നാടക വേദിയില്‍ അനശ്വരങ്ങളായ കഥാപാത്രങ്ങലൂടെ തന്‍റെ ശരീരത്തിന്‍റെയും അഭിനയത്തിന്‍റെയും കലാ പ്രകടനം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ട്ടിച്ച കലാകാരന്‍. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ എന്ന പേര് അപരിചിതമല്ല, കലാസ്നേഹികളായ മലയാളികള്‍ക്ക്. തിക്കുറിശ്ശിയെന്ന നാടുപോലും അറിയപ്പെടുന്നത് സുകുമാരന്‍ നായരുടെ കലയിലൂടെയാണ്. തിക്കുറിശ്ശി എന്ന് കേള്‍ക്കുമ്പോള്‍ പേരിന്‍റെ ബാക്കി സുകുമാരന്‍ നായര്‍ എന്നു കൂട്ടിച്ചേര്‍ക്കാന്‍ തോന്നുന്നത് സ്വഭാവികം. തന്‍റെ നാടിനെ തന്‍റെ കലയ്ക്കും യശസ്സിനു മൊപ്പം കൊണ്ട് നടന്നു ആ കലാകാരന്‍. ചെയ്യുന്ന ഏത് കലയോടും അങ്ങേയറ്റം ആത്മസമര്‍പ്പണ മനോഭാവത്തോട് കൂടി അദ്ദേഹം സമീപിച്ചു. നാടകത്തില്‍ നിന്നും സിനിമയിലെത്തിയപ്പോള്‍ അവിടെയും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയുടെ കാരണവരിലൊരാളായിരുന്നു തിക്കുറിശ്ശി സുകുമാരന്‍ നായര്‍. നടന്‍ മാത്രമല്ല, നിര്‍മ്മാതാവായും നാടകകൃത്തായും സംവിധായകനായും ഗാനരചയിതാവായും അങ്ങനെ വിവിധ കലമേഖലകളില്‍ അദ്ദേഹം ശ്രദ്ധേയനായി. ആദ്യ സൂപ്പര്‍ സ്റ്റാര്‍ പദവി അലങ്കരിച്ച തിക്കുറിശ്ശി മലയാള സിനിമയുടെ നെടുംതൂണായിരുന്നു. സാഹിത്യമായിരുന്നു ത്തിക്കുറിശ്ശിയിലെ കലാകാരനെ അടയാള പ്പെടുത്തിയത്. ഇരുപതാം വയസ്സില്‍ പ്രസിദ്ധീകരിച്ച ‘കെടാവിളക്ക്’എന്ന ആദ്യ കവിതാ സമാഹാരത്തിലൂടെ അദ്ദേഹമത് തെളിയിക്കുക കൂടി ചെയ്തു.
നാടകങ്ങളില്‍ തിക്കുറിശ്ശി അത് വരെ ഉണ്ടായിരുന്ന രീതികളില്‍ നിന്നും വ്യത്യസ്തമായ മാറ്റങ്ങളോടെയാണ് സ്ത്രീ, ശരിയോ തെറ്റോ, കലാകാരന്‍, മരീചിക, തുടങ്ങിയ സ്വന്തം നാടകങ്ങളെ അവതരിപ്പിച്ചത്. സ്വന്തം രചനയായ ‘സ്ത്രീ’യിലൂടെയാണ് തിക്കുറിശ്ശി സിനിമയിലേക്ക് ആദ്യ ചുവടു വെക്കുന്നത്.1950 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്‍റെ സംവിധായകന്‍ വേലപ്പന്‍ നായരും. ആദ്യ സൂപ്പര്‍ സ്റ്റാര്‍ പദവിലേക്ക് ഉയര്‍ന്ന തിക്കുറിശ്ശി അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും എഴുത്തിലും അദ്ദേഹം മികവ് പുലര്‍ത്തി. 