കുമ്പളങ്ങി നൈറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനായി 2019- ല്‍ സ്റ്റേറ്റ് അവാര്‍ഡിന് അര്‍ഹനായ സുഷില്‍ ശ്യാം എന്ന കലാകാരനെ മലയാളികള്‍ക്ക് പരിചയം ഗായകനും അഭിനേതാവുമായാണ്. ചെറുപ്പത്തിലെ സംഗീതത്തോട് കമ്പമുണ്ടായിരുന്നു സുഷില്‍ ശ്യാമിന്. അത് കൊണ്ട് തന്നെ സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ കീബോര്‍ഡില്‍ പരിശീലനം നേടി. കുറച്ചു വര്‍ഷങ്ങളോളം സംഗീത സംവിധായകന്‍ ദീപക് ദേവിന്‍റെ സഹായിയായി കൂടെ നിന്ന സുഷില്‍ ശ്യാം പശ്ചാത്തല സംഗീതം നല്‍കാനായി 2013-ല്‍ ‘നീലാകാശം പച്ചക്കടല്‍’ എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചുവെങ്കിലും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് ഈ ചിത്രത്തിലെ തന്നെ “താഴ്വാരം” എന്നു തുടങ്ങുന്ന പാട്ട് പാടിക്കൊണ്ടാണ്. പിന്നീട് 2014- ല്‍ പുറത്തിറങ്ങിയ ‘സപ്തമശ്രീ തസ്കര’ എന്ന ചിത്രത്തിലും പശ്ചാത്തല സംഗീതമൊരുക്കി. ദീപക് ദേവുമൊത്തുള്ള സംഗീതത്തിലെ അറിവും അനുഭവ സമ്പത്തും സുഷില്‍ ശ്യാമിനെ വളരെ വേഗം തന്നെ ഗായകനായും പശ്ചാത്തല സംഗീത മൊരുക്കുന്നതിലും സഹായകമായി.
മൂന്നാം വയസ്സു തൊട്ട് സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു തുടങ്ങിയ സുഷില്‍ ശ്യാം ആ പ്രായത്തില്‍ തന്നെ സംഗീതത്തിലൂടെ വേദികളും സ്വന്തമാക്കിയിരുന്നു. അച്ഛന്‍ ശ്യാമിന്‍റെ സംഗീത പാരമ്പര്യം പിന്തുടര്‍ന്നു പോന്നിരുന്ന ഇദ്ദേഹം നിരവധി സ്കൂള്‍ കലോല്‍സവ വേദികളിലും സമ്മാനങ്ങള്‍ കരസ്ഥമാക്കി. പിന്നീട് നിരവധി മ്യൂസിക് ട്രൂപ്പുകളില്‍ പാട്ടുകള്‍ പാടി. ‘ശിവ’ എന്ന ആല്‍ബത്തിലൂടെ ബെസ്റ്റ് കീബോര്‍ഡ് പ്ലേയര്‍ക്കുള്ള അവാര്‍ഡും സുഷില്‍ ശ്യാമിനെ തേടിയെത്തി. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത ‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സ്വതന്ത്ര്യ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമക്‍ളില്‍ ഗാനങ്ങള്‍ ആലപിക്കുകയും സംഗീതം ചിട്ടപ്പെടുത്തുകയും പശ്ചാത്തലമൊരുക്കുകയും ചെയ്തു. ഗപ്പിയിലും ടാ തടിയാ, ഹണീബീ, തട്ടത്തിന്‍ മറയത്ത്, ഗ്രാന്‍റ് മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.
