“രവി അവതരിപ്പിച്ചത് ഒരു ഒന്നാംകിട ഭർത്താവിനെയാണ്. ഇങ്ങനത്തെ ഭർത്താവിനെ കിട്ടാൻ ഏതൊരു സ്ത്രീയും ആഗ്രഹിക്കും…” ‘അരുണ’ എന്ന പരമ്പരയിൽ താൻ അഭിനയിച്ച കഥാപാത്രത്തിനു കിട്ടിയ അഭിനന്ദനമാണ്, പ്രോത്സാഹനമാണ്. രവി വള്ളത്തോൾ അതിൽ അതിയായി ആനന്ദിച്ചു, ആഹ്ളാദിച്ചു. കാരണം, പറഞ്ഞത് മറ്റാരുമല്ല, ലോക സാഹിത്യത്തിലെ കമലയാണ്, മലയാളത്തിന്‍റെ പ്രിയങ്കരിയായ മാധവിക്കുട്ടിയാണ്. മഹത്തായ പൈതൃകത്തിന്‍റെ സമ്പന്നതയിൽ കളിച്ചു വളർന്ന കുട്ടി. പ്രശസ്ത നാടകാചാര്യൻ ടി എൻ ഗോപിനാഥൻ നായരുടെയും സൗദാമിനിയുടെയും മൂന്ന് മക്കളിൽ മൂത്തവൻ, പ്രശസ്ത കവി വളളത്തോൾ നാരായണ മേനോന്‍റെ അനന്തിരവളുടെ മകൻ, സാഹിത്യ പഞ്ചാനനൻ ജസ്റ്റിസ് പി കെ നാരായണപ്പിള്ളയുടെയും കുറ്റിപ്പുറത്ത് കേശവൻ നായരുടെയും ചെറുമകൻ, അങ്ങനെ അവകാശപ്പെടാൻ ഗുരുതുല്യനായ ബന്ധുജനങ്ങൾ. ആ സ്നേഹ സമ്പന്നമായ കുടുംബാന്തരീക്ഷത്തിൽ അനേകം സാഹിത്യകാരന്മാരും ചലച്ചി ത്രകാരന്മാരും നാടകക്കാരും പരിചയസമ്പന്നരും ഒത്തു കൂടി. പാരമ്പര്യത്തിന്‍റെ കലർപ്പ് രവി വള്ളത്തോളിന്‍റെ സിരകളിലും ലയിച്ചു ചേർന്നിരുന്നു. അത് കൊണ്ട് തന്നെ കുട്ടിക്കാലത്തെ തന്‍റെ വഴി നാടകവും അഭിനയവുമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ആ പാതയിലൂടെ സഞ്ചരിച്ചു.
ചലച്ചിത്ര മേഖലയിലും സീരിയൽ രംഗത്തും ഒരു പാട് തിളങ്ങി നിന്ന താരമായിരുന്നു രവി വള്ളത്തോൾ. നിരവധി സീരിയലുകളിൽ നായക വേഷത്തിൽ സ്വീകരണ മുറിയിലെ മിനി സ്‌ക്രീനിൽ നിറഞ്ഞു നിന്നു. കേരള സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ രവി വള്ളത്തോൾ പഠന കാലങ്ങളിൽ നാടകാവതരണങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു. അന്ന് കൂടെ കൂടിയ ആത്മ സുഹൃത്താണ് ജഗതി ശ്രീകുമാർ. അദ്ദേഹത്തിന്‍റെ കൂടെ രവി വളളത്തോൾ നായിക വേഷത്തിലും ജഗതി നായക വേഷത്തിലും അഭിനയിക്കുക പതിവായിരുന്നു. സ്ത്രീ വേഷത്തിൽ രവി വള്ളത്തോള്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. അന്ന് പലപ്പോഴും ഇരുവരും മികച്ച നടീനടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.1996ലാണ് രവി വള്ളത്തോളിന്‍റെ പിതാവ് ടി എൻ ഗോപിനാഥൻ നായരും പ്രശസ്ത ഗാനരചയിതാവ് പി ഭാസ്കരൻ മാഷും ചേർന്നു ദൂരദർശനിൽ ഒരുക്കിയ ‘വൈതരണി ‘എന്ന പരമ്പരയിലൂടെയാണ് വേറിട്ട അഭിനയത്തിലൂടെ രവി വള്ളത്തോൾ സജീവമാകുന്നത്. തുടർന്നു അനേകം ടെലിവിഷൻ പരമ്പരകളില്‍ നിറഞ്ഞു നിന്ന ഇദ്ദേഹം സിനിമ രംഗത്തേക്ക് ചുവട് വെക്കുന്നത് ഗാനരചയിതാവായിട്ടാണ്. ‘താഴ്‌വാരയിൽ മഞ്ഞു പെയ്തു’ എന്ന രവി വള്ളത്തോൾ എഴുതിയ ഗാനം 1976ൽ ഇറങ്ങിയ ‘തിരുമധുരം ‘എന്ന ചിത്രത്തിലേതാണ്.
