Friday, November 15, 2024

മഞ്ഞില്‍ വിരിഞ്ഞ കണ്ണാന്തളിര്‍പ്പൂക്കളുടെ എഴുത്തുകാരന്‍

മലയാളസാഹിത്യത്തിനും സിനിമയ്ക്കും കണ്ണാന്തളിപ്പൂക്കളാല്‍ സമൃദ്ധമായൊരു വസന്തകാലമുണ്ട്, എം ടി വാസുദേവന്‍ നായര്‍ എന്ന കലാകാരന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നിത്യവസന്തമാണത്. മലയാള സാഹിത്യത്തെയും സിനിമയെയും ലോകത്തിന്‍റെ നിറുകയിലേക്കുയര്‍ത്തുന്നതില്‍ പങ്കുവഹിച്ച അസാമാന്യ പ്രതിഭ. എം ടി വാസുദേവന്‍ നായര്‍ മലയാളസിനിമയുടെയും സാഹിത്യത്തിന്‍റെയും ഒരു വ്യാഴവെട്ടക്കാലത്തെ അടയാളപ്പെടുത്തി. സാഹിത്യത്തില്‍ വിലമതിക്കാനാവാത്ത അനേകം സൃഷ്ടികള്‍, വെള്ളിത്തിരയിലൂടെ പ്രേക്ഷകര്‍ക്ക്  ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്ത്, സംവിധായകന്‍, നാടകകൃത്ത്, എം ടി എല്ലാ കലകളിലും സര്‍വ്വവ്യാപിയും അതുല്യനുമായ സര്‍ഗ്ഗപ്രതിഭയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടുകൊണ്ടേയിരുന്നു. ’നിര്‍മാല്യം’ എന്ന ആദ്യ സംവിധാനം ചെയ്ത ഒറ്റച്ചിത്രം മതി എംടിയെ മലയാള സിനിമയുടെ അമരത്ത് അവരോധിക്കുവാന്‍.

സത്യജിത്ത് റേയുടെ ‘പഥേര്‍ പാഞ്ചാലി’യുടെ ഓരോ സീനും കഥാപാത്രങ്ങളും പശ്ചാത്തലങ്ങളും ആ കലാകാരനില്‍ ഉറങ്ങിക്കിടന്ന മറ്റൊരു കലയായ സിനിമയെ ഉണര്‍ത്തുകയായിരുന്നു. പഥേര്‍ പാഞ്ചാലിയിലെ ഓരോ ഗ്രാമീണ പശ്ചാത്തലങ്ങളെയും മാതൃകയാക്കി ഒരു സിനിമ മലയാളത്തില്‍ സംവിധാനം ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചുറയ്ക്കുകയും ചെയ്തു.

സാമൂഹികവും സംസ്കാരികവുമായ അന്തരീക്ഷത്തില്‍ എം ടിയിലെ കലാകാരന്‍ വളര്‍ന്നുവന്നു. വരണ്ടും നിറഞ്ഞും തെളിഞ്ഞും കലങ്ങിയും നിളയൊഴുകിയപ്പോള്‍ അത് എം ടിയുടെ സര്‍ഗ്ഗവൈ ഭവത്തിന്‍റെ തടംകൂടി നനച്ചു. കണ്ണാന്തളിര്‍പ്പൂക്കളുടെ നിറവും നിളയുടെ ജീവിതവും സാമൂഹിക രാഷ്ട്രീയ സാമുദായിക അരക്ഷിതാവസ്ഥകളും എംടിയെ സാഹിത്യത്തിലെന്നപോലെ സിനിമയിലും സ്വാധീനിച്ചു. അദ്ദേഹത്തിന്‍റെ ഓരോ സിനിമകളും പ്രേക്ഷകര്‍ക്ക് നോവലിന്‍റെയോ കവിതയുടെയോ വായനാനുഭൂതി നല്‍കുന്നതായിരുന്നു. വിശാലവും നിറയെ അറകളുമുള്ള നാലുകെട്ടിന്‍റെ അകത്തളങ്ങള്‍ ഓരോ ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. എം ടിയുടെ കഥാപാത്രങ്ങള്‍ അക്ഷരങ്ങളിലൂടെ വായനക്കാരന്‍റെ സങ്കല്‍പ്പങ്ങളില്‍ ജീവന്‍ വെക്കുമ്പോള്‍ സിനിമയിലത് അഭിനേതാക്കളിലൂടെ ജീവിച്ചുകാണിക്കുന്നു. സാങ്കല്‍പ്പികമായ എല്ലാ കഥാപാത്രങ്ങളെയും വെള്ളിത്തിരയില്‍ പ്രേക്ഷകന്‍ അത്ഭുതത്തോടെ കാണുന്നതാണ് ഏതൊരു സിനിമയുടെയും വിജയം.

