Friday, November 15, 2024

“മഞ്ഞു കാലം ദൂരെ മാഞ്ഞ”പോൽ മലയാള ഗാനങ്ങളുടെ ഓർമ്മയിലെ പുത്തൻ

പുത്തഞ്ചേരി എന്നാൽ ഗിരീഷ് പുത്തഞ്ചേരി. ആ പേരിന്‍റെ കൂടെ ചേർന്നു നടക്കാനായി മാത്രമാണ് കോഴിക്കോട് ജില്ലയിൽ പുത്തഞ്ചേരി എന്ന ഗ്രാമം ഉണ്ടായതെന്ന് പോലും തോന്നിപ്പോകും. ഗിരീഷ് എന്ന പേരിന്‍റെ കൂടെയാണ് ഇന്നും ഗ്രാമത്തിന്‍റെ പ്രശസ്തിയും അഭിമാനവും. മലയാള ചലച്ചിത്ര ഗാനങ്ങളുടെ ഒരു കാലഘട്ടത്തെ പേനത്തുമ്പിൽ ഏതാനും വാക്കുകൾ കൊണ്ട് കോറി വരഞ്ഞിട്ടു വിസ്മയം തീര്‍ത്ത കവി. അത് കവിതയായും പാട്ടായും പേരും പെരുമയും കേട്ടു. അത്രയും ജനപ്രിയ പാട്ടെഴുത്തുകാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്‌കാരം ഏഴു തവണ സ്വന്തമാക്കിയ കവി. സൗഹൃദബന്ധങ്ങളുടെ പൊട്ടാത്ത കണ്ണിയായിരുന്നു ഇദ്ദേഹം. കുട്ടിക്കാലം തൊട്ട് ബാലസംഘത്തിൽ നിത്യസാന്നിധ്യമായിരുന്നപ്പോൾ തന്നെ മലയാള സാഹിത്യത്തിലും എഴുത്തിലും കമ്പമുണ്ടായിരുന്നു. അന്ന് നാട്ടിൽ പ്രവർത്തിച്ചിരുന്ന ‘ചെന്തേര’എന്ന സാഹിത്യ കൂട്ടായ്മയിൽ അംഗമാകുകയും നാടകങ്ങൾ എഴുതി സംവിധാനം ചെയ്യുകയും ചെയ്തു. ആദ്യ കവിത ചെന്താരയുടെ ‘മോചനം’ എന്ന മാഗസിനിൽ പതിനാലാം വയസ്സിൽ അച്ചടിച്ച് വന്നു. ഗാനരചയിതാവ് മാത്രമല്ല, കവിയും തിരക്കഥാകൃത്തുമാണ് ഇദ്ദേഹം. ഇന്ത്യൻ പെർഫോമൻസ് റൈറ്റ്സ് സൊസൈറ്റിയുടെ ഭരണ സമിതി അംഗമായും ചുമതലയേറ്റു.

ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്തിൽ അച്ഛൻ കൃഷ്ണപ്പണിക്കരുടെ ജ്യോതിഷവും വൈദ്യവും സംസ്‌കൃത വ്യാകരണവും അമ്മ മീനാക്ഷിയുടെ കർണാടിക് സംഗീതവും കേട്ട് വളർന്ന ഗിരീഷിന്‍റെ എഴുത്തിനെയും വായനയേയും അതേറെ സ്വാധീനിച്ചു. ആകാശവാണി, തരംഗിണി പോലുള്ള റെക്കോർഡിങ് കമ്പനികൾക്ക് വേണ്ടി പാട്ടുകൾ എഴുതിക്കൊടുത്താണ് ചലച്ചിത്ര ഗാനരംഗത്തേക്കുള്ള ആദ്യത്തെ ചുവടുവെപ്പ് ഗിരീഷ് പുത്തഞ്ചേരിയുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. യു വി രവീന്ദ്രനാഥ് സംവിധാനം ചെയ്ത് 1990 ൽ പുറത്തിറങ്ങിയ എൻക്വയറി, ചക്രവാളത്തിനുമപ്പുറം തുടങ്ങിയ ചിത്രങ്ങളിൽ പാട്ടുകളെഴുതിയെങ്കിലും 1992ൽ ജയരാജ്‌ സംവിധാനവും രഞ്ജിത്ത് തിരക്കഥയുമൊരുക്കിയ ‘ജോണിവാക്കർ ‘എന്ന ചിത്രത്തിലെ “ശാന്തമി രാത്രിയിൽ “എന്ന പാട്ടിലൂടെ ഗിരീഷ് പുത്തഞ്ചേരി എന്ന പാട്ടെഴുത്തുകാരൻ മലയാള സിനിമക്ക് ചിരപരിചിതനായി.

“പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ പടി കടന്നെത്തുന്ന പദ നിസ്വനം…” പവിത്രമായ പ്രണയ ബന്ധത്തിന്‍റെ, അല്ലെങ്കിൽ അത്തരം പ്രണയ സങ്കല്പ്പങ്ങളെ ഏറ്റവും ലളിതമായി പറയാൻ പുത്തഞ്ചേരിക്ക് കഴിഞ്ഞിട്ടുണ്ട്. കമൽ സംവിധാനം ചെയ്ത ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്ത്’ എന്ന സിനിമയിൽ ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് വിദ്യാസാഗർ ആണ്. എത്ര ശ്രമിച്ചിട്ടും പുത്തഞ്ചേരിയുടെ കാവ്യ മനോഹരമായ ആ വരികൾക്ക് ഈണമിടാൻ വിദ്യാസാഗറിനു കഴിഞ്ഞില്ല. പുത്തഞ്ചേരിയുടേതാണെങ്കിൽ എത്രയോ വർഷങ്ങൾക്ക് ശേഷം കാണുന്ന സുന്ദരമായ അർത്ഥസമ്പുഷ്ടമായ വരികൾ. അതിലെ ഒരു വാക്ക് പോലും അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാൻ വിദ്യാസാഗർ സമ്മതിച്ചില്ല. പകരം പാട്ടിനിട്ടിരിക്കുന്ന തന്‍റെ ട്യൂൺ മാറ്റാം. അങ്ങനെ ആ പാട്ടിനു അദ്ദേഹം പുതിയൊരു ഈണമിട്ടു. അതാണ്‌ നമ്മളിപ്പോൾ കേൾക്കുന്ന “പിന്നെയും പിന്നെയും…” ഇഷ്ട്ടപ്പെട്ട പ്രണയഗാനസാഗരത്തിലെ ഒരു ചിപ്പി.

“കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്ത് ഞാൻ അമ്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു…” അന്നത്തെ അന്തിയിൽ അത്താഴ പാത്രത്തിൽ അമ്മതൻ കണ്ണീരോ തിളച്ചിരുന്നു…”, ജീവിതത്തിന്‍റെ ഏറ്റവും ദു:ഖകരമായ ആഴത്തിലേക്ക് ‘കഥാവശേഷനി’ലെ ഈ വരികൾ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. മഹാഭാരതത്തിൽ പൈമ്പാലെന്നു പറഞ്ഞു അമ്മ തന്ന അരിമാവ് കലക്കി കുടിച്ച അശ്വത്ഥാമാവിന്‍റെ കുട്ടിക്കാലവും അവന്‍റെ ദാരിദ്രവും സ്മരണയിലെത്തുന്നു. ഒരു പക്ഷെ മലയാള സിനിമയുടെ അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും നമ്മൾ കേട്ടാസ്വദിച്ച പാട്ടിന്‍റെ ലഹരി പുത്തഞ്ചേരിയുടെ ഈ വരികൾക്കുമുണ്ട്. നാട്ടിൻ പുറത്തിന്‍റെ നിഷ്കളങ്ക സ്നേഹത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും വിങ്ങൽ ആ വരികളുണ്ട്. ആ വിങ്ങൽ കണ്ടെടുക്കപ്പെട്ടു എന്നതാണ് ഒരു സംഗീതജ്ഞന്‍റെ വിജയവും. എം ജയചന്ദ്രൻ ഈണമിട്ട ഈ ഗാനം പാടിയിരിക്കുന്നത് പി ജയചന്ദ്രനും വിദ്യാധരൻ മാഷുമാണ്.അന്ന് അടിച്ചുപൊളി പാട്ടുകളുടെ ഇടയിൽ പുത്തഞ്ചേരിയുടെ ഈ ഗാനം അസാമാന്യ സൗന്ദര്യത്തോടെ വാണു.തനിക്ക് സംഗീത ജീവിതത്തിനിടയിൽ കിട്ടിയിട്ടുള്ള ഏറ്റവും വലിയ അംഗീകാരം എ ആർ റഹ്മാൻ എന്ന മ്യൂസിക്കൽ ജീനിയസ് അദ്ദേഹത്തിന്‍റെ സംഗീതത്തിൽ ‘ദിൽസേ’ എന്ന ഹിറ്റ് സിനിമയിലെ ഒരു ഹിന്ദി പാട്ടിൽ മലയാള വരികൾ എഴുതാൻ ക്ഷണിച്ചതാണ് .’ജിയ ചാലെ’ എന്ന തുടങ്ങുന്ന പാട്ടായിരുന്നു അത്. അതിനു ശേഷം റഹ്മാനും പുത്തഞ്ചേരിയും തമ്മിൽ ഇഴപിരിയാത്ത സൗഹൃദം എന്നും കാത്തു സൂക്ഷിച്ചു.