സംഗീത സംവിധായകനായി എത്തും മുന്നേ ഗായകനായി അരങ്ങേറ്റം കുറിച്ച സുഷില്‍ ശ്യാം ആലപിച്ച ഗാനങ്ങളില്‍ മിക്കതും പ്രേക്ഷ്കക ശ്രദ്ധ നേടിയിരുന്നു. സപ്തമശ്രീ തസ്കരയിലെ ‘മേഘം പായും പോലെ’, ‘കയ്യെത്തും ദൂരത്തുണ്ടേ,’ മറഡോണയിലെ ‘നിലാപ്പക്ഷി’, വരത്തനിലെ ‘ഒടുവിലെ തീയായ്’, കുമ്പളങ്ങി നൈറ്റ്സിലെ ‘ചെരാതുകള്‍’, ‘എഴുത്താക്കഥപോല്‍’, ‘ലഗുണ്‍ ചില്‍,’ മിന്നല്‍ മുരളിയിലെ ‘തീ മിന്നല്‍ തിളങ്ങി,’ തുടങ്ങിയ ഗാനങ്ങള്‍ സുഷില്‍ ശ്യാം ആലപിച്ചതാണ്. സംഗീത സംവിധാനത്തിലാണ് സുഷില്‍ ശ്യാം ഏറെക്കുറെ മുന്നോട് പോയിട്ടുള്ളത്. ആ മേഖലയില്‍ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കിസ്മത്തിലെ ‘ഖിസ പാതിയില്‍’, വരത്തനിലെ ‘പുതിയൊരു പാതയില്‍’, ‘നീ പ്രണയമോതും’, എസ്രയിലെ ‘ഇരുള് നീളും രാവേ,’ ‘തമ്പിരാന്‍ നോയമ്പു’, കുമ്പളങ്ങി നൈറ്റ്സിലെ ‘ചെരാതുകള്‍’, ‘എഴുതാക്കഥപോല്‍’, ‘സൈലെന്‍റ് ക്യാറ്റ്,’ ‘ഡോണ്‍ട് ഫോള്‍,’ ‘ഉയിരില്‍ തോടും,’ വൈറസിലെ ‘സ്പ്രെഡ് ലവ്’, കപ്പേളയിലെ ‘കണ്ണില്‍ വിടരും’, ‘കടുക് മണിക്കൊരു കണ്ണുണ്ട്,’ ‘ദൂരം തീരും നേരം’, കുറുപ്പിലെ ‘പകലിരുവോളം’, മിന്നല്‍ മുരളിയിലെ ‘കുഗ്രാമമേ,’ ‘രാവില്‍ മയങ്ങുമീ പൂമടിയില്‍,’ മാലിക്കിലെ ‘തീരമേ തീരമേ,’ ‘റഹീന്‍ അലീമുന്‍,’… തുടങ്ങിയ ഗാനങ്ങള്‍ക്കാണ് സുഷില്‍ ശ്യാം സംഗീതം പകര്‍ന്നിരിക്കുന്നത്.
വരത്തനിലൂടെയും കുറുപ്പിലൂടെയും കുമ്പളങ്ങി നൈറ്റ്സിലൂടെയും ട്രാന്‍സ്, അഞ്ചാം പാതിരാ, മാലിക് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഗായകനായും സംഗീത സംവിധായകനായും പശ്ചാത്തല സംഗീതം നല്‍കിയും ഒരു പോലെ നിറഞ്ഞു നിന്നു. കുറുപ്പിലെ കഥ പഴയതും പുതിയതുമായ രണ്ട് കാലഘട്ടങ്ങളൂടെ സഞ്ചരിക്കുന്നതിനാല്‍ അതില്‍ സുഷില്‍ ശ്യാം നല്കിയ സംഗീതത്തിലും പഴമയും പുതുമയും കാണാമായിരുന്നു. 2019- ല്‍ മികച്ച സംഗീത സംവിധായകനുള്ള സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതു ‘കുമ്പളങ്ങി നൈറ്റ്സി’ലെ പാട്ടിനായിരുന്നു. “വളരെ ആസ്വദിച്ച് സംഗീതമൊരുക്കിയ ചിത്രമാണിത്. അതില്‍ ഭാഷയുടെ പരിമിതിയില്ല. എന്തു വേണമെങ്കിലും ചെയ്യാമെന്നുള്ള അവസ്ഥയായിരുന്നു. അതൊരു ആസ്വാദ്യകരമായ സിനിമയായത് കൊണ്ട് പാട്ടുകള്‍ വളരെ സോഫ്ട് ആയാണ് ചെയ്തത്. ഒരുപാട് സമയമെടുത്താണ് ഞാന്‍ പാട്ടുകള്‍ ചെയ്യുക. ചില ട്രാക്കുകള്‍ പെട്ടെന്നു ചെയ്യാറുണ്ട്. ‘ചെരാതുകള്‍’ വളരെ പെട്ടെന്നു ചെയ്ത പാട്ടാണ്. എന്നാല്‍ ‘ഇരുള്‍ തോടും’ ഒരുക്കാന്‍ ഒരു പാട് സമയം വേണ്ടി വന്നു. സര്‍ഗ്ഗാത്മക സ്വാതന്ത്ര്യം അങ്ങേയറ്റമായിരുന്നു ‘കുമ്പളങ്ങി നൈറ്റ്സ്’. സുഷില്‍ ശ്യാം എന്ന ഗായകനില്‍ നിന്ന് സംഗീത സംവിധായകനില്‍ നിന്ന് ഏറെ ഇനിയും പ്രതീക്ഷിക്കാനുണ്ട് പ്രേക്ഷകര്‍ക്ക്.