മലയാള സിനിമയിലേക്ക് ദിലീഷ് പോത്തന്‍- ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ സൃഷ്ട്ടിക്കുന്ന തരംഗം പ്രേക്ഷകരിലേക്ക് എത്തുന്നത് തിരകളടങ്ങാത്ത കടലിന് സമാനമായിട്ടാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ സംവിധായകന്‍ ദിലീഷ് പോത്തന്‍, തിരക്കഥ ശ്യാം പുഷ്ക്കരന്‍…മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക് കടന്നു വന്ന ദിലീഷ് പോത്തന്‍ ചിത്രങ്ങളെ ‘പോത്തേട്ടന്‍ ബ്രില്ല്യന്‍സ് ‘ എന്നു പ്രേക്ഷകര്‍ വിളിച്ചു.
മലയാള സിനിമ മറ്റൊരു സുവര്‍ണ കാലത്തില്‍ അടയാളപ്പെടുന്നത് ദിലീഷ് പോത്തന്‍റെ ചിത്രങ്ങളിലൂടെ കാണാം. ബാക്കി വെച്ചുപോകുന്ന അപൂര്‍ണതയുടെ അവശേഷിപ്പുകളല്ല, പൂര്‍ണതയുടെ ശക്തമായ അടിത്തറയാണ് അദ്ദേഹത്തിന്‍റെ സംവിധാന മികവിനെ ‘ബ്രില്ല്യന്‍റാ’ക്കുന്നത്. തന്‍റെ സിനിമയുടെ ഓരോ അരികുകളിലും ചലച്ചിത്ര ഭാഷ്യയുടെ സൂക്ഷ്മമായ നിര്‍മാണ പ്രക്രിയയിലുള്ള അദ്ദേഹത്തിന്‍റെ കഴിവ് പ്രശംസനീയം തന്നെ.
സംവിധാനം ചെയ്ത സിനിമകളെല്ലാം വിരലിലെണ്ണാവുന്നതാണെങ്കിലും എല്ലാം ഒന്നിനോടൊന്ന് മെച്ചമായിരുന്നു. സിനിമാ പഠനങ്ങളില്‍ പോലും ദിലീഷ് പോത്തന്‍ സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടു, ചര്‍ച്ച ചെയ്യപ്പെട്ടു. കാഴ്ചയുടെ വ്യത്യസ്താനുഭവങ്ങളെ അനുഭവിപ്പിക്കുന്നതാണ് ദിലീഷ് പോത്തന്‍ ചിത്രങ്ങളും കഥാപാത്രങ്ങളും. പോത്തേട്ടന്‍സ് സിനിമകള്‍ ടൈം പാസ് ആയല്ല, ഒരു പാഠപുസ്തകമെന്നോണമാണ് നമുക്ക് മുന്നില്‍ തെ ളിഞ്ഞു വരുന്നത്.
കോവിഡ് മഹാമാരി കാലത്ത് ഒ ടി ടി പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്നത് ദിലീഷ് പോത്തന്‍- ഫഹദ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്. അദ്ദേഹത്തിന്‍റെ ഓരോ ചിത്രങ്ങള്‍ക്കും ഓരോരോ ജീവിത കഥ പറയുവാനുണ്ട്. ഓരോ സിനിമയിറക്കുന്നതിലും കൃത്യതയുണ്ട്, ദിലീഷ് പോത്തന്. കൃത്യമായ ഇടവേളകളില്‍ ആസ്വാദ്യകരമായ സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്കാന്‍ വേണ്ടി തൃപ്തികരമാം വണ്ണം നിര്‍മ്മിക്കാന്‍ കഴിയുന്നു എന്നതാണു പ്രധാനമായ മറ്റൊരു വസ്തുത. ഓരോ വര്‍ഷത്തെ കൃത്യമായ ഇടവേളകളില്‍ അദ്ദേഹം സൃഷ്ടിച്ചെടുക്കുന്ന സിനിമകള്‍ മലയാള സിനിമയ്ക്കു നാഴികക്കല്ലായിരുന്നു.
