മണികണ്ഠൻ പട്ടാമ്പിയും സലീം ഹസ്സനും ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പഞ്ചായത്ത് ജെട്ടി’യുടെ ചിത്രീകരണത്തിന് തുടക്കമിട്ടു. മഴവിൽ മനോരമയിലെ മറിമായം എന്ന ശ്രദ്ധേയ പരമ്പരയിലെ താരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം എന്ന സംവിശേഷത കൂടിയുണ്ട് പഞ്ചായത്ത് ജെട്ടിക്ക്. ഡിസംബർ 18 തിങ്കളാഴ്ച കലൂർ ഐ എം എ ഹാളിൽ വെച്ചാണ് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ ഒത്തുചേർന്നത്. സംവിധായകൻ സത്യൻ അന്തിക്കാട് ഭദ്രദീപം കൊളുത്തുകയും തുടർന്ന് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നല്കി. ലാൽ ജോസ്, ലിബർട്ടി ബഷീർ, സലീം കുമാർ, ഷാഫി, എ കെ സാജൻ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
സാമൂഹ്യ വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ച് രസകരമായ രീതിയിൽ അവതരിപ്പിക്കുന്ന പരിപാടിയാണ് മറിമായം. മറിമായത്തിലെ സലിം ഹസ്സൻ, മണികണ്ഠൻ പട്ടാമ്പി, വിനോദ് കോവൂർ, അരുൺ പുനലൂർ, ആദിനാട് ശശി, വീണ നായർ, കുളപ്പുള്ളി ലീല, ഷൈനി സാറാ, പൌളി വത്സൻ, സേതുലക്ഷ്മി, ഉണ്ണി നായർ, നിയാസ് ബക്കർ, മണി ഷോർണ്ണൂർ, സജിൻ, ശെന്തിൽ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, രാഘവൻ, റിയാസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. പഞ്ചവർണ്ണ തത്ത, ആനക്കള്ളൻ, ആനന്ദം പരമാനന്ദം, പുലിവാൽ കല്യാണം എന്നീ ചിത്രങ്ങൾ ഇവർ നിർമ്മിച്ചിട്ടുണ്ട്. ഗാനങ്ങൾ സന്തോഷ് വർമ്മ, സംഗീതം രഞ്ജിൻ രാജ്, ഛായാഗ്രഹണം ക്രിഷ് കൈമൾ, എഡിറ്റിങ് ശ്യാം ശശിധരൻ. കൊച്ചി കലൂർ ഐ എം എ ഹാളിൽ ഡിസംബർ 18 ന് തിങ്കളാഴ്ച രാവിലെ ചിത്രത്തിന് തുടക്കം കുറിക്കും. ഡിസംബർ 19 മുതൽ ചെറായിയിലും പരിസരങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിക്കും.