റിലീസ് ചെയ്ത ആദ്യ ദിവസത്തിൽ തന്നെ കേരളത്തിൽ നിന്ന് ടർബോ നേടിയത് 6. 2 കോടി രൂപ. മമ്മൂട്ടി നായകനായ ഈ ചിത്രത്തിന് വലിയ സ്വീകരണവും മികച്ച പ്രതികരണവുമാണു പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഈ വർഷത്തെ ഏറ്റവും മികച്ച കളക്ഷൻ റെക്കോർഡ് ആണ് ഒറ്റ ദിവസം കൊണ്ട് മമ്മൂട്ടി നായകനായി എത്തിയ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ പ്രീബുക്കിങും മറ്റുമായി രണ്ട് കോടിയും രണ്ടാം ദിവസത്തിൽ നേടിക്കഴിഞ്ഞു.
തിയ്യേറ്ററുകളിൽ തികച്ചും വ്യത്യസ്തമായി എത്തിയ മമ്മൂട്ടി കഥാപാത്രവും മാസ്സ് കോമഡി ആക്ഷൻ കൊണ്ടുമാണ് സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് ആകർഷകമാകാൻ കാരണം. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ലേറ്റ് നൈറ്റ് ഷോകൾ 50 ൽ അധികമാണ് ചാർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ യു കെയിലും ജർമ്മനിയിലും റിലീസ് ചെയ്തതിൽ ഏറ്റവും വലുതും ശ്രദ്ധേയവുമായ മൂവിയാണ് ടർബോ. 300- ൽ കൂടുതൽ തിയ്യേറ്ററുകളിലാണ് ടർബോ പ്രദർശനം തുടരുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രത്തിൽ.
മെയ് 23 ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന്എത്തിയത്. രണ്ട് മണിക്കൂർ 35 മിനിറ്റ് നീളുന്ന സിനിമയാണ് ടർബോ. സിനിമയുടെ പുറത്തിറങ്ങിയ ട്രയിലറും പോസ്റ്ററുമെല്ലാം മികച്ച പ്രതികരണമാണ് നേടിക്കൊടുത്തത്. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. 70 കോടി ബജറ്റിൽ ഒരുങ്ങിയ ടർബോ ഒരു ആക്ഷൻ കൊമേർഷ്യൽ ചിത്രമാണ്.. തെലുങ്ക് നടൻ സുനിൽ, കന്നഡ നടൻ രാജ് ബി ഷെട്ടി, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം വിഷ്ണു ശർമ്മ, സംഗീതം ജസ്റ്റിൻ വർഗീസ്.