‘ചിന്ന ചിന്ന ആശൈ ..ചിറകടിക്കുമാശൈ…’ ചിന്ന ആശകളെക്കുറിച്ച് പാടിക്കൊണ്ട് തമിഴ് സര്‍ക്കാരിന്‍റെ ആ വര്‍ഷത്തെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി, മലയാളത്തിന്‍റെ സ്വന്തം മിന്‍മിനി. ’റോജ ‘ എന്ന ചിത്രത്തിലെ മിന്‍മിനി പാടിയ പാട്ടിനുമുണ്ട്, സിനിമയുടെ പേര് പോലെ തന്നെ ’റോജ’യുടെ അതേ വശ്യതയും സുന്ധവും പേരും പ്രശസ്തിയും മൃദുത്വവും. പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമ സംഗീതത്തിന്‍റെ അമരക്കാരിലൊരാളായി മാറിയ എ ആര്‍ റഹ്മാന്‍റെ ഈണത്തില്‍ ചിട്ടപ്പെടുത്തിയ ഈ ഗാനമൊന്നു മതി മിന്‍മിനി എന്ന ഗായികയ്ക്ക് ഇന്ത്യന്‍ സിനിമയില്‍ മേല്‍വിലാസം നേടിക്കൊടുക്കുവാന്‍. റഹ്മാന്‍റെ കരിയറിലേക്ക് പടര്‍ന്ന് കയറിയ ‘റോജ’യിലെ പാട്ട് മുതല്‍ പിന്നീടങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഓസ്കാറിന്‍റെ ഉന്നതികള്‍ സ്വന്തമാക്കിയെങ്കിലും ആരാധകര്‍ക്ക് എ ആര്‍ റഹ്മാന്‍ എന്നാല്‍ ഇന്നും ‘ചിന്ന ചിന്ന ആശൈ’ ആണ്, അത് പാടിയിരിക്കുന്ന മിന്‍മിനിയെന്ന ഗായികയും പാട്ടിലെ ‘ചിന്ന ചിന്ന ആശൈ’യാണ്. ഭാഷയുടെയും ദേശത്തിന്‍റെയും അതിര്‍ത്തികള്‍ ലംഘിച്ചു കൊണ്ട് ആ പാട്ട് കുടിയേറിയത് ഒരുപാടു മനുഷ്യ മനസ്സുകളിലേക്കായിരുന്നു. ‘ചിന്ന ചിന്ന ആശൈ’യില്‍ മിന്‍മിനി എന്ന ഗായിക ജനപ്രിയ ഗായികയായിത്തീര്‍ന്നെങ്കിലും കരിയറില്‍ പ്രതീക്ഷിച്ചത് പോലെ അവസരങ്ങള്‍ തേടി വന്നത് കുറവായിരുന്നു .
വിരളമെങ്കിലും നിഷ്കളങ്കമായ മനുഷ്യ മോഹങ്ങളെക്കുറിച്ച് ഇത്രയും ലളിതമായി പാടുന്ന മറ്റൊരു പാട്ടില്ല, ഇന്ത്യന്‍ സിനിമയില്‍. ഒരിയ്ക്കലും സാധിക്കില്ലെന്നറിഞ്ഞിട്ടും ഒന്നിനും വേണ്ടിയല്ലാതെ അതിനായുള്ള സ്വപ്നങ്ങളെയും മോഹങ്ങളെയും എത്ര സുന്ദരമായി പാട്ടില്‍ കൊരുത്തിരിക്കുന്നു. മിന്‍നിയുടെ ശബ്ദത്തി ലുമുണ്ട് നിഷ്കളങ്കമായ ഒരിയ്ക്കലും നടക്കാത്ത ആ മോഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍.ഒരിയ്ക്കലും നടക്കില്ലെന്ന് ഉറപ്പുള്ള കാര്യങ്ങളെ ആഗ്രഹിക്കുമ്പോഴുള്ള സൌന്ദര്യവും നമ്മുടെയും കൂടിയായി മാറുമ്പോഴാണ് പാട്ടും സുന്ദരമാകുന്നത്. പാടിയ പാട്ടുകള്‍ വിരളമെങ്കിലും മിന്‍മിനിയെന്ന ഗായികയുടെ വ്യക്തിത്വത്തെ അവര്‍ പാടിയ എല്ലാ പാട്ടുകളും അടയാളപ്പെടുത്തുന്നുണ്ട്. പാടിയ പാട്ടുകളെല്ലാം തന്നെ സിനിമാ സംഗീത ചരിത്രത്തില്‍ ഒരിയ്ക്കലും മായാതെ കാലം അടയാളപ്പെടുത്തുകയും ചെയ്തു. സംഗീതത്തില്‍ മുഴുകി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും അതിന്‍റെ ഉയരങ്ങള്‍ കീഴടക്കണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല ഈ ഗായിക. അച്ഛന്‍ നാടകപ്രവര്‍ത്തകനും അമ്മ പാട്ടുകാരിയുമായ കലാകുടുംബത്തില്‍ ജനിച്ച മിന്‍മിനിയെന്ന ഗായിക സ്കൂള്‍ പഠനകാലത്ത് തന്നെ ലളിതഗാന മല്‍സരത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു . പിന്നീട് നിരവധി ഗാനമേള ട്രൂപ്പുകളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും ഈ ഗായിക മാധുര്യമേറിയ സ്വരം കൊണ്ട് ആളുകള്‍ക്കിടയില്‍ ചിരപരിചിതമാകാന്‍ തുടങ്ങി.
‘സ്വാഗതം ‘എന്ന ചിത്രത്തില്‍ രാജാമണിയുടെ സംഗീതത്തില്‍ പിറന്ന പാട്ടുകള്‍ പാടിക്കൊണ്ടാണ് മിന്‍മിനി മലയാള ചലച്ചിത്ര മേഖലയിലെ പിന്നണിഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. ജയചന്ദ്രനും ഉണ്ണിമേനോനുമടക്കമുള്ള ഹിറ്റ് ഗായകരോപ്പം പാട്ടിന്‍റെ വേദികള്‍ പങ്കുവെച്ച മിന്‍മിനിക്ക് പിന്നീടൊരു അവസരം ലഭിക്കുന്നത് ഇളയരാജയോട് ജയചന്ദ്രന്‍ അവര്‍ക്കായി ഒരവസരം ശുപാര്‍ശ ചെയ്തപ്പോഴായിരുന്നു . മിന്‍മിനിയുടെ ആലാപനത്തിലും സ്വരമാധുര്യത്തിലും ആകൃഷ്ടനായ ഇളയരാജ ‘മിനിജോസഫ് ‘എന്ന പേര് മാറ്റി ‘മിന്‍മിനി ‘എന്നാക്കുകയും ‘മീര ‘എന്ന തമിഴ് ചിത്രത്തില്‍ പാടിക്കുകയും ചെയ്തു. പിന്നീട് മലയാളത്തില്‍ വിദ്യാസാഗറേയും കീരവാണിയെയും എസ് പി വെങ്കിടേഷിനെയും പോലെയുള്ള പ്രശസ്തരായ നിരവധി സംഗീതസംവിധായകരുടെ ഹിറ്റ് പാട്ടുകള്‍ക്ക് മിന്‍മിനിയുടെ ശബ്ദം കരിയറില്‍ ഭാഗ്യജാതകമെഴുതി.
മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘കിഴക്കുണരും പക്ഷി’യിലെ “സൌപര്‍ണികാമൃത വീചികള്‍ പാടും “… ഭക്തിരസം നിറഞ്ഞു നില്‍ക്കുന്നുണ്ട് ഈ പാട്ടിലെ മിന്‍മിനിയുടെ ശബ്ദം . സൌപര്‍ണികയുടെ തീരത്തേക്കും മൂകാംബികയുടെയും കുടജാദ്രിയുടെയും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലേക്കും കൂട്ടിക്കൊണ്ട് പോകുകയാണ് മിന്‍മിനിയുടെ പാട്ടും സ്വര വീചികളും . മെലഡിമാത്രമല്ല, അത്യാവശ്യം അടിച്ചുപൊളി പാട്ടുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട് ഈ ഗായിക .’പപ്പയുടെ സ്വന്തം അപ്പൂസ് ‘എന്ന ചിത്രത്തി ല്‍ ഇളയരാജ ഈണമിട്ട് ബിച്ചു തിരുമല എഴുതിയ “കാക്കാപ്പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മൈ ലേ”… എന്ന ഗാനം ശ്രദ്ധേയമായിരുന്നു. ‘കുടുംബസമേത’ത്തില്‍ യേശുദാസിനൊപ്പം മിന്‍മിനി ആലപിച്ച പാട്ടും സൂപ്പര്‍ ഹിറ്റായി .കൈതപ്രത്തിന്‍റെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ഈണമിട്ട “നീലരാവിലിന്നു നിന്‍റെ താരഹാരമിളകി “..മലയാള സിനിമയിലെ എക്കാലത്തെയും റൊമാന്‍റിക് യുഗ്മഗാനമായിരുന്നു ഈ പാട്ട്. ’നാടോടി’ എന്ന ചിത്രത്തില്‍ എം ജി ശ്രീകുമാറിനൊപ്പം പാടിയപ്പോള്‍ അവിടെ വാല്‍സല്യത്തിന്‍റെ സ്വരമാധുര്യമായിരുന്നു മിന്‍മിനിയുടേത് . ഒ എന്‍ വിയുടെ വരികള്‍ക്ക് എസ് പി വെങ്കിടേഷ് ഈണമിട്ട ‘കുഞ്ഞു പാവയ്ക്കിന്നല്ലോ നല്ല നാളില്‍ പിറന്നാള്”…എന്ന ഈ ഗാനം മലയാളത്തിലെ എക്കാലത്തെയും നിഷ്കളങ്കമായ താരാട്ട് പാട്ടായി മാറി .
എസ് ബാലകൃഷ്ണന്‍റെ സംഗീതത്തില്‍ ബിച്ചു തിരുമല എഴുതി മിന്‍മിനി പാടിയ ‘വിയറ്റ്നാം കോളനി’യിലെ “പാതിരാവായി നേരം “, എം ജി ശ്രീകുമാറും മിന്‍മിനിയും ചേര്‍ന്ന് പാടിയ “താളമേളം പാട്ടും കൂത്തും നാടിനാഘോഷം” മേലെപ്പറമ്പില്‍ ആണ്‍വീടി’ലെ യേശുദാസിനൊപ്പം പാടിയ “വെള്ളിത്തിങ്കള്‍ പൂങ്കിണ്ണം തുള്ളിത്തൂവും “ ‘ഭൂതക്കണ്ണാടി’യിലെ എം ജി ശ്രീകുമാറിനൊപ്പം പാടിയ “ആശാമരത്തിന്‍റെ “,’ലവ് 24*7 ‘ലെ “വെയിലാറും ഓര്‍മ്മതന്‍ “,പാ .വ ‘യിലെ “കല്യാണം കല്യാണം “തുടങ്ങി മലയാളത്തില്‍ വിലയേറിയ ഒത്തിരി പാട്ടുകള്‍ക്ക് തന്‍റെ ശബ്ദത്തിലൂടെ ആത്മാവു നല്‍കിക്കൊണ്ട് മിന്‍മിനി മലയാള ചലച്ചിത്ര മേഖലയില്‍ തന്‍റേതായ ഇരിപ്പിടം കണ്ടെത്തി. പാട്ടിന്‍റെ ചിന്ന ആശൈകളെക്കുറിച്ച് മിന്‍മിനി പാടുകയാണ് … വീണ്ടും വീണ്ടും തന്‍റെ സ്വരശുദ്ധമായ സംഗീതത്തിലൂടെ …