മികച്ച ഛായാഗ്രാഹകനുള്ള പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്കാരം സന്തോഷ് ശിവന്. 2024 മെയ് 24 ന് നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം സമർപ്പിക്കും. മികവുറ്റ ഛായാഗ്രഹകർക്ക് അന്താരാഷ്ട്രതലത്തിൽ നൽകുന്ന പുരസ്കരമാണിത്. ഈ പുരസ്കാരം ആദ്യം സ്വന്തമാക്കുന്ന ഇന്ത്യക്കാരനാണ് സന്തോഷ് ശിവൻ എന്ന പ്രത്യേകത കൂടിയുണ്ട്. ‘അതിശകരമായ കരിയറും അസാധാരണമായ മികവും പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തതെന്ന് പുരസ്കാര സമിതി അറിയിച്ചു. കൂടാതെ പരിപാടിയിൽ സന്തോഷ് ശിവൻ ഛായാഗ്രഹകരായ യുവതയോട് സംവദിക്കുകയും ചെയ്യുന്നുണ്ട്.
പീറ്റർ സുഷിറ്റ്സ്കി, ഫിലിപ്പ് റൂസ്റ്റോ, റോജർ ഡീക്കിൻസ്, വിൽമോസ് സിഗ്മൊണ്ട്, ബ്രൂണോ ഡെൽബോണൽ, ഡാരിയസ് ഖോൻജി, ബാരി അക്രോയിഡ്, ക്രിസ്റ്റഫർ ഡോയൽ, ആഗ്നസ് ഗൊദാർദ്, തുടങ്ങിയവരാണ് മുൻപ് പുരസ്കാരം ലഭിച്ച ഛായാഗ്രാഹകർ. കാലാപാനി, ദിൽസേ, യോദ്ധ, റോജ, വാനപ്രസ്ഥം, ഇരുവർ തുടങ്ങിയ സിനിമകൾക്ക് ഛായാഗ്രഹകനായും അനന്തഭദ്രം, ഉറുമി, അശോക, തുടങ്ങിയ സിനിമകളുടെ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട് സന്തോഷ് ശിവൻ. അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമ ഫോട്ടോഗ്രാഫേഴ്സിൽ ഏഷ്യ- പെസഫിക്കിൽ അംഗം കൂടിയാണ് ഇദ്ദേഹം. 12 ദേശീയ പുരസ്കാരങ്ങൾ, 4 കേരളസംസ്ഥാന പുരസ്കാരങ്ങൾ, 3 തമിഴ് നാട് സംസ്ഥാന പുരസ്കാരം, അന്താരാഷ്ട്ര പുരസ്കാരങ്ങൾ, തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള സന്തോഷ് ശിവന്റെ കരിയറിലെ മറ്റൊരു മികച്ച അംഗീകാരമാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ നടക്കാൻ പോകുന്നത്.