Friday, November 15, 2024

ഭരത സ്പർശത്തിലെ ഇതിഹാസങ്ങൾ

ഭരതൻ എന്ന പേര് മലയാള സിനിമയ്ക്ക് ഒരു നൂറ്റാണ്ടിന്‍റെ മേൽവിലാസം കൂടിയാണ്. ഭരതനിൽ നിന്നും മലയാള സിനിമ കാല്പനികമായ മറ്റൊരു യുഗത്തിന് ആരംഭം കുറിക്കുകയായിരുന്നു. ഭരതൻ സിനിമകളുടെ അത്ഭുതാവഹമായ കുതിച്ചു ചാട്ടം സിനിമയിൽ ചർച്ചയായി. അദ്ദേഹത്തിന്‍റെ സിനിമകൾക്കായി കാത്തിരിക്കുന്ന പ്രേക്ഷകരും വെള്ളിത്തിരയും പതിവ് കാഴ്ചകളായി. മലയാള സിനിമ ഭരതനെ അല്ല,മലയാള സിനിമയെ ഭരതനാണ് അതിന്‍റെ ഒരു കാലഘട്ടത്തിന്‍റെ വളർച്ചയിലേക്ക് അടയാളപ്പെടുത്തുന്നത്. ആദ്യം ‘ഭരതൻ എങ്കക്കാട് ‘ എന്ന പേരിലായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നതെങ്കിലും സിനിമയിലേക്കുള്ള ചുവടു വയ്പോടെ ‘ഭരതൻ ‘ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.സിനിമയെന്ന കലയെ ക്യാൻവാസിലെന്ന പോലെ ചായങ്ങൾ കൊണ്ടു കഥാപാത്രങ്ങളെ അഭിനേതാക്കളിലൂടെ വരച്ചു ചേർക്കുകയാണ് ഭരതൻ. ഒരു ചിത്രകാരൻ കൂടിയായിരുന്ന ഭരതന് അതൊക്കെ അനായാസമായിരുന്നു.

സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്നും ഡിപ്ലോമ കരസ്ഥമാക്കിയ ഭരതൻ പിന്നീട് സ്പർശിച്ച ചിത്രങ്ങളെല്ലാം പൊന്നാക്കി മാറ്റി. മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവി ധായകൻ പി എൻ മേനോന്‍റെ സഹോദര പുത്രനാണ് ഭരതൻ. ഭരതൻ ചിത്രങ്ങളിൽ ലൈംഗികതയുടെ മനോഹരമായ ആവരണം ദൃശ്യമാകുന്നത് സുന്ദരമായ കവിതയിൽ നിന്ന് കവി വരച്ചെടുക്കുന്ന ചിത്രം പോലെയാണ്. പ്രകൃതിയിലും ശിലയിലും അദ്ദേഹം രതിയുടെയും കാമദേവന്‍റെയും ലീലകൾ കണ്ടെത്തുന്നു. കാമത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന കൊടും സർപ്പത്തിന്‍റെയെന്ന പോലെ നീറുന്ന സാങ്കല്‍പ്പിക പകയുടെ കനലും അദ്ദേഹം കാണുന്നു. പകയും പ്രണയവും കാമവും ലൈംഗികതയും ഇഴ പിരിഞ്ഞ ശരീര ബന്ധങ്ങളെ എത്ര മനോഹരമായാണ് ഭരതൻ ‘ഭരത മുനി വരച്ച കളം ‘ പോലെ കലയെ വരഞ്ഞിടുന്നത്! ‘ഭരത സ്പർശം ‘ പതിഞ്ഞ സിനിമകൾ എന്ന വിശേഷണം പോലും പിൽക്കാലത്ത് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ക്ക് സ്വന്തമായി.