അമ്പതിലേറെ തിരക്കഥകള്‍…അനേകം പുരസ്കാരങ്ങള്‍…സ്വന്തം കഥയായ‘മുറപ്പെണ്ണി’ന് 1965- ല്‍ തിരക്കഥയെഴുതിക്കൊണ്ടാണ് എം ടി മലയാള ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യത്തെ തിരക്കഥയിലൂടെ മലയാള സിനിമയില്‍ തന്‍റേതായ ഇരിപ്പിടം കണ്ടെത്താന്‍ എം ടിക്ക് കഴിഞ്ഞു. രൂപവാണിയുടെ ബാനറില്‍ ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മ്മിച്ച് എ വിന്‍സെന്‍റ്  സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ പ്രമേയം എം ടിയുടെ ‘സ്നേഹത്തിന്‍റെ മുഖങ്ങള്‍’ എന്ന ചെറുകഥയെ മുന്‍നിര്‍ത്തിയായിരുന്നു നിര്‍മ്മിച്ചത്.

മുറപ്പെണ്ണില്‍ പി ഭാസ്കരന്‍ മാഷിന്‍റെ രചനയ്ക്കു സംഗീതം ചിട്ടപ്പെടുത്തിയത് ബി എ ചിദംബരനാഥായിരുന്നു.’കടവത്ത് തോണി, ‘മലര്‍വള്ളിക്കാട്ടിലെ, ‘കരയുന്നോ പുഴ ചിരിക്കുന്നോ’, ‘ഒന്നാനാം മരുമലയ്ക്കു…’ തുടങ്ങിയ ഓരോ പാട്ടുകളും സൂപ്പര്‍ ഹിറ്റായിരുന്നു. ‘മുറപ്പെണ്ണ്’ ഏറ്റവും ഭംഗിയാ ര്‍ജ്ജിക്കുന്നത് ബാലന്‍ (നസീര്‍) സഹോദരിയുടെ പ്രണയത്തകര്‍ച്ചയുടെ വേദന ഉള്ളിലടക്കി “മണ്ടിപ്പെണ്ണേ…”  എന്ന് സ്നേഹവായ്പോടെ വിളിച്ച് അവളെ ആശ്വസിപ്പിക്കുന്നിടത്താണ്. ഇന്ന് പല കോമഡിഷോകളിലും മിമിക്രികളിലും നസീറിന്‍റെ “മണ്ടിപ്പെണ്ണ്” എന്ന വാക്ക് കാലങ്ങളായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. നസീര്‍ എന്ന നടന്‍റെ സംഭാഷണ ശൈലിയൊട് ‘മണ്ടിപ്പെണ്ണ് ‘ ചെലുത്തിയ സ്വധീനം ചില്ലറയല്ല. എം ടിയിലൂടെ ഭാരതപ്പുഴയും അതിന്‍റെ ഓരങ്ങളും പ്രേക്ഷകരില്‍ എക്കാലത്തും ഗൃഹാതുരത്വമുണര്‍ത്തി. മനുഷ്യനില്‍ മണ്ണിന്‍റെ ഗന്ധം പടര്‍ത്താന്‍ ‘മുറപ്പെണ്ണി’നു കഴിഞ്ഞു. അവിടെയും ബന്ധങ്ങളുടെയും അടുപ്പങ്ങളുടെയും വിഭജനമുണ്ട്. തറവാട് ഭാഗം വെക്കുന്നതോടെ ആ വിഭജനം വ്യക്തികളിലേക്കും പടരുന്നു.

