മലയാള സിനിമ ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും എത്തിനിൽക്കുന്ന കാലത്ത് മനുഷ്യ സംസ്കാരത്തിന്‍റെയും ജീവിതത്തിന്‍റെയും വേറിട്ട രണ്ട് പാതകൾ ചലച്ചിത്രത്തെയും സ്വാധീനിച്ചിരുന്നു. പഴമയിൽ നിന്നും നിഷേധത്തോടെ ഇറങ്ങിപ്പോകുന്ന പുതിയ തലമുറ, പഴമയിൽ നിന്ന് ഇത്തിരിയകന്ന് എന്നാൽ അതിലിഴുകിച്ചേര്‍ന്ന് കൊണ്ട് തനത് സംസ്കാരത്തിലൂന്നിയ ആചാരാനുഷ്ഠനങ്ങൾക്കനുസൃതമായി ജീവിക്കുന്ന മധ്യവർത്തിയായൊരു മറ്റൊരു തലമുറ. അങ്ങനെ പലതിന്‍റെയും സ്വീകാര്യതയിലും ഉപേക്ഷിക്കലിലും കാലം ഭിന്നമായൊരു മാറ്റത്തിനു വഴിതെളിച്ചു .ഈ മാറ്റം കലകളെ സ്വാധീനിക്കുകയും കലയിൽ ത ന്നെ സംസ്കാരത്തിന്‍റെ ഭിന്നമായ ദ്വന്ദ്വമുഖങ്ങളെക്കുറിച്ചു ചർച്ച ചെയ്യുകയും ചെയ്തു.
ഭിന്നമായ രണ്ട് കാലങ്ങളിലെ രണ്ട് വ്യത്യസ്ത ചിന്താധാരയുടെ സംഘട്ടനം സാഹിത്യത്തിലും മനുഷ്യജീവിതത്തിലുമെന്ന പോലെ ദൃശ്യകലയിലും കാണാം. മലയാള സിനിമയിൽ കുറച്ചു ചിത്രങ്ങൾ ചെയ്തു കൊണ്ട് തന്‍റെതായ സ്വത്വം നേടിയ ചലച്ചിത്രകാരനാണ് എം പി സുകുമാരൻ നായർ. സമാന്തരസിനിമകളുടെ തുടക്കക്കാരനായ അടൂർ ഗോപാലകൃഷ്ണന്‍റെ സഹസംവിധായകനായിക്കൊണ്ടാണ് സിനിമയിലേക്ക് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.
രസതന്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം പൂനെ ഫിലിം ആന്‍ഡ് ടെലിവിഷൻ ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് സംവിധാന പഠനം പൂർത്തിയാക്കി. 1990- ൽ എം പി സുകുമാരൻ നായർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘അപരാഹ്നം’. ഈ സിനിമയ്ക്ക് അക്കൊല്ലം മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര ബഹുമതിയും ലഭിച്ചു. മാത്രമല്ല,1991- ൽ ഈ ചിത്രത്തിന് ജർമനിയിലെ മൻഹേമിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്‍റർ ഫിലിം ജൂറി പുരസ്‌കാരവും ഗോൾഡൻ ഫിലിം നാമനിർദ്ദേശവും ചെയ്യപ്പെട്ടു. 2000- ത്തിൽ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്, നാല്പത്തിയെട്ടാമത് ദേശീയ ചലച്ചിത്രോത്സവത്തിൽ മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള ബഹുമതി, ജോൺ എബ്രഹാം പുരസ്‌കാരം എന്നിവ ‘ശയനം’ നേടി. 1995- ൽ ഇറങ്ങിയ ഇദ്ദേഹത്തിന്‍റെ ‘കഴകം’ എന്ന സിനിമ മികച്ച ചിത്രം ഉൾപ്പെടെ അഞ്ചു സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സിനിമയ്ക്ക് പുറ മെ ഫിലിം ഡിവിഷൻ, ദൂരദർശൻ എന്നിവയ്ക്ക് വേണ്ടി ലഘുചിത്രങ്ങൾ നിർമ്മിച്ചു.
‘തീയാട്ട്’ എന്ന കലാരൂപത്തെ പാരമ്പര്യമായി അനുഷ്ഠിക്കുന്ന കലാകാരന്മാരുടെ ജീവിതമാണ് ‘ദൃഷ്ടാന്ത’ ത്തിന്‍റെ ഇതിവൃത്തം. വാസുണ്ണി എന്ന തീയാട്ട് കലാകാരന്‍റെ ജീവിതത്തിലൂടെ അന്യം നിന്ന് പോകുന്ന കലാ രൂപങ്ങളെ വാണിജ്യവൽക്കരിക്കുന്ന പുതിയ തലമുറയെക്കൂടി സിനിമയിൽ കാണാം. ആസ്മരോഗി കൂടിയായ വാസുണ്ണിയുടെ കുടുംബം ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും യഥാവിധിപ്രകാരം വ്രതശുദ്ധിയോടെ പരിപാലിക്കുന്നവരാണ്. എന്നാൽ മകൻ ഉണ്ണി ഇതിനെ ശക്തമായി എതിർക്കുന്നു. അയാൾ നാടകക്കമ്പവുമായി കൂട്ടുകാരോടൊപ്പം ഊര് ചുറ്റലാണ്. കേരളത്തിന്‍റെ നാടൻ കലാരൂപങ്ങളെക്കുറിച്ച് പഠിക്കാൻ വിദേശത്ത് നിന്ന് ആളുകളെത്തുന്നതോടെ സിനിമ മറ്റൊരു വഴിയില്‍ സഞ്ചരിക്കുന്നു.
