മലയാള സിനിമയുടെ ഒരു കാലത്തെ കഥാപാത്രങ്ങളുടെ ധാർഷ്ട്യ സ്വരമായിരുന്ന അച്ഛൻ സുകുമാരൻ നായരിൽ നിന്ന് മകൻ പൃഥ്വിരാജ് സുകുമാരൻ മലയാള സിനിമയുടെ കോളേജ് പയ്യനായി കടന്നു വന്നു. പിന്നീട് മലയാള സിനിമാലോകം കണ്ടത് ആ പുതിയമുഖം മറ്റാർക്കും പകരം വെക്കാനില്ലാത്ത നിരവധി ഹിറ്റ് ചിത്രങ്ങളെയും കഥാപാത്രങ്ങളെയും നമുക്ക് സമ്മാനിക്കുന്ന വെള്ളിത്തിരയിലെ ദൃശ്യവിരുന്നായിരുന്നു. ‘ഇവൻ മലയാള സി നിമയിൽ തീർച്ചയായും തന്റേതായ ഇരിപ്പിടം കണ്ടെത്തു’മെന്ന് ആകാരസൗഷ്ഠവത്തെയും അഭിനയ മികവിനെയും വിലയിരുത്തിയ പ്രേക്ഷകർ മനസ്സിലുറപ്പിച്ചു.
തനിക്ക് ചുറ്റും വലയം ചെയ്തിരുന്ന അസഹിഷ്ണുതയുടെയും അസൂയയുടെയും അപരങ്ങളായ നിഴലുകളെയും അപശബ്ദങ്ങളേയും ആ ചെറുപ്പക്കാരൻ ഒട്ടുoമതന്നെ ഗൗനിച്ചതേയില്ല. അച്ഛന്റെ പേരിൽ മകനാണോ മകന്റെ പേരിൽ അച്ഛനാണോ അറിയപ്പെടുന്നതെന്ന സന്ദേഹവും അത്ഭുതവും സൃഷ്ടിക്കപ്പെട്ട കലാകുടുംബമായി മാറി സുകുമാരന്റേത്. ഓസ്ട്രേലിയയിൽ ഐ ടി പഠനത്തിനിടയിലായിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശം. അഭിനയത്തിൽ മാത്രമല്ല, ചലച്ചിത്ര നിർമാണത്തിലും കഴിവ് തെളിയിച്ചു പൃഥ്വിരാജ്. സിനിമ സംവിധായകനായ സന്തോഷ് ശിവൻ, ഷാജി നടെശൻ തുടങ്ങിയവരുടെ കൂട്ടു കെട്ടിൽ ‘ഓഗസ്റ്റ്’ എന്ന സിനിമാനിർമാണ കമ്പനി രൂപീകരിച്ചു.
അഭിനയത്തിൽ മാത്രമല്ല, ഗായകനായും സിനിമാ നിർമ്മാതാവായും സംവിധായകനായും ഈ ചെറുപ്പക്കാരൻ തൊട്ടതെല്ലാം പൊന്നാക്കിയിട്ടുണ്ട്. 2022- ൽ ‘നന്ദനം’ എന്ന രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആ അഭിനേതാവ് ഹോളിവുഡിലും നിറഞ്ഞു നിന്നു. ഇതര ഭാഷാ ചിത്രങ്ങളിൽ അദ്ദേഹം കൈവെച്ച കഥാപാത്രങ്ങൾ ജന ശ്രദ്ധേയമായി. ‘കനാകണ്ടേൻ’ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തിൽ പൃഥ്വിരാജ് അരങ്ങേറ്റം കുറിച്ചത്. അറുപതിലധികം ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു.
ഏറെ വൈകാതെ മലയാള സിനിമയിലെ യങ് സൂപ്പർ സ്റ്റാർ പദവിയിലേക്ക് കുതിച്ചുയർന്ന ഈ ചെറുപ്പക്കാരൻ എല്ലാവരെയും അത്ഭുതപ്പെടുത്തി. യൗവനത്തിന്റെ പ്രസരിപ്പ് അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളിലും തുടിച്ചു നിന്നു. അഭിനയകലയിൽ മികച്ച സിനിമകൾക്കായുള്ള കാത്തിരിപ്പുകൾ അദ്ദേഹത്തിന്റെ കരിയർ ജീവിതത്തിൽ ഉണ്ടായില്ല. കാരണം കിട്ടിയ സിനിമകളെല്ലാം ഉയർച്ചയിലേക്കുള്ള ചവിട്ട് പടികളായിരുന്നു. അതുവരെ മലയാളസിനിമ പൃഥ്വിരാജിന്റെ വരവിനെ കാത്തിരുന്നു എന്നതിന് ഉത്തരം പ്രശസ്തിയിലേക്കുള്ള ആ ഉയർച്ച തന്നെ ഉദാഹരണമാണ്.2009 ൽ പുറത്തിറങ്ങിയ പുതിയമുഖം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് പ്രേക്ഷക ശ്രദ്ധ നേടി. 2008ൽ മലയാളത്തിലെ സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രമായിരുന്ന ഉദയനാണ് താരം എന്ന തമിഴ് റീമേക്കിൽ പൃഥ്വിരാജ് തിളങ്ങി.