മലയാള സിനിമയുടെ ഓര്‍മ്മയില്‍  നിഷ്കളങ്കമായി നിറഞ്ഞു നില്‍ക്കുന്ന  മറ്റൊരു കഥാപാത്രമുണ്ട്, എം ടി യുടെ ‘ഓളവും തീരവും’ എന്ന ചിത്രത്തിലെ നബീസ. 1970- ല്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ ചിത്രം കൂടിയാണ് ഓളവും തീരവും. മലയാളത്തില്‍ സ്റ്റുഡിയോയുടെ പുറത്തു ലൊക്കേഷന്‍ കണ്ടെത്തി നിര്‍മ്മിച്ച ആദ്യ ചിത്രമെന്ന വിശേഷണവും ഈ ചിത്രത്തിനുണ്ട്. മലയാ ളത്തിലെ സമാന്തരസിനിമകളില്‍ ആവേശജ്വാല കൊളുത്തിയ സംവിധായകന്‍ പി എ ബക്കര്‍ നിര്‍മ്മിച്ച് പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയത് മധുവും (ബാപ്പുട്ടി ) ഉഷാ നന്ദിനിയു (നബീസ) മാണ്. എം ടിയുടെ തിരക്കഥകളില്‍ പുറത്തിറങ്ങിയ സിനിമകളില്‍ അദ്ദേഹത്തിന്‍റെ നോവലിനോളം കലാമൂല്യത പുലര്‍ത്തിയിട്ടുണ്ട്. സ്ത്രീ- പുരുഷ ബന്ധത്തിന്‍റെ ആഴം പരന്നു കിടക്കുന്നതു പരസ്പര വിശ്വാസത്തിന്‍റെ അടിത്തട്ടിലാണ്. വിശ്വാസത്തിന്‍റെ മറവില്‍ ചതിക്കപ്പെടുകയും തോറ്റു പോകുകയും ചെയ്യുന്ന നബീസയെ ചേര്‍ത്തു പിടിക്കുന്നതു  ബാപ്പുട്ടിയാണ്.

മലയാള സിനിമയുടെ അക്കാലത്തെ സാങ്കല്‍പ്പികവും പാരമ്പര്യവുമായ കീഴ്വഴക്കങ്ങളെ പാടെ തിരുത്തിയെഴുതാന്‍ അന്ന് ഈ സിനിമയ്ക്കു കഴിഞ്ഞു. സാങ്കല്‍പ്പികവും കാല്‍പനികവുമായ ശൈലിയില്‍ നിന്നകന്ന ഓളവും തീരവും റിയലിസത്തിലേക്ക് സഞ്ചരിച്ചു. ഉള്ളടക്കം കൊണ്ടും പ്രമേയം കൊണ്ടും ഓളവും തീരവും മലയാള സിനിമയെ ഒന്നടങ്കം മാറ്റിമറിച്ചു. സിനിമയുടെ പുതുചരിത്രത്തിന് മറ്റൊരു യുഗപരിവര്‍ത്തനത്തിന് തുടക്കം കുറിക്കുകയുണ്ടായി. സ്റ്റുഡിയോ കാഴ്ചകളില്‍ നിന്നകന്നു സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി  കേരളീ യ പ്രകൃതിയെ  ഒപ്പിയെടുക്കുകയായിരുന്നു മങ്കട രവിവര്‍മ്മയുടെ ക്യാമറക്കണ്ണുകള്‍. പി ഭാസ്കരന്‍റെയും എം എസ് ബാബുരാജിന്‍റെയും കൂട്ടുകെട്ടില്‍ പിറന്ന ‘മണിമാരന്‍ തന്നത് ‘ എന്ന ഗാനരംഗത്തില്‍ പ്രകൃതി നിറഞ്ഞു നിന്നു. നായികയെ ബലാല്‍സംഗം ചെയ്യുന്ന വില്ലനായ കുഞ്ഞാലിക്കു മീതെയാണ് നിലപാടും കാഴ്ചപ്പാടുകളും കൊണ്ട് നായകനായ ബാപ്പുട്ടി. എങ്കിലും നബീസ  സ്വയം ജീവനൊടുക്കുന്നതോട് കൂടി ചിത്രം ദു:ഖ പര്യവസായിയാകുന്നു.

