കാവാലം നാരായണപ്പണിക്കര്‍ എന്ന കവികൂടിയായ നാടകകൃത്തിന്‍റ, സംവിധായകന്‍റെ, ആവനാഴിയില്‍ ഒരു പാട്ടെഴുത്തുകാരന്‍ കൂടിയുണ്ട്. സമൃദ്ധമായ ഭാഷയുടെയും അത് പിറന്ന മണ്ണിന്‍റെയും ചൂടും ചൂരും ഏറ്റ് കൊണ്ട് മലയാള സിനിമയുടെ അമരത്തോളം പറക്കമുറ്റിയ പാട്ടുകള്‍… എന്നെന്നും നിത്യ സുന്ദരമായ ഗാനങ്ങള്‍…. മലയാള സിനിമയില്‍ കാവാലം നാരായണപ്പണിക്കര്‍ എന്ന പാട്ടുകാരന്‍റെ ഗാനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് നാടന്‍ പാട്ടിന്‍റെ ശീലുകളും അതില്‍ വാര്‍ത്തെടുക്കപ്പെട്ട നാട്ടുതനിമയും ഗ്രാമീണ സംസ്കാര ത്തിന്‍റെ സൌന്ദര്യവുമാണ്. അത് മലയാളി ഹൃദയങ്ങള്‍ ഒന്നടങ്കം ഏറ്റ് പാടി. താളഭദ്രതയായിരുന്നു കാവാലത്തിന്‍റെ പാട്ടുകള്‍ക്ക് മാറ്റ് കൂട്ടിയത് . 1978 ല്‍ ഭരതന്‍ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ‘ആരവം’ എന്ന ചിത്രത്തില്‍ എം ജി രാധാകൃഷ്ണന്‍ ഈണമിട്ട “മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ…” കാവാലത്തോടൊപ്പം നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന നെടുമുടി വേണു ‘മരുത്’ എന്ന നായക കഥാപാത്രമായി എത്തുന്ന സിനിമയില്‍ ഈ ഗാനം എക്കാലത്തെയും ജനപ്രിയമായിത്തീര്‍ന്നു.
“കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറിയെഴുന്നള്ളും മൂര്‍ത്തേ…”, കാവാലത്തിന്‍റെ ഈ വരികള്‍ നമുക്കിടയില്‍ അത്രത്തോളം ഹൃദ്യമാണ്. കുട്ടിക്കാലത്തെ സംഗീതത്തിലും സാഹിത്യത്തിലും എഴുത്തിലും വായനയിലുമെല്ലാം തല്‍പരനായിരുന്ന കാവാലം നാരായണപ്പണിക്കര്‍ കോട്ടയം എം എസ് കോളേജിലെ പഠന ശേഷം മദ്രാസ് ലോകോളേജില്‍ നിന്ന് നിയമബിരുദം പൂര്‍ത്തിയാക്കുകയും കുറച്ചു കാലം ജോലി നോക്കുകയും ചെയ്തു. പിന്നീട് 1961 ല്‍ കേരളീയ സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായി തൃശ്ശൂരിലെത്തിയ കാവാലം നാരായണപ്പണിക്കര്‍ക്ക് സര്‍ഗ്ഗവാസനകള്‍ പുറത്തെടുക്കുവാനുള്ള വേദികൂടിയായി അത് മാറി. നിരവധി നാടകങ്ങളും പാട്ടുകളും കവിതകളും അങ്ങനെ സര്‍ഗ്ഗവാസനകളുടെ ഈറ്റില്ലമായിരുന്നു കാവാലം നാരായണപ്പണിക്കരുടെ അക്കാദമിയുമായുള്ള ആഴമുള്ള ബന്ധം സമ്മാനിച്ചത്. പ്രശസ്തമായ നാടകങ്ങളും കാവാലത്തിന്‍റെ പേരില്‍ സ്വന്തം . തിരുവഴിത്താന്‍, അവനവന്‍ കടമ്പ, ദൈവത്താന്‍, കരിങ്കാട്ടി തുടങ്ങിയവയാണ് അതില്‍ പ്രധാനപ്പെട്ടത്. ഇതില്‍ ‘അവനവന്‍ കടമ്പ’ എന്ന നാടകത്തെ മുന്‍നിര്‍ത്തി മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ ജി അരവിന്ദന്‍ സിനിമയാക്കുകയും ചെയ്തു.
