Thursday, April 3, 2025

പാട്ടെഴുത്തിന്‍റെ അഗ്നിസ്നാനം

“എരിയും മുന്‍പേ തീരും മുന്‍പേ അറിയാനാശിക്കുന്നു പറയാതിനി വയ്യ പറയാനും വയ്യ…”, ഒരു മഴ പോലെ പെയ്തു തോര്‍ന്നിട്ടും അതിന്‍റെ ചാറലും ഈറനും കുളിരും കാലങ്ങളോളം മനുഷ്യ ഹൃദയങ്ങളില്‍ പ്രണയത്തിന്‍റെ നോവാര്‍ന്ന ഒറ്റപ്പെട്ടൊരു വസന്തകാലത്തെ ബാക്കി വെച്ചൊരു പാട്ട്. അസഖ്യം സിനിമാ പാട്ടെഴുത്തുകാരില്‍ അപൂര്‍വമായൊരു സ്ത്രീസാന്നിധ്യമായിരുന്നു ഒ വി ഉഷ എന്ന കവയിത്രി. ഖസാക്കിന്‍റെ ഇതിഹാസങ്ങളുടെ ഇതിഹാസകാരനായ ഒ വി വിജയന്‍റെ സഹോദരി. മലയാള സിനിമയുടെ പാട്ടെഴുത്തിന്‍റെ ചരിത്രത്തിന് എന്നും സ്വന്തമാണ് ഈ എഴുത്തുകാരി. മൂന്നു സിനിമകളിലായി മൂന്നു പാട്ടുകള്‍ക്ക് മാത്രമേ വരികള്‍ കുറിച്ചുള്ളൂവെങ്കിലും അതിലെ ഒരൊറ്റപ്പാട്ട് കൊണ്ട് മലയാളി മനസ്സിനെ എന്നന്നേക്കുമായി കീഴടക്കാന്‍ ഈ കവയത്രിക്ക് കഴിഞ്ഞു.

വൈദ്യുതി എത്തിയിട്ടില്ലാത്ത ഗ്രാമത്തില്‍ കുട്ടിക്കാലത്ത് ദൂരെ നിന്ന് അവിചാരിതമായി കേട്ടു പോന്നിരുന്ന ചലച്ചിത്രഗാനങ്ങളും നാടകഗാനങ്ങളും അവരുടെ കവി മനസ്സില്‍ പാട്ടിന്‍റെ വിത്തുകള്‍ പാകിയിട്ടിട്ടുണ്ടാവണം. അങ്ങനെയാണ് സിനിമയില്‍ പാട്ടെഴുതണമെന്ന അതിയായ മോഹം അവര്‍ക്ക് ജനിക്കുന്നത് . ബന്ധുവും പ്രശസ്ത സാഹിത്യകാരനുമായ കെ എസ് സേതുമാധവന്‍റെ പിന്തുണയോടെയായിരുന്നു ‘ഇങ്ക്വിലാബ് സിന്ദാബാദ് ‘എന്ന സിനിമയില്‍ ആദ്യമായി പാട്ടെഴുതാനുള്ള അവസരമെത്തുന്നത് . “അദ്ദേഹം ഒരു കത്തില്‍ ഗാന ചിത്രീകരണത്തിന് വേണ്ടുന്ന സന്ദര്‍ഭം എഴുതിയയച്ചു. അതിനനുസരിച്ച് ഞാനൊരു പാട്ടെഴുതി  അയച്ചു കൊടുത്തു. അത് ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ ‘ഇങ്ക്വിലാബ് സിന്ദാബാദ് ‘എന്ന സിനിമയില്‍ ഒരു പാട്ടായി വന്നു. “ആരുടെ മനസ്സിലെ ഗാനമായി ഞാന്‍ ആരുടെ ഹൃദയത്തില്‍ ധ്യാനമായി…” എന്ന് തുടങ്ങുന്ന മനോഹരമായ വരികള്‍ എഴുതിക്കൊണ്ടായിരുന്നു ഒ വി ഉഷ പാട്ടെഴുത്തിലേക്ക് ആദ്യ ചുവടു വെക്കുന്നത്. പാട്ടുകള്‍ തുടര്‍ന്നുമെഴുതാന്‍ ആഗ്രഹിച്ചുവെങ്കിലും വിരളമായി മാത്രമേ പിന്നീട് സിനിമയ്ക്കു വേണ്ടിയവര്‍ പാട്ടുകള്‍ എഴുതിയുള്ളൂ.

