Friday, November 15, 2024

യവനികയ്ക്കുള്ളിലെ സംവിധായകൻ

കെ ജി ജോര്‍ജ്ജ് എന്ന സംവിധായകന്‍ ജീവിതത്തില്‍ നിന്നും വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ സിനിമകള്‍ എക്കാലത്തും കടന്നുവരുന്ന പുതുമുഖങ്ങള്‍ക്ക് അറിവ് പകരുന്നവയാണ്. കല കാലത്തെ അതിജീവിക്കുന്നത് ആ കലയുണ്ടായ കാലത്തിന്‍റെ നേട്ടവും സംഭാവനയുമാണ്. സിനിമ അത്തരമൊരു വിശാലമായ മാധ്യമമാണെന്ന് അവകാശപ്പെടാം. അതുവരെ മലയാള ചലച്ചിത്ര ലോകം നിലനിന്നി രുന്നതിനു വ്യക്തമായൊരു പാരമ്പര്യത്തിന്‍റെ നീണ്ട കണ്ണികൾ ഉണ്ടാ യിരുന്നു. അളവിലും തൂക്കത്തിലും നിറത്തിലും വ്യത്യാസമില്ലാതെ ഒരേ നൂലിൽ കോർക്കപ്പെട്ടവ. സിനിമ ആശയം കൊണ്ടും ശൈലി കൊണ്ടും കഥാപാത്രത്തിന്‍റെയും കഥയുടെയും പശ്ചാത്തല രൂപീകരണം കൊണ്ടും അക്കാലത്തെ സിനിമകൾ സമാനതകളുടെ വാർപ്പ് മാതൃകകളായി നില കൊണ്ടു.

വലിയൊരു കാലത്തോളം മലയാള ചലച്ചിത്രലോകത്ത് ജീവിതത്തിനും മരണത്തിനും പ്രണയത്തിനുമെല്ലാം ഒരേ ബിംബവൽക്കരണം കൊണ്ടു ആവർത്തനങ്ങളുടെ നീണ്ട സിനിമാക്കാലങ്ങളെ സൃഷ്ട്ടിക്കുകയുണ്ടായിരുന്നു. അത് അക്കാലത്തു ജനങ്ങൾക്ക് ഒത്തിരി സ്വീകാര്യവുമായിരുന്നു. ആ പാരമ്പര്യ കലാസൃഷ്ടി വൈഭവത്തെ തിരുത്തുന്ന തരത്തിലുള്ള നവീന സിനിമാകാലത്തിന്‍റെ രംഗപ്രവേശം അവർക്ക് ചിന്തകൾക്കും അതീതമായിരുന്നു. അക്കാലഘട്ടങ്ങളിൽ പൂനെ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് ചലച്ചിത്ര പഠനം കഴിഞ്ഞിറങ്ങുന്ന ഒരു തലമുറ പാരമ്പര്യ ചലച്ചിത്ര നിർമാണത്തിൽ നിന്നും വിഭിന്നമായൊരു പാത സൃഷ്ടിച്ചെടുത്തു. അത് മലയാള സിനിമയുടെ പുതിയൊരു കാലഘട്ടത്തിലേക്ക് വെളിച്ചം വീശുകയായിരുന്നു.

