Friday, November 15, 2024

പ്രേംനസീർ എന്ന ഇതിഹാസം

മലയാള സിനിമയുടെ സുവർണ കാലഘട്ടത്തെ നായകനായി ഭരിച്ച അഭിനയ സാമ്രാട്ട്. അരനൂറ്റാണ്ടിനപ്പുറം ചലച്ചിത്ര നടനായി അക്കാലത്തെ യുവത്വങ്ങളിൽ നിറഞ്ഞു നിന്ന മുടിചൂടാ മന്നൻ. ലാളിത്യമാർന്ന ജീവിത ശൈലി കൊണ്ടും പെരുമാറ്റം കൊണ്ടും സിനിമാ സെറ്റുകളിലും ജനഹൃദയങ്ങളിലും ജീവിച്ച മഹാനടന്‍. കിട്ടിയ സൗഭാഗ്യങ്ങളുടെ നിറവിൽ തലക്കനമില്ലാത്ത ജനപ്രിയൻ. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ ഈ നിത്യഹരിത നായകനെ വിശേഷിപ്പിക്കാൻ വാക്കുകളേറെ. അദ്ദേഹത്തിന്‍റെ ഓർമ്മകൾ പങ്കു വയ്ക്കുന്ന സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പറയാനുള്ളത് ആ വിനയവും വ്യക്തിത്വവും ലാളിത്യവും ശാന്തമായ സ്വഭാവവും തന്നെ. ഇന്ത്യൻ സിനിമകളിൽ തന്നെ ആദ്യകാല സൂപ്പർ താരങ്ങളിലൊരാളായിരുന്നു പ്രേംനസീർ. അബ്‌ദുൾഖാദർ എന്നാണ് യഥാർത്ഥ പേര്. 1952- ൽ തിക്കുറിശ്ശിയാണ് നസീറിന്‍റെ രണ്ടാമത്തെ സിനിമയായ ’വിശപ്പിന്‍റെ വിളി’യുടെ സെറ്റിൽ വെച്ച് ‘നസീർ ‘ എന്ന പേരു നൽകിയത്. ആ പേരിനോടൊപ്പം തന്നെ വ്യക്തിയും പിന്നീടുള്ള മലയാള സിനിമയുടെ ദന്തഗോപുരങ്ങൾ അടക്കി വാണു.

അന്നത്തെ പുരുഷ സങ്കല്പങ്ങൾക്കെല്ലാം മാതൃകയായിരുന്നു പ്രേം നസീർ. അക്കാലത്തെ പെൺകുട്ടികൾ നസീറിനെപ്പോലെയുള്ള കാമുകനെ തിരയുമ്പോൾ യുവാക്കൾ നസീറിനെ പോലെ വേഷം ധരിച്ചും ശരീര ഭാഷയും ശൈലിയും അനുകരിക്കാൻ ശ്രമിക്കുകയും ചെയ്തു. വളരെ ചെറുപ്പത്തിൽ തന്നെ നസീറിന്‍റെ ഉമ്മ മരിച്ചു. നാടകനടനായി അഭിനയകലയിൽ തുടക്കം കുറിച്ച നസീർ ആദ്യമായി അഭിനയിച്ചത് 1952- ലെ ‘മരുമകൾ’ എന്ന ചിത്രത്തിലാണ്. 1950 മുതൽ 1989 വരെയുള്ള കാലഘട്ടങ്ങളിൽ അദ്ദേഹം സിനിമാ കൊട്ടകയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു. അത് കൊണ്ട് കൂടിയാവാം അരനൂറ്റാണ്ടിനിപ്പുറവും പ്രേം നസീർ എന്ന കലാകാരന്‍റെ പേരും ഓർമ്മകളും ഇന്നും തങ്കലിപികളിൽ എഴുതപ്പെടുന്നത്.

