മലയാള സിനിമ കയ്യൊപ്പ് ചാര്‍ത്തിയ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്‍റെ തമിഴ് പതിപ്പ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായ ചന്ദ്രമുഖി 2 വില്‍ നാഗവല്ലിയായി കങ്കണ റണൌട്ട് എത്തുന്നു. 2005 ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖിയില്‍ രാജനീകാന്തും ജ്യോതികയും പ്രഭുവും നയന്‍താരയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചന്ദ്രമുഖി 2 ല്‍ കങ്കണ റണൌട്ടും രാഘവ ലോറന്‍സുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്കരന്‍ നിര്‍മ്മിച്ച് പി വാസുസംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് ഓസ്കര്‍ പുരസ്കാര ജേതാവ് എം എം കീരവാണിയാണ്.
ഛായാഗ്രഹണം ആര്‍ ഡി ശേഖരും ചിത്രസംയോജനം ആന്‍റണിയും വരികള്‍ യുഗ ഭാരതിയും മദന്‍ കാര്‍ക്കിയും വിവേകും ചൈതന്യ പ്രസാദും നിര്‍വഹിക്കുന്നു. ദേശീയ പുരസ്കാരം ലഭിച്ച തോട്ടതരണി പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിക്കുന്നു. ചിത്രത്തില്‍ വിഘ്നേഷ്, സുഭിഷ, വടിവേലു, മഹിമ നമ്പ്യാര്‍, ലക്ഷ്മി മേനോന്‍, രവിമരിയ, സൃഷ്ടി ദങ്കെ, സായ് അയ്യപ്പന്‍, വൈജി മഹേന്ദ്രന്‍, രാധിക ശരത്, സുരേഷ് മേനോന്‍, ശത്രു, ടി ആര്‍ എം കാര്‍ത്തിക്, തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ജീവിതത്തില്‍ ആദ്യമായി താന്‍ അവസരം ചോദിച്ച സിനിമയായിരുന്നു ചന്ദ്രമുഖി. എന്‍റെ അഭിനയ ജീവിതത്തില്‍ ചന്ദ്രമുഖി 2 പോലെയൊരു സിനിമ ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ ആരോടും അവസരങ്ങള്‍ ചോദിച്ചിട്ടില്ല. ആദ്യമായ് ഞാന്‍ അവസരം ചോദിച്ചതു സംവിധായകന്‍ പി വാസുസാറിനോട് ആണ്. അദ്ദേഹം എന്‍റെ റോളിനൊപ്പം എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യം നല്കി’ ചെന്നൈയില്‍ നടന്ന ചിത്രത്തിന്‍റെ പ്രീ ലോഞ്ചിങ് ചടങ്ങില്‍ കങ്കണ പറഞ്ഞു.
ചന്ദ്രമുഖി 2 പോലെയൊരു സിനിമ അഭിനയ ജീവിതത്തോട് ചേര്‍ത്ത് വെക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് രാഘവ ലോറന്‍സ് പറഞ്ഞു. ‘വമ്പന്‍ താരനിരയുമായി മാത്രം സിനിമകള്‍ ചെയ്യുന്ന സുബാസ്കരന്‍ സര്‍ എന്നെ വെച്ചു സിനിമകള്‍ ചെയ്യുമോ എന്നത് എനിക്കു അതിശയമായിരുന്നു. സംവിധായകന്‍ വാസുസാറിന് നാല്പതു വര്‍ഷത്തെ പരിചയസമ്പത്തുണ്ട്. ഞാന്‍ ഒരു ഡാന്‍സര്‍ ആയി എത്തുമ്പോള്‍ തന്നെ അദ്ദേഹം ഒരു ഹിറ്റ് സംവിധായകനായിരുന്നു. കങ്കണ മാഡം ചിത്രത്തില്‍ നായികയായി എത്തുന്നത് അറിഞ്ഞപ്പോള്‍ തന്നെ ഞെട്ടലായിരുന്നു. പരിചയപ്പെടുന്നതിന് മുന്‍പ് എനിക്കു പേടിയായിരുന്നു. പിന്നീട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി’. രാഘവ ലോറന്‍സ് ചടങ്ങില്‍ പറഞ്ഞു.