പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ (ജയവിജയ) അന്തരിച്ചു. 90 വയസ്സായിരുന്നു. ഭക്തിഗാനങ്ങളിലൂടെ ജനമാനസ്സുകളിൽ ഇടം നേടിയ അദ്ദേഹം സംഗീതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു എന്നു തന്നെ അടയാളപ്പെടുത്താം. തൃപ്പൂണിത്തുറയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മകൻ മനോജ് കെ ജയൻ ചലച്ചിത്ര അഭിനേതാവാണ്. കെ ജി ജയൻ, കെജി വിജയൻ എന്നീ ഇരട്ടസഹോദരങ്ങൾ മലയാള സംഗീതലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ചെടുത്തു. പാട്ടിന്റെ അവിസ്മരണീയമായ നാദസൌകുമാര്യത്തെ പരിചിതമാക്കിയ ഗാനനഗന്ധർവ്വർ എന്നു അടയാളപ്പെടുത്താം. ഈ സഹോദരങ്ങളുടെ പേരുകൾ ജയവിജയ എന്നു ഒന്നിപ്പിച്ചത് നടൻ ജോസ് പ്രകാശ് ആണ്. അതോടെ ജയവിജയന്മാർ എന്ന പേര് ഇന്ത്യൻ സംഗീതത്തിൽ പൊൻകിരീടം ചാർത്തി.
ഇഷ്ടദേവനായ അയ്യപ്പസ്വാമിക്ക് വേണ്ടിയാണ് ജയവിജയന്മാർ ആദ്യമായി പാട്ടിന്റെ പൊന്മല കേറുന്നത്. ശബരിമല ദേവസ്വം ബോർഡ് പുറത്തിറക്കിയ ഭക്തിഗാന ആൽബം ‘ശബരിമല അയ്യപ്പനി’ലെ ‘ശ്രീകോവിൽ നടതുറന്നു’ എന്ന ഗാനം ജയവിജയന്മാർ ആദ്യമായി ഈണമിട്ടതാണ്. മറ്റൊന്നായ ‘ഇഷ്ടദൈവമേ സ്വാമി അയ്യപ്പ’ എന്ന ഗാനം പി ലീല യുടെ ശബ്ദത്തിലും കേട്ടു. അയ്യപ്പ ഭക്തിഗാനം ആദ്യമായി സ്ത്രീ ശബ്ദത്തിൽ കേൾക്കുന്നത് ഈ പാട്ടിലൂടെയാണ്. നിരവധി ഭക്തിഗാനങ്ങൾക്ക് ഈണമിട്ട ജയവിജയന്മാർ 1968- ൽ ഭൂമിയിലെ മാലാഖമാർ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാഗാനത്തിന് സംഗീതം ചിട്ടപ്പെടുത്തുന്നത്. പിന്നീട് സംഗീതത്തിൽ ചരിത്രം സൃഷ്ടിച്ച ഹിറ്റ് ഗാനങ്ങൾ പിറന്നു; നക്ഷത്ര ദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം, തുടങ്ങിയ ഗാനങ്ങൾ ജനഹൃദയങ്ങൾ ഏറ്റു വാങ്ങി. 1988- ൽ ജയവിജയ കൂട്ടുകെട്ടിൽ നിന്നു കെ ജി വിജയൻ ജീവിതത്തോട് വിടപറഞ്ഞു. കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗോപൻ തന്ത്രിയും പൊൻകുന്നം തകടിയേൽ കുടുംബാംഗം പരേതയായ നാരായനിയമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ: പരേതയായ സരോജിനി. മക്കൾ: മനോജ് കെ ജയൻ, ബിജു കെ ജയൻ.