സ്ത്രീ -പുരുഷ ലൈംഗികതയിൽ അദ്ദേഹം അശ്ലീലത കണ്ടിരുന്നില്ല. ലൈംഗികതയുടെ പുതു കാഴ്ചകളെയും കാഴ്ചപ്പാടുകളെയും അദ്ദേഹം സമൂഹത്തിനു പകർന്നു കൊടുക്കുന്നതിൽ പൂർണ്ണമായും വിജയിച്ചു. സമൂഹത്തെയും കുടുംബങ്ങളെയും വ്യക്തി ബന്ധങ്ങളെയും മാനസികമായും ശാരീരികമായും അടക്കി ഭരിച്ചിരുന്ന സദാചാര ബിംബങ്ങളുടെ വൻ തകർച്ച ഭരതന്‍റെ വരവോടു കൂടെ ഉണ്ടായി. അദ്ദേഹത്തിന്‍റെ മിക്ക ചിത്രങ്ങളും ഒരു നോവലോ കവിതയൊ ആസ്വദിക്കുന്ന അനുഭൂതിയിലേക്ക് പ്രേക്ഷകരെ കൊണ്ടു പോകുന്നു. കാലാകാലങ്ങളായി സമൂഹം കെട്ടിച്ചിവച്ചിരുന്ന മാമൂലുകളെ അദ്ദേഹം ചോദ്യം ചെയ്തത് രതിയിലൂടെയായിരുന്നു. ലൈംഗികത അശ്ലീലമെന്ന് കരുതിപ്പോന്ന സമൂഹത്തിന്‍റെ അബോധമായ ചിന്തയെ അദ്ദേഹം തന്‍റെ ആദ്യ ചിത്രത്തിലൂടെ തന്നെ തെളിയിക്കുന്നു. രണ്ട് കലാകാരന്മാരുടെ ഉദയത്തിനായിരുന്നു ആ ചിത്രവും മലയാള സിനിമയും സാക്ഷ്യം വഹിച്ചത്.

പ്രശസ്ത സംവിധായകൻ വിന്‍സെന്‍റ് സംവിധാനം ചെയ്ത’ഗന്ധർവ്വ ക്ഷേത്രം ‘എന്ന ചിത്രത്തിൽ ഭരതൻ പ്രവർത്തിച്ചിരുന്നു . 1974 ൽ പുറത്തിറങ്ങിയ’ പ്രയാണം ‘ എന്ന കന്നി ചിത്രത്തിലൂടെ ഭരതൻ എന്ന സംവിധായകന്‍റെയും ആദ്യമായി ചിത്രത്തിന് തിരക്കഥ എഴുതിയ പത്മരാജൻ എന്ന മലയാള സിനിമ പിന്നീട് സ്നേഹത്തോടെ വിളിച്ച പപ്പേട്ടനും ചലച്ചിത്ര മേഖലയിലെ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടു. അക്കൊല്ലത്തെ ഏറ്റവും ന ല്ല പ്രാദേശിക ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരവും ‘പ്രയാണം’ നേടിയെടുത്തു. ദേവി വിഗ്രഹത്തിൽ സ്പർശിക്കുമ്പോഴെല്ലാം ഭാര്യയായി സങ്കൽപ്പിക്കുന്ന പൂജാരി ശ്രീ കോവിൽ മണിയറയാക്കി മാറ്റുന്ന ‘പ്രയാണം ‘ എന്ന ചിത്രത്തിൽ മത സാമൂഹിക പാരമ്പര്യത്തെ വെല്ലുവിളിക്കുമ്പോൾ സിനിമ വലിയൊരു മാറ്റത്തിന്‍റെ തുടക്കത്തിലേക്ക് നാന്ദി കുറിച്ചു. ഓരോ ഫ്രെയിമിലും അദ്ദേഹം കോറി വരഞ്ഞിട്ട കഥാപാത്രങ്ങൾ കവിതപോലെ പ്രേക്ഷകരോട് സംവദിച്ചു.അലൗകികമായ നിർവൃതിയല്ല, തീർച്ചയായും ലൗകികതയുടെ പരമാനന്ദത്തെ തന്നെയാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ പകർന്നു തരുന്നത്.