ദൂരദർശൻ പരമ്പരയായ ‘വൈതരണി’യുടെ സംവിധായകൻ പി ഭാസ്കരൻ ആദ്യ പ്രദർശനത്തിൽ രവി വള്ളത്തോളിന്‍റെ കഴിവിനെയും ഭാവിയെയും ഇങ്ങനെ വിലയിരുത്തി. “ഇതിലെ പുതുമുഖമായ രവി വള്ളത്തോൾ ടിവിയിൽ മാത്രമല്ല, നാളത്തെ മലയാള സിനിമയ്ക്കും വാഗ്ദാനമാണ്. അന്ന് രവിക്കൊപ്പം ‘വൈതരണി’യിൽ വേഷമിട്ട രണ്ട് പേര് ഇന്ന് മലയാള സിനിമയുടെ അമരത്തെത്തി. ഒന്നു നടൻ പ്രേം കുമാർ, മറ്റൊരാൾ സംവിധായകൻ രഞ്ജിത്ത്. സീരിയലിൽ തന്‍റെ അഭിനയം കണ്ടു വിലയിരുത്തിയ തന്നിലെ അഭിനേതാവിനെ പാകപ്പെടുത്തിയെടുക്കാൻ സഹായിച്ചത് പത്മരാജന്‍റെ വാക്കുകളാണെന്ന് രവി വള്ളത്തോൾ ഓർക്കുന്നു. “നിനക്ക് ചലനത്തിലും സംഭാഷണത്തിലും ഒരു മന്ദഗതിയുണ്ട്. ഒന്നു കൂടി ചടുലമാക്കണം…” അദേഹത്തിന്‍റെ വാക്കുകളിലൂടെ അനുഗമിച്ച രവി വള്ളത്തോളിന്‍റെ അഭിനയ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ സംഭ വിക്കുകയും ചെയ്തു.
രവി വളളത്തോൾ ഏറ്റവും ആരാധിച്ചിരുന്ന അഭിനേതാവായിരുന്നു മമ്മൂട്ടി. അദ്ദേഹം നായകനായ അടൂരിന്‍റെ ‘മതിലുകൾ’ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തുടർന്നു അടൂരിനെപ്പോലെ പ്രഗത്ഭനായ സംവിധായകന്‍റെ ചിത്രങ്ങളിൽ രവി വള്ളത്തോൾ വേഷമിട്ടു. ലെനിൻ രാജേന്ദ്രന്‍റെ ഹിറ്റ് പടമായ സ്വാതിതിരുനാളിലെ പാട്ടുകാരന്‍റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പാട്ടെഴുത്തുകാരനും അഭിനേതാവും മാത്രമല്ല രവി വള്ളത്തോൾ. ഇരുപത്തിയഞ്ചോളം ചെറുകഥകളും നാടകങ്ങളും രചിച്ചിട്ടുണ്ട്. ഇതിൽ ഇദ്ദേഹത്തിന്‍റെ നാടകമായ ‘രേവതിക്കൊരു പാവക്കുട്ടി ‘അതേ പേരിൽ സിനിമയാവുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.1987ൽ സ്വാതിതിരുനാളിൽ ഗായകന്‍റെ വേഷത്തിൽ എത്തിയ രവി വളളത്തോൾ 1989ൽ നയനങ്ങൾ, സീസൺ, ഒരു സായാഹ്നത്തിന്‍റെ സ്വപ്നം, എന്നി ചിത്രങ്ങളിലും അഭിനയിച്ചു. 1990 ൽ ഈ തണുത്ത വെളുപ്പാൻ കാലത്ത്, കോട്ടയം കുഞ്ഞച്ചൻ, മതിലുകൾ തുടങ്ങിയ ചിത്രങ്ങളിലുമാണ് പിന്നീട് അഭിനയിച്ചത്.