ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ നേമം പുഷ്പരാജ് സംവിധാനം ചെയ്ത് ആർ. ഗോപാലൻ തിരക്കഥ എഴുതിയ ചിത്രം രണ്ടാം യാമ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇദ്ദേഹം സംവിധാനം ചെയ്ത ഗൌരി ശങ്കരം, കുക്കിലിയാർ, ബനാറസ് തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു.
ഒരു ഗ്രാമത്തിൽ ജീവിക്കുന്ന യാഥാസ്ഥിതിക കുടുംബത്തിന്റെ ജീവിതകഥയാണ് പ്രമേയം. യദു, യതി എന്നീ ഇരട്ടസഹോദരന്മാരിലൂടെ ആണ് കഥ വികസിക്കുന്നത്. ഒരാൾ യാഥാസ്ഥിതിക പാതയിലൂടെയും മറ്റൊരാൾ യാഥാർഥ്യത്തിലേക്കുമിറങ്ങി സഞ്ചരിക്കുന്നു. ഇത് മൂലം കുടുംബത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു.

ക്യൂൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധ്രുവനും യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഗൌതം കൃഷ്ണനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്വാസികയാണ് നായിക. ജോയ് മാത്യു, രേഖ, സുധീർ കരമന, ഷാജു ശ്രീധർ, രശ്മി സജയൻ, ദിവ്യ ശ്രീ, നന്ദു, രമ്യ സുരേഷ്, അംബിക മോഹൻ ത്തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സംഗീതം മോഹൻ സിതാരയും ഛായാഗ്രഹണം അഴകപ്പനും എഡിറ്റിങ് വിശാൽ വി എസും നിർവഹിക്കുന്നു. മുൻ ലളിതകലാ അക്കാദമി ചെയർമാൻ കൂടിയാണ് നേമം പുഷ്പരാജ്.