69 മത് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തിരഞ്ഞെടുത്തത് സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പയിലെ അഭിനയത്തിനു അല്ലു അര്‍ജുനെ ആയിരുന്നു. തെലുങ്കില്‍ ആദ്യമായി എത്തുന്ന പുരസ്കാരമാണ് മികച്ച നടനായി അല്ലു അര്‍ജുനു കിട്ടുന്നത്. തെലുഗു സിനിമയില്‍ ചരിത്രത്തിലാദ്യമായി അല്ലു അര്‍ജുന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊണ്ട് തുടക്കം കുറിച്ചു എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്. മലയാളത്തിലും ഹിന്ദിയിലും തമിഴിലും കന്നടയിലുമടക്കം ഈ പുരസ്കാരം നിരവധി തവണ ലഭിച്ചിട്ടുണ്ടെങ്കിലും തെലുങ്കില്‍ ഇതാദ്യം.
ചിത്രത്തില്‍ ചന്ദനക്കൊള്ളക്കാരനായ പുഷ്പരാജ് എന്ന കഥാപാത്രമായാണ് അല്ലു അര്‍ജുന്‍ അഭിനയിച്ചത്. 2021- ല്‍ ഇറങ്ങിയ ഈ ചിത്രം ഇതര ഭാഷകളിലടക്കം ഏറെ ജനപ്രീതി നേടിയിരുന്നു. സിനിമയും അതിലെ പാട്ടുകളും ഏറെ ആഘോഷിക്കപ്പെട്ടു. ചിത്രത്തില്‍ ഫഹദ് ഫാസിലിന്‍റെ പ്രതിനായക കഥാപാത്രവും ശ്രദ്ധേയമായിരുന്നു. പുഷ്പയിലെ ഗാനങ്ങള്‍ സംവിധാനം ചെയ്ത ശ്രീദേവി പ്രസാദ് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി.
വളരെ വൈകാരികമായാണ് അല്ലു അര്‍ജുന്‍ ഈ അവാര്‍ഡ് നേട്ടത്തെ കുറിച്ച് പ്രതികരിക്കുന്നത്. ഈ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിരഞ്ജീവി, ജൂനിയര്‍ എന്‍ ടി ആര്‍ തുടങ്ങിയവര്‍ അല്ലു അര്‍ജുനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി. പുഷ്പയുടെ രണ്ടാംഭാഗമായ പുഷ്പ ദി റൂള്‍ ആണ് അല്ലു അര്‍ജുന്‍റെ ഏറ്റവും പുതിയ ചിത്രം.