ഗ്രാമ സൗന്ദര്യത്തിന്‍റെ വിശുദ്ധിയും ജീവിതവും പുത്തഞ്ചേരിയുടെ വരികളിൽ നിറഞ്ഞു നിന്നു. പിന്നീട് ഇറങ്ങിയ അദ്ദേഹത്തിന്‍റെ മിക്ക പാട്ടുകളിലും ഗ്രാമീണ സംസ്‌കൃതിയുടെ പച്ചപ്പ് മിഴിവോടെ കാണാം. ഗിരീഷ് കണ്ട പുത്തഞ്ചേരിയുടെ മണ്ണിന്‍റെ മണമുണ്ട് ആ പാട്ടുകൾക്ക്. പ്രകൃതിയുടെ സംഗീതവും വിപ്ലവവുമുണ്ട്. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ നാട്ടിൻ പുറത്തെ ജീവിതം വളരെ മനോഹരമായി പുത്തഞ്ചേരി പാട്ടിലും അവതരിപ്പിക്കുന്നു. ജോൺസൻ മാഷ് ഈണമിട്ട് യേസുദാസ് ആലപിച്ച “ദേവകന്യക സൂര്യ തംബുരു മീട്ടുന്നു…” എന്ന പാട്ടിലെ ചില വരികളിൽ ഗ്രാമത്തെ അടയാളപ്പെടുത്തുന്നു.”നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മ മാത്രമളക്കുന്നു..”, “കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ” (സുജാത മോഹൻ), “പാതിരാപ്പുള്ളുണർന്നു…” (യേശുദാസ് ), “രാത്തിങ്കൾ പൂത്താലി ചാർത്തി (യേശുദാസ് ), “വൈഡൂര്യക്കമ്മലണിഞ്ഞു” (എം ജി ശ്രീകുമാർ, ചിത്ര, സുജാത )തുടങ്ങിയ പുത്തഞ്ചേരിയുടെ പാട്ടുകൾ ജനപ്രിയമാണ്. നിമിഷങ്ങൾ കൊണ്ട്, മിനുട്ടുകൾ കൊണ്ട് ഈണമനുസരിച്ച് പാട്ടുകൾ ചിട്ടപ്പെടുത്താൻ പ്രഗത്ഭനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന ചിത്രത്തിന് വേണ്ടി അഞ്ചു മിനിറ്റ് കൊണ്ടെഴുതിയ “എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു…”, ലളിത പദങ്ങൾ പ്രണയത്തെ അത്രയും ഭംഗിയോടെ ഗിരീഷ് ഒതുക്കി വെച്ചിരിക്കുന്നു, ശ്രീനിവാസ്, സുജാത, തുടങ്ങിയവർ പാടിയ ഈ ഗാനം ചിട്ടപ്പെടുത്തിയത് വിദ്യാസാഗർ ആണ്. “ചൂളമടിച്ചു കറങ്ങി നടക്കും “(ചിത്ര), “ഒരു രാത്രികൂടി വിടവാങ്ങവേ “(യേശുദാസ് , ചിത്ര, ), “കുന്നിമണി കൂട്ടിൽ കുറുങ്ങി”(എം ജി ശ്രീകുമാർ, ചിത്ര), “മാരിവില്ലിൻ ഗോപുരങ്ങൾ “(ബിജു നാരായണൻ , ശ്രീനിവാസ്), “കൺഫ്യൂഷൻ തീർക്കണമേ” (എം ജി ശ്രീകുമാർ )മീശമാധവനിലെ “കരിമിഴി കുരുവിയെ” (യേശുദാസ്, സുജാത ), തുടങ്ങിയവ പുത്തഞ്ചേരിയുടെ എക്കാലത്തെയും ഹിറ്റ്‌ പാട്ടുകളാണ്.

