മലയാള സിനിമ അതിന്‍റെ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന കാലഘട്ടത്തിലാണ് കെ ആർ മോഹനൻ എന്ന സംവിധായകന്‍റെ രംഗപ്രവേശം. മൂന്ന് സിനിമകളെ അദ്ദേഹത്തിന്‍റെതായിട്ടുള്ളുവെങ്കിലും അവയോരോന്നും മികച്ച ചിത്രങ്ങളായിരുന്നു. ഇദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡയറക്ടറായും പ്രവർത്തിച്ചു. അദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ സമാന്തര സിനിമകളുടെ സ്വഭാവം പ്രകടമാക്കുന്നുണ്ട്. പൂനെ ഫിലിം ഇൻസ്റ്റിട്ട്യുട്ടിൽ പഠനം പൂർത്തിയാക്കിയ കെ ആർ മോഹനൻ നിരവധി ഹ്രസ്വ ചിത്രങ്ങളും ഇരുപത്തിയഞ്ചോളം ഡോക്യുമെന്‍ററികളും സംവിധാനം ചെയ്തു. 1975ൽ സംവിധാനം ചെയ്ത് പി ടി കുഞ്ഞുമുഹമ്മദ് നിർമ്മിച്ച ‘അശ്വത്ഥാമാ’ ആണ് കെ ആർ മോഹനന്‍റെ ആദ്യ ചിത്രം. അശ്വത്ഥാമാ, പുരുഷാർത്ഥം, സ്വരൂപം എന്നിവയാണ് അദ്ദേഹത്തിന്‍റെ മികച്ച മൂന്ന് ചിത്ര ങ്ങൾ.
നായകൻമാർ നിറഞ്ഞു നിൽക്കുന്ന സിനിമാക്കാലങ്ങളിൽ ‘ഭദ്ര’ എന്ന നായികയുടെ ജീവിതമാണ് ‘പുരുഷാർത്ഥ’ത്തിൽ പറയുന്നത്. അവളുടെ ഭർത്താവിന്‍റെ മരണവും ആ ഓർമകളിൽ അസ്വസ്ഥമായ തന്‍റെ മനസ്സിനെ മോചിപ്പിക്കാൻ ഭദ്ര ഭർത്താവിന്‍റെ മരണാനന്തര കർമ്മങ്ങൾക്കായി മകനായ വിനീതിനിപ്പം രാമേശ്വരത്തേക്ക് പോകുന്നു. ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോകുംവഴി ഭദ്ര ‘നൈനാൻ’ എന്ന യുവാവിനെ പരിചയപ്പെടുകയും അയാൾ അവളുടെ ദുഃഖത്തിൽ നിന്നും മോചിപ്പിക്കാനും ആനന്ദിപ്പിക്കാൻ ശ്രമിക്കുകയും ഒറ്റപ്പെടലിൽ നിന്നും സ്വതന്ത്ര്യമാക്കാനും ശ്രമിച്ചു കൊണ്ടിരുന്നു. കുട്ടിയായ വിനീതിന്‍റെ കാഴ്ചപ്പാടിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അവന്‍റെ വീക്ഷണത്തില്‍ ഭദ്രയേയും നൈനായെയും അവരുടെ ഇടപെടലുകളെയും വിനീതിനെ അസ്വസ്ഥനാക്കുന്നു. അമ്മയുടെ പുതിയ ആൺ സൗഹൃദം അവനിൽ തന്‍റെ അച്ഛന്‍റെ മരണത്തിനു ഉത്തരവാദി അമ്മയായിരിക്കാം എന്ന ചിന്ത ഒരു വിശ്വാസമായി മനസ്സിൽ ഉറച്ചു നിൽക്കാന്‍ തുടങ്ങി. അച്ഛനുള്ള ശേഷക്രിയകൾ നടന്നു കൊണ്ടിരിക്കെ അവൻ നൈനാന്‍റെ മുഖത്തേക്ക് പിണ്ഡമെടുത്തു എറിയുന്നു. കുട്ടിയുടെ മനസ്സിൽ അമ്മ അച്ഛൻ എന്നീ സ്ഥാനത്തേക്ക് പുതിയൊരാൾ അവകാശം സ്ഥാപിക്കുന്നതിനെതിരെയുള്ള സംഘർഷങ്ങളെ, ഈർഷ്യയെ, പ്രതിഷേധങ്ങളെ ‘പുരുഷാർത്ഥ’ത്തിലൂടെ സംവിധായകൻ സൂക്ഷ്മമായി അവതരിപ്പിക്കുന്നു.
