്ഷേത്ര മതിലുകള്‍ കടന്നൊഴുകിയപ്പോള്‍ പി ലീലയുടെ ശബ്ദം എല്ലാ ദേശത്തിന്‍റേതും സ്വന്തമായി. ഭക്തിരസം നിറഞ്ഞു തുളുമ്പിയിരുന്നു പി ലീലയുടെ ശബ്ദത്തില്‍. തെന്നിന്ത്യന്‍ സംഗീതലോകം മുഴുവന്‍ പി ലീലയുടെ ശബ്ദത്തെ സ്വന്തമാക്കിയിട്ടുണ്ട് . 1946 ല്‍ തമിഴ് ചിത്രമായ ‘കങ്കണ’ത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് പി ലീല ആദ്യ ചുവടു വെക്കുന്നത്. ‘ശ്രീവരലക്ഷ്മീം’ എന്ന സ്തുതിയോടെ ആരംഭിച്ച ഈ ഗാനത്തോടെ പി ലീലയുടെ പേര് സംഗീത ലോകത്ത് തിലകം ചാര്‍ത്തി. തമിഴ് സംഗീതത്തില്‍ അരങ്ങു റപ്പിച്ചതോടെ കന്നഡയിലും ഭക്തകബീര്‍ എന്ന ചിത്രത്തിലും അവര്‍ ആലപിച്ചു.1948 ല്‍ ‘നിര്‍മ്മല’ എന്ന ചിത്രത്തിലൂടെയാണ് പി ലീല മലയാള സിനിമയില്‍ ആദ്യ ചുവടുവെക്കുന്നത്. അക്കാലത്ത് മലയാള സിനിമയിലെ ആദ്യ പിന്നണിപ്പാട്ടുകാരില്‍ ഒരു ഗായികയായിരുന്നു പി ലീലയും.
“കേരളമെ…ലോകനന്ദനം….”, “പാടുക പൂങ്കുയിലെ കാവ് തോറും…” എന്നിവ പി ലീലയുടെ ആദ്യ ഗാനങ്ങളായിരുന്നു. പിന്നീട് ദക്ഷിണേന്ത്യന്‍ സിനിമയുടെ സംഗീതലോകത്ത് രണ്ടു പതിറ്റാണ്ടോളം ഈ ഗായിക അടക്കി വാണു. സ്വതസിദ്ധമായ ആലാപന ശൈലി, അസാമാന്യമായ പ്രതിഭാവിലാസം, അര്‍പ്പണമനോഭാവം…പി ലീലയെന്ന ഗായികയെ അടയാളപ്പെടുത്താന്‍ വിശേഷണങ്ങളേറെ. 1950 കളില്‍ പി ലീലയെന്ന പേരും അവരുടെ പാട്ടുകളും ഹൃദിസ്ഥമായിരുന്നു ഓരോ മലയാളിക്കും. മലയാളത്തിലെ എക്കാലത്തെയും നിത്യഹരിതമായ താരാട്ടുപാട്ടുകളിലൊന്നായ “കണ്ണും പൂട്ടിയുറങ്ങുക നീയെന്‍…”, അമ്മമനസ്സുകളിലേക്ക് പി ലീലയുടെ ആലാപനം പെയ്തിറങ്ങുകയായിരുന്നു. ദക്ഷിണാമൂര്‍ത്തിയായിരുന്നു പാട്ടിന് സംഗീതം നല്‍കിയത്. ഇരയിമ്മന്‍ തമ്പിയുടെ ‘ഓമനത്തിങ്കള്‍ കിടാവോ’ മനസ്സില്‍ നിര്‍മലതയുടെ വാല്‍സല്യ ഭാവം പകര്‍ന്നു നല്കിയതും പി ലീലയുടെ ആലാപന സൌകുമാര്യതയായിരുന്നു.
ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ അഗാധപാണ്ഡിത്യമായിരുന്നു പി ലീലയെന്ന ഗായികയെ പ്രശസ്തയാക്കിയത്. ശാസ്ത്രീയ സംഗീതം അവരുടെ ആലാപനത്തില്‍ എളുപ്പം വഴങ്ങുമായിരുന്നു. എങ്കിലും പി ലീലയെ ന്നു കേള്‍ക്കുമ്പോള്‍ ചലച്ചിത്ര ഗാനങ്ങളെക്കാള്‍ മനസ്സിലേക്ക് ഓടിയെത്തുക ഒത്തിരി ഭക്തിഗാനങ്ങളാണ്. മലയാളത്തില്‍ പി ലീലയെ പ്രിയങ്കരിയാക്കിയത് ‘ചിലമ്പൊലി’ എന്ന ചിത്രത്തിലെ ‘പ്രിയമാനസാ നീ വാ വാ’ എന്ന ഗാനത്തോടെയാണ്. പിന്നീട് മലയാളത്തില്‍ അവര്‍ പാടിത്തുടങ്ങിയ പാട്ടുകളെല്ലാം ജനപ്രിയങ്ങളായി. യേശുദാസിനൊപ്പം നിരവധി ഹിറ്റ് ഗാനങ്ങളും പി ലീല ആലപിച്ചിട്ടുണ്ട്. കാവ്യമേളയിലെ സ്വപ്നങ്ങളെ സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ…” മണവാട്ടിയിലെ ‘അഷ്ടമുടിക്കായലിലെ…”, യക്ഷിയിലെ ‘സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന…”, ‘ഭാര്യമാര്‍ സൂക്ഷിക്കുക’എന്ന ചിത്രത്തിലെ “ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം…”, ‘സ്ഥാനാര്‍ത്ഥി സാറാമ’യിലെ “അക്കരെപ്പച്ചയിലെ അഞ്ജനച്ചോലയിലെ….” തുടങ്ങിയ ഹിറ്റുകള്‍ യേശുദാസ്- പി ലീല കൂട്ടുകെട്ടില്‍ പിറന്ന നിത്യഹരിതങ്ങളായ യുഗ്മഗാനങ്ങളാണ്.
ഇന്ത്യന്‍ സിനിമയ്ക്കൊപ്പം വളര്‍ന്ന ഗായികയായിരുന്നു പി ലീല. അക്കാലങ്ങളില്‍ മലയാളത്തില്‍ സിനിമകള്‍ ഇറങ്ങിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അന്‍പതുകളില്‍ ഇറങ്ങിയ ചിത്രങ്ങളിലും മറ്റുമായി നിരവധി ഗാനങ്ങള്‍ ആലപിക്കാന്‍ ലീലയ്ക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. യേശുദാസിനൊപ്പം കൂടാതെ കെ പി ഉദയഭാനുവിനും കമുകറ പുരുഷോത്തമനും പി ബി ശ്രീനിവാസനും എ എം രാജയ്ക്കുമൊപ്പമെല്ലാം പി ലീല പാടി. ആദ്യകാല സംഗീതജ്ഞരായ പി ബി ശ്രീനിവാസന്‍റെയും കെ വി മഹാദേവിന്‍റെയും മെഹബൂബിന്‍റെയും ടി എം സൌന്ദരരാജന്‍റെയും സംഗീതത്തിലായിരുന്നു പി ലീല പാടിയ പാട്ടുകള്‍ പിറക്കുന്നത്. മലയാളത്തില്‍ പി ലീല എന്ന ഗായികയെ പ്രശസ്തയാക്കിയത് ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ ഈണ മിട്ട