ഭരത – പത്മരാജ കൂട്ട് കെട്ട് മലയാള സിനിമയിൽ അത്ഭുതങ്ങളുടെ മായാജാലം തീർത്തു. എന്തൊരു കെമിസ്ട്രിയായിരുന്നു ഭരതനും പത്മരാജനും. മുത്തും പവിഴവും പോലെ ചലച്ചിത്ര കലയില്‍ അവര്‍ ചേര്‍ന്ന് നിന്നു. കലയിൽ മാനസികമായി അത്രയും ആഴത്തിൽ പൊരുത്തപ്പെടാൻ മറ്റൊരു സഖ്യത്തിനു കഴിഞ്ഞിട്ടില്ല എന്ന് നിസ്സംശയം പറയാം. കലയുടെ വിജയ കാഹളം മുഴക്കിയുള്ള ജൈത്രയാത്രയുടെ സുവർണ കാലത്തിന്‍റെ ശംഖൊലിയായിരുന്നു പിന്നീട് ഓരോ പ്രേക്ഷകരും കേട്ടത്. ‘രതിനിർവേദം ‘ മലയാള സിനിമയെ അമ്പരപ്പിച്ചു കളഞ്ഞു. ഇന്നും മലയാള സിനിമയിൽ സെക്ഷ്വൽ ക്ലാസ്സിക്കൽ ടച്ചുള്ള കാല്പനിക സിനിമ ഏതെന്നു ആദ്യം അടയാളപ്പെടുത്തുന്നത് ഭരതന്‍റെയും പത്മരാജന്‍റെയും ‘രതിനിർവേദ’മാണ്. കൗമാര ലൈംഗിക സ്വപ്നങ്ങളെ പപ്പു എന്ന കുട്ടിയിലൂടെയും അവനെക്കാൾ പ്രായമുള്ള അയൽക്കാരിയായ രതി എന്ന സ്ത്രീയിലൂടെയും ഭരതൻ അവതരിപ്പിക്കുമ്പോൾ അവിടെ സമൂഹം സ്ത്രീ പുരുഷ ബന്ധത്തിന് തീർത്തു വച്ച അലിഖിതമായ മാനദണ്ഡങ്ങൾ അപ്രത്യക്ഷമാകുന്നു. ഭരതൻ കൊണ്ടു വരുന്ന കാമത്തിന്‍റെ സിഗ്നൽ സർപ്പക്കാവും അവിടെ വച്ചു പപ്പുവുമായി ഇണചേർന്ന രതി അന്ന് രാത്രി പാമ്പുകടിയേറ്റ് മരിക്കുന്നതുമാണ്. നാഗങ്ങളെ കാമത്തിന്‍റെയും ലൈംഗികതയുടെയും അടയാളമായി കാണുന്ന വിശ്വാസവും അതിലു പരികാവ് തീണ്ടാൻ പാടില്ലാത്ത ദൈവിക സങ്കല്പവും നമ്മുടെ സമൂഹത്തിലുണ്ട്. പക്ഷെ, ‘രതിനിർവേദ’ മടക്കമുള്ള ഭരതന്‍റെ വിശ്വാസത്തിന്മേലും ആചാരത്തെയും ഖണ്ഡിക്കുന്ന ചിത്രങ്ങൾ ഒന്നിനെയും ചോദ്യം ചെയ്യുകയല്ല, മറിച്ച് സ്ത്രീയുടെയും പുരുഷന്‍റെയും മാനസിക ശാരീക ആകർഷണങ്ങളും ലൈംഗിക ചോദനകളും മനുഷ്യ നിർമിതമായ വിശ്വാസങ്ങൾക്കും അതീതമാണെന്ന് വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നു. ‘പ്രയാണ’ത്തിലും ‘ ‘രതിനിർവേദ’ത്തിലും ‘തകര’യിലും തുടങ്ങുന്ന ഭരതന്‍റെയും പത്മരാജന്‍റെയും കൂട്ട്കെട്ടിൽ എണ്‍പതുകളുടെ വ്യത്യസ്തമായ സിനിമാക്കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നു.

ബുദ്ധിവളർച്ച കുറവായ ‘തകര’യായി എത്തുന്ന പ്രതാപ് പോത്തന്‍റെ മികച്ച അഭിനയം കാഴ്ചവെച്ച ചിത്രമായിരുന്നു ഭരതന്‍റെയും പത്മരാജയും തകര. സുലേഖ സുഭാഷിണിയായും നെടുമുടി വേണു ചെല്ലപ്പനാശാരിയായും മാത്തുമൂപ്പനായി കെ ജി മേനോനും പുള്ളയായി അനിരുദ്ധും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി. ‘തക ര’യിലും ഭരതൻ പറയുന്നത് ലൈംഗികതയെകുറിച്ചാണ്. കടപ്പുറത്ത് വെച്ച് ചെല്ലപ്പനാശാരിയുടെ ഒത്താശയിൽ മാനസിക വളർച്ചയില്ലാത്ത തകരയ്ക്ക് സുഭാഷിണിയുടെ ശരീരത്തോട് തോന്നുന്ന കാമത്തെ ഒരു റൊമാന്‍റിക് ചിത്രകാരന്‍റെ ഭാവന പോലെയാണ് അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്. തന്‍റെ ജന്മദേശത്ത് നടന്ന സംഭവത്തെ ആസ്പദമാക്കിയായിരുന്നു പത്മരാജന്‍റെ ‘തകര ‘എന്ന കഥയുടെ പിറവി.

