ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍, സംവിധായകന്‍ ഹരിഹരന്‍, മേയര്‍ ബീന ഫിലിപ്പ്, തുടനി നിരവധി പ്രമുഖതാരങ്ങളും വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ 23 സിനിമകള്‍ നിര്‍മ്മിച്ചു.
മലയാള സിനിമയ്ക്കു ചുക്കാന്‍ പിടിച്ച പല സൂപ്പര്‍ ഹിറ്റ് സിനിമകളും പി വി ഗംഗാധരന്‍റെ നിര്‍മാണത്തില്‍ വെളിച്ചം കണ്ടവയായിരുന്നു. സിനിമയിലെന്ന പോലെ രാഷ്ട്രീയരംഗത്തും അദ്ദേഹം നിറസാന്നിധ്യമായി. ജനപ്രിയ സിനിമകളുടെ അമരക്കാരനായിമാറിയ പി വി ഗംഗാധരന്‍ തൊട്ടതെല്ലാം പൊന്നാക്കി. അദ്ദേഹത്തെ അടുത്തറിഞ്ഞവരെല്ലാം ബഹുമാനത്തോടെ പി വി ജി എന്നു വിളിച്ചു. ഗൃഹലക്ഷ്മിയിലൂടെ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച് പല സംവിധായകരെയും അഭിനേതാക്കളെയും കൈപിടിച്ചുയര്‍ത്തിയത് അദ്ദേഹമായിരുന്നു. ഇന്ന് മിന്നി നില്‍ക്കുന്ന പല താരങ്ങളുടെയും ആദ്യകാലങ്ങളില്‍ വളര്‍ച്ചയ്ക്ക് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് വെള്ളവുംവളവും വെളിച്ചവും നല്കി.
1977- ല്‍ സുജാത എന്ന മലയാള ചിത്രമ്നിര്‍മ്മിച്ചുകൊണ്ടായിരുന്നു പി വി ഗംഗാധരന്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ആദ്യ ചുവടുവയ്ക്കുന്നത്. പിന്നീട് തിരിഞു നോക്കേണ്ടി വന്നിട്ടില്ല അദ്ദേഹത്തിന്. പിറന്നു വീണവയെല്ലാം സൂപ്പര്‍ ഹിറ്റുകളും മെഗാഹിറ്റുകളുമായി. അഹിംസ, ചിരിയോ ചിരി, ഏകലവ്യന്‍, കാറ്റത്തെ കിളിക്കൂട്, ഒരുവടക്കന്‍ വീരഗാഥ, വാര്‍ത്ത, അദ്വൈതം, മനസാ വാചാ കര്‍മണാ, തുടര്‍ന്നു വാണിജ്യപരവും കലാപരവും ക്ലാസ്സിക്കുകളുമായ എല്ലാ തരം സിനിമകളെയും അദ്ദേഹം ഒരുപോലെകണ്ടു. അവയെല്ലാം സ്ക്രീനിലേക്കാള്‍ തെളിച്ചത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ജനഹൃദയങ്ങളില്‍ റിലീസായിക്കൊണ്ടേയിരുന്നു. ഐ വി ശശിയുടെ അങ്ങാടി ആക്ഷന്‍ സിനിമകളില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. ക്ലാസിക്കുകളില്‍ വെച്ചുള്ള ക്ലാസിക്കാണ് ‘ഒരു വടക്കന്‍ വീരഗാഥ’യും.
പ്രൊഎസ് ക്യൂബുമായി ചേര്‍ന്ന് പി വി ഗംഗധാരന്‍ ഒടുവില്‍ നിര്‍മ്മിച്ച ചിത്രം ‘ജാനകി ജാനേ’ ആണ്. 1977- ല്‍ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിച്ച കാണാക്കിനാവ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്കാരവും 2000- ല്‍ ശാന്തം എന്ന ചിത്രത്തിനു മികച്ച ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡും ലഭിച്ചു. ഒരു വടക്കന്‍ വീരഗാഥ, അച്ചുവിന്‍റെ അമ്മ, നോട്ട്ബുക്ക്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തുടങ്ങിയ ചിത്രങ്ങള്‍ നിരവധി മേഖലകളിലുള്ള പുരസ്കാരങ്ങളാണ് കരസ്ഥമാക്കിയത്. പിതാവ് പ്രമുഖ വ്യവസായിയും സ്വാതന്ത്ര്യസമര സേനാനിയും പരേതനുമായ പി വി സാമിയുടെയും മാധവി സാമിയുടെയും മകനായി 1943- ല്‍ ജനനം. ഭാര്യ പി വി ഷെറിന്‍. ചലച്ചിത്ര നിര്‍മ്മാണക്കമ്പനി എസ് ക്യൂബിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ്. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍ ജ്യേഷ്ഠ സഹോദരനാണ്. . കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വൈകീട്ട് മൂന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും.