മലയാള സിനിമയിലേക്ക് നവീനമായ സംവിധാനശൈലിയുമായി കടന്നു വന്ന നവാഗത സംവിധായകനാണ് സലിം അഹമ്മദ്. അദ്ദേഹത്തിന്‍റെ ചലച്ചിത്ര ഭാഷയിൽ നിറഞ്ഞു നിന്ന കല സിനിമയിൽ പുതിയൊരു വഴിത്തിരിവായി. കഥയിലെ വ്യത്യസ്തത കൊണ്ടും ആഖ്യാന ശൈലി കൊണ്ടും പ്രേക്ഷക സ്വീകാര്യതയും നിരൂപക ശ്രദ്ധയും നേടാൻ സലിം അഹമ്മദിന്‍റെ ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ’ആദാമിന്‍റെ മകൻ അബു’ എന്ന ആദ്യത്തെ ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായ ഇരിപ്പിടം സ്വന്തമാക്കാൻ സലിം അഹമ്മദ് എന്ന നവാഗത സംവിധായകന് കഴിഞ്ഞിട്ടുണ്ട്.’പത്തേമാരി’ എന്ന സിനിമയിൽ പങ്കുവെക്കുന്നത് സ്വർഗ തുല്യമെന്ന് പുറം ലോകം കരുതുന്ന പ്രവാസികളുടെ ജീവിതവും കഷ്ടപ്പാടുകളെക്കുറിച്ചുമാണ്.’സാഫല്യം’ എന്ന സിനിമയുടെ സഹസംവിധായകനായി നിന്ന സലിം അഹമ്മദ് സൂര്യ ടീവിയിലെ ‘രസിക രജാ നമ്പർ വൺ’ എന്ന ഹാസ്യ പരമ്പര സംവിധാനം ചെയ്തിട്ടുണ്ട്.
കേരളത്തിന്‍റെ മലബാർ മേഖലയിൽ സാധാരണക്കാരന്‍റെ ജീവിതം പറയുന്ന സിനിമയാണ് ‘ആദാമിന്‍റെ മകൻ അബു’. അബുവെന്നും ഐശുവെന്നും പേരായ രണ്ട് ദമ്പതികളുടെ ജീവിതമാണ് ചിത്രത്തിലെ പ്രമേ യം. പ്രായമേറിവരുമ്പോൾ മനുഷ്യർ ഈശ്വരസാക്ഷാത്കാരത്തിനായി ആരാധനാലയങ്ങളിൽ പുണ്യദർശനം നടത്തുവാൻ ആഗ്രഹിക്കുന്നതും അതിനായുള്ള പരിശ്രമങ്ങളും പ്രതിസന്ധികളുമാണ് പ്രമേയം. അബുവിനു അത്തറു വിൽപ്പനയാണ് ജോലി.ഐശുമ്മ കോഴികളെയും കന്നുകാ ലികളെയും വളർത്തുന്നു. അബുവിന്‍റെ കച്ചവടം പഴയത് പോലെ നടക്കുന്നില്ല. പരമ്പരാഗത ഉൽപ്പന്നങ്ങൾ കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച് കലഹരണപ്പെട്ടതാണെന്ന് പിന്നീട് അബു തിരിച്ചറിയുന്നു.
പലരും പണമായി സഹായിക്കാം എന്ന് ഏറ്റെങ്കിലും അബു അതൊക്കെ നിരസിക്കുന്നു.ഇസ്ല്ലാം മത വിശ്വാസപ്രകാരം ആരോടും കടം വാങ്ങുകയോ, കടപ്പാട്, ദേഷ്യം മുതലായ വികാരങ്ങൾ വെച്ചു സൂക്ഷിക്കുകയോ ചെയ്യരുത് എന്നാണ്. അബുതന്‍റെ മതത്തിലെ സത്യവിശ്വാസിയായ ഇസ്ലാമാണ്. ഒടുവിൽ മുറ്റത്തെ പ്ലാവ് വിൽക്കാൻ അബു തീരുമാനിക്കുന്നു. പ്ലാവ് മോശമാണെന്നും ഉദ്ദേശിച്ച വില ലഭിക്കില്ലെ ന്നും മരം വാങ്ങാനെത്തിയ ജോൺസൺ പറയുന്നു.എങ്കിലും മക്കയിലേക്ക് തീർത്ഥാടനത്തിന് പോകാനല്ലേ പൈസ തരാം എന്ന് അയാൾ പറഞ്ഞെങ്കിലും അബു നിരസിച്ചു. അത് ഹലാലായിരിക്കില്ലയെന്നും ദൈവനിന്ദയാകുമെന്നും അബു വിശ്വസിക്കുന്നു. മക്കയിലേക്കുള്ള ഹജ്ജ് തീർത്ഥാടന യാത്ര അബു ഒഴിവാക്കുന്നു.
