“സാഗരമേ ശാന്തമാക നീ സാന്ധ്യ രാഗം മായുന്നിതാ…” എന്‍ ശങ്കരന്‍ നായര്‍ സംവിധാനം ചെയ്തു 1978 ല്‍ ഇറങ്ങിയ ‘മദനോല്‍സവം’ എന്ന ചിത്രത്തില്‍ സലിൽ ചൌധരി ഈണമിട്ട ഗാനമാണിത്. കേള്‍ക്കുന്തോറും അര്‍ത്ഥവും ഭംഗിയും ഈ പാട്ടില്‍ നിറഞ്ഞു നില്ക്കുന്നു. ഒ എന്‍ വിയുടെ വരികള്‍ക്ക് സലില്‍ ചൌധരി ഈണമിട്ട് യേശുദാസ് തന്‍റെ മനോഹര ശബ്ദത്തില്‍ പാടി ഈ പാട്ടിനെ അനശ്വരമാക്കിയിരിക്കുന്നു! ഒരു സാഗരത്തോളം തന്നെ ആഴവും പരപ്പവും ശാന്തതയും പ്രക്ഷുബ്ധതയും ഈ പാട്ടിന് സലില്‍ ദാ തന്‍റെ സംഗീതം കൊണ്ട് നല്കിയിട്ടുണ്ട്. സംഗീത പാരമ്പര്യത്തിലൂടെയായിരുന്നു സലില്‍ ദാ ചലച്ചിത്ര മേഖലയിലേ ക്ക് കടന്നു വരുന്നത്. സലില്‍ ചൌധരിയുടെ പിതാവ് സംഗീതജ്ഞനായിരുന്നു. പടിഞ്ഞാറന്‍ സംഗീതത്തിന്‍റെ അറിവ് ആവോളം സലില്‍ ദായുടെ പിതാവ് നേടിയിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിനും കര്‍ണാടിക് സംഗീതത്തിനുമൊപ്പം പടിഞ്ഞാറന്‍ സംഗീതവും സ്ഥാനം പിടിച്ചു. കൊളോനിയല്‍ അധിനിവേശത്തില്‍ നിന്നും ഇന്‍ന്ത്യ വിടുതല്‍ നേടാനുള്ള പോരാട്ടത്തിന്‍റെ നവോഥാന കാലങ്ങളിലാണ് സലില്‍ ദായുടെ സംഗീതവും പിറക്കുന്നത്. അതില്‍ സ്വാതന്ത്ര്യത്തിന്‍റെ ആവേശ ജ്വാല പകര്‍ന്നിരുന്നു.
അരക്ഷിതവും സങ്കുചിതവും വികൃതവും അരാഷ്ട്രീയവുമായ സാമൂഹിക അപചയത്തിനെതിരെ ബംഗാളിന്‍റെ പ്രതിഷേധക്കാറ്റു വീശി. സലില്‍ ദായുടെ സംഗീതം പിറക്കുന്നത് ഈ അന്തരീക്ഷത്തിലാണ്. സാമൂഹികമായ അരാജകത്വം കൊടികുത്തിവാണുകൊണ്ടിരിക്കെ രണ്ടാംലോക മഹായുദ്ധവും പൊടിപ്പുറപ്പെട്ടു. സലില്‍ ചൌധരിയുടെ കലയെ ഇതെല്ലാം സ്വാധീനിച്ചു. അദ്ദേഹത്തിന്‍റെ സംഗീതം ആവേശത്തിന്‍റെ തീക്കാറ്റായി. കല സമൂഹത്തിനുള്ളതാണെന്ന തിരിച്ചറിവില്‍ സലില്‍ ദാ തന്‍റെ സംഗീതത്തില്‍ സമൂഹത്തിന്‍റെ ജീവിതത്തെ പ്രതിഫലിപ്പിച്ചു. രാഷ്ട്രീയത്തിലേക്ക് അദ്ദേഹം തന്‍റെ കലയുമായി പ്രവേശിച്ചു. ഓരോ ഇന്ത്യന്‍ പൌരന്‍റേയും സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് അദ്ദേഹം തന്‍റെ പ്രവൃത്തിയിലൂടെയും സംഗീതത്തിലൂടെയും തെളിയിച്ച് കൊണ്ടിരുന്നു. ആവേശമായിരുന്നു, സലില്‍ ചൌധരിയുടെ ഓരോ ഗാനങ്ങളും. ജനമനസ്സുകളില്‍ അദ്ദേഹത്തിന്‍റെ സംഗീതം ആഴത്തില്‍ പതിഞ്ഞു കിടന്നു.