എം ടിയുടെ തിരക്കഥയില്‍ 1986- ല്‍ പുറത്തിറങ്ങിയ ബോക്സ് ഓഫീസില്‍  സൂപ്പര്‍ ഹിറ്റായ മറ്റൊരു ചിത്രമാണ് നഖക്ഷതങ്ങള്‍. ഹരിഹരന്‍റെ സംവിധാനത്തില്‍ ഗായത്രി സിനിമയുടെ ബാനറില്‍ ഗായത്രിയും പാര്‍വതിയും ചേര്‍ന്ന് നിര്‍മ്മിച്ച ത്രികോണ പ്രണയകഥ പറയുന്ന കവിതപോലെ സുന്ദരമായൊരു ചലച്ചിത്രം. ചിത്രത്തില്‍ നായികാനായകന്മാരാകുന്ന മോനിഷയുടെയും വിനീതിന്‍റെയും സലീമയുടെയും കന്നി ചിത്രം കൂടിയാണ് നഖക്ഷതങ്ങള്‍. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ സമ്മാനിക്കാന്‍ നഖക്ഷതങ്ങള്‍ക്ക് കഴി ഞ്ഞിട്ടുണ്ട്. മലയാള സിനിമകളിലെ മികച്ച ക്ലാസ്സിക് ചിത്രങ്ങളിലൊന്നു കൂടിയാണ് ഈ ചിത്രം.

എം ടിയുടെ തിരക്കഥയില്‍ 1986- ല്‍ പുറത്തിറങ്ങിയ ‘പഞ്ചാഗ്നി’ മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ്  ചിത്രങ്ങളിലൊന്നാണ്. മോഹന്‍ലാലും ഗീതയും നാദിയ മൊയ്തുവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന  ചിത്രത്തില്‍ നക്സല്‍ പശ്ചാത്തലമാണുള്ളത്. നക്സ്സല്‍ പ്രവര്‍ത്തകയായ ഇന്ദിര (ഗീത) പരോളിനെത്തുന്ന ദിവസങ്ങള്‍ക്കുള്ളിലരങ്ങേറുന്ന സംഭവങ്ങളെ സാമൂഹിക പ്രധാന്യത്തോട് കൂടി തിരക്കഥയില്‍ ഉള്‍ക്കൊള്ളിക്കാന്‍ എംടിക്കു കഴിഞ്ഞു. അതില്‍ സമൂഹമുണ്ട്, രാഷ്ട്രീയമുണ്ട്, ജനാധിപത്യമുണ്ട്, പ്രണയമുണ്ട്. വ്യക്തികേന്ദ്രീകൃതവുമാണ് പഞ്ചാഗ്നി. എം ടി മലയാളികള്‍ക്ക് നല്കിയ എക്കാലത്തെയും സാമൂഹിക നിര്‍മ്മിതിയില്‍ ഒരുങ്ങിയ ചിത്രം കൂടിയാണിത്. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, പകല്‍ക്കിനാവ്, ഇരുട്ടിന്‍റെ ആത്മാവ്, ആള്‍ക്കൂട്ടത്തില്‍ തനിയെ, വൈശാലി, എന്ന് സ്വന്തം ജാനകിക്കുട്ടി, കേരളവര്‍മ്മ പഴശ്ശിരാജ, പെരുന്തച്ചന്‍, സുകൃതം, പരിണയം, ഒരു വടക്കന്‍ വീരഗാഥ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച തുടങ്ങിയവ എം.ടിയുടെ ശ്രദ്ധേയമായ തിരക്കഥകളാണ്.