പഠനകാലത്തെ ജഗതിയുമായുള്ള ആത്മബന്ധം വളരെ കാലത്തോളം കാത്തു സൂക്ഷിച്ചിരുന്നു രവി വളളത്തോൾ. വേണു നാഗവള്ളി രവിയുടെ ഉറ്റ സുഹൃത്തായിരുന്നെങ്കിലും അദേഹത്തിന്‍റെ സിനിമകളിൽ അഭിനയിക്കുവാൻ രവിക്ക് ഭാഗ്യം സിദ്ധിച്ചില്ല.പിന്നീട് അതിൽ വേണു നാഗവള്ളിക്ക് കുറ്റബോധമുണ്ടായിരുന്നു എന്ന് രവി പല അഭിമുഖങ്ങളിൽ ഓർമിക്കാറുണ്ട്. ജഗതി ശ്രീകുമാർ അക്കാലത്ത് അഭിനയത്തിൽ മാത്രമല്ല, സിനിമ സംവിധാനത്തിലും ഒരു കൈ നോക്കിയിരുന്നു. 1997ൽ എടുത്ത’ കല്യാണ ഉണ്ണികൾ’ എന്ന ചിത്രത്തിൽ രവിക്കായി കഥാപാത്രം കാത്തിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ചിത്രം വെള്ളിത്തിരയിൽ എത്തിയില്ല. ഇതേ വർഷം തന്നെ രവി നീ വരുവോളം, ഹിറ്റ്‌ലർ ബ്രദേഴ്സ്, എന്നി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
1991ൽ ഗോഡ്ഫാദർ, ഒറ്റയാൾ പട്ടാളം, വിഷ്ണുലോകം, ആനവാൽ മോതിരം, എന്നി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷമിട്ടു.”എനിക്ക് ഏന്‍റെതായ ഒരു ഏരിയ ഉണ്ട്. കഥാപാത്രങ്ങളുണ്ട്. അതിൽ ഞാൻ സംതൃപ്തനാണ്. അച്ഛൻ പറഞ്ഞു തന്നത് അഭിനയിക്കാൻ ആരുടെ മുന്നിലും അപേക്ഷിക്കരുത് എന്നാണ്. അത് താൻ ഇന്നും പാലിക്കുന്നു…” സിനിമയിലുള്ളതിനേക്കാൾ കിടയറ്റ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് രവി വളളത്തോൾ സമ്മാനിച്ചത് നാടകങ്ങളിലൂടെയാണ്. സിനിമയിലാകട്ടെ, അച്ഛന്‍റെ വാക്ക് പോലെ അദ്ദേഹം സിനിമകളിൽ അവസരങ്ങള്‍ തേടിപ്പോയില്ല. അദ്ദേഹം അലങ്കരിച്ച കഥാപാത്രങ്ങളെല്ലാം രവിയിലെ അഭിനേതാവിനെ തേടി വന്നതായിരുന്നു.1992ൽ സർഗ്ഗത്തിലും ഉത്സവമേളത്തിലും 1993ൽ ധ്രുവത്തിലും ഭൂമിഗീതത്തിലും 1994ൽ വിധേയൻ, സാഗരം സാക്ഷി, കമ്മീഷണർ, പുത്രൻ, 1995ൽ സാദരത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളെയും കഥാപാത്രങ്ങളേയും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. അത് കൊണ്ട് സത്യൻ അന്തിക്കാട് ചിത്രങ്ങൾ രവി വള്ളത്തോളിനെ ആകർഷിച്ചു. അദ്ദേഹത്തിന്‍റെ സിനിമയിൽ ഒരു വേഷം ചെയ്യാൻ രവി ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ അത്തരത്തിലുള്ള വേഷങ്ങൾ രവിയെ തേടി യെത്തിയില്ല.