ബംഗാളില്‍ മാത്രമല്ല, ഇന്ത്യന്‍ ഗ്രാമങ്ങളിലെല്ലാം തന്നെ സലില്‍ ദായുടെ സംഗീതം സ്വാതന്ത്ര്യ വാഞ്ഛയുടെ പതാകയുയര്‍ത്തി. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സ്വാതന്ത്ര്യ സമര കാഹളത്തിന്‍റെ ശംഖൊലി മുഴക്കാന്‍ സലില്‍ ചൌധരിയുടെ ഗാനങ്ങള്‍ക്ക് കഴിഞ്ഞു. ഹിന്ദിയിലെ ‘ദോ ബിഗ സമീന്‍’എന്ന ചിത്രത്തിലൂടെയാണ് സലില്‍ ചൌധരി സംഗീത സംവിധാന ലോകത്തേക്ക് ആദ്യ ചുവടുവെക്കുന്നത്. പിന്നീട് ‘മധുമതി’ എന്ന ചിത്രത്തിലെ ഗാനങ്ങളോടെ അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യന്‍ സംഗീതത്തിന് സലില്‍ ചൌധരി നിറ സാന്നിധ്യമായി. ലളിത സംഗീതം കൊണ്ട് അദ്ദേഹം സൃഷ്ട്ടിച്ച ഗാനങ്ങളെല്ലാം ജനഹൃദയങ്ങളില്‍ സ്വീകരിച്ചു. പിന്നീട് ഹിന്ദിയില്‍ മാത്രമല്ല, ബംഗാളിലും ഹിന്ദിയിലും തമിഴിലും കന്നടയിലും മലയാളത്തിലുമായി അദ്ദേഹം നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കി. 27 മലയാള ചിത്രങ്ങള്‍ക്കാണ് അദ്ദേഹം ഈണം നല്കിയത്. ചെമ്മീന്‍, തോമാ ശ്ലീഹ, സമയമായില്ല പോലും, പുതിയ വെളിച്ചം, തുമ്പോളി കടപ്പുറം, ഏതോ ഒരു സ്വപ്നം, മദനോല്‍സവം, വിഷുക്കണി, ചുവന്ന ചിറകുകള്‍, ദേവദാസി, എയര്‍ ഹോസ്റ്റസ്, അന്തിവെയിലിലെ പൊന്ന്, നീലപ്പൊന്‍മാന്‍, പ്രതീക്ഷ, അപരാധി, തുലാവര്‍ഷം, എന്‍റെ കൊച്ചു തമ്പുരാന്‍ എന്നിവയാണ് സലില്‍ ഈണമിട്ട മലയാള ചിത്രങ്ങള്‍.