ജീവിതഗന്ധിയായ കഥകള്‍ കൊണ്ട് സിനിമകള്‍ സംവിധാനം ചെയ്യാനുള്ള എം ടിയുടെ കഴിവ് മലയാള ചലച്ചിത്ര മേഖലയില്‍ ശ്രദ്ധേയമായിരുന്നു. ‘നിര്‍മാല്യം‘ എന്ന ഒറ്റച്ചിത്രം കൊണ്ട് മലയാള സിനിമയുടെ സംവിധാന രംഗത്ത് ചിരപ്രതിഷ്0 നേടാന്‍ എംടിക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രവുമല്ല, ആദ്യചിത്രത്തിന് തന്നെ രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം നേടുകയും ചെയ്തു. നിര്‍മാല്യം ദാരിദ്രത്തിന്‍റെയും ദു:ഖത്തിന്‍റെയും ഇടയില്‍ പെട്ടുഴറുന്ന ഒരു വെളിച്ചപ്പാടിന്‍റെ അതിലുപരി ഒരു ഭക്തന്‍റെ കഥയാണ് പറയുന്നത്. ’വെളിച്ചപ്പാടാവുക’  എന്നത് അയാളൊരു തൊഴിലായി കാണുന്നില്ല. സ്വന്തം ശരീരത്തിലേക്കുള്ള തന്‍റെ ആരാധനാമൂര്‍ത്തിയുടെ പരകായപ്രവേശത്തെ അയാള്‍ അത്രമാത്രം ഇഷ്ട്ടപ്പെടുകയും ആ സങ്കല്‍പ്പത്തില്‍ അലിഞ്ഞു ചേരുകയും ചെയ്യുന്നു. ആ ഗ്രാമത്തിന്‍റെ ആശ്രയവും അവസാനവാക്കായും കാണുന്നത് ദേവിയെയാണ്. വെളിച്ചപ്പാടാകുമ്പോള്‍ അവരെ ആരും മനുഷ്യരായി കാണുന്നില്ല. ജീവിതത്തിന്‍റെ ഒടുക്കം എവിടെയുമെത്താതെ വെളിച്ചപ്പാടിന് ഈശ്വര വിശ്വാസം നഷ്ടമാകാന്‍ തുടങ്ങി. അവരും തങ്ങളെപ്പോലെ സാധാരണ മനുഷ്യരാണെന്ന് ആളുകള്‍ അംഗീകരിക്കാന്‍ മടിക്കുന്നുവെന്ന വസ്തുതയിലേക്കുള്ള ഒരെത്തിനോട്ടമാണ് ‘നിര്‍മാല്യ’ത്തിന്‍റെ ലക്ഷ്യവും. 

ജീവിതത്തിന്‍റെ മടുപ്പിനിടയില്‍ നെറ്റിയില്‍ വാളുകൊണ്ടു മുറിപ്പെടുത്തി ദേവീവിഗ്രഹത്തിലേക്ക് തുപ്പുന്നത് സ്വന്തം ജീവിത പ്രാരാബ്ധത്തോടുള്ള പ്രതിരോധം കൂടിയായിരുന്നു. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ക്ഷേത്രവും ദാരിദ്രത്തിന്‍റെ നടുവില്‍ ജീവിച്ച് അതിനെക്കാള്‍ പതിന്മടങ്ങു ഈശ്വര വിശ്വാസത്തില്‍ ജീവിക്കുന്ന അനേകം ഗ്രാമീണ ജീവിതങ്ങളുടെ  കഥയാണ് ‘നിര്‍മാല്യ’ത്തിലേത്. പൂജാരിയും വെളിച്ചപ്പാടും ക്ഷേത്ര ജീവനക്കാരുമെല്ലാം ഇതേ ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരാണെന്ന സത്യത്തിലേക്കും ഈ ചിത്രം വെളിച്ചം വീശുന്നു..”ഇന്നായിരുന്നെങ്കില്‍ എനിക്കു നിര്‍മാല്യം എന്ന ചിത്രം സംവിധാനം ചെയ്യാന്‍ സാധിക്കുമായിരുന്നോ ?”എന്ന് എം ടി ഒരു അഭിമുഖത്തില്‍ ചോദിക്കുന്നുണ്ട്. സാമൂഹികമായും രാഷ്ട്രീയമായും ഇന്ന് കേരളത്തിന്‍റെ അന്തരീക്ഷം മാറിമറഞ്ഞിരിക്കുന്നു എന്നാണ് ചോദ്യത്തിനുള്ളിലെ ഉത്തരവും. ’വേദനയുടെ പൂക്കള്‍’ എന്ന കഥാസമാഹാരത്തിലെ ‘പള്ളി വാളും കാല്‍ച്ചിലമ്പും’ എന്ന ചെറുകഥയാണ് നിര്‍മാല്യത്തിന്  പ്രമേയം. വര്‍ഷങ്ങളേറെ പിന്നിട്ടിട്ടും നിര്‍മാല്യം വീണ്ടും ചര്‍ച്ചചെയ്യപ്പെടുന്നത് എംടി സ്വീകരിച്ച വിഷയവും അത് സമൂഹത്തിനെ അറിയിച്ചു കൊടുക്കാന്‍ അദ്ദേഹം സ്വീകരിച്ച മാര്‍ഗ്ഗവുമായിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള നാല് ദേശീയ അവാര്‍ഡുകളും ‘നിര്‍മാല്യം’ സ്വന്തമാക്കിയിട്ടുണ്ട്.