മലയാള സിനിമയുടെ ഓരോ യുഗങ്ങളെയും തങ്ങളുടെ സിനിമയിലൂടെ സ്വന്തമാക്കിയ മഹാന്മാരായ സംവിധായകരുടെ കൂടെ കാവാലം നാരായണപ്പണിക്കര്‍ തന്‍റെ സാഹിത്യ സപര്യയുമായി മുഴുകി. ഭരതന്‍, അരവിന്ദന്‍, ഭരത് ഗോപി, പത്മരാജന്‍ തുടങ്ങി പ്രതിഭാധനരായ സംവിധായകരുടെ കലാമൂല്യമുള്ള ചിത്രങ്ങളില്‍ അത്രയും തന്നെ മികച്ചു നില്‍ക്കുന്ന കവിത്വം തുളുമ്പുന്ന നാടന്‍ പാട്ടിന്‍റെ താളവും ലയവും നാട്ടു സംസ്കൃതിയുടെ സൌന്ദര്യവും നിറഞ്ഞ പാട്ടുകളായിരുന്നു കാവാലത്തിന്‍റേത്. അവരെല്ലാം കാവാലത്തിന്‍റെ നാടകപ്രസ്ഥാനങ്ങളുമായി ഏറെ അടുപ്പം പുലര്‍ത്തിയവരായിരുന്നു. ജി അരവിന്ദന്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന കാലഘട്ടത്തിലാണ് കാവാലം പാട്ടെഴുത്തുമായി മലയാള സിനിമയിലേക്ക് രംഗ പ്രവേശം ചെയ്യുന്നത്. മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട കാഞ്ചനസീതയ്ക്കും ഉത്തരായനത്തിനുമെല്ലാം ശേഷം അരവിന്ദന്‍ സംവിധാനം ചെയ്ത 1978 ല്‍ പുറത്തിറങ്ങിയ ‘തമ്പ്’എന്ന ചിത്രത്തിലാണ് കാവാലം ആദ്യമായി പാട്ടുകളെഴുതുന്നത്. എം ജി രാധാകൃഷ്ണന്‍റെ ഈണത്തില്‍ ഉഷാരവി പാടിയ “കാനകപ്പെണ്ണ്…” ആണ് കാവാലം രചിച്ച ആദ്യ പാട്ട് . ഇതില്‍ എം ജി രാധാകൃഷ്ണനും കാവാലവും “ശ്രീ പാല്‍ക്കടലില്‍…”, എന്ന ഗാനം ഒന്നിച്ചു പാടുകയും ചെയ്തു.