ബോംബൈ സംഗീതത്തിന്‍റെ അതുല്യ പ്രതിഭയായി സലില്‍ ചൌധരി മാറി. പാട്ടിലെ വരികള്‍ക്കനുസരിച്ച് ഈണമിടുന്ന സംഗീത പാരമ്പര്യമായിരുന്നു മലയാള സിനിമയ്ക്കുണ്ടായിരുന്നത്. എന്നാല്‍ ഈണം ചിട്ടപ്പെടുത്തി പാട്ടു തയ്യാറാക്കുന്ന ശൈലിയായിരുന്നു സലില്‍ ചൌധരിക്ക് ഉണ്ടായിരുന്നത്. ‘ചെമ്മീന്‍’ സിനിമയുടെ സംഗീതത്തിലൂടെ മലയാള സിനിമയിലും തന്‍റെതായ സ്ഥാനമുറപ്പിക്കാനും സലില്‍ ദായ്ക്ക് കഴിഞ്ഞു. തകഴിയുടെ ചെമ്മീന്‍ നോവലിനെ അടിസ്ഥാനമാക്കി രാമുകാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീനിലെ ഹിറ്റ് പാട്ടുകള്‍ക്കെല്ലാം ഈണം നല്കിയത് സലില്‍ ചൌധരിയായിരുന്നു.1965 ലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ സുവര്‍ണ്ണ കമലം നേടിയ ചിത്രം കൂടിയാണ് ചെമ്മീന്‍. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വെച്ചു ആദ്യമായി സുവര്‍ണ കമലം നേടിയ ചിത്രമാണ് ചെമ്മീന്‍ എന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്. വയലാറിന്‍റെ വരികളിൽ സലില്‍ ചൌധരി അഞ്ചു ഗാനങ്ങള്‍ക്ക് ഈണമിട്ടു. പി ലീലയും യേശുദാസും ചേര്‍ന്ന് പാടിയ “പെണ്ണാളേ പെണ്ണാളേ”, യേശുദാസ്, പി ലീല, കെ പി ഉദയഭാനു, ശാന്ത പി നായര്‍, എന്നിവര്‍ ചേര്‍ന്ന് പാടിയ “പുത്തന്‍ വലക്കാരെ”, മന്ന ഡേ പാടിയ “മാനസ മൈനേ വരു”, യേശുദാസ് പാടിയ “കടലിനക്കരെ പോണോരെ” തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി.
രവീന്ദ്രനാഥ ടാഗോറിലൂടെ ഇന്ത്യന്‍ സംഗീതത്തിലേക്ക് പടര്‍ന്നു പന്തലിച്ച ബംഗാളി സംഗീതത്തിന്‍റെ മറ്റൊരു പ്രധാന കണ്ണിയുടെ പേരാണ് സലില്‍ ചൌധരി. പിന്നീട് ഹിന്ദിയിലേക്കും മറ്റ് ഇതര ഭാഷകളിലേക്കും സഞ്ചരിച്ച സലില്‍ ദാ പിന്നീട് മലയാള സിനിമയിലും തരംഗം സൃഷ്ടിച്ചു. ബോംബൈ സിനിമാലോകത്തെന്ന പോലെ അറുപതുകളില്‍ നിന്ന് തുടങ്ങി മലയാള സിനിമയില്‍ ഒരു പതിറ്റാണ്ടോളം സലില്‍ ചൌധരി നിറഞ്ഞു നിന്നു. ഇന്ത്യന്‍ സംഗീതത്തിന്‍റെ മഹാ വിഹായസ്സില്‍ സലില്‍ ചൌധരിയുടെ പേര് ചേര്‍ക്കപ്പെട്ടു. സംഗീതത്തിലെ വ്യത്യസ്ത ശൈലിയായിരുന്നു സലില്‍ ദായെ വേറിട്ട് നിര്‍ത്തിയത്. വയലാറിനൊപ്പം ചേര്‍ന്ന് ചെമ്മീന്‍ തൊട്ട് ഹിറ്റ് പാട്ടുകള്‍ക്ക് അദ്ദേഹം ജീവന്‍ നല്കി.പിന്നീട് ഒ എന്‍ വിയുമായും പി ഭാസ്കരനുമായും ശ്രീകുമാരന്‍ തമ്പിയുമായും ചേര്‍ന്ന് നിരവധി പാട്ടുകള്‍ക്ക് സലില്‍ ദാ ഈണം പകര്‍ന്നു. ‘ഏഴ് രാത്രികള്‍’ എന്ന ചിത്രത്തിന് വേണ്ടി വേണ്ടി വയലാറുമായി ചേര്‍ന്ന് നിര്‍മ്മിച്ച് പി ബി ശ്രീനിവാസ് ആലപിച്ച “രാത്രി രാത്രി യുഗാരംഭ”, യേശുദാസ്, കെ പി ഉദയഭാനു, പി ലീല, ലതാ രാജൂ, ശ്രീലത നമ്പൂതിരി, സി ഒ ആന്‍റോ എന്നിവര്‍ ചേര്‍ന്ന് പാടിയ “കാക്കക്കറുമ്പികളെ കാര്‍മുകില്‍ തുമ്പികളേ”, യേശുദാസ് പാടിയ “കാടാറു മാസം നാടാറു മാസം”, പി ലീല പാടിയ “പഞ്ചമിയെ പൌര്‍ണമിയെ”, തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായി.