ചന്ദ്രോത്സവത്തിലെ “ആരാരും കാണാതെ ആരോമൽ…”, ഈ പാട്ട് മൂളാത്തവർ വിരളമായിരിക്കും. പി ജയചന്ദ്രൻ പുത്തഞ്ചേരിയുടെ വരികളുടെ അർത്ഥത്തിലേക്കിറങ്ങി ഭാവസാന്ദ്രമായി ആലപിച്ചിരിക്കുന്നു. ചിത്ര പാടിയ “പൊന്മുളം”, “മുറ്റത്തെത്തും തെന്നലേ” (യേശുദാസ് ), മലയാളത്തിലെ നിത്യഹരിത ഗാനങ്ങളാണ്. ശിക്കാറിലെ “എന്തടി എന്തടി”, (സുദീപ് കുമാർ, ചിത്ര), “ചെമ്പകമേ” (ശങ്കർ മഹാദേവൻ, മാലതി ലക്ഷ്മൺ), “പിന്നെ എന്നോടൊന്നും “(യേശുദാസ് ), രസികൻ എന്ന ചിത്രത്തിലെ “തൊട്ടുരുമ്മിയിരിക്കാൻ” (ദേവാനന്ദ്, സുജാത), “നീ വാടാ തെമ്മാടി” (വിധു പ്രതാപ്, ബിജു നാരായണൻ ), “മാരി മഴ ” (കാർത്തിക്, വീണ), കാക്കക്കറുമ്പൻ എന്ന ചിത്രത്തിലെ “ചെമ്പകമേ “(മധുബാലകൃഷ്ണൻ ), ‘ബസ് കണ്ടക്റ്റർ’ എന്ന ചിത്രത്തിലെ “ഏതോ രാത്രി “(യേശുദാസ് ), വാസ്തവത്തിലെ “നാഥാ “(ചിത്ര), “അകലെയിലെ “അകലെ “(കാർത്തിക് ),”ബനാറസിലെ “ചാന്ദ് തൊട്ടില്ലേ “(ശ്രേയ ഘോഷാൽ), മാടമ്പിയിലെ”എന്‍റെ ശാരികേ” (സുദീപ് കുമാർ, രൂപ), ‘ജനകൻ’ എന്ന ചിത്രത്തിലെ “ഒളിച്ചിരുന്നെ “(രാജലക്ഷ്മി), ‘പറഞ്ഞു തീരാത്ത വിശേഷങ്ങൾ’ എന്ന ചിത്രത്തിലെ “പാടാനും “(സുജാത ), ‘പ്രണയവർണ്ണങ്ങളി’ലെ “ആരോ വിരൽ “(യേശുദാസ് ),’ആറാം തമ്പുരാനി’ലെ “ഹരിമുരളീരവം “(യേശുദാസ് ), ‘ഡ്രീം’ എന്ന ചിത്രത്തിലെ “കണ്ണിൽ കാശി “(പി ജയചന്ദ്രൻ, ഗായത്രി ),മിന്നാരത്തിലെ “”ചിങ്കാര കിന്നാരം “(എം ജി ശ്രീകുമാർ, ചിത്ര), “പട്ടാളത്തിലെ “ആലിലക്കാവിലെ “(പി ജയചന്ദ്രൻ, സുജാത ), ‘നരസിംഹ’ത്തിലെ “ആരോടും ഒന്നും” (പി. ജയചന്ദ്രൻ, സുജാത ), ‘മീനത്തിൽ താലികെട്ടിലെ “ദൂരെ ദൂരെ ഒരു താരo “(യേശുദാസ്, ചിത്ര ), ഈ പറക്കും തളികയിലെ “കുടമുല്ലകമ്മലണിഞ്ഞ” (യേശുദാസ്) തുടങ്ങിയ പാട്ടുകൾ ഇന്നും നിത്യ ഹരിത ഗാനങ്ങളാണ്.