സമാന്തര സിനിമകളുടെ ആദ്യകാലങ്ങളിലെ പുതിയ കാഴ്ചകളെയും അതിന്‍റെ ആഴങ്ങളെയും പ്രേക്ഷകർ അത്ഭുതത്തോടെയും തെല്ലു സംശയത്തോടെയും വെള്ളിത്തിരയിലേക്ക് വീക്ഷിച്ചു. സിനിമ നവീകരിക്കപ്പെടുന്നത് റിയലിസത്തിന്‍റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരത്തിലൂടെയായിരുന്നു. സമാന്തര സിനിമകൾ അത്തരം പ്ര തീക്ഷകൾ കൂടി പ്രേക്ഷകർക്ക് കാഴ്ചവെച്ചു. ജീവിതത്തിനും പ്രണയത്തിനും റൊമാന്‍റിസത്തിൽ നിന്നും തെല്ലകന്ന് റിയലിസത്തിന്‍റെ മാന്ത്രികത സ്‌ക്രീനിൽ നിറച്ചു. അത് വ്യക്തികളിലും സമൂഹത്തിലും തികച്ചും അസ്വസ്ഥവുമായിരുന്നു. കാരണം, അതിൽ രാഷ്ട്രീയ മാനങ്ങളുടെ, പച്ചയായ ജീവിതങ്ങളുടെ, എല്ലാംകൊണ്ടും ആഖ്യാന ശൈലിയിൽ നിന്നും അതിന്‍റെ പ്രമേയം വ്യത്യസ്തമാർന്നു.

മലയാളത്തിലേക്ക് സമാന്തര സിനിമകളുടെ രംഗപ്രേവേശം ആരംഭിക്കുന്നത് അടൂർ ഗോപാലകൃഷ്ണൻ ഇന്ത്യയിലെ തന്നെ ആദ്യ സ്വതന്ത്ര്യ സ്ഥാപനമായ ചിത്രലേഖ ഫിലിം സൊസൈറ്റി തിരുവനന്തപുരത്ത് സ്ഥാപിച്ചതോടെയാണ്. അക്കാലത്ത് നിരവധി നവാഗത സംവിധായകർ സമാന്തര സിനിമകളുമായി ഫിലിം  സൊസൈറ്റിയിലൂടെ മലയാള ചലച്ചിത്രമേഖലയിലേക്കും കടന്നു വന്നു. അരവിന്ദൻ, കെ ജി ജോർജ്ജ്, പവിത്രൻ, പി എ ബക്കർ തുടങ്ങിയ പ്രമുഖർ പിൽക്കാലത്ത് മലയാള സിനിമയുടെ സമ്പത്തായി. പിന്നീട് സർഗ്ഗപരതയുടെ അതിസുന്ദരമായ ജീവിത തീഷ്ണങ്ങളായ സമാന്തര ചിത്രങ്ങൾ മലയാളത്തിൽ നിന്നു കാണാന്‍ കഴിഞ്ഞു.

കെ ജി ജോർജ്ജ് മലയാള സിനിമയിൽ തലമൂത്ത കാരണവരിൽ ഒരാളായിരുന്നു. അടൂരിനോപ്പം കൂട്ടിച്ചേർക്കേണ്ട പേര്. കുറച്ചു സിനിമകളെ സംവിധാനം ചെയ്തുള്ളു എങ്കിലും അതിൽ ചില സിനിമകള്‍ കാലത്തെയും അതിജീവിക്കുന്നു. ഇന്നും ചർച്ച ചെയ്യപ്പെടുന്ന കെ ജി ജോ ർജ്ജ് സിനിമകൾ മലയാളത്തിലുണ്ട്. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ്ജ് എന്ന കെജി ജോർജ്ജ് കേരള സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയതിനു ശേഷം 1971- ൽ പൂനെ ഫിലിം ഇൻസ്റ്റിട്ട്യുട്ടിൽ നിന്ന് സിനിമ സംവിധാനത്തിൽ ഡിപ്ലോമ കരസ്ഥമാക്കി. മലയാള സി നിമയുടെ പ്രമുഖ സംവിധായകനായിരുന്ന രാമുകാര്യാട്ടിന്‍റെ ‘മായ’ എന്ന ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ച കെ ജി ജോർജ്ജ് സ്വതന്ത്ര്യ സംവിധായകനാകുന്നത് 1975- ൽ പമ്മൻ രചിച്ച തിരക്കഥയിലെഴുതിയ ‘സ്വപ്നാടനം’ സംവിധാനം ചെയ്തു കൊണ്ടാണ്. മുഹമ്മദ് ബാപ്പു നിർമിച്ച കെ ജി ജോർജിന്‍റെ ആദ്യ ചിത്രം വെല്ലുവിളികളോടെ സംവിധാനം ചെയ്ത ചിത്രമായിരുന്നു. സിനിമയിലെ പ്രണയരംഗത്തിന്‍റെ സാമ്പ്രദായിക കെട്ടുപാടുകളെ അദ്ദേഹം തന്‍റെ ആദ്യ സിനിമയിലൂടെ തന്നെ തിരുത്തിയെഴുതി. മരംചുറ്റി നടക്കുന്ന പ്രണയ സല്ലാപങ്ങളിലെ പൈങ്കിളിയായിരുന്നില്ല കെ ജി ജോർജിന്‍റെ ചിത്രങ്ങളിലെ പ്രണയകാലങ്ങൾ പറഞ്ഞത്.