1953 ല്‍ ‘ശരിയോ തെറ്റോ ‘എന്ന ചിത്രം സംവിധാനം ചെയ്ത ശേഷം അച്ഛന്‍റെ ഭാര്യ, നേഴ്സ്, ഉര്‍വശി ഭാരതി, പളുങ്ക് പാത്രം, പൂജാപുഷ്പം, സരസ്വതി തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്യുകയും പ്രശസ്ത ഭക്തി സിനിമയായ ‘ശബരിമല ശ്രീ അയ്യപ്പന്’ വേണ്ടി കഥയുമെഴുതി ഇദ്ദേഹം. മലയാള സിനിമയ്ക്കു വഴിത്തിരു സമ്മാനിച്ച തിക്കുറിശ്ശി സംവിധാനം ചെയ്ത മറ്റൊരു ചിത്രമായ ‘ജീവിത നൌക‘ സിനിമയുടെ ചരിത്രത്തിന് തിലകക്കുറി ചാര്‍ത്തി. മലയാള സിനിമയുടെ അത് വരെയുണ്ടായിരുന്ന റെക്കോര്‍ഡുകളെ തകര്‍ത്തെറിഞ്ഞു കൊണ്ട് ‘ജീവിത നൌക ‘തുഴഞ്ഞ് എത്തിയത് മലയാളസിനിമയുടെ അമരത്തെക്കാണ്. 284 ദിവസങ്ങളോളം തിരുവനന്തപുരത്ത് മാത്രമായി പ്രദര്‍ശിപ്പിക്കപ്പെട്ട ഈ ചിത്രം മറ്റ് തിയ്യേറ്ററുകളിലും ‘ജീവിത നൌക ‘ റെക്കോര്‍ഡുകള്‍ കയ്യടക്കി. അന്യഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ട മലയാളത്തിലെ ആദ്യ ചിത്രമാണിതെന്ന സവിശേഷതയും ‘ജീവിത നൌക’യ്ക്കുണ്ട്.
തൊട്ടതെല്ലാം പൊന്നാക്കിക്കൊണ്ടിരുന്നു ഈ കലാകാരന്‍. ‘കാര്‍ക്കൂന്തല്‍ കെട്ടിലെന്തിന് വാസനത്തൈലം’ എന്ന ഹിറ്റ് ഗാനമെഴുതിയ ആ ഗാനരചയിതാവിനെ കാണാം, ‘ഹരിശ്ചന്ദ്രന്‍’ എന്ന ചിത്രത്തില്‍ ചുടലക്ക് അഗ്നി പകരുന്ന തിക്കുറിശ്ശിയെ. പിന്നീട് ഈ അഭിനയ പ്രതിഭയെ നമ്മള്‍ കണ്ടു, മലയാള സിനിമയുടെ ചരിത്രമായി മാറിയ സൂപ്പര്‍ ഹിറ്റുകളായ നീലക്കുയിലിലും നവലോക’ത്തിലുമെല്ലാം. കമുകറ പുരുഷോത്തമന്‍റെ ശബ്ദത്തിലെ മനോഹരമായ ‘ആത്മവിദ്യാലയമേ ‘എന്ന ഗാനരംഗത്തില്‍ തിക്കുറിശ്ശി തന്‍റെ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് കൈകാര്യം ചെയ്തിരിക്കുന്നു.1973 ല്‍ രാജ്യം പത്മശ്രീയും ‘മായ’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്കാരവും 1993 ല്‍ ജെ സി ദാനിയേല്‍ പുരസ്കാരവുമടക്കം നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ തിക്കുറിശ്ശിയുടെ അഭിനയ മുഹൂര്‍ത്തങ്ങളില്‍ ഒരു വട്ടമെങ്കിലും കണ്ണും മനസ്സും കവരാത്ത നിറയാത്ത പ്രേക്ഷകരുണ്ടാകില്ല. നാല്‍പ്പത്തിയേഴ് വര്‍ഷങ്ങളോളം ഈ സൂപ്പര്‍ സ്റ്റാര്‍ മലയാള സിനിമയില്‍ നിറസാന്നിധ്യമായി വിളങ്ങി നിന്നു.
‘ആര്യ’നിലെ വൃദ്ധപിതാവിന്‍റെ ജീവിതദൈന്യത ഇന്നും ഒരു നൊമ്പരമായി നീട്ടലോടെ പ്രേക്ഷക മനസ്സിലുണ്ട്. വിശപ്പിന്‍റെ വിളിയിലും നദിയിലും ആവനാഴിയിലും ഇരുട്ടിന്‍റെ ആത്മാവിലും സ്വയം വരത്തിലും ഭക്ത കുചേലനിലും തുലാഭാരത്തിലും അഭിജാത്യത്തിലും സര്‍വ്വേക്കല്ലിലും ഹിസ് ഹൈനസ് അബ്ദുല്ലയിലും ഉമ്മയിലും ഭക്തകുചേലനിലും തുടങ്ങി അഞ്ഞൂറിലേറെ ഹിറ്റ് സിനിമകളില്‍ തിക്കുറിശ്ശി കാഴ്ച വെച്ച അപാര നടന വൈഭവത്തിന്‍റെ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല. മലയാള സിനിമയിലേക്ക് കടന്നു വരികയും പിന്നീട് അതിന്‍റെ ഔന്നത്യത്തിലേക്ക് വളരുകയും ചെയ്ത എത്രയോ കലാകാരന്‍മാര്‍ക്കു തിക്കുറിശ്ശി സിനിമാ സെറ്റില്‍ വെച്ച് നാമകരണം ചെയ്തിരിക്കുന്നു. അവര്‍ക്ക് പിന്നെ ഉയര്‍ച്ചകള്‍ മാത്രമേ തന്‍റെ കരിയറില്‍ ഉണ്ടായിട്ടുള്ളൂ. അബ്ദുല്‍ഖാദറിനെ ‘പ്രേം നസീറെ’ന്ന് പേര് ചൊല്ലി വിളിച്ചത് തിക്കുറിശ്ശിയാണ്. ജോസഫിനെ ജോസ് പ്രകാശാക്കി ,മാധവന്‍ നായരെ മധുവാക്കി, കുഞ്ഞാലിയെ ബഹദൂറാക്കി, പത്മാലാക്ഷന്‍ പിള്ളയെ കുതിരവട്ടം പാപ്പുവാക്കി, ദേവസ്യൌ എസ് ജെ ദേവ് ആക്കി.അങ്ങനെ മലയാളത്തില്‍ വിളങ്ങി പല പ്രമുഖരുടെയും ജാതകം തിരുത്തിയെഴുതി തിക്കുറിശ്ശി.
സംവിധാനകലയിലും നടനവൈഭവത്തിലും എഴുത്തിലും തിക്കുറിശ്ശി മികച്ചു നിന്നു. ഓരോ കഥാപാത്രങ്ങളിലും അദ്ദേഹം സമ്മാനിച്ച ഭാവാഭിനയത്തിന്‍റെ പ്രസക്തി വരും തലമുറകള്‍ക്ക് ഒരു പാഠമായിരുന്നു. മലയാള സിനിമയുടെ കാരണവസ്ഥാനത്തിരിക്കാന്‍ എന്തു കൊണ്ടും യോഗ്യനായ കലാകാരന്‍. താന്‍ സംവിധാനം ചെയ്ത മിക്ക സിനിമകളിലും പാട്ടുകളും അദ്ദേഹമെഴുതി. മലയാള സിനിമയ്ക്കു നായക സങ്കല്‍പ്പത്തിന് പുതിയ അടിത്തറ പാകിയ ജീവിത നൌകയെന്ന സിനിമയും ചരിത്രത്തോടു തിക്കുറിശ്ശിയെ ചേര്‍ത്ത് വയ്ക്കുന്നു. മലയാള സിനിമയില്‍ ഇന്നും കരണവര്‍ സ്ഥാനത്ത് തന്നെ തിക്കുറിശ്ശി അവരോധിക്കപ്പെടുന്നു.