പാട്ടുകളായിരുന്നു. സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ, സ്വര്‍ഗവാതിലേകാദശി, തമസാ നദിയുടെ, ചന്ദ്രികാന്തം, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്. പെണ്ണാളേ പെണ്ണാളേ, ഊഞ്ഞാല് പൊന്നൂഞ്ഞാല്, ആദ്യത്തെ കണ്മണി ആണായിരിക്കണം, കോട്ടും ഞാന്‍ കെട്ടില്ല, കന്നി നിലാവത്ത്, ഇന്നെന്‍റെ കരളിലെ പൊന്നണിപ്പാടത്തൊരു, സ്വര്‍ണചാമരം വീശിയെത്തുന്ന അമ്പലക്കുളങ്ങരെ കുളിക്കാന്‍, താലിക്കുരുത്തോല, കടല്‍പ്പാലത്തിലെ ഉജ്ജയിനിയിലെ ഗായിക എന്ന പാട്ടിന് 1969 ലെ മികച്ച ഗായികയ്ക്കുള്ള സ്റ്റേറ്റ് അവാര്‍ഡ്, കഥകഥപ്പൈങ്കിളിയും, പൊന്നണിഞ്ഞിട്ടില്ല ഞാന്‍….തുടങ്ങി അന്‍പതുകളില്‍ ഉച്ചഭാഷിണികളിലും ആകാശവാണി നിലയങ്ങളിലും പി ലീലയെന്ന ഗായികയുടെ ശബ്ദം മലയാളി മനസ്സുകളെ കീഴടക്കി തുടങ്ങിയിരുന്നു.
പി ലീലയ്ക്കു ശേഷം നിരവധി ഗായികമാര്‍ സംഗീത ലോകത്തേക്ക് കടന്നു വന്നു. ജാനകിയമ്മയും പി സുശീലയുമെല്ലാം പിന്നീട് പാട്ടിന്‍റെ അരങ്ങ് വാണു. മലയാളത്തില്‍ പി ലീല അവസാനമായി പാടുന്നത് 1991 ല്‍ പുറത്തിറങ്ങിയ ‘എന്‍റെ സൂര്യപുത്രിക്ക്, 1998 ല്‍ പുറത്തിറങ്ങിയ തിരകള്‍ക്കപ്പുറം, എന്നീ ചിത്രങ്ങളിലായിരുന്നു. ഭക്തിഗാനങ്ങളുടെ മുന്‍ നിരയിലായിരുന്നു പി ലീലയുടെ സ്ഥാനം. എം എസ് സുബ്ബലക്ഷ്മിക്കൊപ്പം പി ലീലയെന്ന പേരും ശ്രദ്ധിക്കപ്പെട്ടു. പി ലീലയ്ക്കുള്ളിലെ പാണ്ഡിത്യത്തെ അളക്കുവാന്‍ നാരായണീയം തന്നെ പൂര്‍ണ്ണമായിരുന്നു. ദക്ഷിണാമൂര്‍ത്തിയുടെ ഈണത്തില്‍ ചിട്ടപ്പെടുത്തിയ നാരായണീയം ഏറ്റവും കൂടുതല്‍ ഓഡിയോ കാസറ്റുകള്‍ ആളുകള്‍ സ്വന്തമാക്കി. കേരളീയ ഹൈന്ദവ ക്ഷേത്രങ്ങളെല്ലാം പ്രഭാത ത്തിലും സായാഹ്നത്തിലും പി ലീല ആലപിച്ച ഭക്തി ഗാനങ്ങളാല്‍ ഭക്തി സാന്ദ്രമായി. സുന്ദര സ്വപ്നമേ നീയെനിക്കേകിയ വര്‍ണ്ണച്ചിറകുകള്‍ വീശി…” ഗുരുവായൂര്‍ ക്ഷേത്രനടയിലേക്ക് കൊണ്ട് പോകുവാന്‍ വരികള്‍ക്കും ആലാപനത്തിനും കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം. മലയാള സിനിമയ്ക്കു ഒത്തിരി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച പി ലീല ഇന്നും അനശ്വരയാണ്…കാലത്തെയുമവര്‍ അതിജീവിക്കുന്നു പാടിയ പാട്ടുകളിലൂടെ….