അൻപതുകളിലെയും അറുപതുകളിലെയും എഴുപതുകളിലെയും എൺപതുകളുടെ അവസാനം വരെയും പ്രേം നസീർ മലയാള സിനിമയിൽ ജ്വലിച്ചു നിന്നു. ’പൊന്നാപുരം പുരം കോട്ട’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് കുഞ്ചാക്കോ ആരാധകരുടെ പ്രേമഭാജനമായ നസീറിന്‍റെ പേരിനൊപ്പം ‘പ്രേം’ എന്ന പേരു കൂടി നൽ കി. പിന്നീട് പ്രേം നസീർ എന്ന പേരുമായി യൗവന ഹൃദയങ്ങളിൽ കാല്പനിക നായകനായി പ്രണയമഴ പെയ്യിച്ചു ഈ കലാകാരൻ. കാമുകനായും ഭർത്താവായും മാത്രമല്ല എഴുത്തുകാരനായും (ഭാർഗ്ഗവി നിലയം), കുറ്റാന്വേഷകനായും, വില്ലനായും (നിഴലാട്ടം), വടക്കൻ പാട്ടിലെ നായകനായും അഭിനയിച്ചു. ബഹുസ്വരമായ കഥാപാത്ര സ്വീകാര്യത കൊണ്ട് മലയാള സിനിമയിൽ സമ്പന്നമായിരുന്നു പ്രേം നസീറിന്‍റെ സർഗ്ഗ ജീവിതം. 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു.1978 ൽ 41 കഥാ പാത്രങ്ങൾക്ക് അദ്ദേഹം വിവിധ സിനിമകളിലായി വേഷമിട്ടു. 1979 ൽ 39 വേഷങ്ങളിലും 781 ചിത്രങ്ങളിൽ 93 നായികമാരുടെ നായകനായും നസീർ അഭിനയിച്ചു. അതിൽ ഏറ്റവും ഹിറ്റായത് ഷീലയും നസീറും ചേർന്നഭിനയിച്ച സിനിമകളാണ്. ഷീലയുടെയും നസീറിന്‍റെയും കഥാപാത്രങ്ങളുടെ ഇഴയടുപ്പമുള്ള അഭിനയം മലയാള സിനിമയുടെ കെമിസ്ട്രിയായിരുന്നു. അഭിനയത്തിന്‍റെ രസതന്ത്രത്തിലൂടെ കഥാപാത്രങ്ങളെ അതിന്‍റെ പരിപൂർണതയിൽ ചെന്നെത്തിക്കാൻ ഷീലയ്ക്കും നസീറിനും കഴിഞ്ഞിട്ടുണ്ട്. 130 സിനിമ കളിൽ ഷീലയുടെ മാത്രം നായകനായി അഭിനയിച്ച നസീർ അതിന്‍റെ പേരിൽ രണ്ട് ഗിന്നസ് വേൾഡ് റിക്കാർഡുകൾ സ്വന്തമാക്കി. പ്രേം നസീർ അഭിനയിച്ച മിക്ക സിനിമകളുടെയും നിർമാണം ഉദയ, മെരിലാൻഡ് സ്റ്റുഡിയോകളായിരുന്നു. സിനിമാ വാണിജ്യവൽക്കരണത്തിൽ ഒരു മത്സരകാലം തന്നെ ഇവര്‍ തമ്മില്‍ അന്നുണ്ടായിരുന്നു.