‘മഞ്ഞു’ പോലെ കാത്തിരിപ്പിന്‍റെ കഥപറയുന്ന നോവല്‍ മലയാളത്തില്‍ വിരളമാണ് സിനിമയിലും. പ്രതീക്ഷയില്ലാത്ത കാത്തിരിപ്പും സ്വന്തമാക്കാന്‍ കഴിയാത്ത പ്രണയവും ഒരു പോലെയാണ്. വിമല ഈ രണ്ടു വൈകാരികവസ്ഥകളുടെയും ബിംബമാണ്. ഒരിക്കലും തിരിച്ചു വരാന്‍ സാധ്യതയില്ലാത്ത സുധീര്‍കുമാര്‍ മിശ്രയ്ക്കു വേണ്ടിയവള്‍ തന്‍റെ മുപ്പത്തിയൊന്നാം വയസ്സിലും കാത്തിരിപ്പ് തുടരുന്നു. അവളുടെ കാത്തി രിപ്പെല്ലാം നൈനിറ്റാളിലെ ജലാശയം പോലെ മരവിച്ചു പോയതാണ്. ഓര്‍മ്മകള്‍ പോലെ പ്രണയം പോലെ അവളുടെ കാത്തിരിപ്പും എങ്ങുമില്ലാതെ തണുത്തുറഞ്ഞു തളം കെട്ടിക്കിടക്കുന്നു.

വിഹ്വലമായ കാത്തിരിപ്പ്, അസ്വസ്ഥമായ മൌനം ഇത് രണ്ടും കൊണ്ട് മാത്രമാണു വിമലയുടെ ജീവിതം സുധീര്‍കുമാറിനെ അസ്തിത്വത്തെ അടയാളപ്പെടുത്തുന്നത്. വിമല പ്രതീക്ഷയില്ലാതെ ഒരിയ്ക്കലും വരാത്ത സുധീറിനെ കാത്തിരിക്കുന്നു. കിട്ടാത്ത സ്നേഹത്തിന് വേണ്ടി കൊതിക്കുന്നത് പോലെ തന്നെ. എന്നാല്‍ ബുദ്ദുവിന് ഇതുവരെ കാണാത്ത പിതാവിനെ കണ്ടെത്താമെന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ സര്‍ദാജിക്ക് അങ്ങനെയല്ല. എവിടെ നിന്ന് വരുന്നുവേണോ എങ്ങോട്ടേക്ക് പോകുന്നുവേണോ ഒരു ലക്ഷ്യം അയാള്‍ക്കില്ല. എന്നാല്‍ വിമല കാത്തിരിപ്പിന്‍റെ ഒരേയൊരു ബിന്ദുവിലാണ്. അവള്‍ക്ക് വരാനോ പോകാനോ ഇടമില്ല. അവളുടെ ആദിയും അന്ത്യവും സുധീറാണ്, അയാളെ കാത്തിരിക്കുമ്പോഴാണ്. സംഗീതനായ്ക്, നന്ദിത ബോസ്ക, ശങ്കര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായ മഞ്ഞു മനോഹരമായ കവിതപോലെ മലയാളത്തില്‍ എം ടി ഒരുക്കിയ ക്ലാസ്സിക്കല്‍ ചിത്രമായിരുന്നു.

(കടവില്‍ അഭിനയിച്ച സന്തോഷ് )

