മമ്മൂട്ടി നായകനായി അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം ടർബോ ഇനി അറബിയിലും റിലീസാകുവാൻ ഒരുങ്ങുന്നു. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. മെയ് മാസത്തിൽ റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷകർക്കിടയിൽ വൻ വിജയമായിരുന്നു. ഓഗസ്ത് രണ്ടിനാണ് ടർബോയുടെ അറബി പതിപ്പുകൾ തിയ്യേറ്ററിൽ എത്തുക. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച അഞ്ചാമത്തെ ചിത്രമാണ് ടർബോ. അറബിയിൽ ചിത്രത്തിന്റെ ട്രയിലർ പുറത്ത് വിട്ടു. 17 ഡബ്ബിങ് ആർട്ടിസ്റ്റുകൾ ചേർന്നാണ് അറബിയിൽ ഈ ചിത്രത്തിൽ സംഭാഷണം ഉൾക്കൊള്ളിച്ചിരികുന്നത്. സമദ് ട്രൂത്ത് നേതൃത്വം നല്കുന്ന ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ഈ ചിത്രം ഗൾഫ്നാടുകളിൽ പ്രചരിപ്പിക്കുക.
70 കോടി ബജറ്റിൽ നിർമ്മിച്ച ടർബോ ഒരു ആക്ഷൻ കൊമേർഷ്യൽ ചിത്രമാണ്. ടർബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. തെലുങ്ക് നടൻ സുനിൽ, കന്നഡ നടൻ രാജ് ബി ഷെട്ടി, തുടങ്ങിയവരും പ്രധാന വേഷത്തിൽഅഭിനയിച്ചിട്ടുണ്ട്. വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ, സംഗീതം ജസ്റ്റിൻ വർഗീസ്.