മലയാളികള്‍ക്ക് കഴിവുറ്റ അഭിനേത്രിയായ മംഗ ഭാനു എന്ന ആന്ധ്രാക്കാരിയായ ഭാനുപ്രിയയെ ഓര്‍ക്കുവാന്‍ അവര്‍ അഭിനയിച്ച മലയാളത്തിലെ ആകെയുള്ള എട്ട് സിനിമകള്‍ തന്നെ ധാരാളം. രാജ ശില്‍പ്പി, അഴകിയ രാവണന്‍, കുലം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മഞ്ഞുപോലൊരു പെണ്‍കുട്ടി, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ഹൈവേ, ഋഷ്യശൃംഗന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍. ഇരുപതു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു, ഭാനുപ്രിയ മലയാള സിനിമയോട് വിടപറഞ്ഞിട്ട്. അഭിനയത്തില്‍ മാത്രമല്ല, നൃത്ത കലയിലും അഗാധ പാണ്ഡിത്യം നേടിയിരുന്ന കലാകാരികൂടിയായിരുന്നു ഭാനുപ്രിയ. വര്‍ഷങ്ങള്‍ക്ക് മുന്പ് അഭിനയിച്ച സിനിമയിലും കഥാപാത്രങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും ഇന്നും അഭിമാനം തന്നെയാണ് താരത്തിനു. മികച്ച ക്ലാസ്സിക്കുകള്‍ കൂടിയായിരുന്നു ഭാനുപ്രിയ അഭിനയിച്ച പ്രശസ്തമായ സിനിമകള്‍. അത് പോലെ കഥാപാത്രവും പ്രധാന്യം നേടി.
“അഭിനേതാവായാല്‍ ഏത് വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണമെന്നാണ് അന്നും ഇന്നും എന്‍റെ പക്ഷം“. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഭാനുപ്രിയ പറയുന്നു. എങ്കിലും അഭിനയത്തില്‍ അവര്‍ക്ക് സ്വന്തമായൊരു നിലപാടും നിയന്ത്രണവും സ്വയമുണ്ടായിരുന്നു. അതിനെ മറികടക്കുകയും അസാധ്യമായിരുന്നെന്നും അവര്‍ പറയുന്നു. തെലുങ്കില്‍ നിന്നൊക്കെ വന്ന കലാപരമല്ലാത്ത അത്തരം കൊമേഷ്യല്‍ സിനിമകളെ അവര്‍ പലപ്പോഴും മാറ്റി നിര്‍ത്തിയിരുന്നു. എങ്കിലും സിനിമയിലെ കുറഞ്ഞ കാലയളവിനുള്ളില്‍ നിന്ന് കൊണ്ട് ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടം സ്വന്തമാക്കുവാന്‍ ഭാനുപ്രിയയ്ക്കും കഴിഞ്ഞിട്ടുണ്ട്. ‘അഴകിയ രാവണനി’ലെ ഭാനുപ്രിയ കൈകാര്യം ചെയ്ത ‘അനുരാധ ‘എന്ന കഥാപാത്രത്തിലൂടെയാണ് മലയാള സിനിമയില്‍ ഭാനുപ്രിയ ജനപ്രിയയാകുന്നത്. ‘നടിപ്പിന്‍ രാക്ഷസി ‘ എന്നായിരുന്നു ഭാനുപ്രിയയുടെ അഭിനയ വൈഭവത്തെ നടി ശ്രീവിദ്യ വിശേഷിപ്പിച്ചിരുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് മനസ്സില്‍ ഇടം നേടുന്ന അഭിനേതാക്കള്‍ വിരളമായിരിക്കും. എന്നാല്‍ ഭാനുപ്രിയ വളരെ പെട്ടെന്നു തന്നെ ഹൃദയം കീഴടക്കി. ഇന്നും മങ്ങലില്ലാതെ അതിനു നിലനില്‍പ്പുണ്ടാകുന്നത് അവര്‍ കൈകാര്യം ചെയ്ത കഥാപാത്രത്തിന് നല്കിയ ജീവസ്സുറ്റ അഭിനയം തന്നെ. 2005 ല്‍ കുഞ്ചാക്കോ ബോബനും ഭാവനയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ശ്യാംഗോപാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കാറ്റ് പറഞ്ഞ കഥ ‘എന്ന ചിത്രത്തിലും വേഷമിട്ടു. ആര്‍. സുകുമാരന്‍ 1992 ല്‍ സംവിധാനം രാജശില്‍പ്പി എന്ന ക്ലാസ്സിക് ചിത്രത്തിലെ ഭാനുപ്രിയയുടെ ദുര്‍ഗ /ഉമ എന്ന നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകനായി എത്തിയത് . ശിവന്‍റെയും സതിയുടെയും കഥ, പിന്നീട് സതി ദേഹത്യാഗശേഷം പര്‍വതിയായി പുനര്‍ജ്ജനികക്കുന്ന കഥ. ശംഭുവിന്‍റെയും (മോഹന്‍ലാല്‍) ദുര്‍ഗ/ ഉമ യുടെയും ജീവിതകഥയും അത്തരത്തിലാണ് പ്രതിപാദിക്കുന്നത്. ചിത്രത്തിലെ ഓരോ ഗാനങ്ങളും സിനിമയെ ഒന്ന് കൂടി മികച്ച കലാസൃഷ്ടിയാക്കി എടുത്തു.
അഴകിയ രാവണനിലെ അനുരാധ എന്ന കഥാപാത്രത്തിലൂടെയാണ് ഭാനുപ്രിയ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1996 ല്‍ ശ്രീനിവസന്‍റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി കോടീ ശ്വരനായ ശങ്കര്‍ ദാസ് എന്ന കഥാപാത്രമായാണ് എത്തുന്നത്. പകയുടെയും പ്രണയത്തിന്‍റെയും പണത്തിന്‍റെയും പണമില്ലായ്മയുടെയും കഥയാണ് അഴകിയ രാവണനിലേത്. 2000 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് തിരക്കഥയും സംവിധാനവും ചെയ്ത ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ മായവര്‍മ്മ എന്ന കഥാപാത്രം ശ്രദ്ധേയമായി. ജയറാം ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ജയറാമിന്‍റെ മകന്‍ കാളിദാസനും ചിത്രത്തില്‍ അശോക് എന്ന കഥാപാത്രമായി എത്തിയിരുന്നു. ജയരാജ് സംവിധാനം ചെയ്ത ഹൈവേയിലെ മീര, മഞ്ഞുപോലൊരു പെണ്‍കുട്ടിയിലെ അരുന്ധതി, തുടങ്ങിയ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. സിനിമയില്‍ നിന്നും വിടപറഞ്ഞു എങ്കിലും നൃത്തകലയുമായി മുന്നോട്ടാണ് ഭാനുപ്രിയ, മലയാളികള്‍ എന്നെന്നും ഓര്‍ക്കുന്ന ‘നടിപ്പിന്‍ രാക്ഷസി‘