ലക്ഷ്യമില്ലാത്ത ഒഴുക്കിനെ വഹിക്കുന്ന കടവ് ഒരുപാടു മനുഷ്യജീവിതങ്ങളുടെ അക്കരെ കാണുന്നു. അക്കരെയും ഇക്കരെയുമില്ലാതെ നിസ്സംഗമായി തുഴഞ്ഞ് പോകുന്ന ജീവിതങ്ങളുമുണ്ട്. എം ടി യുടെ കടവ് അങ്ങനെ ഒരു ജീവിതത്തിന്‍റെ തോണിയെ നെഞ്ചിലേറ്റിയിട്ടുണ്ട്. എസ് കെ പൊറ്റെക്കാടിന്‍റെ ‘കടത്തുതോണി‘ എന്ന ചെറുകഥയെ മുന്‍നിര്‍ത്തി നിര്‍മിച്ച കടവ് ദേശീയപുരസ്കാരം നേടി. ഇ ക്കരെ നില്‍ക്കുമ്പോള്‍ പരസ്പരം സഹായിച്ചു ജീവിച്ചിരുന്ന രണ്ടു പേരിലൊരാള്‍ അക്കരെ കടക്കുന്നതും പിന്നീട് അന്വേഷിച്ചു ചെല്ലുമ്പോള്‍ ഇക്കരെയെയും കൂട്ടക്കടവിനെയും മറക്കുന്ന അല്ലെങ്കില്‍ മറക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ജീവിതത്തിന്‍റെ മറ്റൊരാവസ്ഥ. എം ടിയുടെ ‘കടവ് ‘ അത്രയും സുന്ദരമായിരുന്നു. സാമൂഹിക ജീവിതത്തിന്‍റെ നേര്‍സാക്ഷ്യങ്ങളാണ് എം ടിയുടെ ഓരോ സിനിമകളും. അതില്‍ തന്‍റെതായ കാഴ്ചപ്പാടുകളെ കൊണ്ട് വരാന്‍ എം ടിക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഒരു വടക്കന്‍ വീരഗാഥയും പെരുന്തച്ചനും ഉദാഹ രണങ്ങള്‍. ഒരു നാടിന്‍റെ പൈതൃക സമ്പത്താണ് എം ടി എന്ന കലാകാരന്‍. അരനൂറ്റാണ്ടിലേറെ സാമൂഹി കവും സംസ്കാരികവുമായ കലാമേഖലകളിലും അദ്ദേഹം തന്‍റെ സാന്നിദ്ധ്യമറിയിച്ചു. അദ്ധ്യാപകനായും പത്രാധിപരായും എഴുത്തുകാരനായും മലയാളികളുടെ ജീവിതത്തില്‍ എം ടി സ്വന്തക്കാരനായിരുന്നു.

spot_img

Hot Topics

Related Articles

Also Read

ചലച്ചിത്രതാരം കനകലത അന്തരിച്ചു

0
മലയാള സിനിമ- സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. പാർക്കിൻസൺ അസുഖവും മറവി രോഗവും  മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം

പുത്തൻ ട്രയിലറുമായി ‘ഗ്ർർ’; ചിരിപ്പിച്ച് കുഞ്ചാക്കോയും സുരാജും

0
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രത്തിന്റെ രസിപ്പിക്കുന്ന ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി.  

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ഗോളം; മിസ്റ്ററി ത്രില്ലറിൽ രഞ്ജിത് സജീവ്, ദിലീഷ് പോത്തൻ എത്തുന്നു

0
മൈക്ക്, ഖൽബ് എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത് സജീവ് നായകനായി എത്തുന്ന ചിത്രമാണ് ഗോളം. സിദ്ദിഖ്, അലൻസിയർ, ചിന്നു ചാന്ദ്നി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം വിജയ് കൃഷ്ണൻ, സംഗീതം എബി സാൽവിൻ, 2024 ജനുവരിയിൽ ചിത്രം തിയ്യേറ്ററിൽ എത്തും.

ടൊവിനോ തോമസ് നായകനായി എത്തുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ശബ്ദം പകർന്നു മോഹൻലാലും

0
നവാഗതനായ ജിതിൻ ലാൽ ടൊവിനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ശബ്ദ സാന്നിദ്ധ്യമായി മോഹൻലാലും എത്തുന്നു. ടൊവിനോ ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.സെപ്തംബർ...

‘പുലിമട’യില്‍ പതുങ്ങി ജോജു ചിത്രം ‘പുലിമട’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
ചിത്രത്തിന് ടാഗ് ലൈന്‍ ‘സെന്‍റ് ഓഫ് എ വുമണ്‍’ പെണ്ണിന്‍റെ സുഗന്ധം എന്നര്‍ത്ഥത്തിലാണ് കൊടുത്തിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി പുറത്തിറങ്ങാന്‍ പോകുന്ന ‘പുലിമടയില്‍ ഐശ്വര്യ രാജേഷും ലിജോമോളും നായികമാരായി എത്തുന്നു.