സനാതന ധർമ്മങ്ങളിൽ നാല് പുരുഷാർത്ഥങ്ങളെയാണ് ആത്മീയതയിൽ പറയുന്നത്. ധർമ്മം, അർത്ഥം, കാമം, മോക്ഷം തുടങ്ങിയവ. ഈ അനുഷ്ഠാനങ്ങളിലൂടെയാണ് സിനിമയുടെയും സഞ്ചാരം. പിതാവിന്‍റെ ആത്മാവിനു മോക്ഷം കിട്ടാനായി മകൻ ചെയ്യുന്ന ബലികർമ്മങ്ങളും അമ്മയെ പ്രണയിക്കുന്നു എന്നവന്‍ കരുതുന്ന പുരുഷനോടുള്ള പ്രതിഷേധവും ഈ നാല് പുരുഷാർത്ഥങ്ങളെയും അർത്ഥമാക്കുന്നു. പിതാവിനോടും മാതാവിനോടുമുള്ള ധർമ്മം പാലിക്കുകയും അമ്മയോടുള്ള നൈനാന്‍റെ ഇടപെടലിനെ അച്ഛനു വേണ്ടി അവനുരുട്ടിയ പിണ്ഡമെറിഞ്ഞു പ്രതിഷേധിക്കുകയും അച്ഛന്‍റെ ആത്മാവിന് മോക്ഷം കൊടുക്കുകയും ചെയ്യുന്ന ധർമാനുഷ്ഠാനത്തിലാണ് ‘പുരുഷാർത്ഥ’ത്തിലെ മകൻ. എഴുത്തുകാരനായ സി വി ശ്രീരാമന്‍റെ ‘ഇരിക്കപ്പിണ്ഡം’ എന്ന കഥയാണ് ‘പുരുഷാർത്ഥ’ത്തിന്‍റെ ഇതിവൃത്തം.
ബീഹാറിലെ ബോധ്ഗയ ആണ് കഥയിലെ പ്രാദേശിക പശ്ചാത്തലമെങ്കിലും സിനിമയിൽ കേരളവും ധനുഷ്കോടിയും രാമേശ്വരവുമൊക്കെയാണ് പശ്ചാത്തലമായിവരുന്നത്. അടൂർ ഭാസി, മാടമ്പ് കുഞ്ഞുകുട്ടൻ, ജെയ്ൻ ജോർജ്ജ്, സുജാത മെഹ്ത എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. സംഗീതം എം ബി ശ്രീനിവാസനും ക്യാമറ മധു അമ്പാട്ടും നിര്‍വഹിച്ചു.
1987ൽ ‘പുരുഷാർത്ഥ’ത്തിനു മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ഭരത് ഗോപി സംവിധാനം ചെയ്ത ‘ഞാറ്റാടി’ എന്ന സിനിമയിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധേയമായ ഒട്ടേറെ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത കെ ആർ മോഹനന്‍റെ ‘വിശുദ്ധ വനങ്ങൾ’ എന്ന ഹ്രസ്വ ചിത്രത്തിനു സംസ്ഥാന അവാർഡ് ലഭിച്ചു. മൂന്നു സിനിമകൾ കൊണ്ട് മലയാള ചലച്ചിത്രത്തിൽ സമാന്തര സിനിമകളുടെ നവ സൃഷ്ടിക്കു ഭാഗമായ കെ ആർ മോഹനൻ എന്ന സംവിധായകൻ 2015 ജൂൺ 25 നു വിട പറഞ്ഞു.