സംഗീതത്തിൽ തല്പരനായിരുന്നു പ്രേം നസീർ. അദ്ദേഹം ചുണ്ടനക്കി പാടിയഭിനയിച്ച പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. സിനിമ അത്ഭുതമായിരുന്ന കാലത്ത് പാട്ടുകൾ പാടിയത് നസീറാണെന്ന് പലരും ധരിച്ചു വെച്ചു. യേശുദാസ്- പ്രേം നസീർ പാട്ടുരംഗത്തെ ജോഡികളായിരുന്നു. 1968 ൽ പ്രേം നസീർ ‘റസ്റ്റ് ഹൗസ്’ എന്ന ചിത്രത്തിനുവേണ്ടി പാടിയിട്ടുണ്ട്. ഒരു തലമുറയൊന്നടങ്കം ഹൃദയത്തിലേറ്റി നടന്ന പുരുഷ സങ്കല്പമായിരുന്നു നസീറിന്‍റെത്. ജനപ്രിയനായ ആ നടന്‍റെ പ്രണയം നിറഞ്ഞ കണ്ണകളും സുന്ദരമായ മുഖവും ആരാധകരുടെ മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞു കിടന്നു.നസീറെന്ന അഭിനയ പ്രതിഭാസം അനശ്വരമാക്കിയ കഥാപാത്രങ്ങളും സിനിമകളും മലയാള സിനിമാ വളർച്ചയുടെ നാഴികക്കല്ലായിരു ന്നു. ‘ ഇരുട്ടിന്‍റെ ആത്മാവി’ലെ വേലായുധൻ (1967), ’അവകാശി’യിലെ വിജയൻ (1954), ‘ഉണ്ണിയാർച്ച’യിലെ ആറ്റു മണമ്മേൽ കുഞ്ഞിരാമൻ (1961), ’സീത’യിലെ ശ്രീരാമൻ (1960), ’നിണമണിഞ്ഞ കാൽപ്പാടുകളി’ലെ തങ്കച്ചൻ (1963), ’കലയും കാമിനി’യിലെ രവി (1963), ’പഴശ്ശിരാജ’യിലെ കണ്ണവത്തു നമ്പ്യാർ(1964), ’കുട്ടിക്കുപ്പായ’ത്തിലെ ജബ്ബാർ (1964) ,’ഭാർഗ്ഗവി നിലയ’ ത്തിലെ ശശി കുമാർ (1964), ’മുറപ്പെണ്ണി’ലെ ബാലൻ (1965), ‘കാവ്യമേള’യിലെ ജയദേവൻ (1965), ’തേനും വയമ്പി’ ലെ വി സി മേനോൻ (1981), ‘മരുമകളി’ലെ രവി (1952), ’അച്ഛനി’ലെ ചന്ദ്രൻ (1952),’കടത്തനാടൻ അമ്പാടി’യിലെ പയ്യപ്പള്ളി ചന്തു ഗുരുക്കൾ (1990), ‘നദി’യിലെ ജോണി (1969), ’അനുഭ വങ്ങൾ പാളിച്ചകളി’ലെ ഗോപാലൻ (1971), ’വിടപറയും മുന്‍പി’ലെ മാധവൻ കുട്ടി (1981), ’പടയോട്ട’ത്തിലെ ഉദയൻ (1982), ’ധ്വനി’യിലെ രാജശേഖരൻ നായർ (1988), എന്നിങ്ങനെ അസംഖ്യം സിനിമകളിലെ കഥാപാ ത്രങ്ങൾ പ്രേം നസീർ ജീവൻ നല്കിയവയാണ്.

മലയാളത്തിലെ ആദ്യ സിനിമാ സ്കോപ്പ് ചിത്രമായ ‘തച്ചോളി അമ്പു’വിലും ആദ്യ 70 എം എം ചിത്രമായ ‘പടയോട്ട’ത്തിലും പ്രേം നസീറായിരുന്നു നായകൻ. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുന്ന സിനിമ ചരിത്രത്തിന്‍റെ പരിണാമത്തിലും അഭിനയിച്ചത് നസീർ തന്നെ. അഭിനയ ജീവിതത്തിൽ സഹപ്രവർത്തകർക്ക് ബുദ്ധിമു ട്ടുണ്ടാക്കുന്ന തരത്തിലുള്ള ഡിമാൻഡുകളൊന്നും പ്രേം നസീറിന് ഉണ്ടായിരുന്നില്ല. അഭിനയിച്ച തുക ‘നിങ്ങളുടെ ഇഷ്ട്ടം പോലെ’ എന്ന് പറഞ്ഞു കിട്ടുന്ന പൈസയിൽ സംതൃപ്തി കണ്ടെത്തുന്ന മറ്റൊരു നടൻ മലയാളത്തിനുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. ആ വ്യക്തിത്വവും പെരുമാറ്റവും കൊണ്ട് കൂടിയാണ് അര നൂറ്റാണ്ടിനിപ്പുറത്തും പ്രേംനസീർ എന്ന നടന്‍റെ വ്യക്തിത്വവും അസ്തിത്വവും പ്രസക്തമാകുന്നത്. ഗാഢമായ സൗഹൃദബന്ധങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. പേരെടുത്ത നടനെന്ന അഹംഭാവമില്ലാതെ അദ്ദേഹം ഏവർക്കും ജനസമ്മതനായിത്തീർന്നു. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കു മ്പോഴും സിനിമാ കൊട്ടകകളിൽ നിറഞ്ഞു നിൽക്കുമ്പോഴും തന്‍റെ കഴിവിനുള്ള കടപ്പാട് മുഴുവൻ കലയോടും കലാപ്രേമികളോടുമായിരുന്നു. പലർക്കും അദ്ദേഹം സൗജന്യമായി അഭിനയിച്ചു കൊടുത്തിട്ടുണ്ട്, കിട്ടിയ തുക സന്തോഷത്തോടെ തിരിച്ചേൽപ്പിച്ചിട്ടുമുണ്ട്. അതൊക്കെ കലയോടുള്ള അഭിനിവേശവും ഭക്തിയും ബഹുമാനവും കൊണ്ടായിരുന്നു.