പൃഥ്വിരാജിന്റെ ആദ്യ ഹിന്ദി ചിത്രം സച്ചിൻ കുന്ദൾക്കർ സംവിധാനം ചെയ്ത ‘അയ്യ’ ആണ്. ഇതിൽ റാണി മുഖർജിയാണ് പ്രാധാന കഥാപാത്രത്തിൽ എത്തുന്നത്. തുടർന്ന് ഇദ്ദേഹം അതുൽ സബർ സംവിധാനം ചെയ്ത ഔറംഗസേബ് എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. സാമൂഹികമായ വിഷയങ്ങളിൽ തന്റേതായ കൃത്യവും വ്യക്തവുമായ ഉത്തരവും നിലപടുമുള്ള കലാകാരൻ കൂടിയാണ് പൃഥ്വി. മാത്രമല്ല, തന്റെ തൊഴിലിടങ്ങളിലും അദ്ദേഹം സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചു നിന്നു. ഒരു ചലച്ചിത്ര നടന് സാമൂഹിക പ്രതിബദ്ധത എത്രത്തോളം ഉണ്ടാകണമെന്ന് ഈ നടൻ ഒരു പാഠമായിരുന്നു.
സുകുമാരൻ എന്ന നടന്റെ പരിവേഷം കൂടുതൽ പകർന്നു കിട്ടിയത് പൃഥിരാജിനാണെന്ന് നടിയും അമ്മയുമായ മല്ലികസുകുമാരൻ പറയുന്നു. തന്റെ അച്ഛന് നിഷേധിക്കപ്പെട്ട കലാപരമായ അവകാശങ്ങളെ പൃഥ്വിരാജ് തന്റെ നിലപാടുകൾ കൊണ്ട് ചോദ്യം ചെയ്തിരുന്നു എന്നത് മറയില്ലാത്ത സത്യമാണ്. മരണത്തിനു മുൻപ് തന്റെ മക്കൾ ഇതിനൊക്കെ ചോദ്യം ചെയ്യണം എന്ന് ആ പിതാവ് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു എന്നത് മറ്റൊരു സത്യവും. ഒരു നടൻ എന്നതിലുപരി മികച്ച സംവിധയകനാകാനും നിർമാതാവാകാനും സുകുമാരൻ ആഗ്രഹിച്ചു. എന്നാൽ അതിനു മുൻപേ മരണം അദ്ദേഹത്തെ കവർന്നെടുത്തു.
നടൻ സുകുമാരന്റെ മകൻ പൃഥ്വിരാജ് ഇന്ന് പേരുകേട്ട അച്ഛന്റെ പേരുകേട്ട നടൻ. പ്രേക്ഷകന്റെ കാഴ്ചയും ആസ്വാദന അഭിരുചിയും ആവശ്യപ്പെടുന്നത് എന്താണെന്ന് തിരിച്ചറിയുക എന്നതാണ് ഒരു സംവിധായകന്റെ ഏറ്റവും ആദ്യമുള്ള കലാപരമായ മേന്മ. അത് പൃഥിരാജിൽ ഉണ്ടായിരുന്നു. 2019- ൽ മോഹൻലാലിനെ നായകനാക്കിക്കൊണ്ട് മികച്ച വാണിജ്യചിത്രം സംവിധാനം ചെയ്തു കയ്യടിനേടിയ ഇദ്ദേഹം വളരെ പെട്ടന്ന് തന്നെ ബ്രില്യന്റായൊരു സംവിധായകൻ എന്ന നിലയിൽ പേരെടുത്തു.
പൃഥ്വിരാജ് എന്ന നടനെക്കുറിച്ച് അതുവരെ ജനം കരുതിയിരുന്ന ഈഗോ ക്യാരക്റ്ററും അവിടെ മെല്ലെ അലിഞ്ഞില്ലാതാകുകയായിരുന്നു. കേവലം കച്ചവടാർത്ഥം ചെയ്ത സിനിമയാണ് ലൂസിഫർ എന്ന് പൃഥ്വിരാജ് പറയുന്നുണ്ട്. “എന്റെ മനസ്സിലെ കല സത്യസന്ധമായിരുന്നു. സാധാരണക്കാരിൽ സാധാരണക്കാർക്കായുള്ള സിനിമയാണത്. സമാന്തര സിനിമയോ പരീക്ഷണ സിനിമയോ അല്ല” (കടപ്പാട്) പൃഥ്വി പറഞ്ഞു. വിജയങ്ങളിൽ മതിമറക്കാതെ പരാജയങ്ങളിൽ തളരാതെ മുന്നോട്ട്… അതാണ് തന്റെ വഴിയെന്ന് പൃഥ്വിരാജ് തന്റെ ഓരോ സിനിമയിലൂടെയും വ്യക്തമാക്കുന്നു.