ഭരതൻ സിനിമകളുടെ ആശയങ്ങളിലും ആവിഷ്ക്കാരങ്ങളിലും ശൈലിയിലും നിരവധി സംവിധായകർ ആകൃഷ്ടരാവുകയും അദ്ദേഹത്തിന്‍റെ പാത പിന്തുടരുകയും ചെയ്തു. ‘ രതിനിർവേദ’ത്തിനും ‘തകര’യ്ക്കും ശേഷം ഭരതനും പത്മരാജനും മലയാള സിനിമയുടെയും പ്രേക്ഷകരുടെയും ജനപ്രിയരായി മാറി. സ്വന്തം കഥയിൽ ഭരതൻ സംവിധാനം ചെയ്ത ‘ആരവം’ സാമ്പത്തികമായി പരാജയപ്പെട്ടു എങ്കിലും ‘തകര’യും ‘രതി നിർവേദ’വും കലാപരമായും വാണിജ്യപരമായും ബോക്സോഫീസിൽ വൻ വിജയമായിരുന്നു. ‘തകര’യിലെ കല്ലിനെപ്പോലും അലിയിച്ചു കളയുന്ന ജാനകി ആലപിച്ച “മൗനമേ “…എന്ന ഒറ്റ ഗാനം മലയാള ചലച്ചിത്ര കാല്പനിക വിരഹ ഗാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു…

മലയാളിയുടെ വികലമായ ലൈംഗിക ബോധത്തെയും അതിൽ പൊതിഞ്ഞ കപട സദാചാരത്തിന്‍റെയും ഇതിനെല്ലാം ഇടയിൽ കിടന്നു വീർപ്പുമുട്ടുന്ന കൗമാര -യൗവനങ്ങളുടെ പ്രണയത്തിന്‍റെയും കാമത്തിന്‍റെയും ഉഷ്ണങ്ങളെയും നെടുവീർപ്പുകളെയും എത്ര അനായാസമായാണ് ഭരതൻ തന്‍റെ ‘ചാമരം ‘എന്ന ചിത്രത്തിലൂ ടെ പൊളിച്ചെഴുതുന്നത്! ‘ചാമര’ത്തിലൂടെ മലയാള സിനിമയ്ക്ക് എഴുത്തിൽ അടിയുറച്ച ജോൺ പോൾ എന്ന തിരക്കഥാകൃത്തിനെ സ്വന്തമായി. കോളേജ് ക്യാമ്പസുകളിൽ അധ്യാപികയോട് പ്രണയം തോന്നുന്ന വിദ്യാർത്ഥിയെ അവതരിപ്പിക്കുന്ന, ഒടുവിൽ അവർ വിവാഹിതരാകാനൊരുങ്ങുന്ന മനോഹരമായൊരു പ്രണയ ചിത്രമായിരുന്നു ‘ചാമരം’. ജോൺ പോൾ – ഭരതൻ കൂട്ടുകെട്ടിൽ പിന്നീട് അനേകം ഹിറ്റ്‌ ചിത്രങ്ങൾ കൂടി മലയാള സിനിമയിൽ പിറന്നു.