സിനിമ സംവിധാനം ചെയ്യുന്ന രണ്ടു വര്‍ഷത്തെ ഇടവേളകളില്‍ ചലച്ചിത്ര ലോകത്ത് സജീവമായിക്കൊണ്ട് അദ്ദേഹം കൃത്യമായി മറ്റ് സിനിമകളെ ആസ്വദിച്ചു. 2017 ലെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ മുതല്‍ തിരക്കുള്ള സംവിധായകനായി വളര്‍ന്നു ദിലീഷ് പോത്തന്‍. സാങ്കേതികപരമായും ഒത്തിരി മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് ഇദ്ദേഹത്തിന്‍റെ മിക്ക സിനിമകളിലും. ‘ജോജി’യിലും ‘മഹേഷിന്‍റെ പ്രതികാര’ത്തിലും ‘മാലിക്കി’ലും ഫഹദിന്‍റെ അഭിനയ മികവുയര്‍ത്തുന്ന ചാരുത ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ ആസ്വദിച്ചു. ഫഹദ് ഫാസില്‍- ദിലീഷ് പോത്തന്‍- ശ്യാം പുഷ്ക്കരന്‍ കൂട്ടുകെട്ട് ഒന്നിച്ചപ്പോള്‍ ‘ജോജി ‘പിറന്നു. നിറഞ്ഞ കയ്യടികളോടെയാണ് ജോജി വരവേല്‍ക്കപ്പെട്ടത്. കൂടുതല്‍ നിരൂപക പ്രശംസയും വിമര്‍ശനങ്ങളും നേരിട്ട ചിത്രം കൂടിയായിരുന്നു ജോജി. വിശ്വസാഹിത്യത്തിലെ തന്നെ വിഖ്യാതനായ വില്യം ഷേക്സ്പിയറിന്‍റെ ‘മാക്ബത്തി’നെ അവലംബമാക്കിക്കൊണ്ടാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടത്.
എഴുപതുവയസ്സോളം പിന്നിട്ട ആരോഗ്യവാനായ പനച്ചേല്‍ കുടുംബത്തിലെ കുട്ടപ്പനും അയാളുടെ മൂന്നു മക്കളുമടങ്ങുന്ന സമ്പന്ന കുടുംബത്തിന്‍റെ കഥ. ചിത്രത്തില്‍ ജോജിയായി ഫഹദ് ഫാസിലും ജോമോനായി ബാബുരാജും ജെയ്സണായി ജോജി മുണ്ടക്കയവും ജെയ്സണിന്‍റെ ഭാര്യ ബിന്‍സിയായി ഉണ്ണിമായയും തകര്‍പ്പന്‍ അഭിനയം തന്നെ കാഴ്ച വെച്ചു. ക്രൈം ത്രില്ലര്‍ മൂവിയായ ചിത്രത്തില്‍ കഥ ആരംഭിക്കുന്നത് കുട്ടപ്പനെ തളര്‍വാതം പിടിപെടുന്നതോടെയാണ്. കുടുംബ ബന്ധങ്ങളുടെ ചരിത്രാരംഭംതൊട്ട് കേട്ടു വരുന്ന സ്വത്ത് തര്‍ക്കവും അതിനോടനുബന്ധിച്ച കൊലപാതകങ്ങളും തന്നെയാണ് ജോജിയിലും മുഖ്യ വിഷയം. സാധുവായ സ്ത്രീയില്‍ നിന്നു ഒരു ‘ലേഡി മാക്ബത്ത്’ എങ്ങനെ ജനിക്കുന്നുഎന്ന സൂക്ഷ്മത കൊണ്ടുവരുന്നതില്‍ സംവിധായകന്‍ പൂര്‍ണമായും വിജയിച്ചിട്ടുണ്ട്.
സങ്കീര്‍ണ്ണമായ ജീവിതകഥയുടെ മറ്റൊരു പാതയിലൂടെയാണ് പ്രേക്ഷകരെ ‘മാലിക് ‘കൊണ്ട് പോകുന്നത്. പശ്ചാത്തലത്തിലെ ജീവനെ വെല്ലുവിളിക്കുന്ന സാഹചര്യങ്ങള്‍, അതിനെ അതിജീവിക്കുന്ന രണ്ടു സാമുദായിക ഒത്തൊരുമ, അതില്‍ വിഷം കലര്‍ത്തുന്ന സാമൂഹിക ദ്രോഹികള്‍, മാലിക് എന്ന ചെറുപ്പക്കാരന്‍റെ പോരാട്ടമാണ് ചിത്രത്തിലുടനീളം. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന എഴുത്തായിരുന്നു സംവിധായകനും തിരക്കഥാകൃത്തും എഡിറ്ററുമായ മഹേഷ് നാരായണന്‍റേത്. റമദാ പള്ളിയും അവിടത്തെ നാട്ടുകാരുടെ പ്രിയങ്കരനായ അലി ഇക്ക എന്നു വിളിക്കുന്ന മാലിക്കിന്‍റെയും കഥ.