എം ജി രാധാകൃഷ്ണന്‍റെ ഈണത്തില്‍ എം ജി ശ്രീകുമാര്‍ ആലപിച്ച ‘കണ്ണെഴുതിപൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ കാവാലം എഴുതിയ “ഹരിചന്ദനമലരിലെ മധുവായി ഹരമിളകും മൃഗമദലയമായി മാറിലിടയും മാരകേളി ലാലസാവേഗം….”, മലയാള സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ചിത്രയും ചേര്‍ന്ന് പാടിയ “കൈതപ്പൂവിന്‍ കന്നിക്കുറുമ്പില്‍..”, തുടങ്ങിയ പാട്ടുകള്‍ ഇന്നും മലയാളത്തില്‍ ഹിറ്റാണ്. ഈ പാട്ടുകളില്‍ മലയാള സാഹിത്യത്തിലും സംസ്കൃത ഭാഷയിലും അറിവ് നേടിയ അദ്ദേഹത്തിന്‍റെ അഗാധ പാണ്ഡിത്യത്തിന്‍റെ ആഴവും ദര്‍ശിക്കാം. പാട്ടുകളെഴുതുന്ന അതേ കൈകളില്‍ നിന്നാണല്ലോ കര്‍ണ്ണഭാരം പോലുള്ള വാസവദത്ത പോലുള്ള വിക്രമോര്‍വശീയവും ശാകുന്തളവും പോലുള്ള നാടകങ്ങളും പിറന്നിരിക്കുന്നത്! ആകാശവാണിയിലൂടെ ലളിതഗാനങ്ങള്‍ നിരവധി എഴുതിക്കൊണ്ടായിരുന്നു കാവാലം സിനിമയിലേക്ക് ചുവടു വെച്ചത്. അതില്‍ എം ജി രാധാകൃഷ്ണന്‍റെ ഈണത്തില്‍ ചിട്ടപ്പെടുത്തി കാവാലം എഴുതിയ “ഘനശ്യാമ സന്ധ്യാഹൃദയം..”, “മുത്തുകൊണ്ടെന്‍റെ മുറം നിറഞ്ഞു…”, തുടങ്ങിയ ലളിത ഗാനങ്ങള്‍ ഇന്നും കേള്‍ക്കുന്തോറും മനസ്സില്‍ നല്‍കുന്ന സംഗീതത്തിന്‍റെ കുളിര്‍മ മലയാളികള്‍ക്കു എന്നെന്നും സ്വന്തമാണ്.
വൃന്ദാവന സാരംഗരാഗത്തില്‍ ജോണ്‍സണ്‍ മാഷ് ചിട്ടപ്പെത്തിയ ‘കാറ്റത്തെ കിളിക്കൂടി’ലെ മനോഹരമായൊരു പാട്ടുണ്ട്, എസ് ജാനകിയുടെ ആലാപനത്തില്‍ കത്തുകളിലൂടെ മനസ്സിന്‍റെ ആഴങ്ങളിലെക്കിറങ്ങി നിറഞ്ഞു നില്‍ക്കുന്നൊരു പാട്ട്. “ഗോപികേ നിന്‍വിരല്‍ തുമ്പുരുമ്മി വിതുമ്പി വീണയൊ ഹൃദയമോ തേനഞ്ചി തേങ്ങി…”, കാലം കാത്തു വെച്ച അമൂല്യ പാട്ടുകളുടെ നിധിശേഖരത്തിലെ വിലമതിക്കാനാവാത്ത മാണിക്യമായി ഈ പാട്ട് കാലങ്ങള്‍ ചെല്ലുന്തോറും തിളങ്ങിക്കൊണ്ടിരുന്നു. 1993 ല്‍ വേണുനാഗവള്ളി സംവിധാനം ചെയ്തു ‘ആയിരപ്പറ’ എന്ന ചിത്രത്തിലും കുട്ടനാടന്‍ ഗ്രാമീണ പശ്ചാത്തലത്തെ ഒപ്പിയെടുത്ത രംഗ ചിത്രീകരണങ്ങള്‍ക്ക് അനുയോജ്യമായ പാട്ടും കാവാലം നമുക്ക് വേണ്ടി ഒരുക്കിവെച്ചിരുന്നു. രവീന്ദ്രന്‍ മാഷിന്‍റെ ഈണത്തില്‍ യേശുദാസ് പാടിയ “നാട്ടുപച്ചക്കിളി പെണ്ണേ നല്ലോല പൈങ്കിളിയെ…”, ഈ ഗാനം മലയാള സിനിമയില്‍ ഇന്നും നിത്യ ഹരിതമാണ്…”, ‘അഹം’ എന്ന ചിത്രത്തിലും രവീന്ദ്രന്‍ മാഷ് ഈണമിട്ട “നിറങ്ങളെ പാടൂ…’, എന്ന ഗാനവും കാവാലത്തിന്‍റെ പാട്ടെഴുത്തില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തിയിരുന്നു.