1987 ൽ പുറത്തിറങ്ങിയ ‘ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടം ‘ മലയാള സിനിമയിലെ ഭരതന്‍റെ മറ്റൊരു റൊമാന്‍റിക് പടമായിരുന്നു. മക്കളില്ലാത്ത,അധ്യാപനത്തിൽ നിന്ന് റിട്ടയർ ചെയ്ത മധ്യവയസ്കരായ വൃദ്ധ ദമ്പതികളുടെ കഥയായിരുന്നു ‘ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടം ‘രാവുണ്ണി മാസ്റ്ററുടെയും (നെടുമുടി വേണു) സരസ്വതി ടീച്ചറുടെയും (ശാരദ )ഏകാന്ത ജീവിതത്തിലേക്ക് മായ(പാർവതി )കടന്നു വരികയും അവർ അവളെ മനസ്സുകൊണ്ട് മകളായി സ്വീകരിക്കുകയും പിന്നീട് സ്വന്തം ജീവിതത്തിൽ അവർ അവളിലൂടെ അർത്ഥം കണ്ടെത്തുകയും ചെയ്യുന്നു.മാതൃത്വമാണ് ചിത്രത്തിലെ വൈകാരിക വിഷയം. ജോൺ പോൾ തന്‍റെ ഓരോ സംഭാഷണങ്ങളിലും അതിന്‍റെ ആത്മസത്തയെ കോർത്തു വയ്ക്കുന്നു. “ടീച്ചറെ അവൾ അമ്മേ എന്ന് വിളിച്ചാൽ എന്നെ എന്ത് വിളിക്കും? “…എന്ന ചോദ്യത്തിൽ പിതൃവാത്സല്യത്തിന്‍റെയും അത് കേട്ട് ലജ്ജിതയാകുന്ന ടീച്ചറിൽ മാതൃസ്നേഹത്തിന്‍റെയും നവ്യാനുഭൂതിയുടെ ഉറവ പൊട്ടി ഒഴുകുന്നത് പ്രേക്ഷകരുടെയും ഹൃദയത്തിലായിരുന്നു. ചിത്രത്തിൽ യേശുദാസ് ആലപിച്ച “മെല്ലെ മെല്ലെ മുഖ പടം “… എന്ന ഗാനം മലയാളത്തിൽ സൂപ്പർ ഹിറ്റായി. ഭരതന്‍റെ സംവിധാനത്തിൽ ജോൺ പോൾ തിരക്കഥ എഴുതിയ ‘പാളങ്ങൾ ‘ മർമ്മരം, കാതോട് കാതോരം, മാളൂട്ടി, ഓർമ്മയ്ക്കായി, നീലക്കുറുഞ്ഞി പൂത്തപ്പോൾ, ഇത്തിരിപ്പൂവേ ചുവന്ന പൂവേ തുടങ്ങിയവ പ്രേക്ഷകർ ഏറ്റെടുത്ത ശ്രദ്ധേയമായ പടങ്ങളായിരുന്നു.

റൊമാന്‍റിക് തരംഗങ്ങൾ നിറഞ്ഞു നിന്ന ‘വൈശാലി ‘ മലയാള സിനിമ അന്ന് വരെ കണ്ടതിൽ വെച്ച് അത്ഭുകരകരമായ സിനിമകളിൽ ഒന്നായിരുന്നു. പ്രണയത്തിന്‍റെയും കാമത്തിന്‍റെയും മനസ്സിന്‍റെയും ശരീരത്തിന്‍റെയും വശ്യസങ്കലനം വൈശാലിയിലും ഋഷ്യശൃംഗനിലും എത്ര മനോഹരമായാണ് ഭരതൻ വരച്ചു വച്ചിരിക്കുന്നത് ! എം ടി വാസുദേവൻ നായർ എന്ന പ്രിയങ്കരനായ സാഹിത്യകാരന്‍റെ തിരക്കഥയായിരുന്നു ചിത്രത്തിന് അവലംബം. മഹത്തായ പൗരാണിക ഗ്രന്ഥമായ മഹാഭാരതത്തിന്‍റെ ഉപകഥയെ തന്‍റെ എഴുത്തിനു അനുയോജ്യമാം വിധത്തിൽ മറ്റൊരു മഹാകാവ്യം പോലെ എം ടി അതിനെ തന്‍റെ ശൈലിയിലേക്ക് പരുവപ്പെടുത്തുന്നു. ഒരു മനോഹര ക്ലാസ്സിക് ചിത്രകാവ്യം പോലെ ‘വൈശാലി’യെ വെള്ളിത്തിരയിൽ പ്രേക്ഷകർക്കായി സ്‌ക്രീനിൽ ഒരു കാൻവാസിലെന്ന പോലെ വരഞ്ഞിടുന്നു. ഭരതൻ സ്പര്ശത്തിൽ വിരിഞ്ഞ എക്കാലത്തെയും മാസ്റ്റർ പീസ് ചിത്രമായിരുന്നു ‘വൈശാലി ‘… വൈശാലിയിലെയും (ദും ദും ദും ദുന്ദുഭി നാദം, ഇന്ദു പുഷ്പം ചൂടി നിൽക്കും, തേടുവതെതൊരു ദേവപഥം, ഇന്ദ്രനീലിമയോലും, പൂമുല്ലക്കാട്ടിൽ ) പിന്നീട് ഇറങ്ങിയ ‘താഴ്വാരത്തിലെയും (കണ്ണെത്താ ദൂരെ മറുതീരം ) എന്നി ഗാനങ്ങൾ സൂപ്പർ ഹിറ്റായി. ‘വൈശാലി’യിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന സുപർണ്ണയും സഞ്ജയും തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരങ്ങളായി.