ദേവാസുരത്തിലെ”സൂര്യ കിരീടം വീണുടഞ്ഞു”, “മേടപ്പൊന്നണിയും…”, രാവണപ്രഭുവിലെ “ആകാശ ദീപങ്ങൾ സാക്ഷി “, “നനന്ദനത്തിലെ “ശ്രീലവസന്തം”, “കാർമുകിൽ വർണ്ണന്‍റെ”, “മൗലിയിൽ മയിൽ‌പ്പീലി ചാർത്തി”, “ഗൗരിശങ്കരത്തിലെ “കണ്ണിൽ കണ്ണിൽ മിന്നും”, “ഉറങ്ങാതെ രാവുറങ്ങിലാ”..വടക്കുംനാഥനിലെ “ഗംഗേ… തുടി യിൽ “, “കള ഭം തരാം “..”ഒരു കിളി പാട്ട് മൂളവേ “തുടങ്ങിയ പുത്തഞ്ചേരിയുടെ മെഗാഹിറ്റ് ഗാനങ്ങൾ എങ്ങനെ എളുപ്പം മറക്കാൻ കഴിയും? ഹിറ്റ്ലറിലെ മാരിവിൽ പൂങ്കുയിലേ “(അരുന്ധതി ), മനസ്സിനക്കരെയിലെ “മറക്കുടയാൽ “(എം ജി ശ്രീകുമാർ ), “മെല്ലെയൊന്ന് പാടി നിന്നെ “(യേശുദാസ് ), റൺവേയിലെ “പുലരിയിൽ ഒരു ” (ചിത്ര), കാശ്മീരത്തിലെ “പോര് നീ വാരിളം “(ചിത്ര), മിസ്റ്റർ ബ്രഹ്മചാരിയിലെ “നിന്നെ കണ്ടാൽ നിലാവിൽ “(സുജാത ), അഗ്നിദേവനിലെ “നിലാവിന്‍റെ നീലഭസ്മ”(എം ജി ശ്രീകുമാർ ), ‘ഗ്രാമഫോണി’ലെ”എന്തെ ഇന്നും വന്നീലാ” (പി ജയചന്ദ്രൻ, ജി മോൻ, കെ ജെ യേശുദാസ് ),”വിളിച്ചതെന്തിന് നീ”, “പൈക്കറുമ്പിയെ മേയ്ക്കും “(ബൽറാം, സുജാത ), കലാപാനിയിലെ “ആറ്റിറമ്പിലെ കൊമ്പിലെ “(എം ജി ശ്രീകുമാർ ചിത്ര), ഒരു മറവത്തൂർ കനവിലെ “കന്നിനിലാ പെൺ “(ബിജു നാരായണൻ, സുജാത ), “കരുണാമയനെ “(യേശുദാസ് ), “സുന്ദരിയെ സുന്ദരിയേ “(യേശുദാസ്, കുപ്പു സ്വാമി, സുജാത )….”അങ്ങനെ എത്രയെത്ര സുന്ദരഗാനങ്ങൾ കൊണ്ട് ഗിരീഷ് പുത്തഞ്ചേരി മലയാള സിനിമയെ സമ്പന്നമാക്കിയിരിക്കുന്നു.ജനപ്രിയവും ലളിത സുന്ദരവുമായ ആർക്കും എളുപ്പം വഴങ്ങുന്ന ഗാനങ്ങൾ…ഇന്നും മലയാളികൾ ആ പാട്ടിൽ ലയിക്കുന്നുണ്ട് ; ഒരു പക്ഷെ പാട്ടെഴുത്തുകാരനിലും.