പുത്തൻ പ്രമേയങ്ങളുടെ നവീന രാഷ്ട്രീയം വെളിപ്പെടുന്ന സിനിമകളുടെ ആരംഭത്തിനും ആഖ്യാനരീതിക്കും അദ്ദേഹം തുടക്കമിട്ടു. ആദ്യ ചിത്രത്തിലൂടെ  തന്നെ അംഗീകാരങ്ങളുടെ നേട്ടങ്ങൾ കൊയ്തു കെ ജി ജോർജ്ജ്. ആ വർഷത്തെ മികച്ച സിനിമക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡും ‘സ്വപ്നാടനം’ സ്വന്തമാക്കി. സോമൻ,മല്ലിക എന്നി അഭിനേതാക്കൾക്ക് മികച്ച സഹനടൻ,സഹനടി എന്നി അവാർഡും ‘സ്വപ്നാടന’ത്തിലൂടെ  ലഭിച്ചു. റാണി ചന്ദ്ര, പി കെ വേണുക്കുട്ടൻ നായർ, ഡോ മോഹൻദാസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു. അക്കാലത്തിറങ്ങിയ ന്യൂ ജനറേഷൻ സിനിമ കൂടിയായിരുന്നു ‘സ്വപ്നാടനം’. അത് കൊണ്ടു തന്നെ ഇന്നും ന്യൂ ജെൻ സിനിമകൾക്കിടയിൽ,ന്യൂജെൻ ജീവിതങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. ‘സ്വപ്‍നാടനം’ ഒരു സൈക്കോ ഡ്രാമ ചിത്രമാണെന്ന് സിനിമ നിരൂപകർ അഭിപ്രായപ്പെടുന്നു. കുടുംബ ബന്ധത്തിന്‍റെ കഥപറയുന്ന ചിത്രത്തിൽ ഭാര്യ- ഭർതൃ ബന്ധത്തി നിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ഭർത്താവ് ഗോപി എന്ന കഥാപാത്രം ആ പ്രശ്നങ്ങളിൽ പെട്ടുഴറുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം. പ്രമേയങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നും സാമ്പ്രദായിക രീതികളിൽ നിന്നും സിനിമ വേറിട്ടു നിന്നു.

കേരളത്തിൽ മാത്രമല്ല, അന്തർ ദേശീയ തലങ്ങളിലും ശ്രദ്ധ നേടിയ ചിത്രങ്ങളാണ് കെ ജി ജോര്‍ജ്ജിന്‍റെത്. എം ബി ശ്രീനിവാസന്‍റെ ഈണത്തിൽ ഒ എൻ വി രചിച്ച ഗാനങ്ങൾകൊണ്ടും സമ്പന്നമായിരുന്നു അദ്ദേഹത്തിന്‍റെ സിനിമാലോകം. അക്കാലത്തെ സമകാലിക ഭൂമിയിലെ എല്ലാ വിഷയങ്ങളും അദ്ദേഹത്തിന്‍റെ സിനിമകൾക്ക് വിഷയമായി. 1970- മുതൽ വെള്ളിത്തിരയിൽ സിനിമ വേറിട്ട കാഴ്ചയുടെ വസന്തം തന്നെയൊരുക്കി. ഇന്ത്യൻ സിനിമയുടെ വിശാലമായ കാൻവാസിലേക്ക് മലയാള സിനിമയെ കൈ പിടിച്ചുയർത്താൻ കെ ജി ജോർജ്ജിന്‍റെ ചിത്രങ്ങൾ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