‘സ്വപ്നം’ എന്ന ചിത്രത്തിന് വേണ്ടി വാണി ജയറാം പാടിയ “സൌരയൂഥത്തില്‍ വിടര്‍ന്നോരു” എന്ന് തുടങ്ങുന്ന പാട്ടില്‍ ഇപ്പോളും നിറഞ്ഞു നില്‍ക്കുന്ന സലില്‍ ദായുടെ സംഗീതത്തിന് പുതുമ നഷ്ടപ്പെട്ടില്ല. അത് കൊണ്ട് തന്നെയാണ് ഇപ്പൊഴും ഈ പാട്ടു ഫീല്‍ഡില്‍ ആഘോഷിക്കപ്പെടുന്നത്. ‘സ്വപ്ന’ത്തിലെ തന്നെ ജാനകിയമ്മ പാടിയ “മാതളപ്പൂപോലൊരു മാനസം ഞാനിന്ന് കണ്ടു”, “മഴവിൽക്കൊടി കാവടി അഴക് വിടര്‍ത്തിയ” എന്നീ ഗാനങ്ങളും ഈ പാട്ടിനൊപ്പം കിടപിടിച്ചു നില്ക്കുന്നു. യേശുദാസ് പാടിയ “നീ വരൂ കാവ്യ ദേവതേ”, “മാനെ മാനേ വിളികേള്‍ക്കു” തുടങ്ങിയ പാട്ടുകളും മലയാളത്തില്‍ ഹിറ്റായി. പി വല്‍സലയുടെ ‘നെല്ല് “എന്ന നോവലിനെ മുന്നിര്‍ത്തി രാമു കാര്യാട്ട് അതെ പേരില്‍ 1974 ല്‍ സംവിധാനം ചെയ്ത “നെല്ല്” എന്ന സിനിമയിലെ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.ലതാ മങ്കേഷ്കര്‍ പാടിയ “കദളി ചെങ്കദളി”, യേശുദാസും മാധുരിയും ചേര്‍ന്ന് പാടിയ “നീലപ്പൊന്‍മാനെ”, പി സുശീല ആലപിച്ച കല്യാണ പ്രായത്തില്‍ “, പി ജയചന്ദ്രനും മന്നാ ഡേയും ചേര്‍ന്ന് ആലപിച്ച ചെമ്പാ ചെമ്പാ” തുടങ്ങിയ ഗാനങ്ങളും ഹിറ്റായിരുന്നു. ‘മദനോല്‍സവം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് ആലപിച്ച “സാഗരമേ ശാന്തമാക നീ” എന്ന പാട്ടിലും സലില്‍ ദായുടെ സംഗീതത്തിന്‍റെ ആഴവും ആര്‍ദ്രതയും ഏകാന്തതയുമാണ് അലയടിക്കുന്നത്.