കലയ്ക്കുപരി സ്ഥാനം പണത്തിനു അദ്ദേഹം നൽകിയിരുന്നില്ല. കലയോടുള്ള പ്രേം നസീറിന്‍റെ ആത്മസമർപ്പണത്തെ തേടി 1983- ൽ പത്മഭൂഷൺ എത്തി. 1981ലെ ‘വിട പറയും മുൻപേ’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 1981ൽ സർവ്വകാല സംഭാവനകളെ മുൻ നിർത്തി കേരള സംസ്ഥാന പ്രേത്യേക ജൂറി അവാർഡ് നൽകി ആദരിച്ചു. പ്രേം നസീറിന്‍റെ അഞ്ഞൂറാമത്തെ ചിത്രമായ ‘കരിപുരണ്ട ജീവിതങ്ങളി’ലെ അഭിനയത്തിന് 1980- ൽ ഔട്ട്‍സ്റ്റാന്ഡിങ് പെർഫോമൻസ് അവാർഡ് ലഭിച്ചു. 2013- ൽ ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചു ഇന്ത്യൻ സിനിമാമേഖലയിലെ അൻപതു പേരുടെ സ്റ്റാമ്പുകളിലൊന്നായി മലയാളിയായ പ്രേം നസീറിന്‍റെതും അംഗീകരിക്കപ്പെട്ടു. 1990- ൽ പുറത്തിറങ്ങിയ ‘കടത്തനാടൻ അമ്പാടി’യാണ് അഭിനയിച്ച അവസാന ചിത്രം.1992- ൽ അദേഹത്തിന്‍റെ സ്മരണക്കായി പ്രേം നസീർ പുരസ്‌കാരം ഏർപ്പെടുത്തി. പ്രേം നസീർ എന്ന മഹാനടന്‍റെ ദേഹവിയോഗത്തെ ആരാധകലോകം അതിജീവിച്ചത് അദ്ദേഹം ജീവൻ നൽകിയ കഥാപാത്രങ്ങളിലൂടെയായിരുന്നു. അഭിനയിച്ച സിനിമകളിലോരോന്നിലും ജീവിക്കുന്ന നസീറിനെ കണ്ട ആരാധകർക്ക് അദ്ദേഹത്തിനു ശേഷം മറ്റൊരു നടൻ ആര് എന്ന ചിന്ത അലട്ടിക്കൊണ്ടിരുന്നു. കാരണം നസീറിന് പകരം വെക്കാൻ നസീർ മാത്രമായിരുന്നു അന്ന്. പതിറ്റാണ്ടുകളോളം സിനിമാലോകം അടക്കിവാണ നസീറിന് തൊഴിലിനോടുള്ള സമർപ്പണ മനോഭാവം പ്രസിദ്ധമായിരുന്നു. കൃത്യനിഷ്ഠത അദ്ദേഹം തൊഴിലിൽ പാലിച്ചിരുന്ന പ്രത്യേകതയാണ്.