മലയാള സിനിമയുടെ പൊൻതൂവലായി മാറിയ ‘ അമരം ‘ എന്ന ചിത്രത്തിന്‍റെ അമരക്കാരായിരുന്ന ഭരതനും ലോഹിതദാസും മികച്ച കൂട്ട് കെട്ടായിരുന്നു. ‘രതിനിർ വേദ’ത്തിലൂടെ ജനപ്രിയനായ ഭരതൻ വീണ്ടും അതിന്‍റെ ഒരു പടികൂടി ഉയർത്തുകയായിരുന്നു’ അമരം ‘എന്ന ചിത്രത്തിലൂടെ. ജനപ്രിയതയ്ക്ക് കാലങ്ങൾ ചെല്ലുന്തോറും മാറ്റ് കൂടിക്കൂടി വരികയായിരുന്നു. മമ്മൂട്ടി എന്ന സൂപ്പർ സ്റ്റാറിന്‍റെ നടന വൈഭവത്തെ അപ്പാടെ തന്‍റെ കഥാപാത്രത്തിലേക്ക് വിനിയോഗിക്കാൻ ഭരതന് കഴിഞ്ഞിട്ടുണ്ട്. മാതു, മുരളി, കെ.പി.എ.സി. ലളിത, അശോകൻ, ബാലൻ കെ. നായർ, കുതിരവട്ടം പപ്പു, ജീവൻ ജോസഫ് ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ‘അമര’ത്തിന്‍റെ കലാമൂല്യം കൊണ്ട് സാമ്പത്തിക വിജയം നേടാൻ ഭരതനു കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്‍റെ ആശയവും ആവിഷ്കാരവും കൊണ്ടു ഇന്ത്യൻ സിനിമയിൽ പോലും ശ്രദ്ധനേടിയെടുക്കാൻ ‘അമര’ത്തിനു കഴിഞ്ഞിട്ടുണ്ട്.

പിന്നീട് ഭരതൻ ലോഹിതദാസിനൊപ്പം ചെയ്ത ‘വെങ്കല’വും ‘പാഥേയ’വും സൂപ്പർ ഹിറ്റായി. ചന്ദ്രദാസ് എന്ന കവിയായി അഭിനയിച്ച മമ്മൂട്ടിയുടെ വേറിട്ട അഭിനയം മലയാള സിനിമ കണ്ടു. പിൽക്കാലത്തു കീര്‍ത്തി കേട്ട നടിയായി അറിയപ്പെട്ട ചിപ്പി പ്രശസ്തയായത് ഈ ചിത്രത്തിലൂടെ ആയിരുന്നു. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയിൽ ഒരുങ്ങിയ ‘ചിലമ്പ് ‘ മികച്ച ക്ലാസ്സിക് ചിത്രങ്ങളിൽ ഉൾപ്പെടുന്നു. ഒരു ചിത്രകാരനോ സംവിധായകനോ മാത്രമല്ല അസ്സലായി പാട്ടുകൾ എഴുതാനും ഈണമിടാനും ഭരതന്‍റെ കഴിവ് അവർണ്ണനീയമായിരുന്നു. ‘ചിലമ്പി’ലെ “താരും തളിരും മിഴി പൂട്ടി “… “പുടമുറികല്യാണം ദേവീ “.. എന്നി ഗാനങ്ങൾ മലയാളത്തിലെ സൂപ്പർ ഹിറ്റ് മെലഡികൾ ആണ്. ‘ചിലമ്പി’ൽ വില്ലനായി എത്തി അരങ്ങേറ്റം കുറിച്ച ബാബു ആന്‍റണിയും പിന്നീട് പ്രശസ്ത നടനായി.