ഒരു കവിത എത്രത്തോളം മനോഹരമായൊരു പാട്ടായി മാറുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് 2000 ല്‍ പുറത്തിറങ്ങി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘മഴ ‘ എന്ന ഹിറ്റ് സിനിമയിലെ അത്രത്തോളം തന്നെ ഹിറ്റായ ഒ വി ഉഷയുടെ കവിതപോലെ മനോഹരമായ പാട്ട്. മാത്രമല്ല, ആ വര്‍ഷം മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഒ വി ഉഷ നേടുകയും ചെയ്തു .രവീന്ദ്ര സംഗീതത്തില്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ എത്ര മനോഹരമായാണ് കുഞ്ഞു വരികള്‍ അതിന്‍റെ വലിയ ആശയത്തിലേക്ക് നമ്മെ കൂട്ടി ക്കൊണ്ട് പോകുന്നത് ! ഒരു പക്ഷേ, സിനിമയിലെ’ ഭദ്ര’ എന്ന കവയത്രിയായ കഥാപാത്രത്തെയും അവളുടെ പ്രണയത്തെയും അത്രത്തോളമുള്‍ക്കൊള്ളാന്‍ മറ്റൊരു കവിതയ്ക്ക് കവയത്രിക്ക് മാത്രമേ കഴിയൂ. എഴുത്തുകാരിയുടെ പ്രണയം തീക്ഷ്ണവും വികാരഭരിതവുമാകുന്ന മഴക്കാട് പോലെ നിറഞ്ഞും നേര്‍ത്തൂം പെയ്തു കൊണ്ടേയിരിക്കും! സിനിമയ്ക്കു വേണ്ടി എഴുതിയതല്ലെങ്കിലും ഒ വി ഉഷയുടെ ‘ഈയാംപാറ്റ’ എന്ന കവിതയില്‍ ലെനിന്‍ രാജേന്ദ്രന്‍ ഒ വി ഉഷയിലും അവരുടെ കവിതയിലും തന്‍റെ കഥാപാത്രമായ ‘ഭദ്ര’യെ കണ്ടെത്തുകയായിരുന്നു എന്നു വേണം കരുതാന്‍. മാത്രമല്ല, ഇന്ത്യന്‍ സാഹിത്യത്തെ അതിശയിപ്പിച്ച മാധവിക്കുട്ടിയുടെ ‘നഷ്ട്ടപ്പെട്ട നീലാംബരി’യായിരുന്നു ചിത്രത്തിനാധാരം.

രവീന്ദ്ര സംഗീതത്തില്‍ “ആരാദ്യം പറയും…” എന്ന കവിത്വം തുളുമ്പുന്ന മനോഹരമായ പാട്ട് ഹൃദയത്തിലേറ്റി നടന്നു, അന്നും ഇന്നും ആസ്വാദകരായ ദശലക്ഷം മലയാളികള്‍. ജനഹൃദയങ്ങളില്‍ അത്രത്തോളം ആ ഗാനം ആഴത്തില്‍ പതിഞ്ഞു കിടന്നു. രവീന്ദ്രന്‍ എന്ന സംഗീത ശില്പി ഈ ഗാനം മോഹനരാഗത്തില്‍ ചിട്ടപ്പെടുത്തിയപ്പോള്‍ അത് ഒരിയ്ക്കലും മരണമില്ലാത്ത ജീവന്‍ തുടിക്കുന്ന നിത്യസുന്ദരിയായൊരു കന്യകയെപ്പോലെ കാലങ്ങളോളം തലമുറകള്‍ തലമുറകളെയെല്ലാം മോഹിപ്പിച്ചു കൊണ്ടേയിരുന്നു. ആശാ മേനോന്‍ എന്ന നവാഗതയായ പാട്ടുകാരി ഈ ഗാനത്തിലൂടെ അക്കൊല്ലത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. മലയാള സിനിമയുടെ പാട്ടിന്‍റെ ചരിത്രവഴികളില്‍ പതിഞ്ഞ അപൂര്‍വം സ്ത്രീ സാന്നിധ്യമായിരുന്നു ഒ വി ഉഷ. തുടര്‍ന്നും പാട്ടുകളെഴുതാന്‍ ഒരു പാടാഗ്രഹിച്ചിരുന്നെങ്കിലും അവസരങ്ങള്‍ ഇങ്ങോട്ടു വരികയോ അവസരങ്ങളെ തേടി അങ്ങോട്ടു പോകുകയോ ചെയ്തില്ല. വീണ്ടും ജോലിത്തിരക്കുകള്‍ക്കിടയില്‍ അവര്‍ കവിതകളുമായി എഴുത്തില്‍ വ്യാപൃതയായി.

