ആന്ധ്രയിലാണ് ജനിച്ചതെങ്കിലും മലയാളികള്‍ക്ക് സാധന എന്ന ശാരി എന്നും മലയാളിയായിരുന്നു. 1986- ലെ പത്മരാജന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായിക സോഫിയ എന്ന കഥാപാത്രമായി എത്തിയ പൂച്ചക്കണ്ണുള്ള സുന്ദരിയെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അമ്മ ബി രമാദേവി പ്രശസ്ത കന്നഡ ചലച്ചിത്ര നടി ആയതുകൊണ്ട് തന്നെ ശാരിക്ക് സിനിമയുടെ പരിസ്ഥിതിയെ പരിചയമുണ്ടായിരിക്കാം. ജനിച്ചത് ആന്ധ്രയിലെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം മദ്രാസ്സില്‍ ആയിരുന്നു.
അഭിനയജീവിതത്തിനു മുന്നേ ഭരതനാട്യവും കുച്ചിപ്പുടിയും അഭ്യസിച്ചിരുന്നു ശാരി. മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചു എങ്കിലും ശാരി ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത് സപ്പോർട്ടിങ് റോളിൽ ശിവാജി ഗണേശന്‍ നായകനായ ഹിറ്റ്ലര്‍ ഉമാനാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് നായികയായി എത്തുന്നത് 1984- ല്‍ ‘നെഞ്ചത്തെ അള്ളിത്താ’ എന്ന ചിത്രത്തിലൂടെയാണ്. തമിഴില്‍ സാധന എന്നപേരില്‍ തന്നെയാണ് അറിയപ്പെട്ടിരുന്നതെങ്കിലും മലയാള സിനിമയിലേക്ക് എത്തിയപ്പോള്‍ ശാരി എന്ന പേര്‍ സ്വീകരിക്കുകയായിരുന്നു.
‘നിങ്ങളില്‍ ഒരു സ്ത്രീ’ എന്ന ചിത്രത്തിലൂടെ 1984- ല്‍ ആണ് ശാരി അഭിനയിക്കുന്നതെങ്കിലും മലയാളത്തില്‍ മികച്ച നായികാപദവിയിലേക്ക് ശ്രദ്ധിക്കപ്പെടും വിധം വളര്‍ന്നത് പത്മരാജന്‍ ചിത്രമായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളികള്‍ കരയാറില്ല, എന്നീ ചിത്രങ്ങളിലൂടെയായിരുന്നു. ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്ന ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചപ്പോള്‍ മലയാളത്തിലെ തിരക്കേറിയ അഭിനേത്രികളിലൊരാളായി ശാരി മാറിക്കഴിഞ്ഞിരുന്നു.
തുടര്‍ന്നു മലയാളത്തില്‍ മാത്രമായി ശാരിയെ തേടിയെത്തിയത് എഴുപതോളം സിനിമകളാണ്.വീണ്ടും മലയാള സിനിമയിലേക്ക് സജീവമാകാനുള്ള ഒരുക്കത്തിലാണ് ശാരി. ദിലീപ് മോഹന്‍റെ തിരക്കഥയില്‍ നവാഗതനായ അനീഷ് വി എ സംവിധാനം ചെയ്യുന്ന അധ്യാപന ജീവിതത്തിന്‍റെ കഥപറയുന്ന ‘വിഡ്ഢികളുടെ മാഷ് ‘ എന്ന ചിത്രത്തിലൂടെയാണ് ശാരി എത്തുന്നത്.
വെള്ളാരം കണ്ണുകളുള്ള നായികയെ തേടി നടന്നത് പത്മരാജന്‍ മാത്രമായിരുന്നില്ല. പിന്നീട് ഒരുപാട് സംവിധായകര്‍ ഒരു വെള്ളാരം കണ്ണുകളുള്ള നായികയെ തേടിയലഞ്ഞു. അവരെല്ലാം ഒടുവില്‍ എത്തപ്പെട്ടത് ശാരിയുടെ അടുത്തേക്കും. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോഫിയ, ദേശാടനക്കിളികള്‍ കരയാറില്ല എന്ന ചിത്രത്തിലെ സാലി, ഒന്നു മുതല്‍ പൂജ്യംവരെ’ യിലെ എലിസബത്ത്, നൊമ്പരത്തിപ്പൂവിലെ അനിത, ഇതാ സമയമായി എന്ന ചിത്രത്തിലെ ലീലാമ്മ, വിളംബരം, എല്ലാവർക്കും നന്മകള്‍, വീണ്ടും ലിസ, അതിനുമപ്പുറം, തീര്‍ത്ഥം, പൊന്ന്, കൊട്ടും കുരവയും, നിറഭേദങ്ങള്‍, മെയ് മാസപ്പുലരിയില്‍, ആണ്‍കിളികളുടെ താരാട്ട്, നിങ്ങളില്‍ ഒരു സ്ത്രീ കാലത്തിന്‍റെ ശബ്ദം, ക്രിമിനല്‍സ് ഡബ്ബിങ് തുടങ്ങിയ സിനിമകളില്‍ ശാരി അഭിനയിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.
സൂക്ഷ്മമായ സംവിധാന മികവ്, മികച്ച തിരക്കഥ, മനോഹരമായ കഥയും കഥാപാത്രങ്ങളും, കഴിവുറ്റ അഭിനേതാക്കള്‍ എന്നിവ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. മനോഹരമായ ജോണ്‍സണ്‍ മാഷിന്‍റെ സംഗീതം കൊണ്ടും സമ്പന്നമായിരുന്നു ഈ ചിത്രം. ബൈബിളിലെ ഉത്തമഗീതത്തിലെ ഗീതങ്ങളിലൂടെയാണ് സോളമന്റെയും സോഫിയയുടെയും പ്രണയം പൂവിടുന്നത്. നായക സങ്കല്‍പ്പത്തിന് പുതിയൊരു വെളിച്ചം കൂടി പകരുകയായിരുന്നു പത്മരാജന്‍. ‘ദേശാടനക്കിളി കരയാറില്ല’ എന്ന മറ്റൊരു പത്മരാജന്‍ സൂപ്പര്‍ ഹിറ്റ് പടത്തിലും നായികയായി എത്തിയത് ശാരി തന്നെയായിരുന്നു. ഈ ചിത്രത്തില്‍ ശാരിയും കാര്‍ത്തികയുമായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. നിമ്മി, സാലി എന്നീ കൂട്ടുകാരികളുടെ അപൂര്‍വ സ്നേഹവും സൌഹൃദവുമാണ് ചിത്രത്തില്‍ പ്രമേയം.
മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ അഭിനേത്രികളിൽ ഒരാളാണ് ശാരി. പൂച്ചക്കണ്ണുള്ള സുന്ദരി എന്ന വിശേഷണം മാറ്റി നിർ ത്തിയാൽ മികച്ച അഭിനയപാടവമുള്ള നടി. പത്മരാജൻ തുടങ്ങിയവരുടെ സിനിമകളിലൂടെ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്ത ശാരിയ്ക്ക് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.