രണ്ട് കാലങ്ങളിൽ ജീവിച്ച വ്യത്യസ്തമായ രണ്ട് തലമുറകൾ തമ്മിലുള്ള വിശ്വാസത്തിന്‍റെയും ചിന്തയുടെയും ജീവിതത്തിന്‍റെയും സംഘട്ടനമാണ് സിനിമയിൽ. ‘തീയാട്ട്’ എന്ന കലയെ ദൈവികമായി കണ്ടു വ്രതശുദ്ധിയോടെ പരിപാലിക്കുന്ന വാസുണ്ണിയും കലാരൂപങ്ങളെ കമ്പോളവൽക്കരിക്കുന്ന മകൻ ഉണ്ണിയും രണ്ട് കാലങ്ങളുടെ പ്രതിരൂപങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്. ഈശ്വര സേവാർത്ഥം കൊണ്ട് നടന്ന കലയെ അപമാനിക്കേണ്ടി വന്ന തോർത്ത് വാസുണ്ണി ദുഃഖിക്കുന്നു. വിനോദ സഞ്ചാരത്തിന്‍റെ മറവിൽ പ്രഹസന വേഷ ങ്ങളായി കോലം കെട്ടിയാടപ്പെടുന്ന കേരളത്തിന്‍റെ തനത് കലാരൂപങ്ങളുടെ അധഃപതനത്തെക്കുറിച്ചാണ് ദൃഷ്ടാന്തത്തിൽ അവതരിപ്പിക്കപ്പെടുന്നത്. രണ്ട് തലമുറകളിലെ രണ്ട് സംസ്കാരങ്ങളുടെ രണ്ട് ആശയ വ്യത്യാസങ്ങളുടെയിടയില്‍ രൂപപ്പെടുന്ന അപസ്വരങ്ങളും അവയിൽ നിന്നും ബന്ധങ്ങൾക്കുണ്ടാകുന്ന അകൽച്ചയും സിനിമയിൽ പ്രതിപാദി ക്കുന്നു.
2006- ൽ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഈ ചിത്രത്തിൽ മുരളി, ഇന്ദ്രൻസ്, മാർഗി സതി, രത്യ, ജിജോയ് രാജഗോപാൽ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ചു. എഡിറ്റിങ് ബി അജയകുമാറും ഛായാഗ്രഹണം കെ ജി ജയനും സംഗീതം ചന്ദ്രൻ വെയറ്റുമ്മലും നിർവഹിച്ചു.”ചെന്തസായകാ”(ആലാപനം: മാർഗി സതി ), “ദേവീ”(ആലാപനം :പത്തനാപുരം ജോസ് ), “എന്താണ് വല്ലഭാ”(ആലാപനം : മാർഗി സതി), “മുടിയേറ്റം-ദാരിക വധം “(ആലാപനം : പത്തനാപുരം ജോസ് ), “നല്ല സമയമിതു “((ആലാപനം : മാർഗി സതി ), “ഒന്ന് കണ്ടോട്ടെ “(ആലാപനം :കെ വി സെലിൻ ), “പായീടും തമ്പുരാനെ”(ആലാപനം :ശ്രീനി വാസൻ വെയാട്ടുമ്മൽ ), “രോക്ഷം ഉണ്ടാകുവാൻ”((ആലാപനം :മാർഗി സതി ) “വരണുണ്ട്, വരണുണ്ട് “(ആലാപനം :ശ്രീനിവാസൻ വെയാട്ടുമ്മൽ ), എന്നിവയാണ് ദൃഷ്ടാന്തത്തിലേ ഗാനങ്ങൾ. അപരാ ഹ്നം (1990), കഴകം (1995), ശയനം(2000), ദൃഷ്ടാന്തം (2006), രാമാനം (2009) എന്നിവ എം പി സുകുമാരൻ നായരുടെ സിനിമകളാണ്. മലയാള സിനിമ അതിന്‍റെ മാറ്റങ്ങളെ സ്വീകരിക്കുന്നത് അതേ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന സമൂഹത്തിലൂടെയും തലമുറകളിലൂടെയുമാണ്. ‘ദൃഷ്ടാന്ത’ത്തിലൂടെ ഈ മാറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നുതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.