തന്‍റെ കലാസംവിധാനത്തിനു അനുയോജ്യരായ തിരക്കഥാകൃത്തുക്കളെ ലഭിക്കുന്നത് ഭരതന്‍റെ കഴിവുകൾക്ക് തുണയായിരുന്നു. കേളി, പ്രണാമം എന്നിവ ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയിൽ ഭരതൻ ഒരുക്കിയ മറ്റ് ഹിറ്റ് ചിത്രങ്ങളാണ്. ‘പ്രണാമത്തി ‘ലും ‘കേളി’യിലും ഹിറ്റ് പാട്ടുകളെഴുതി ഭരതൻ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. “തളിരിലയിൽ താളം തുള്ളി,”കടലിളകി കരയോട് ചൊല്ലി “, “താളം മറന്ന താരാട്ട് “(പ്രണാമം ), “താരം വാൽക്കണ്ണാടി നോക്കി “, ഓലെലം പാടി “, തുടങ്ങിയവയാണ് ഭരതൻ രചിച്ച ഹിറ്റ് പാട്ടുകള്‍. പാട്ടെഴുത്തിൽ മാത്രമല്ല, അത് പോലെ തന്നെ അതി ഗംഭീരമായി സംഗീതം ചിട്ടപ്പെടുത്താനുള്ള അദേഹത്തിന്‍റെ കഴിവ് വീണ്ടും പ്രേക്ഷകർ കാണുന്നത് ‘കാതോട് കാതോര’ത്തിലെ “കാതോട് കാതോരം “.. “ഇല്ലം കാവിൽ “(തെറ്റുകൾ ), ” മണൽക്കാട്ടിൽ “(തമസോമാ ) തുടങ്ങിയ പാട്ടുകളും ആസ്വാദകർ ഇരുകൈയ്കളും നീട്ടി സ്വീകരിച്ചു. ടി ദാമോദരന്‍റെ തിരക്കഥയിൽ രചിച്ച ‘കാറ്റത്തെ കിളിക്കൂട് ‘തോപ്പിൽ ഭാസിക്കൊപ്പം ‘എന്‍റെ ഉപാസന ‘,തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായി.

തമിഴകത്തും ഭരത സ്പര്‍ശത്തിന്‍റെ സിനിമാ ചരിത്രമുണ്ട്. ശിവാജി ഗണേശനും കമലഹാസനും തകർത്തഭിനയിച്ച ‘തേവർമകൻ, ‘ എന്ന ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുത്ത ചിത്രത്തിന്‍റെ സംവിധയകനും ഭരതൻ തന്നെ. പല ഭാഷകളിലും പിന്നീട് ഈ ചിത്രം നിർമ്മിക്കപ്പെട്ടു. മലയാളത്തിലെ മികച്ച സിനിമക്കുള്ള ദേശീയ അവാർഡ് (പ്രയാണം 1975), തമിഴിലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് (തേവർമകൻ 1992), ഇതേ ചിത്രത്തിനു മികച്ച സംവിധായകനും കലാസംവിധായകനുമുള്ള സംസ്ഥാന അവാർഡും ഭരതൻ നേടി. തകര,ചാമരം,ചാട്ട,മർമ്മരം, ഓർമ്മയ്ക്കായി, ഇത്തിരിപ്പൂവേ ചുവന്ന പൂവേ തുടങ്ങിയ ചിത്രങ്ങൾ സംസ്ഥാന സർക്കാരിന്‍റെ മികച്ച സംവിധായകനും കലാസംവിധായവുമുള്ള പുരസ്‌കാരങ്ങൾ നേടി ക്കൊടുത്തു. 1987 ൽ’ ഒരു നുറുങ്ങു വെട്ടം ‘ 1992 ൽ ‘വെങ്കലം ‘ തുടങ്ങിയവ മികച്ച ജനപ്രീതി നേടിയ ചിത്രങ്ങളായി.