ഓർമകളിൽ ഒത്തിരി മികച്ച കഥാപാത്രങ്ങളെ പൃഥ്വിരാജ് നമുക്ക് സമ്മാനിച്ചു. ആദ്യ നായകനായി തിളങ്ങിയ നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലെ മനു എന്ന കഥാപാത്രത്തെ അങ്ങനെ എളുപ്പം മറക്കാൻ കഴിയുമോ പ്രേക്ഷകർക്ക്. ആ ചിത്രം ജനപ്രിയമായി കുതിച്ചുയർന്നു. പൃഥ്വിരാജ് എന്ന നടന്റെ കരിയർ മലയാള സിനിമയിൽ ആദ്യമായി അടയാളപ്പെടുത്തിയ മനോഹരമായ സിനിമ. കൃഷ്ണഭക്തിയും സാന്ദ്രമായ പ്രണയവും ഉൽകൃഷ്ടമായ കേരളീയ കുടുംബാന്തരീക്ഷത്തെയും വെളിച്ചം കാണിച്ച ചിത്രം. തന്റെ അയല്പക്കങ്ങളിലും ഭഗവാൻ ഉണ്ണികൃഷ്ണനുണ്ടായിരുന്നെങ്കിൽ എന്ന് പ്രേക്ഷകരെ കൊതിപ്പിച്ച ചിത്രം. അങ്ങനെ കാല്പനികമായ അനേകം സങ്കല്പങ്ങളുടെ വാഗ്ദത്തവേദിയായി ആ സിനിമ വാർക്കപ്പെട്ടു.
വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രത്തിലെ വിനോദ് മലയാള സിനിമയിലെ ഹൊറർ ചിത്രങ്ങൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘അകലെ’ എന്ന ചിത്രത്തിലെ നീൽ മികച്ച കഥാപാത്രമായിരുന്നു. മികച്ച സിനിമയായും അകലെ തിരഞ്ഞെടുക്കപ്പെട്ടു.
സുനിൽ പരമേശ്വരന്റെ ‘അനന്തഭദ്രം’ എന്ന മാന്ത്രിക നോവൽ അതേ പേരിൽ തന്നെ സിനിമയാക്കിയ സന്തോഷ് ശിവൻ എന്ന സംവിധായകന്റെ മികവ്പ്രേക്ഷകരേയും ചലച്ചിത്ര നിരൂപകരേയും അത്ഭുതപ്പെടുത്തി. ചിത്രത്തിൽ അനന്തനായി പൃഥ്വിരാജും, ഭദ്രയായി കാവ്യ മാധവനും തകർത്തഭിനയിച്ചു. വിനയന്റെ മീരയുടെ ദുഃഖവും മുത്തു വിന്റെ സ്വപ്നവും എന്ന ചിത്രത്തിലെ മുത്തു, കമൽ സംവി ധാനം ചെയ്ത സ്വപ്നക്കൂടിലെ കുഞ്ഞുണ്ണി, പത്മ കുമാറിന്റെ അമ്മക്കിളിക്കൂടിലെ വിവേക്, വാസ്തവത്തിന്റെ ബാലചന്ദ്രൻ, വർഗ്ഗത്തിലെ സോളമൻ, ലാൽ ജോസിന്റെ ക്ലാസ്മേറ്റ്സിലെ സുകുമാരൻ, അച്ഛനുറങ്ങാത്ത വീടിലെ ഹരികൃഷ്ണൻ, ചോക്കലേറ്റിലെ സിയാ മുസാഫിർ, തിരക്കഥയിലെ അ ക്ബർ അഹമ്മദ്, തലപ്പാവിലെ നക്സൽ ജോസഫ്, റോബിൻ ഹുഡിലെ വെങ്കടെഷ്, ഉറുമിയിലെ കേശു നായർ, പോക്കിരിരാജയിലെ സൂര്യ, താന്തോന്നിയിലെ വടക്കൻ വീട്ടിൽ കൊച്ചു തോമ, മഞ്ചാടിക്കുരുവിലെ വിക്കി, തുടങ്ങി നിരവധി കഥാപാത്രങ്ങൾ പൃഥ്വിരാജിന്റെ സിനിമ ചരിത്രത്തിൽലേക്കുള്ള നാഴികക്കല്ലായിരുന്നു.