പത്മരാജന്‍റെ തിരക്കഥയിൽ കെ ജി ജോർജ് സംവിധാനം ചെയ്ത ‘രാപ്പാടികളുടെ ഗാഥ’ മലയാള സിനിമയിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. സോമനും വിധുബാലയും കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ചിത്രത്തിൽ മയക്കുമരുന്നിന്‍റെ ഉപയോഗവും മാനസിക സംഘർഷങ്ങളുമാണ് പ്രമേയം. 1981- ൽ സംവിധാനം ചെയ്ത ‘കോലങ്ങൾ’ എന്ന ചിത്രത്തിന് ‘പി ജെ  ആന്‍റണിയുടെ ‘ഒരു ഗ്രാമത്തിന്‍റെ ആത്മാവ്’ എന്ന നോവലാണ്  ആശയം. എഴുപതുകളിലെ കാലഘട്ടങ്ങളിൽ മനുഷ്യ ജീവിതത്തിന്‍റെ കഥ പറയുന്ന റിയലിസ്റ്റിക് ചിത്രത്തിൽ മറിയം എന്ന കഥാപാത്രത്തെ അഭിനയിച്ച രാജം കെ നായർ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. തിലകൻ, ശ്രീനിവാസൻ, വേണു നാഗ വള്ളി തുടങ്ങിയവർ ചിത്രത്തിൽ  മറ്റു കഥാപാത്രങ്ങളായി അഭിനയിച്ചു. സിനിമയുടെ മൂല്യം കാത്തുസൂക്ഷിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളിൽ ഇടം നേടി ‘കോലങ്ങൾ’ എന്ന സിനിമ.

‘യവനിക’ മലയാള സിനിമയിൽ ഭരത് ഗോപി എന്ന അനശ്വര നടൻ തകർത്തഭിനയിച്ച ചിത്രമായിരുന്നു. അയ്യപ്പൻ എന്ന തബലിസ്റ്റ് എന്ന കഥാപാത്രത്തെ ആയിരുന്നു ചിത്രത്തിൽ ഭരത് ഗോപി അഭിനയിച്ചത്. ഒരു നാടക സംഘവും ആ നാടകത്തിലെ തബലിസ്റ്റ് അയ്യപ്പന്‍റെ മരണവും തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്‍റെ പ്രമേയം. ത്രില്ലർ ചിത്രമായ ‘യവനിക’യിൽ പോലിസ് ആയി എത്തുന്നത് മമ്മൂട്ടിയാണ്. ഈ ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടന്‍റെ അഭിനയ ചാതുര്യം ഒന്നുകൂടി മലയാള സിനിമയിൽ അടിയുറക്കപ്പെടുന്നത്. മികച്ച ചിത്രമായി സംസ്ഥാന അവാർഡ് സ്വന്തമാക്കിയ യവനികയിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡും ലഭിച്ചു.