പാട്ടിൽ മാത്രമല്ല, നല്ല കഥപറയാനും മിടുക്കനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. പല ചിത്രങ്ങളും സംവിധാനം ചെയ്യാൻ ആഗ്രഹിച്ചെങ്കിലും അതൊക്കെ ഉപേക്ഷിക്കേണ്ടി വന്നു. ജീവിതത്തിന്‍റെ അവസാന നാളുകളിൽ മോഹൻലാലിനെ നായകനാക്കി സ്വന്തം തിരക്കഥയിലും സംവിധാനത്തിലും ‘രാമൻ പോലിസ്’ എന്ന സിനിമ ചെയ്യാനുള്ള തിരക്കിലായിരുന്നു ഗിരീഷ് പുത്തഞ്ചേരി. എന്നാൽ ജീവിതവും സിനിമയും പാട്ടുമെല്ലാം പെട്ടെന്ന് ഉപേക്ഷിച്ചു അദ്ദേഹം എന്നന്നേക്കുമായി ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയി. അതിനിടയി ൽ ജീവിതത്തിൽ സിനിമയിൽ ചിലവഴിച്ച ചുരുങ്ങിയ കാലത്തിനുള്ളിൽ ആയിരത്തി അറുന്നൂറോളം പാട്ടുകളെഴുതി എന്നത് അത്ഭുതമാണ്. അതിൽ ഭൂരിപക്ഷവും സൂപ്പർ ഹിറ്റ്. അതിൽ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന അവാർഡ് ഏഴെണ്ണം ലഭിച്ചു. അഗ്നിദേവൻ (1995), കൃഷ്ണ ഗുഡിയിൽ ഒരു പ്രണയ കാലത്ത് (1997), പുനരധിവാസം (1999), രാവണ പ്രഭു (2001), നന്ദനം(2002), ഗൗരിശങ്കരം (2003) എന്നി പുരസ്‌കാരങ്ങൾ. ഷഡ്ജം, തനിച്ചല്ല, എന്‍റെ പ്രിയപ്പെട്ട പാട്ടുകൾ എന്നിവയാണ് ഗിരീഷ് പുത്തഞ്ചേരിയുടെ കവിതാസമാഹാരങ്ങൾ. മേലെ പറമ്പിൽ ആൺ വീട്, വടക്കുംനാഥൻ, കേരള ഹൌസ് ഉടൻ വില്പനയ്ക്ക്, ഇക്കരെയാണെന്‍റെ മാനസം, അടിവാരം, പല്ലാവൂർ ദേവനാരായണൻ, ഓരോ വിളിയും കാതോർത്ത്, കിന്നരിപ്പുഴയോരം ബ്രഹ്മരക്ഷസ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ എഴുതി.

ആയിരത്തി അറുന്നൂറിലേറെ ഗാനങ്ങൾ കൊണ്ട് മുന്നൂറ്റി നാല്പത്തി നാല് ചിത്രങ്ങളെ തന്‍റെ ലളിത സുന്ദരങ്ങളായ ഗാനങ്ങൾ കൊണ്ട് ഗിരീഷ് പുത്തഞ്ചേരി സമ്പന്നമാക്കി. വിശാലമായ സൗഹൃദ ബന്ധത്തിന്‍റെ ആഴങ്ങളിലൂടെ ഒഴുകി നടന്ന ഗിരീഷ് തന്‍റെ ഗാനങ്ങളിൽ താൻ കണ്ട കാഴ്ചകളെ കാല്പനികതയോടെ വർണ്ണിച്ചു. ജീവിതത്തിൽ ശാരീരികമായും മാനസികമായും ആർജിച്ചെടുത്ത സകല കാഴ്ചകളെയും അനുഭവങ്ങളെയും അദ്ദേഹം പാട്ടെഴുതിപ്പാടി.’ ആഭേരിരാഗം കേട്ട് മരിക്കുന്നത് മോക്ഷമാണെ’ന്ന് അദ്ദേഹം വിശ്വസിക്കണമെങ്കിൽ ആ പാട്ടെഴുത്തുകാരന്‍റെ ജീവിതം സംഗീതത്തിലും കവിതയിലും എത്ര സാർത്ഥകമായിരിക്കണം? അര്‍ത്ഥങ്ങൾ തേടി അലയാനുള്ള ആഴങ്ങളല്ല, ഒറ്റ നോട്ടത്തിൽ നോക്കുമ്പോൾ ശുദ്ധ ജലാശയത്തിന്‍റെ സുന്ദരമായ അടിത്തട്ട് കാണിച്ചു തരുന്നത് പോലെയാണ് അദ്ദേഹത്തിന്‍റെ പാട്ടുകളും. അതിൽ ഒറ്റ വായനയിൽ തന്നെ മുത്തും പവിഴവും കണ്ടെത്താൻ കഴിയുന്നു. എം ജയചന്ദ്രൻ, വിദ്യാസാഗർ, രവീന്ദ്രൻ മാഷ് എന്ന സംഗീതജ്ഞരിലൂടെ മലയാള സിനിമയുടെ ഗാനപ്രപഞ്ചത്തിൽ ഗിരീഷ് പുത്തഞ്ചേരി വൻവൃക്ഷമായി വളർന്നു. അദ്ദേഹം വിട പറഞ്ഞു 12 വർഷങ്ങൾക്ക് ശേഷം തന്‍റെ മരണത്തിനു മുൻപ് സംഗീത സംവിധായകൻ കൈലാസ് മേനോന് എഴുതിക്കൊടുത്ത ‘മഞ്ഞു കാലം ദൂരെ മാഞ്ഞു ‘ എന്ന പാട്ട് ‘ഫൈനൽസ്’ എന്ന സിനിമയിലൂടെ പുറത്തിറങ്ങി. മലയാളികൾ വീണ്ടും യാത്രപറയാതെ ഒരു സുപ്രഭാതത്തിൽ ഇറങ്ങിപ്പോയ എഴുത്തുകാരന്‍റെ പാട്ട് വീണ്ടും മലയാളികള്‍ നോവോടെ മൂളി. “മഞ്ഞുകാലം ദൂരെ മാഞ്ഞു… മിഴിനീർ സന്ധ്യ മാഞ്ഞു……”

