കാലങ്ങളായി ഓരോ തലമുറകളെയും മലയാള സിനിമയെയും എക്കാലത്തും അത്ഭുതപ്പെടുത്തുന്ന അഭിനയകുലപതി മഹാനടന്‍ മമ്മൂട്ടിക്കു എട്ടാമത്തെ തവണ മികച്ച നടനുള്ള 53- മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തേടിയെത്തിയിരിക്കുന്നു. 1981- ല്‍ ‘അഹിംസ’യില്‍ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടിക്കൊണ്ടുള്ള തുടക്കം. പിന്നീട് വിധേയന്‍, പൊന്തന്‍ മാട, വാല്‍സല്യം, പാലേരി മാണിക്യം, അടിയൊഴുക്കുകള്‍, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം, കാഴ്ച, അങ്ങനെ തുടങ്ങി മികച്ച നടനുള്ള പുരസ്കാരം 2022- ല്‍ പുറത്തിറങ്ങിയ ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തില്‍ എത്തി നില്‍ക്കുന്നു. നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഹാനടന തിലകത്തിന് ഒരു പൊന്‍തൂവല്‍ കൂടി.
“മലയാള ചലച്ചിത്ര അഭിനയ ചരിത്രത്തിലെ അത്യപൂര്‍വ്വവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവ സവിശേഷതകളുള്ള രണ്ടു മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയില്‍ പകര്‍ന്നാടിയ അഭിനയത്തികവ്. ‘ജയിംസ്’ എന്ന മലയാളിയില്‍ നിന്ന് ‘സുന്ദരം’ എന്ന തമിഴനിലേക്കുള്ള പരകായപ്രവേശത്തിലൂടെ രണ്ടു ദേശങ്ങള്‍, രണ്ടു ഭാഷകള്‍, രണ്ടു സംസ്കാരങ്ങള്‍, എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭ” ഇങ്ങനെയാണ് മമ്മൂട്ടിയുടെ പ്രകടനത്തെ ജൂറി അംഗം വിലയിരുത്തിയിട്ടുള്ളത്. ‘ബെസ്റ്റ് ആക്ടര്‍ ‘ എന്ന വിശേഷണം വീണ്ടും തന്നില്‍ തന്നെ ഉറപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി.
പതിനാല് വര്‍ഷത്തിന് ശേഷം എട്ടാമത്തെ മികച്ച നടനുള്ള അംഗീകാരം തേടിയെത്തിയ മമ്മൂട്ടി നമുക്ക് സമ്മാനിച്ചത് എത്രയോ ഹിറ്റ് കഥാപാത്രങ്ങള്‍. അഭിനേതാവ് എന്നതിലുപരി കഥാപാത്രത്തിലേക്കുള്ള ഒരു നടന്‍റെ പകര്‍ന്നാട്ടം കണ്ട് പ്രേക്ഷകര്‍ അടുത്തകാലത്ത് വിസ്മയിച്ചത് ലിജോജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിലൂടെയായിരുന്നു. നമ്മുടെ ജീവിതത്തിലൂടെ എപ്പോഴൊക്കെയോ കടന്നുപോയൊരു പരിചിത മുഖത്തെ അത്രയും തന്‍മയത്വത്തോടെ വെള്ളിത്തിരയിലേക്ക് മമ്മൂട്ടി എത്തിച്ചു. കഥാകൃത്തും നോവലിസ്റ്റുമായ എസ് ഹരീഷും സംവിധായകന്‍ ലിജോജോസ് പല്ലിശ്ശേരിയും മമ്മൂട്ടിയും ചേര്‍ന്ന് സിനിമയെ പ്രേക്ഷകരുടെ പുതിയകാലത്തെ കാഴ്ചയുടെ അഭിരുചിക്കനുസരിച്ച് നിര്‍മ്മിച്ചെടുത്തു. ജയിംസും സുന്ദരവുമായി ഒരുപോലെ വിസ്മയിപ്പിച്ച മമ്മൂട്ടിയെ തേടിയെത്തിയ 56- മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലൂടെ ഇനിയുമിനിയും നല്ല സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള പുതിയ വാതിലുകളാണ് തുറക്കുന്നത് .
154- ചിത്രങ്ങളാണ് ഇത്തവണ മല്‍സരത്തിന് എത്തിയത്. അതില്‍ അവസാന റൌണ്ടില്‍ എത്തിയ മുപ്പതു സിനിമകളാണ്. മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് കുഞ്ചാക്കോ ബോബന് ലഭിച്ചിട്ടുള്ളത്. അപ്പന്‍ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ അലന്‍സിയറും മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടി. മികച്ച തിരക്കഥകൃത്ത് ഉള്‍പ്പെടെ ഏഴു പുരസ്കാരങ്ങള്‍ നേടിയ ‘ന്ന താന്‍ കേസ് കൊട്’ എന്ന ചിത്രം നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടി.
മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് പി പി കുഞ്ഞികൃഷ്ണനും (ന്ന താന്‍ കേസ് കൊട്), സ്വഭാവനടിക്കുള്ള പുരസ്കാരം ദേവി വര്‍മ്മയും (സൌദി വെള്ളക്ക), നേടി. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ‘അറിയിപ്പ്’ എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണനെയാണ്. മികച്ച ചിത്രമായി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കവും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലതാരമായി വഴക്ക് എന്ന ചിത്രത്തിലൂടെ തന്‍മയ സോളിനെയും(പെണ്‍), ‘പല്ലൊട്ടി 90കിഡ്സ്’ എന്ന ചിത്രത്തിലൂടെ മാസ്റ്റര്‍ ഡാവിഞ്ചിയെയും (ആണ്‍) തിരഞ്ഞെടുത്തു. മികച്ച ഗായികയായി മൃദുല വാര്യരും(പത്തൊന്‍പതാം നൂറ്റാണ്ട്), മികച്ച ഗാനരചയിതാവായി റഫീക് അഹമ്മദിനെയും9ന്ന താന്‍ കേസ് കൊട്), മികച്ച ഗായകനായി കബില്‍ കബിലനും മികച്ച സംഗീത സംവിധായകനായി എം ജയചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.
ജനപ്രിയ ചിത്രമായും കലാമൂല്യമുള്ള സിനിമയായും തെരഞ്ഞെടുത്തത് രതീഷ് പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്ന താന്‍ കേസ് കൊട് ‘ എന്ന ചിത്രമാണ്. മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ‘പല്ലൊട്ടി 90കിഡ്സ്’ ആണ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരത്തിന് സി എസ് വെങ്കിടേശന്‍ അര്‍ഹനായി (സിനിമ ഭാവന ദേശങ്ങള്‍). മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം ലഭിച്ചതു ‘ഇലവീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിലൂടെ ഷാഹി കബീറിനാണ്. മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പരാമര്‍ശം എസ് വിശ്വജിത്തിനും (ഇടവരമ്പ്), രാരീഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും )എന്നീ ചിത്രങള്‍ അര്‍ഹമായി.
മികച്ച രണ്ടാമത്തെ ചിത്രം ‘അടിത്തട്ട്’ , ചിത്രസംയോജകന്‍ നിഷാദ് യൂസഫ്( തല്ലുമാല), മികച്ച കഥാകൃത്തു കെ എം കമല്‍(പട), മികച്ച തിരക്കഥകൃത്ത് രതീഷ് പൊതുവാള്‍ ( ന്ന താന്‍ കേസ് കൊട്), മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ ഡോണ്‍ വിന്‍സെന്‍റ് (ന്ന താന്‍ കേസ് കൊട്), മികച്ച കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍( ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെല്‍വരാജ്(വഴക്ക്), ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക അവാര്‍ഡ് ശ്രുതി ശരണ്യം ( ബി 32 മുതല്‍ 44 വരെ), മികച്ച നൃത്ത സംവിധാനം ഷോബി പോള്‍ രാജ് ( തല്ലുമാല), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് പൌളി വില്‍സണ്‍ (സൌദി വെള്ളക്ക), ഷോബി തിലകന്‍ (പത്തൊന്‍പതാംനൂറ്റാണ്ട്), മികച്ച വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷണന്‍ ( സൌദി വെള്ളക്ക), മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് (റോനക്സ് സേവ്യര്‍( ഭീഷ്മ പര്‍വ്വം), മികച്ച സിങ്ക് സൌണ്ട് പി വി വൈശാഖ് ( അറിയിപ്പ്), മികച്ച ശബ്ദ മിശ്രണം വിപിന്‍ നായര്‍ (ന്ന താന്‍ കേസ് കൊട്), മികച്ച ശബ്ദ രൂപകല്‍പന അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ),മികച്ച ചലച്ചിത്ര ലേഖനം സാബു നവാസിന്‍റെ ‘പുനസ്ഥാപനം എന്ന നവീന്ദ്രജാലം’ നേടി. സമാന്തരസിനിമയുടെ വക്താവായ ഗൌതം ഘോഷ് അദ്ധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൌതമി, ഛായാഗ്രാഹകന്‍ ഹരീ നായര്‍, സൌണ്ട് ഡിസൈനര്‍ ഡി. യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി, എന്നിവരാണ് അംഗങ്ങള്‍.