‘ട്രിപ്പ് ‘എന്ന 2020 ല്‍  പുറത്തിറങ്ങിയ ചിത്രത്തില്‍ ജാസി ഗിഫ്റ്റിന്‍റെ ഈണത്തില്‍ പി‌വി പ്രീത ആലപിച്ച “ദൂരെ ദൂരെ..” എന്ന പാട്ടാണ് ഒവി ഉഷയുടേതായി മൂന്നാമതിറങ്ങിയ പാട്ട്. എങ്കിലും കവിതയോളം വെല്ലുന്ന കവിത്വം നിറഞ്ഞ പാട്ടില്‍ വിങ്ങി നിറഞ്ഞ പ്രണയത്തിന്‍റെ നവ്യാനുഭൂതി പകര്‍ന്നു നല്‍കുന്ന “ആരാദ്യം പറയും…” പോലെ മനോഹരമായൊര ഗാനമാണ് ഒ വി ഉഷയെ അടയാളപ്പെടുത്തുന്നത്. “അഗ്നി കുടിച്ചു മയങ്ങിയ ജീവന്‍ പാടുകയാണെന്‍റെ വിളക്കേ എരിയുന്നു നീയും ഞാനും എരിയുന്നു നീയും ഞാനും…” പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ആത്മാര്‍ഥ  സ്നേഹത്തിന്‍റെയും  വൈകാരികമായ നെരിപ്പൊടിനുള്ളില്‍ നമ്മടെ മനസ്സ് ഈയാമ്പാറ്റകളെപ്പോലെ എരിയുകയാണ്. ഒവി ഉഷ എന്ന അനശ്വരയായ ഗാനരചയിതാവിനെ കവയത്രിയെ  ഓര്‍ക്കുവാന്‍ ഈ ഒരൊറ്റപ്പാട്ട് തന്നെ നമ്മള്‍ സഹൃദയരായ മലയാളികള്‍ക്ക് ധാരാളം.

spot_img

Hot Topics

Related Articles

Also Read

ദേശീയ സിനിമാദിനത്തിന് വെറും 99 രൂപയ്ക്ക് സിനിമ കാണാം; വമ്പന്‍ ഓഫറു മായി മള്‍ട്ടി പ്ലെക്സ് അസോസിയേഷന്‍ ഓഫ്...

0
ഒക്ടോബര്‍ 13- വരെ ഏത് സമയത്തും  ഈ സൌജന്യത്തില്‍ ബുക്ക് ചെയ്യാം. ആപ്പുകളില്‍ ബുക്ക് ചെയ്യുമ്പോള്‍ 99 രൂപയ്ക്ക് പുറമെ അധിക ചാര്‍ജും ഈടാക്കുന്നതാണ്. അയിമാക്സ്, 4 ഡിഎക്സ്, റിക്ലൈനര്‍ തുടങ്ങിയ പ്രീമിയം വിഭാഗങ്ങളില്‍ ഈ ഓഫര്‍ ലഭിക്കുകയില്ല.

പ്രഥമ ഇന്നസെന്റ് പുരസ്കാരം ഇടവേള ബാബുവിന്

0
പ്രഥമ ഇന്നസെന്റ് പുരസ്കാരം ഇടവേളബാബുവിന്. കലാമേഖലയിലെ ഇടവേള ബാബുവിന്റെ സംഭാവനകളെ മുൻനിർത്തി നല്കിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയും നടനുമാണ് ഇദ്ദേഹം.

ചലച്ചിത്ര പിന്നണി ഗായകൻ പി വി വിശ്വനാഥൻ അന്തരിച്ചു

0
ജയസൂര്യ നായകനായി അഭിനയിച്ച ‘വെള്ളം’ എന്ന മൂവിയിലെ ‘ഒരു കുറി കണ്ട് നാം’ എന്ന ഒറ്റപ്പാട്ടിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര പിന്നണി ഗായകൻ പിവി വിശ്വനാഥൻ അന്തരിച്ചു. 54- വയസ്സായിരുന്നു.

‘നീലക്കുയി’ലിലൂടെ ശ്രദ്ധേയ; ചലച്ചിത്ര പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു

0
പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാഷ് ഈണം പകർന്ന് 1954- ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു.  84- വയസ്സായിരുന്നു. വ്യാഴായ്ച രാവിലെ ചെന്നൈ കൊട്ടിവാക്കത്തെ...

‘നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുക്കി’ മലയാളികൾ പാടിനടന്ന പാട്ടുകൾ…

0
“ഒരു പുലര്‍ച്ചെ പോക്കറ്റിലൊരു കവിതയുമായി വയലാറിനെ തേടി പുറപ്പെട്ടു. തിരക്ക് പിടിച്ച ഒരു പൊതുയോഗ സ്ഥലത്തുവെച്ച് ആ കവിതയേല്‍പ്പിച്ചു തിരികെ പോന്നു . ഒരാഴ്ച കഴിഞ്ഞപ്പോള്‍ വയലാറിന്‍റെ കത്ത് . ‘കവിത നന്നായിട്ടുണ്ട്....