മാമുക്കോയയ്ക്ക് ജന്മനാടിന്‍റെ യാത്രാമൊഴി. അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണുവാന്‍ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് കണ്ണ൦പറമ്പ് ഖബര്‍സ്ഥാനില്‍ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നിരവധി ആളുകളെ സാക്ഷിയാക്കി സംസ്കരിച്ചു. മയ്യത്ത് നമസ്കാരം അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ വെച്ച് നടന്നു. കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലില്‍ വെച്ച് ഉച്ചയ്ക്ക് 1.05 നായിരുന്നു മരണം. മലപ്പുറം വണ്ടൂരിലെ അഖിലേന്ത്യാ സെവന്‍സ് ഫൂട്ബാള്‍ ടൂര്‍ണമെന്‍റ് ഉത്‌ഘാടന ചടങ്ങിനെത്തിയ അദ്ദേഹം കുഴഞ്ഞ് വീഴുകയും പ്രാഥമിക ചികില്‍സയ്‌ക്ക് ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്യാന്‍സറിനും ഹൃദയസംമ്പന്ധവുമായ അസുഖത്തിനും ചികില്‍സയിലായിരുന്നു.
ഖബറിലേയ്ക്ക് : ഫോട്ടോ കടപ്പാട് : 24 ന്യൂസ് ലൈവ്
കോഴിക്കോട് ടൗണ്‍ഹാളില്‍ വൈകീട്ട് മൂന്നു മണിമുതല്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം രാത്രി പത്തുമണിയോടെ അരക്കിണറിലെ വീട്ടിലേക്ക് കൊണ്ട് പോയി. ഹാസ്യനടനായും സ്വഭാവനടനായും വെള്ളിത്തിരയിൽ തിളങ്ങി നിന്ന ഇദ്ദേഹത്തിന് കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹാസ്യാഭിനയത്തിനുള്ള പുരസ്കാരം ലഭിച്ചു. 1946-ജൂലായ് 5-നു ചാലിക്കണ്ടിയില്‍ മുഹമ്മദിന്‍റേയും ഇമ്പിച്ചി ആയിഷയുടെയും മകനായി ജനനം. ഭാര്യ: സുഹറ, മക്കള്‍: നിസാര്‍, ഷാഹീദ, നാദിയ, അബ്ദുല്‍ റഷീദ്,. സിനിമ-സംഗീത-നാടക മേഖലയിലെ പ്രമുഖര്‍ അന്ത്യോപചാരങ്ങള്‍ അര്‍പ്പിച്ചു.