spot_img

Hot Topics

Related Articles

Also Read

പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി; വിശേഷങ്ങള്‍ പങ്ക് വെച്ച് മോഹന്‍ലാല്‍

0
മോഹന്‍ലാല്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായി. മലയാളത്തിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ കന്നഡ, ഹിന്ദി ഭാഷകളിലുള്ള മൊഴിമാറ്റം അടുത്ത വര്‍ഷം പ്രദര്‍ശനത്തിന് എത്തും

ആവേശമായി ‘പെരുമാനി’ തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്നു

0
മെയ് 10 ന് തിയ്യേറ്ററുകളിൽ എത്തിയ ‘പെരുമാനി’ ഗംഭീര പ്രദർശനം തുടരുന്നു. പെരുമാനി എന്ന ഗ്രാമവും അവിടത്തെ ജനതയും കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെ പ്രമേയമാക്കിക്കൊണ്ട് മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്  ‘പെരുമാനി.’

തെയ്യക്കഥ പറയുന്ന ടീസറുമായി മുകള്‍പ്പരപ്പ്; മാമുക്കോയ അവസാനമായി അഭിനയിച്ച സിനിമ

0
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനില്‍ സൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന മുകള്‍പ്പരപ്പിന്‍റെ ടീസര്‍ പുറത്തിറങ്ങി. അന്തരിച്ച മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് മുകള്‍പ്പരപ്പ്.

‘കപ്പേള’യ്ക്ക് ശേഷം ‘മുറ’യുമായി മുഹമ്മദ് മുസ്തഫ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

0
തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കഥാപശ്ചാത്തലമായതിനാൽ ചിത്രത്തിലെ മിക്ക അഭിനേതാക്കളും തിരുവനന്തപുരത്തുകാരാണ്. കപ്പേള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വ്യത്യസ്തമായ പ്രേമയവുമായാണ്  മുഹമ്മദ് മുസ്തഫ മുറയുമായി എത്തിയിരിക്കുന്നത്.

‘AD19’ കുണ്ടില്‍ അഹമ്മദ് കുട്ടിയുടെ ജീവിചരിത്ര സിനിമ ശ്രദ്ധേയമാകുന്നു

0
ഏറനാട്ടിലെ ജന്‍മിത്തത്തിനും ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കുമെതിരെ 1921- ല്‍ ധീരമായി പോരാടി 14 വര്‍ഷത്തോളം സെല്ലുലാര്‍ ജയില്‍ശിക്ഷയനുഭവിച്ച  സ്വാതന്ത്ര്യസമര സേനാനി യിലൊരാളായ കുണ്ടില്‍ അഹമ്മദ് കുട്ടിയുടെ ജീവചരിത്രമാണ് ‘AD19’എന്ന ചിത്രത്തില്‍.