1984- ൽ ഇറങ്ങിയ ‘ആദാമിന്‍റെ വാരിയെല്ല് ‘മലയാളത്തിലെ മികച്ച  സ്ത്രീപക്ഷ സിനിമകളിൽ ഉൾപ്പെടുന്നു. സ്ത്രീ ജീവിതത്തിലേക്കുള്ള സൂക്ഷ്മമായ അന്വേഷണമാണ് ചിത്രത്തിന്‍റെ കാതല്‍. അത് കുടുംബത്തെ കേന്ദ്രീകരിച്ചു മുന്നോട്ട് പോകുന്നു. മൂന്ന് സ്ത്രീകളുടെ വ്യത്യസ്ത ജീവിതമാണ് ചിത്രത്തിൽ പ്രധാനം. സുഹാസിനി, ശ്രീവിദ്യ, സൂര്യ തുടങ്ങിയവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്. സംഘർഷ ജീവിതത്തിന്‍റെ മുന്നോട്ടുള്ള വഴിയിൽ ഒരാൾക്ക് മാനസിക നിലതെറ്റുകയും ഒരാൾ ആത്മഹത്യ തിരഞ്ഞെടുക്കുകയും മറ്റൊരാൾ പോരാട്ടത്തിനായി സമൂഹത്തിലേക്ക് ഇറങ്ങുകയും ചെയ്യുന്നു. സാമ്പത്തികമായും മാനസികമായും ശാരീരികമായും പുരുഷകേന്ദ്രീകൃതമായ അധികാരവ്യവസ്ഥിതി ചൂഷണം ചെയ്യുന്ന വ്യത്യസ്തമായ സ്ത്രീ ജീവിതത്തെയാണ് ഈ ചിത്രം മൂന്നു കഥാപാത്രങ്ങളിലൂടെയും പ്രതിപാദിക്കുന്നത്. കെ ജി ജോർജ്ജിന്‍റെ മറ്റൊരു റിയലിസ്റ്റിക് ചിത്രം കൂടിയാണ് ‘ആദാമിന്‍റെ വാരിയെല്ല്’.

ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്ന കഥാപാത്രങ്ങളും കഥയും ആശയവുമാണ് 1984- ലെ ‘പഞ്ചവടിപ്പാലം’ എന്ന കെജി ജോർജ്ജ് ചിത്ര ത്തിലുള്ളത്. സുകുമാരി, നെടുമുടി വേണു, ഭരത് ഗോപി, എന്നിവർ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ദുശ്ശാസന കുറുപ്പ്, ശിഖണ്ഡിപ്പിള്ള, പഞ്ചവടി റാഹേൽ തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും സമകാലികരായി സിനിമയിലൂടെ സമൂഹത്തിലും വ്യക്തികൾക്കിടയിലും ഒളിഞ്ഞും തെളിഞ്ഞും ജീവിക്കുന്നു.1985- ൽ ഇറങ്ങിയ ‘ഇരകൾ’ എന്ന ചിത്രത്തെ സൈക്കോളജിക്കൽ ത്രില്ലറായി ചലച്ചിത്ര നിരൂപകർ വിലയിരുത്തുന്നു. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചത് കെ ജി ജോര്‍ജ്ജ് ആണ്. ചിത്രത്തിന് മികച്ച സിനിമക്കും  കഥക്കുമുള്ള സംസ്ഥാന അവാർഡും ലഭിച്ചു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗണേഷ് കുമാറും  തിലകൻ, ശ്രീവിദ്യ, ഭരത് ഗോപി എന്നിവരും ചിത്രത്തിൽ അഭിനയിച്ചു.

1990- ൽ ഇറങ്ങിയ ‘ഈ കണ്ണാടികൂടി’ മലയാള സിനിമയിൽ ഏറെ  ശ്രദ്ധേയമായിരുന്ന മറ്റൊരു ചിത്രമായിരുന്നു. ഒരു ക്രൈംകില്ലർ ഡ്രാമ ചിത്രമായി നിരൂപകർ ഇതിനെ വിലയിരുത്തുന്നു. കുമുദം എന്ന ലൈംഗിക തൊഴിലാളിയുടെ മരണവും അതിനോടനുബന്ധിച്ച അന്വേ ഷണവുമാണ് ചിത്രത്തിന്‍റെ പ്രമേയം. രാജൻ പി ദേവ്, അശ്വിനി, സുകുമാരി, തിലകൻ, സായ്കുമാർ, മുരളി, ജോസ് പ്രകാശ്, തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി. എൺപതുകളിൽ മലയാള സിനിമയെ സമ്പുഷ്ടമാക്കിയ കെ ജി ജോർജ്ജിന്‍റെ ചിത്രങ്ങൾ പ്രമേയം കൊണ്ടും ആശയം കൊണ്ടും അന്നും ഇന്നും വേറിട്ടു നില്‍ക്കുന്നു.