മനുഷ്യനെപ്പോലെ മറ്റ് ജീവജാലങ്ങൾക്കും പ്രാണനും പ്രാണ വേദനയുമുണ്ടാകുമെന്ന് അബു ചിന്തിച്ചു. അടുത്ത വർഷം ഇനി ഹജ്ജിനു പോകാമെന്നു തീരുമാനിച്ച അബു പുതിയ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുകയും തന്‍റെ ദൈനം ദിന ജീവിതം തുടരുകയും ചെയ്യുന്നു.
മതത്തിനും ജാതിക്കുമതീതമായി മനുഷ്യബന്ധം വേരുറച്ചു നിന്ന സൗഹൃദത്തിന്‍റെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്‍റെ പച്ചപ്പ് വിതാനിച്ചു നിൽക്കുന്ന അമൂർത്തതയും അടിയുറച്ച മതവിശ്വാസത്തെ മറികടന്നു ചിന്തിക്കാനും പ്രവർത്തിക്കാനും ഭയപ്പെടുന്ന സാധാരണക്കാരനും വൃദ്ധനുമായ ഭക്തന്‍റെ ജീവിത പശ്ചാത്തലതത്തെ സൂക്ഷ്മമായി ക്യാമറയിലേക്ക് ഒപ്പിയെടുക്കാൻ സലിം അഹമ്മദിന് കഴിഞ്ഞിട്ടുണ്ട്. മാനുഷിക മൂല്യങ്ങൾ കടന്നു വരുന്ന, പരിസ്ഥിതിയെയും സഹജീവികളെയും ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ചുരുക്കം ചില മനുഷ്യരെയും ചിത്രത്തിൽ അടയാളപ്പെടുത്തുന്നു. മനുഷ്യൻ മനുഷ്യനോടും അവൻ പ്രകൃതിയോടും പലപ്പോഴായി സന്ധി ചേരുകയും ഐക്യപ്പെടുകയും ചെയ്യേണ്ടി വരുന്ന പല സന്ദർഭങ്ങളുമുണ്ട്. അത്തരം സാധാരണമായ സന്ദർഭങ്ങളിലൂടെ ഗ്രാമീണ സാമൂഹിക ജീവിതം സാഹചര്യങ്ങളെ സിനിമയിൽ ഉൾക്കൊള്ളിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
2010 ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സിനിമയാണ് സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്‍റെ മകൻ അബു. ഈ ചിത്രത്തിനു ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സലിം കുമാർ (അബു), ഐശുമ്മ (സറീന വഹാബ് ), മുകേഷ് (അഷ്‌റഫ് ), കലാഭവൻ മണി (ജോൺസൺ ), തമ്പി ആന്‍റണി (ഉസ്താദ് ), നെടുമുടി വേണു (ഗോവിന്ദൻ മാസ്റ്റർ), സുരാജ് വെഞ്ഞാറമൂട് (ഹൈദർ )എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു.
ഛായാഗ്രഹണം മധു അമ്പാട്ടും പശ്ചാത്തലസംഗീതം ഐസക് തോമസ് കൊട്ടകപ്പള്ളിയും രമേശ് നാരായണനും നിർവഹിച്ചു. റഫീഖ് അഹമ്മദിന്‍റെ രചനയിൽ രമേശ് നാരായണൻ ഈണമിട്ട ഗാനങ്ങൾ പ്രേക്ഷകർ സ്വീകരിച്ചു. “കിനാവിന്‍റെ മിനാരത്തിൽ “(ആലാപനം:ഹരിഹരൻ ),”മക്കാ മദീനത്തിൽ”(ആ ലാപനം :ശങ്കർ മഹാദേവൻ,രമേശ് നാരായണൻ ), “മുത്തോളക്കുന്നത്തെ” (ആലാപനം:സുജാത) എന്നിവയാണ് ചിത്രത്തിലെ ഗാനങ്ങൾ. ആദാമിന്‍റെ മകൻ അബു(2010), കുഞ്ഞനന്തന്‍റെ കട(2013), പത്തേമാരി (2015), ആൻ ഡ് ദി ഓസ്കർ ഗോസ് ടു (2019) എന്നിവ സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രങ്ങളാണ്.