“പുലരിത്തൂമഞ്ഞു തുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം ഭാരം താങ്ങാനരുതാതെ നീര്‍മിഴി വീണുടഞ്ഞു…”, 1988 ല്‍ ഭരത് ഗോപിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ഉല്‍സവപ്പിറ്റെന്നു’എന്ന ചിത്രത്തിലെ ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. മനോഹരമായൊരു കവിതപോലെ കാവാലം മനുഷ്യ ജീവിതത്തെ ഒരു മഞ്ഞു തുള്ളിയോട് ഉപമിച്ചിരിക്കുന്നു. ദേവരാജന്‍ മാസ്റ്ററുടെ സംഗീതം കൂടിയാകുമ്പോള്‍ പാട്ടിനു ആയിരം ചിറകുകളാണ് നമ്മുടെ മനസ്സിലേക്ക് ചേക്കേറുവാന്‍! 1978 ല്‍ ഭരതന്‍ -പത്മരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ക്ലാസിക് ചിത്രമായ ‘രതിനിര്‍വേദ’ത്തിലും കാവാലം പാട്ടൊരുക്കി. “കാലം കുഞ്ഞ് മനസ്സില്‍ ചായം കൂട്ടി …’, ജി ദേവരാജന്‍ മാസ്റ്റരുമായി കാവാലം ആദ്യമായി ഒന്നിക്കുന്ന പാട്ടുകൂടിയാണിത്. രമേഷ് നാരായണന്‍റെ സംഗീതത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘മകരമഞ്ഞി’ലെ “തേന്‍ തെന്നാലെ നീ തെളിമിന്നലെ…’, എന്ന കാവാലത്തിന്‍റെ പാട്ടു ശ്രദ്ധേയമായിരുന്നു.
“പൂവാംകുഴലി പെണ്ണിനുണ്ടൊരു…”, ഐ വി ശശി സംവിധാനം ചെയ്ത ‘വാടകയ്ക്കൊരു ഹൃദയം ‘(1978) എന്ന ചിത്രത്തിലെ യേശുദാസ് പാടിയ ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഈ ഗാനം പ്രേക്ഷക ശ്രദ്ധ നേടി. മാത്രമല്ല, ഈ ചിത്രത്തിലെയും ‘മര്‍മ്മര’ത്തിലെയും (1982) പാട്ടിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി നാടന്‍ പാട്ടിന്‍റെ ശൈലിയിലും താളത്തിലും തുന്നിച്ചേര്‍ത്ത കവിത്വം തുളുമ്പുന്ന സംസ്കൃത ഭാഷയുടെയും മലയാളത്തിന്‍റെയും പാണ്ഡിത്യം നിറഞ്ഞു നില്‍ക്കുന്ന കാവാലം നാരായണപ്പണിക്കരെഴുതിയ ചലച്ചിത്ര ഗാനങ്ങളുടെ പട്ടിക അങ്ങനെ നീളുകയാണ്. ആയിരപ്പറയില്‍ രവീന്ദ്രന്‍ മാഷ് ചാരുകേശി രാഗത്തില്‍ ചിട്ടപ്പെടുത്തിയ പാട്ട് മനസ്സിന്‍റെ ആഴങ്ങളില്‍ പതിഞ്ഞു കിടക്കുന്നു. “യാത്രയായ് വെയിലൊളി നീളുമെന്‍ നിഴലിനെ കാത്തു നീ നില്‍ക്കയോ സന്ധ്യയായി ഓമനേ നിന്നിലേക്കെത്തുവാന്‍ ദൂരമില്ലാതെയായ് നിഴലൊഴിയും വേളയായ്…”