എം പി സുകുമാരൻ നായർ 1996 ൽ സംവിധാനം ചെയ്ത ‘കഴക’ത്തിനു മികച്ച സിനിമക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ഈ ചിത്രത്തിലും രവി വള്ളത്തോൾ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. 1995ൽ ഇറങ്ങിയ അടൂരിന്‍റെ ‘കഥാപുരുഷ’നെയും തേടി ഈ അംഗീകാരമെത്തി. ഈ ചിത്രത്തിലും അദ്ദേഹം കുഞ്ഞുണ്ണിയുടെ സഹോദരനായി അഭിനയിച്ചു. 1998ൽ ബാലചന്ദ്ര മോനോൻ സംവിധാനം ചെയ്ത സമാന്തരങ്ങളിലും രവി ‘മുരളി’ എന്ന കഥാപാത്രമായി അഭിനയിച്ചു. ഈ ചിത്രത്തിന് മികച്ച സിനിമക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിക്കുകയുണ്ടായി. തുടർന്ന് 1999ലെ ‘കണ്ണെഴുതി പൊട്ടും തൊട്ടി’ലെ ചാക്കോച്ചിയായും രവി വേഷമിട്ടു. ചിത്രത്തിനു മികച്ച സിനിമക്കുള്ള ദേശീയ അവാർഡും സ്പെഷ്യൽ അവാർഡും ലഭിച്ചു. തുടർന്നു ഇന്ദ്രിയം (2000), പ്രണയ മന്ത്രം 2001), നിഴൽക്കൂത്ത് (2004), നാലു പെണ്ണുങ്ങൾ (2007), ഒരു പെണ്ണും രണ്ടാണും (2008), കാര്യസ്ഥൻ (2010), സൈലൻസ് (2013), വീപ്പിങ് ബോയ് (2013), ദ ഡോൾഫിൻസ്(2014), ഓട്ടോ ബയോഗ്രാഫി ഓഫ് എ സ്‌ട്രേ ഡോഗ് (2016), തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.കൂടാതെ’സ്റ്റാലി ൻ ശിവദാസി’ലെ മനോജ് (1999),’ദാദ സാഹെബി’ലെ മജിസ്‌ട്രേറ്റ് (2000),’ചതുരംഗ’ത്തിലെ രാമചന്ദ്രൻ (2002), ‘പ്രണയമണി തൂവലി’ലെ വിശ്വനാഥ് (2002), ‘കുസൃതി’യിലെ ശ്രീ വല്ലഭൻ (2004),’ദ ‘ദിലീപിന്‍റെ അച്ഛൻ (2006), ‘രാവണ’നിലെ ജസ്റ്റിസ് രാഘവമേനോൻ (2006),’ഉപ്പുകണ്ടം ബ്രദേഴ്സി’ലെ കുട്ടൻ മാരാർ(2011),’ഇടുക്കി ഗോൾഡി’ലെ സദാനന്ദൻ (2014) തുടങ്ങിയ ചിത്രങ്ങളും കഥാപാത്രങ്ങളും രവി വള്ളത്തോൾ തന്‍റെ അഭിനയ കലയുടെ പാരമ്യത്തോളം പുറത്തെടുത്തു പ്രേക്ഷകർക്കായി സമ്മാനിച്ചു.
ചലച്ചിത്രത്തിലെന്ന പോലെ ടെലിവിഷൻ പാരമ്പരകളിലും നിറഞ്ഞു നിന്ന കലാകാരൻ. തനിക്ക് കിട്ടുന്നതാണ് തനിക്ക് അര്‍ഹതപ്പെട്ടതെന്ന് അദ്ദേഹം വിശ്വസിച്ചു. തേടിപ്പോയി വെട്ടിപ്പിടിച്ചു അവസരങ്ങൾ സ്വന്തമാക്കാൻ അദ്ദേഹം മുതിർന്നില്ല. സിനിമയിൽ കണ്ടു പരിചയിച്ച മുഖം മിനി സ്‌ക്രീനിൽ കാണിക്കാനും അദ്ദേ ഹം മടിച്ചില്ല. അഭിനയം ഏത് മേഖലയിലായാലും അത് കല തന്നെയാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാൽ അവാർഡുകളുടെ വെള്ളി വെളിച്ചങ്ങളെ അദ്ദേഹത്തെ തെല്ലും മോഹിച്ചിരുന്നില്ല. തരുന്നത് നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയും ചെയ്തു. ഈറൻ നിലാവ് (ഫ്ലവർസ് ടി വി), സ്പർശം (മീഡിയ വൺ ), ചന്ദ്രലേഖ, വൃന്ദവനം, അലാവുദ്ദിന്‍റെ അത്ഭുത വിളക്ക്, ദേവി മാഹാത്മ്യം, പാരിജാതം, അമേരിക്കൻ ഡ്രീംസ്, സ്വർണ്ണ മയൂരം (ഏഷ്യാനെറ്റ് ടി വി ),ഭദ്ര,നന്ദനം,ശ്രീ ഗുരുവായൂരപ്പൻ, അമ്മയ്ക്കായ്, കാണാക്കിനാവ്, (സൂര്യ ടീവി ), വസുന്ധര മെഡിക്കൽസ്, അരുണ, വൈതരണി, (ഡി ഡി ), മണൽ നഗരം, മെയ് ഫ്ലവർ,പ്രവാസം തുടങ്ങിയ ടെലിവിഷൻ പരമ്പരകൾ ശ്രദ്ധേയമായി. മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ‘അമേരിക്കൻ ഡ്രീംസ്’ എന്ന പരമ്പരയിലൂടെ രവി വള്ളത്തോൾ സ്വന്തമാക്കി. കൂടാതെ മികച്ച നടനുള്ള ഏഷ്യാ നെറ്റ് ടെലിവിഷൻ അവാർഡ് പാരിജാതം എന്ന പരമ്പരയിലൂടെയും അദ്ദേഹം കരസ്ഥമാക്കി. നെഗറ്റിവ് കഥാപത്രങ്ങൾ തനിക്ക് ഇണങ്ങുകില്ലെന്ന് മനസ്സിലാക്കിയ രവി അത് കൊണ്ട് തന്നെ നായക കഥാപാത്രങ്ങ ളെ കൂടുതല്‍ പ്രതീക്ഷിക്കുകയും സ്വീകരിക്കുകയും ചെയ്തു.
പതിനാലു വർഷത്തോളം താനും ഭാര്യയും ചേർന്നു മാനസിക വൈകല്യമുള്ള കുട്ടികൾക്കായി നടത്തുന്ന ‘തണൽ’ ചാരിറ്റിയെക്കുറിച്ച് അദ്ദേഹം പറയുന്നു..” അഭിനയവും അവാർഡുകളിലൊന്നുമല്ല പുണ്യം. അതൊക്കെ എല്ലവരും മറക്കും. ഇതാണ് പുണ്യം. തന്‍റെയും ഗീതയുടെയും ജന്മത്തിനു ദൈവം തന്ന പുണ്യം. ഭാര്യയാണ് എല്ലാകാര്യവും നോക്കി നടത്തുന്നത്…”മാനുഷികമായ ഒരു കുടുംബത്തിന്‍റെ ഉദ്യമം മഹത്തരമാകുന്നത് ഇങ്ങനെയാണ്. അദ്ദേഹത്തിന്‍റെ പൈതൃകം അഭിമാനിക്കുന്നതും ഈ പുണ്യത്തിൽ തന്നെ, സംശയമില്ല. സീരിയലിൽ കണ്ടു പരിചരിച്ച രവി വളളത്തോൾ സ്വീകരണ മുറികളിൽ അറിയപ്പെട്ടിരുന്നത് ‘സീരിയലിലെ മമ്മൂക്ക ‘എന്നായിരുന്നു. മമ്മൂട്ടി ആയിരുന്നു അദ്ദേഹത്തിന്‍റെ ഇഷ്ട നടനും.
2020 ഏപ്രിൽ 25നു രവി വള്ളത്തോൾ ജീവിതത്തിൽ നിന്നും വിടപറഞ്ഞകന്നപ്പോൾ രവിയെ കുറിച്ചുള്ള ഓർമ്മകളിൽ മമ്മൂട്ടി മുഖ പുസ്തകത്തിൽ ഇങ്ങനെ കുറിച്ചു, “ഊഷ്മളമായ ഓർമ്മകൾ സമ്മാനിച്ച രവി എന്നെ ആദ്യമായി ഇന്‍റർവ്യൂ ചെയ്തത് ദൂരദർശന് വേണ്ടിയായിരുന്നു. സംസ്ഥാന അവാർഡ് വാങ്ങി പുറത്തിറങ്ങുമ്പോൾ അന്ന് ആൾക്കൂട്ടത്തിന്‍റെ തിരക്കിനിടയിൽ വന്നു ചോദ്യങ്ങൾ ചോദിച്ച രവിയെ ഓർക്കുന്നു. പിന്നീട് ഒരു പാട് സിനിമകളിൽ ഒന്നിച്ചു…” അങ്ങനെ ഉറ്റവരുടെയും ഉടയവരുടെയും ഓർമകളിൽ രവി വള്ളത്തോള്‍ ഓരോരോ രവിയാണ്. സൗമ്യമായി ചിരിക്കുന്ന, പാരമ്പര്യത്തിന്‍റെ തലക്കനമില്ലാതെ എല്ലാവരുമായും സൗഹൃദം പങ്കിടുന്ന രവി, തന്നെ തേടി വരുന്ന കഥാപാത്രങ്ങളിൽ സംതൃപ്തി കണ്ടെത്തി അഭിനയിക്കാൻ അവസരം തേടിപ്പിടിക്കാത്ത രവി, സ്നേഹമസൃണമായ പെരുമാറ്റം കൊണ്ട് മാനുഷിക ബന്ധങ്ങളുടെ കണ്ണികൾ ചേർത്ത് വെക്കുന്ന രവി,..ആ രവി അസ്തമിച്ചിരിക്കുന്നു…യാതൊരു തലക്കനവുമില്ലാതെ ഒന്നര പതിറ്റാണ്ടോളം സമ്പാദിച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു കൊണ്ട് 2020 ഏപ്രില്‍ 25 നു ജീവിതത്തിൽ നിന്നും തിരിച്ചു പോയിരിക്കുന്നു.