“മനയ്ക്കലെ തത്തേ…” 1975 ല്‍ പുറത്തിറങ്ങിയ ‘രാസലീല’ എന്ന ചിത്രത്തിലെ യേശുദാസ് ആലപിച്ച മനോഹരമായ ഈ ഗാനം ഇന്നും അതേ സൌന്ദര്യത്തോട് കൂടി ആസ്വദിക്കപ്പെടുന്നു. ഇതേ ചിത്രത്തില്‍ പി സുശീല ആലപിച്ച “നീയും വിധവയോ” എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു. ‘ഈ ഗാനം മറക്കുമോ’ എന്ന ചിത്രത്തിലെ യേശുദാസ് പാടിയ ‘കളകളം കായലോരങ്ങള്‍ പാടി”, “ഒരു മുഖം മാത്രം കണ്ണില്‍” (ഏതോ ഒരു സ്വപ്നം), യേശുദാസ് ആലപിച്ച “പൂവിരിഞ്ഞല്ലോ” (എനിക്കു ഞാന്‍ സ്വന്തം),”രാപ്പാടി പാടുന്ന യാമങ്ങളില്‍” (വിഷുക്കണി), തോമാശ്ലീഹ എന്ന ചിത്രത്തിലെ യേശുദാസ്, സബിത ചൌധരി തുടങ്ങിയവര്‍ ആലപിച്ച “വൃശ്ചികപ്പെണ്ണേ”, സലില്‍ ദാ ഈണമിട്ട് യേശുദാസും വാണി ജയറാമും ചേര്‍ന്ന് എയര്‍ ഹോസ്റ്റസ് എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച ‘ഒന്നാനം കുന്നുമേലെ കൂട് കൂട്ടും” എന്നീ ഗാനങ്ങൾ ഒക്കെയും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ആയിരുന്നു.
അന്യദേശക്കാരനായ സലില്‍ ദായുടെ ഈണത്തിലും പിറന്നിട്ടുണ്ട് ഒത്തിരി പ്രിയങ്കരമായ ഓണപ്പാട്ടുകള്‍. ഒ എന്‍ വിയുടെ രചനയില്‍ ‘ഈ ഗാനം മറക്കുമോ’ എന്ന ചിത്രത്തിനു വേണ്ടി സലില്‍ ദാ ഈണമിട്ട “ഓണപ്പൂവേ ഓമല്‍ പൂവേ” എന്ന് തുടങ്ങുന്ന ഗാനം ഇന്നും സൂപ്പര്‍ ഹിറ്റ് ആയി തുടരുന്നു. അപരാധി എന്ന ചിത്രത്തിലെ പി ഭാസ്കരന്‍ രചിച്ച സുജാതയും അമ്പിളിയും ചേര്‍ന്ന് പാടിയ “തുമ്പി തുമ്പി തുള്ളാന്‍ വായോ” എന്ന ഗാനമാണു മലയാള ചലച്ചിത്ര ഗാനത്തിലെ ആദ്യത്തെ ഓണപ്പാട്ടും. ഓ എന്‍ വി എഴുതിയ ഒന്നാം തുമ്പീ നീയോടി വാ” (സമയമായില്ല പോലും ) തുടങ്ങിയവയെല്ലാം സലില്‍ ദായുടെ ഈണത്തില്‍ പിറന്ന പ്രശസ്ത ഓണപ്പാട്ടുകളാണ്.”കാതില്‍ തേന്‍മഴയായ് “(തുമ്പോളി കടപ്പുറം),”മലര്‍ക്കന്യകള്‍”,”മേലെപൂമല “(മദനോല്‍സവം),”ശാരികേ എന്‍ ശാരികേ” (സ്വപ്നം), തുടങ്ങി നിരവധി ഗാനങ്ങളില്‍ സലില്‍ ദായുടെ സംഗീതത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞു. 1995 ല്‍ വിടപറഞ്ഞ സലില്‍ ദാ ഇന്നും സംഗീതത്തിലൂടെയും അദ്ദേഹത്തിന്‍റെ പാട്ടുകളിലൂടെയും ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികളുടെ ഓര്‍മ്മകളില്‍ ജീവിക്കുന്നു.