ഭരത സ്പർശത്തിൽ വിരിഞ്ഞ സിനിമകളെല്ലാം മലയാളത്തിന്‍റെ ഇതിഹാസങ്ങളായി മാറി. കാമത്തിന്‍റെയും പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും ഗൃഹാതുരത്വത്തിന്‍റെയും തീവ്രവും വന്യവും ഊഷ്മളവുമായ രംഗങ്ങൾ കൊണ്ടു കഥാപാത്രങ്ങളെ ഒരു ചിത്രം പോലെ സ്‌ക്രീനിൽ ചേർത്തു നിർത്തി, ഭരതൻ എന്ന അതുല്യ കലാകാരൻ. ഗ്രമത്തിന്‍റെ ചിത്രങ്ങൾ ഭരതൻ ക്യാമറയിൽ പകർത്തുമ്പോൾ പ്രേക്ഷകർക്ക് അത് അനുഭൂതി നൽകുന്നത് കാൻവാസിൽ വരച്ച ഒരു ചിത്രകല പോലെയായിരുന്നു. ഗ്രാമത്തിന്‍റെ ലാളിത്യവും ശാലീനതയും തുടിപ്പും താളവും നിഷ്കളങ്കതയും ഒപ്പിയെടുക്കാൻ ഭരതൻ എന്ന ജീനിയസിനു എളുപ്പം വഴങ്ങുമായിരുന്നു. മിക്ക ചിത്രങ്ങളിലും സന്ദർഭത്തിനു വിപരീതമായ ഗാനരംഗങ്ങൾ ചിത്രീകരിക്കുമ്പോൾ അതിന്‍റെ മനോഹാരിത നഷ്ടപെടുകയാണ് ചെയ്യുന്നത്. എന്നാൽ, ഭരതന്‍റെ സിനിമകളി ൽ അങ്ങനെയൊരു അപവാദത്തിനു സ്ഥാനമില്ല. സിനിമയുടെ കഥയ്ക്കും പാട്ട് രംഗത്തിനും അനുയോജ്യമായ ഗാനരചനയും സംഗീതവും.അതാണ് ഭരത സ്പർശ ഉൾ ക്കാമ്പ്. 1998 ജൂലൈ 30നു മരണമടഞ്ഞ ആ മഹാകലാകാരന്‍റെ ഓർമ്മകൾക്ക് ഇരുപത്തിയഞ്ച് വയസ്സ് തികയുന്നു. ഇന്നും അദ്ദേഹം ജീവിക്കുന്നു ഓരോ കഥാപാത്രങ്ങളിലൂടെ… പാട്ടുകളിലൂടെ..

spot_img

Hot Topics

Related Articles

Also Read

വിജയതിലകം ചൂടി നേര്; തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്നു

0
‘ലാലേട്ടനെ തിരിച്ചു കിട്ടി’യ ആവേശത്തിലാണ് ആരാധകർ. ‘നേര്’ എന്ന ജിത്തു ജോസഫ് ചിത്രത്തിലൂടെ ഗംഭീര മെക്കോവറുമായി മലയാള സിനിമയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരവിസ്മയം മോഹൻലാൽ.

ചരിത്രത്തിലാദ്യം; താലിന്‍ ബ്ലാക്ക് നൈറ്റ്സ് ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് മലയാളത്തിന്‍റെ ‘അദൃശ്യ ജാലകങ്ങള്‍’

0
മേളയുടെ 27 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സിനിമയില്‍ വെച്ച് അദൃശ്യ ജാലകങ്ങള്‍ എന്ന മലയാള സിനിമയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ആവേശമായി ‘പെരുമാനി’ തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്നു

0
മെയ് 10 ന് തിയ്യേറ്ററുകളിൽ എത്തിയ ‘പെരുമാനി’ ഗംഭീര പ്രദർശനം തുടരുന്നു. പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്  ‘പെരുമാനി.’

‘പ്രേമലു’ ഇനിമുതൽ തമിഴ് നാട്ടിലും താരമാകാൻ എത്തുന്നു; മാർച്ച് 15 ന്

0
ഡി എം കെ നേതാവും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജെന്റ് മൂവീസാണ് പ്രേമലൂ സിനിമയുടെ  തമിഴ് പതിപ്പ് വിതരണം ചെയ്യുന്നത്.

ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങൾ; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സൂക്ഷ്മദർശിനി’

0
ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം.