Friday, November 15, 2024

മലയാള സിനിമയുടെ പൗരുഷ നായകൻ

പൗരുഷം നിറഞ്ഞ ആകാര സൗകുമാര്യവുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന മഹാനടൻ. അവിസ്മരണീയമായ അഭിനയ പാടവം കൊണ്ട് കലയ്ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതം, വില്ലനായും നായകനായും കിട്ടുന്ന ഏത് വേഷങ്ങളെയും ഗംഭീരമാക്കുന്ന അഭിനയ പ്രതിഭ. മലയാള ചലച്ചിത്രലോകത്തേക്ക് ശരീരത്തിന്‍റെ കാല്പനിക ഭാഷ്യത്തിനു പതിവ്  വിരുദ്ധമായി തനതായ അഭിനയ ശൈലിയുമായി കടന്നു വന്ന സത്യൻ എന്ന നടൻ ജനഹൃദയങ്ങളിൽ വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരനായിത്തീർന്നു. സ്‌ക്രീനിൽ അദ്ദേഹം നിറഞ്ഞാടിയ കഥാപാത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. കഥയും തിരക്കഥയും കഥാപാത്രത്തെയും പൂർണ്ണമായും മനസ്സിലാക്കി മാത്രമാണ് അദ്ദേഹം അഭിനയിക്കാൻ തയ്യാറാകുകയുള്ളു. അദ്ദേഹമിരുന്ന സിംഹാസനത്തിൽ ഒന്നിരിക്കണമെന്ന ആഗ്രഹത്തോടെ വരുന്ന അനേകം ആരാധകരെക്കുറിച്ച് മക്കൾ ഓർമ്മിക്കുന്നു. എന്നാൽ അദ്ദേഹം ഒഴിച്ചിട്ട കഴിവിന്‍റെ പ്രൗഢവും ശ്രേഷ്ഠവുമായ ആ സിംഹാസനത്തെ അലങ്കരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു സത്യം.

 മലയാള സിനിമ അതിന്‍റെ സാങ്കേതിക മാറ്റത്തിലേക്ക് ചുവട് വയ്ക്കാത്ത കാലത്തായിരുന്നു സത്യന്‍റെ അരങ്ങേറ്റം. സാമൂഹികമായ അനേകം പദവികളിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇദ്ദേഹം. മാനുവേൽ സത്യനേശൻ നാടാർ എന്നാണ് യഥാർത്ഥ നാമം. സിനിമയിലെത്തിയപ്പോൾ പേര് സത്യൻ എന്ന് ചുരുക്കി. സ്കൂൾ അധ്യാപകനായും സെക്രട്ടറിയേറ്റിൽ ഗുമസ്തനായും പട്ടാളക്കാരനായും പോലീസ് ഇൻസ്‌പെക്ടറായും ജോലി ചെയ്തു.1941ലെ രണ്ടാം ലോക മഹായുദ്ധകാലത്ത് മലേഷ്യയിലെ  യുദ്ധരംഗത്ത് അതിന്‍റെ ഭാഗമായി പ്രവർത്തിച്ചു. സിനിമയിലെത്തും മുന്നേ ആലപ്പുഴയിലെ കലാസാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു സത്യൻ. എങ്കിലും സിനിമയിലെത്തിയപ്പോൾ നാടകാഭിനയത്തിന്‍റെ ശൈലിയോ സ്വാധീനമോ സത്യനിൽ ഉണ്ടായിരുന്നില്ല. സിനിമയ്ക്ക് യോജിച്ച തരത്തിൽ അഭിനയിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. സിനിമയിലഭിനയിക്കുക എന്ന മോഹമായി കൊണ്ട് നടന്ന സത്യൻ പോലീസ് ഇൻസ്‌പെക്ടർ ജോലി രാജി വെച്ചു. ഉദ്യോഗത്തിൽ ഉയർന്ന പദവികൾ ലഭിക്കുമായിരുന്നിട്ടും രാജി വെച്ച സത്യന്‍റെ തീരുമാനത്തെ പല രും എതിർത്തു. അന്നത്തെ പ്രശസ്ത സംഗീതജ്ഞനായ സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരുമായുള്ള ആത്മബന്ധം അദ്ദേഹത്തിന് അഭിനയ ജീവിതത്തിലേക്കുള്ള വഴി തുറക്കുന്നതിന് മുതൽക്കൂട്ടായി. സത്യനിൽ ഒരു നടനുണ്ടെന്ന് മനസ്സിലാക്കിയത് അദേഹമായിരുന്നു.

കൗമുദിവാരികയിലെ കെ ബാലകൃഷ്ണൻ 1951 ൽ സംവിധാനം ചെയ്ത ‘ത്യാഗസീമ’ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ആ ചിത്രം വെളിച്ചം കണ്ടില്ല. പിന്നീട് 1952 ലിറങ്ങിയ രണ്ടാമത്തെ ചിത്രമായ ‘ആത്മസഖി’യിലൂടെ മലയാള സിനിമയിൽ തുടക്കമിട്ടു. പിന്നീടങ്ങോട്ട് ‘ആത്മസഖി’മുതൽ ‘അനുഭവങ്ങൾ പാളിച്ചകൾ’വരെ അദ്ദേഹത്തിന്‍റെ ജൈത്രയാത്രയായിരുന്നു. അഭിനയകലയിൽ അനുകരണം സത്യൻ ചെയ്തിരുന്നില്ല. കണ്ടു മനസ്സിലാക്കി തന്‍റെതായ ശൈലിയിൽ അഭിനയത്തെ  വാർത്തെടുക്കയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. സ്വന്തം  കഴിവിൽ പൂർണ്ണ വിശ്വാസം പുലർത്തിയിരുന്ന സത്യൻ മത്സര ബുദ്ധിയോടെ മറ്റുള്ളവരെ സമീപിച്ചിരുന്നില്ല. എന്നാൽ അവരുടെ കഴിവുകളെ ബഹുമാനിക്കുകയും ചെയ്തു. മലയാള സിനിമ ഉയരങ്ങളിലേക്ക് കുതിച്ചത് 1954- ൽ സത്യൻ നായകനായി അഭിനയിച്ച’നീലക്കുയിലി’ലൂടെയാണ്. സത്യൻ എന്ന പൗരുഷം നിറഞ്ഞ യുഗ പുരുഷനെ മലയാള സിനിമ അന്നുമുതൽ ആരാധനയോടെ കാണാൻ തുടങ്ങി. മലയാള സിനിമയുടെ ചരിത്രത്തിലേക്കും വളർച്ചയിലേക്കും തറക്കല്ലിട്ടു, ഈ സിനിമ. മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ചിത്രമാണ് ‘നീലക്കുയിൽ’. മലയാളത്തിലെ പ്രശസ്ത കഥാകാരൻ ഉറൂബിന്‍റെ കഥയായ ‘നീലക്കുയിലി’നു രംഗഭാഷ്യമൊരുക്കിയത് രാമുകാര്യാട്ടും പി ഭാസ്ക്കരനും. മലയാള സിനിമയിൽ കേന്ദ്ര സർക്കാരിന്‍റെ ആദ്യ രജതകമലം സ്വന്തമാക്കിയതും ‘നീലക്കുയി’ലാണ്. മലയാളസിനിമയുടെ ചരിത്രം കുറിച്ച വിജയമായിരുന്നു നീലക്കുയിലിന്‍റെത്. കെ എസ് സേതുമാധവൻ സത്യൻ കൂട്ടുകെട്ടിൽ മികച്ച മലയാളത്തിനു പിന്നീടുണ്ടായി. ‘ചെമ്മീനി’ലെ അഭിനയം സത്യനിലെ നടനെ കൂടുതൽ ഔന്നത്യത്തിലേക്ക് എത്തിച്ചു. മലയാളത്തലെ 150 തിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം. രണ്ട് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

 നായക സങ്കൽപ്പത്തിൽ നിന്നും വിഭിന്നമായിരുന്നു സത്യൻ എന്ന നടൻ. അദ്ദേഹത്തിന്‍റെ ആകാരവടിവും ഭാവവുമെല്ലാം നായകനിലുപരി വില്ലൻ പരിവേഷം നൽകിയിരുന്നു. എന്നാൽ വെള്ളിത്തിരയിൽ നായകനായും വില്ലനായും ഒരേ സമയം നിറഞ്ഞു നിന്നു, സത്യൻ. അത് കൊണ്ട് തന്നെ ഇന്ത്യൻ സിനിമയിൽ എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളായി അദ്ദേഹം തന്‍റെ സ്ഥാനം അലങ്കരിച്ചു.’യക്ഷി’ എന്ന ചിത്രത്തിലെ പ്രൊഫ: ശ്രീനി, ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിലെ പപ്പു (1965) എന്നീ കഥാപാത്രങ്ങൾ സത്യന്‍റെ കരിയറിൽ പൊൻതൂവലായിരുന്നു. ‘കുട്ട്യേടത്തി’യിലെ അപ്പുണ്ണി(1971),’തെറ്റി’ലെ ജോണി (1971), ‘ശരശയ്യ’യിലെ  ഡോ തോമസ്, ‘അനുഭവങ്ങൾ പാളിച്ചകളി’ലെ ചെല്ലപ്പൻ (1971), ‘പഞ്ചവൻകാട്ടി’ലെ അനന്തക്കുറുപ്പ് (1971),’ശിക്ഷ’ യിലെ (1971),’അടിമകളി’ലെ അപ്പുക്കുട്ടൻ(1969), ”വെള്ളിയാഴ്ച’യിലെ രവി (1969), മൂലധനത്തിലെ രവി(1969), ‘അഗ്നിപരീക്ഷ’യിലെ ഡോ മോഹൻ(1968),’വെളുത്ത കത്രീന’യിലെ ചെല്ലപ്പൻ (1968),’അനാർക്കലി’യിലെ അക്ബർ(1966), ‘തറവാട്ടമ്മ’യിലെ ഗോപി(1966),’ചേട്ടത്തി’യിലെ പ്രേമ ചന്ദ്രൻ(1965), ‘ഉണ്ണിയാർച്ച’യിലെ ആരോ മൽ ചേകവർ(1961),’നീലക്കുയിലി’ലെ ശ്രീധരൻ നായർ (1954),’അരനാഴിക’യിലെ മാത്തുക്കുട്ടി (1970),’ദത്തു പുത്രനി’ലെ കുഞ്ഞച്ചൻ (1970),’ഒതേന്‍റെ മകനി’ലെ ഒതേനക്കുറുപ്പ്(1970), ‘നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി’യിലെ പരമു പിള്ള (1970),’വാഴ്‌വേ മായ’ത്തിലെ സുധീന്ദ്രൻ നായർ (1970),’വിവാഹിത’യിലെ അശോക് (1970), ‘കടൽ പ്പാല’ത്തിലെ നാരായണ കൈമൾ, രഘു (ഡബിൾ റോൾ-1964),’കായം കുളം കൊച്ചുണ്ണി’യിലെ കൊച്ചുണ്ണി (1966),’ചെമ്മീനി’ലെ പളനി (1965),’തച്ചോളി ഒതേനനി’ലെ ഒതേനൻ (1964),’മുടിയനായ പുത്രനി’ലെ രാജശേഖരൻ പിള്ള (1961)തുടങ്ങിയ കഥാപാത്രങ്ങള്‍ മലയാള സിനിമയിൽ നിത്യ ഹരിതമാണ്.

സത്യൻ പാടിയഭിനയിച്ച പാട്ടുകളെല്ലാം ഹിറ്റായിരുന്നു. സംഗീതാസ്വാദകനും കവിതകൾ  പാടുകയും ചെയ്യുന്ന സത്യൻ ഗാനരംഗങ്ങൾ മനോഹരമാക്കി തീർത്തു. പാട്ടിന്‍റെ അർത്ഥവും ഭാവവും താളവുമനുസരിച്ചുള്ള അഭിനയം കൊണ്ട് ആ പാട്ടുകൾ ഒന്നുകൂടെ ശ്രദ്ധിക്കപ്പെട്ടു.”എന്‍റെ വീണക്കമ്പിയെല്ലാം വിലയ്‌ക്കെടുത്തു” എന്ന ഗാനം ശ്രദ്ധേയമാണ്. പറയാനുള്ളതെല്ലാം തുറന്നു പറയുന്ന വ്യക്തിത്വമായിരുന്നു സത്യന്‍റെത്. അർഹതപ്പെട്ടതിനു മാത്രം അംഗീകാരം നല്കണമെന്ന് മുഖത്തു നോക്കിപ്പറയാൻ അദ്ദേഹത്തിന് സങ്കോചമുണ്ടായിരുന്നില്ല. കഠിനമായ രോഗാവസ്ഥയിലും കൈവിടാത്ത ആ മനോധൈര്യം മുഴുവനും കലയ്ക്ക് വേണ്ടി സമർപ്പിതമായിരുന്നു.1969ൽ മികച്ച നടനുള്ള അവാർഡ് നേടിയ സത്യൻ 1971ൽ ‘കരകാണാക്കട’ലിലെ അഭിനയത്തിനും മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കി. സത്യന്‍റെ പേരിലുള്ള നിരവധി അവാർഡുകൾ മലയാളത്തിലുണ്ട്. സത്യൻ ദേശീയ അവാർഡ്, സത്യൻ പുരസ്‌കാരം, സത്യൻ മെമ്മോറിയൽ അവാർഡ്, എന്നിവയാണവ. മലയാള സിനിമയിൽ ജ്വലിച്ചു നിൽക്കവേ അണഞ്ഞു പോയ ദീപമാണ് സത്യൻ. അപ്രതീക്ഷിതമായ ആ വിടപറച്ചിൽ ആരാധകരുടെ മനസ്സുകളിൽ തീരാത്ത നൊമ്പരമായിരുന്നു.

 തന്‍റെ രോഗാവസ്ഥ മറച്ചു വെച്ച് കൂടുതൽ കരുത്തോടെ മലയാള സിനിമയിലേക്ക് കുതിച്ചു കയറിയ അഭി നയ പ്രതിഭയാണ് സത്യൻ..രോഗം ക്രൂരമായി വേട്ടയാടുന്ന സന്ദർഭങ്ങളിലും ഷൂട്ടിംഗ് സമയത്ത് കൃത്യനിഷ്ഠ പാലിക്കാൻ ശ്രദ്ധിച്ചു.1970 ൽ ബാധിച്ച ഗുരുതരമായ രക്താർബുദം വില്ലനായി സത്യനെ നിശബ്ദമായി പിന്തുട ർന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കിടുന്ന സഹപ്രവർത്തകർ ചിട്ടയും കൃത്യനിഷ്ഠതയും പാലി ക്കുന്ന സത്യനെയാണ് ഓർക്കുന്നത്.സത്യനെന്ന നടനെ ഭയം  നിറഞ്ഞ ബഹുമാനമായിരുന്നു ഏവർക്കും. തൊഴിൽപരമായ സ്വഭാവ രീതി അദ്ദേഹത്തിന്‍റെ ജീവിതത്തെയും സ്വാധീനിച്ചിരുന്നു.സിനിമയിൽ സിനിമ യാണ് മുഖ്യം. നടന്‍റെ ഈഗോയോ സ്വാധീനമോ അധികാരമോ അല്ലെന്ന് സധൈര്യം പറഞ്ഞ കലാകാരൻ. അവിസ്മരണീയമായ ചലച്ചിത്രാഭിനയത്തിലൂടെയുള്ള ഘോഷയാത്രയായിരുന്നു സത്യന്‍റെ  ജീവിതം.മക്കളെ ഏറെ സ്നേഹിച്ചിരുന്ന പപ്പ.അസുഖം കൂടിയപ്പോൾ പല സിനിമകളും ഉപേക്ഷിക്കേണ്ടി വന്നു സത്യന്. പക്ഷെ ഏറ്റെടുത്ത സിനിമകൾ ചെയ്തു തീർക്കാൻ അദ്ദേഹം ആഗ്രഹിക്കുകയും സെറ്റിലെത്തുകയും ചെയ്തി ട്ടുണ്ട്.എന്നാൽ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് രോഗം മൂർച്ഛിച്ച സ ത്യൻ പൂർണമായും തളർന്നു.എന്നാൽ ആ മനോധൈര്യം അപാരമായിരുന്നു.ആ അവസ്ഥയിൽ തന്നെ സ്വയം കാറോടിച്ചു ആശുപത്രിയിൽ അഡ്മിറ്റായ സത്യൻ എന്ന നടൻ പിന്നീട് ഉണർന്നതേയില്ല.മുഖത്ത് അഭി നയ കലയുടെ വേഷമണിഞ്ഞു അരങ്ങത്ത് വെച്ച് തന്നെ ആ നാളം അപ്രതീക്ഷിതമായി പൊലിഞ്ഞു.1971 ജൂൺ 15 നു അദ്ദേഹം മലയാള സിനിമയിൽ നിന്ന് വിട പറഞ്ഞു.

spot_img

Hot Topics

Related Articles

Also Read

ബുക്കിങ്ങിൽ റെക്കോർഡ് സൃഷ്ടിച്ച് കൊണ്ട് ടിക്കറ്റുകൾ വിട്ടഴിച്ച് മമ്മൂട്ടിയുടെ ‘ടർബോ’

0
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയുടെ ബുക്കിങ്ങിൽ ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട് റെക്കോർഡ് സൃഷ്ടിക്കുകയാണ്. ഒരു കൊടി രൂപയുടെ ടിക്കറ്റാണ് ആദ്യ ദിവസം വിറ്റത്. മെയ് 23 ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.

‘ഹോം’ കോവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ട് എടുത്ത സിനിമ, നാഷണല്‍ അവാര്‍ഡ് ജനങ്ങളില്‍ നിന്നും കിട്ടിയ അംഗീകാരം- ഇന്ദ്രന്‍സ്

0
'മനുഷ്യനല്ലേ കിട്ടുമ്പോള്‍ സന്തോഷം കിട്ടാത്തപ്പോള്‍ വിഷമം’ ഇന്ദ്രന്‍സ്  പറഞ്ഞു

ജിതിൻ ലാൽ- ടൊവിനോ ഒന്നിക്കുന്ന ഫാന്റസി  ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
ടൊവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ചിത്രം ‘എ. ആർ. എം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങളായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്.

ജോജു നായകന്‍, എ കെ സാജന്‍ സംവിധാനം; ട്രെയിലറുമായി പുലിമട

0
എ കെ സാജന്‍ സംവിധാനം ചെയ്ത് ഒക്ടോബര്‍ 26- നു തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രം പുലിമടയുടെ  ട്രൈലര്‍ പുറത്ത്. ജോജു ജോര്‍ജ്ജ് നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും ലിജോമോളുമാണ് നായികമാര്‍.

ഡിസംബറിൽ റിലീസാകാനൊരുങ്ങി ‘ഡാൻസ് പാർട്ടി’

0
രാഹുൽ രാജും ബിജിപാലും സംഗീതം ചിട്ടപ്പെടുത്തിയ  ആറ് പാട്ടുകളാണ് ചിത്രത്തിൽ ഉള്ളത്. ഇതിൽ മൂന്നു ഗാനങ്ങൾ ഡാൻസുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണേന്ത്യൻ കൊറിയോഗ്രാഫറായ ഷരീഫ് മാസ്റ്ററാണ് നൃത്തം ഒരുക്കിയിരിക്കുന്നത്