മലയാള സിനിമ ഇത്രയും കാലം പൃഥ്വിരാജിനെ കാത്തിരുന്നു എന്ന് വേണം കരുതാൻ. അദ്ദേഹത്തിന്റെ വരവോടു കൂടി പുതിയ കോളേജ് സിനിമകളും മറ്റും ഏറെ നിർമിക്കപ്പെട്ടു. അവയെല്ലാം ഹിറ്റാവുകയും ചെയ്തു.കോളേജ് ക്യാംപസുകളിൽ പൃഥ്വിരാജ് എന്ന പേര് തരംഗമായി മാറി. മലയാള സിനിമയിലേക്കുള്ള ഈ യുവനടന്റെ അപ്രതീക്ഷിത കുതിച്ചു കയറ്റം ചിലരെ അമ്പരപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്തു. അതോടൊപ്പം ഉയർന്നു വന്ന ഗോസിപ്പുകളും ട്രോളുകളും അദ്ദേഹത്തെ എത്രത്തോളം വ്യക്തിപരമായി ബാധിച്ചു എന്ന് നമുക്ക് അറിയാൻ കഴിയില്ല. എങ്കിലും അതിനെയെല്ലാം അദ്ദേഹം അതിജീവിച്ചു എന്നതിന് ഉത്തമ ഉദാഹരണമാണ് പൃഥ്വിരാജ് എന്ന നടൻ ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നത്. ജ്യേഷ്ഠ സഹോദരനും നടനുമായ ഇന്ദ്രജിത്ത് എന്നും പൃഥ്വിരാജിന്റെ വലം കൈ ആയിരുന്നു.
നായകനായി മാത്രമല്ല, വില്ലനായും സഹനടനായും പൃഥ്വിരാജ് തിളങ്ങിയിട്ടുണ്ട്. ഭാഷയെ മാത്രമല്ല, ദേശത്തിനും ത്രത്തിനുംകഥാപാ അനുസരിച്ച് ശരീരത്തെയും എങ്ങനെ മാറ്റിയെടുക്കാം എന്ന് അദ്ദേഹം തന്റെ ഓരോ കഥാപാത്രത്തിലൂടെയും ഉദാഹരിക്കുന്നു. അന്ന് തൊട്ട് ഇന്ന് വരെ തിരിഞ്ഞു നോക്കിക്കേണ്ടി വന്നിട്ടില്ല, ആ ഭാഗ്യതാരകത്തിന്. മലയാള സിനിമയിലെ തന്നെ ശ്രദ്ധേയമായ സിനിമാകുടുംബമാണ് പൃഥിരാജിന്റേത്. അമ്മയും അച്ഛനും ജ്യേഷ്ഠനും ജ്യേഷ്ഠഭാര്യ പൂർണിമയും സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. കൃത്യമായ നിലപാടും അഭിപ്രായവും ഇദ്ദേഹത്തിനും കുടുംബത്തിനുമുണ്ട്.
വാസ്തവം, സെല്ലുലോയ്ഡ്, ഞാനും അയാളും തമ്മിൽ എന്നീ ചിത്രങ്ങളിലൂടെ രണ്ട് തവണ മികച്ച നടനുള്ള കേരള ചലച്ചിത്ര പുരസ്‌കാരം പൃഥ്വിരാജിന് ലഭിച്ചു. ബെന്യാമിന്റെ എക്കാലത്തെയും മാസ്റ്റർപ്പീസ് നോവലായ ആടുജീവിതത്തെ മുൻനിർത്തി ബ്ലെസ്സി സംവിധാനം ചെയ്യുന്ന നജീബായി ജീവിക്കുകയാണ് ഇന്ന് ഈ നടൻ. ശരീരം കൊണ്ടും മനസ്സ് കൊണ്ടും നജീബായി അദ്ദേഹം മാറിക്കഴിഞ്ഞിരിക്കുന്നു. ഏറെ അത്ഭുതത്തോടെയാണ് ആണ് ആ വേഷപ്പകർച്ചയെയും ആരാധകർ നോക്കിക്കണ്ടത്. തിയേറ്ററിൽ നജീബായി പൃഥ്വിരാജ് നിറഞ്ഞു നിൽക്കുമ്പോൾ മലയാളികൾ അവര്ക്ക് സമ്മാനമായി ഓസ്കാർ നല്കുന്നത് കാത്തിരിക്കുകയാണ്. പൃഥ്വിരാജ് എന്ന അതുല്യ നടനെ കാത്ത് എത്ര കഥാപാത്രങ്ങളാവാം അക്ഷരങ്ങളിലും പുസ്തകങ്ങളിലും സമൂഹത്തിലും എഴുത്തുകാരുടെ മഷിത്തുമ്പിലും തുളുമ്പി നിൽക്കുന്നുണ്ടാകുക!!