വില്ലനായും നായകനായും അലീക്ക അവരുടെ മനസ്സുകളില്‍ വ്യത്യസ്ത ഭാവങ്ങളോടെ നിറഞ്ഞു നിന്നു. ആറാം വയസ്സില്‍ മരണപ്പെടേണ്ടിരുന്ന അഹമ്മദലി സുലൈമാന്‍ നാടിന്‍റെ പ്രിയങ്കരനായ അലീക്കയാവുന്നതോടെ രാഷ്ട്രീയവും സമുദായികവുമായ ഒരുപാടു വിഷയങ്ങളിലേക്ക് സിനിമ കടന്നു പോകുന്നു. സൌഹൃദവും വ്യക്തിബന്ധങ്ങളും റോസ്ലിനുമായുള്ള പ്രണയവും തന്‍മയത്വത്തോടെ കൊണ്ട് വരാന്‍ സംവിധായകനും നിമിഷ സജയനും കഴിഞ്ഞിട്ടുണ്ട്. 2009- ല്‍ നടന്ന ബീമാപള്ളി വെടിവെപ്പാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. അതിനോടനുബന്ധമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുകയും ചിത്രം വിമര്‍ശന വിധേയമാക്കപ്പെടുകയും ചെയ്തു. ചിത്രത്തില്‍ ദിലീഷ് പോത്തന്‍റെ അബു എന്ന കഥാപാത്രവും പ്രേക്ഷക പ്രിയം നേടി.
അഭിനേതാവ്, സംവിധായകന്‍, നിര്‍മാതാവ് … ദിലീഷ് പോത്തന്‍ എന്ന കലാകാരന്‍ സമീപ കാലത്തായി മലയാള സിനിമയില്‍ സൃഷ്ട്ടിച്ചിരിക്കുന്ന നവതരംഗം പുതിയ പ്രതീക്ഷയുടെ പാതയാണ്. കുട്ടിക്കാലത്തെ സിനിമയോടൊപ്പമായിരുന്നു ദിലീഷിന്‍റെ ചങ്ങാത്തം. ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്‍ററികളുമായി സിനിമയുടെ ലോകത്തേക്ക് അദ്ദേഹം വളരെ മുന്‍പ് തന്നെ നടത്തമാരംഭിച്ചു കഴി ഞ്ഞിരുന്നു. 1999- ല്‍ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍ ‘ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയ ഇദ്ദേഹം നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളിലും ജോലി ചെയ്തു. 2010- ല്‍ 9 കെ കെ റോഡ് എന്ന സൈമണ്‍ കുരുവിളയുടെ ചിത്രത്തില്‍ സഹസംവിധായകനായി എത്തിയ ദിലീഷ് പോത്തന്‍ പിന്നീട് ആഷിക് അബുവിന്‍റെകൂടെയും നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. 2016- ല്‍ ഫഹദിനെ നായകനാക്കിക്കൊണ്ട് സ്വതന്ത്ര സംവിധായകനായി ചെയ്ത ‘മഹേഷിന്‍റെ പ്രതികാരം’ സൂപ്പര്‍ ഹിറ്റായി. പിന്നീടിറങ്ങിയ തൊണ്ടി മുതലും ദൃക്സാക്ഷിയും, ജോജി, മാലിക് തുടങ്ങിയ ചിത്രങ്ങളില്‍ പോത്തേട്ടന്‍ ബ്രില്ല്യന്‍സിന്‍റെ മാന്ത്രികത പ്രേക്ഷകര്‍ അനുഭവിച്ചറിയുകയായിരുന്നു. മലയാള സിനിമയും മലയാളികളും ദിലീഷ് പോത്തന്‍റെ അത്ഭുതങ്ങളെ വീണ്ടും കാത്തിരിക്കുന്നു.