സ്വന്തം അഭിനയത്തിലെ പോരായ്മകൾ സ്വയം മനസ്സിലാക്കാനും തിരുത്താനും കാരണം കണ്ടെത്താനും പരിഹരിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. തന്‍റെ കൂടെ അഭിനയിക്കേണ്ട നടികളെകുറിച്ചോ ജോലി ചെയ്യേണ്ട സംവിധായകർ ആരായിരിക്കണമെന്നോ ഡിമാന്‍റുകൾ ഉണ്ടായിരുന്നില്ല. ആരായാലും തൊഴിലിനോടുള്ള സഹകരണവും കലയോടുള്ള പ്രതിപത്തിയുമായിരുന്നു അദ്ദേഹത്തിന് മുഖ്യം. സിനിമയുടെ നഷ്ടത്തെക്കുറിച്ചും ലാഭത്തെക്കുറിച്ചും മനസ്സിലാക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്തിട്ടുണ്ട് അദ്ദേ ഹം. പ്രേം നസീർ എന്ന മഹാനടന്‍റെ സിനിമാ ജീവിതത്തെ ഏറ്റവും കൂടുതൽ ക്യാമറയിൽ പകർത്തിയ ഡേവിഡ് നസീറിന്‍റെ അവസാന കാലം വരെ കൂടെ ഉണ്ടായിരുന്നു. നസീറിന്‍റെ ഏത് കഥാപാത്രത്തിനും അനുയോജ്യമായ ശരീരപ്രകൃതി ക്യാമറയിൽ ഒപ്പിയെടുത്ത ഡേവിഡ് ഏത് ആംഗിളിൽ നിന്ന് ഫോട്ടോ എടുത്താലും നസീറിന്‍റെ ഭംഗിയെക്കുറിച്ചോർത്ത് ഒരു അഭിമുഖത്തിൽ അത്ഭുതത്തോടെ പറയുന്നുണ്ട്. പ്രേം നസീർ എന്ന നടനെ വളർത്തിയെടുത്ത മദ്രാസ് അദ്ദേഹത്തിന്‍റെ ഓർമ്മകളുമായി ഇന്നും തിരക്കിൽ മുഴുകി ജീവിക്കുന്നു. മദ്രാസ് ഫിലിം ചേംബറിന്‍റെ സംഘാടകരിൽ ഒരാൾ കൂടിയായിരുന്നു പ്രേംനസീർ. 1989 ജനുവരി 16 ന് മലയാള സിനിമയിലെ നായക സിംഹാസനത്തോട് പ്രേം നസീർ എന്ന പ്രതിഭാസം വിട പറഞ്ഞതോടെ മഹാലിംഗപുരത്ത് അദ്ദേഹം ജീവിച്ചിരുന്ന വീട് ഇന്നില്ല. പക്ഷെ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളിൽ ജീവിക്കുന്ന ഒരു പിടി മനുഷ്യരുണ്ടവിടെ..

spot_img

Hot Topics

Related Articles

Also Read

പ്രമുഖ ചലച്ചിത്രപ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

0
പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു. 78 വയസ്സായിരുന്നു. വർദ്ധക്യസഹജമായ അസുഖങ്ങളായി ഏറെ നാളായി ചികിത്സയിലായിരുന്നു.

‘കണ്ണൂര്‍ സ്ക്വഡിലെ കഥാപാത്രങ്ങള്‍ അമാനുഷികരല്ല’; മമ്മൂട്ടി

0
‘എല്ലാ സിനിമകളും കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ്. ഓരോരുത്തരും സിനിമകണ്ട് അഭിപ്രായം അറിയിക്കണം. പ്രേക്ഷകര്‍ക്ക് കണ്ടുപരിചയമുള്ള തിരിച്ചറിയാനാകുന്ന സജീവമായ ജീവസ്സുറ്റ കഥാപാത്രങ്ങളാണ് കണ്ണൂര്‍ സ്ക്വാഡില്‍ ഉള്ളത്.

ചിത്രീകരണം പൂർത്തിയാക്കി ‘ഭരതനാട്യം’

0
നടൻ സൈജു കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഭരതനാട്യ’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൃഷ്ണ ദാസ് മുരളിയുടേതാണ് തിരക്കഥയും സംവിധാനവും.

‘പ്രേമലു’ ഇനി ഒടിടിയിലേക്ക്

0
ഏപ്രിൽ 12 ന് ചിത്രം ഹോട് സ് സ്റ്റാർ സ് ട്രീമിങ് തുടങ്ങും.  ബോക്സോഫീസിൽ നൂറു കോടിയിലേറെ കളക്ഷൻ നേടിയ ചിത്രമാണ് പ്രേമലു. തമിഴിലും തെലുങ്കിലും പ്രേമലു തരംഗമായി.

69- മത് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി സിനിമാലോകം

0
69- മത് ദേശീയ പുരസ്കാര വിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ച് നടന്നു. രാഷ്ട്രപതി ദ്രൌപദി മൂര്‍മുവാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്.