മലയാള സിനിമയുടെ പശ്ചാത്തലത്തിനു പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും കലയിൽ തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച കെ ജി ജോർജ്ജ് പിന്നീട് മലയാള സിനിമയുടെ വ്യത്യസ്ത പരിണാമങ്ങൾക്കും കാലങ്ങൾക്കിപ്പുറവും സാക്ഷിയായി. കാലത്തിനുമുന്നേ  അദേഹത്തിന്‍റെ കലാസൃഷ്ടികളും സഞ്ചരിച്ചു. പത്തൊൻപത് സിനിമകൾ ചെയ്ത അദേഹത്തിന്‍റെ മിക്ക ചിത്രങ്ങളും അവാർഡുകൾ ഏറ്റുവാങ്ങുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഇലവങ്കോട് ദേശം(1998), ഒരു യാത്രയുടെ അന്ത്യം(1991), ഈ കണ്ണികൂടി( 1990), മറ്റൊരാൾ (1988), കഥയ്ക്കു പിന്നിൽ ( 1987), ഇരകൾ (1986), പഞ്ചവടിപ്പാലം (1984), ആദാമിന്‍റെ വാരിയെല്ല് (1983), ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് (1983), യവനിക (1982), കോലങ്ങൾ (1981), മേള (1980), ഉൾക്കടൽ ( 1978), ഇനിയവൾ ഉറങ്ങട്ടെ (1978), മണ്ണ് (1978), ഓണപ്പുടവ ( 1978), രാപ്പാടികളുടെ ഗാഥ (1978), വ്യാമോഹം (1977), സ്വപ്നാടനം (1976), തുടങ്ങിയവയാണ് കെ ജി ജോർജിന്‍റെ സംവിധാനത്തിൽ പിറന്ന സിനിമകൾ.കൂടാതെ അദ്ദേഹം ഒരു അഭിനേതാവ് കൂടിയാ യിരുന്നു.

1992ൽ ടി കെ രാജീവ് കുമാറിന്‍റെ മഹാസാഗരം എന്ന സിനിമ നിർമ്മിച്ച കെ ജി ജോർജ്ജ് ആദാമിന്‍റെ വാരിയെല്ലിലും സിബിമലയിലിന്‍റെ പ്രണയ വർണങ്ങളിലും(1998), സഞ്ജീവ് രാജിന്‍റെ ഫൈവ് ഫിംഗേഴ്‌സിലും അഭിനയിച്ചു. ‘സ്വപ്നാടന’ത്തിനും ടി വി ചന്ദ്രന്‍റെ കഥാവശേഷനും ശബ്‍ദം നൽകി. ഇളവങ്കോട് ദേശം ആണ് കെ ജി ജോർജിന്‍റെ അവസാനമായി പുറത്തു വന്ന ചിത്രം. സിനിമ അതിന്‍റെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴും നവാഗതരായ സംവിധായകർ ഇന്നും പഠന വിധേയമായി സ്വീകരിക്കുന്നത് കെ ജി ജോർജ്ജിന്‍റെ സിനിമകളെയാണ്. പലരും ഇന്നും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളേയും ഉപദേശങ്ങളേയും മാനിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയും ആഷിക് അബുവും അവരിൽ ചിലർ. അവതരണ ശൈലികൊണ്ടും ആശയങ്ങൾ  കൊണ്ടും കഥാ സ്വീകാര്യത കൊണ്ടും വ്യത്യസ്ത കഥാപാത്ര സൃഷ്ടികൊണ്ടും മരണത്തിന് ശേഷവും ഇന്നും അദ്ദേഹം മലയാള സിനിമയുടെ അത്ഭുതമായി ജീവിക്കുന്നു, മലയാള സിനിമയുടെ അമരത്ത് തന്നെ…

spot_img

Hot Topics

Related Articles

Also Read

പുത്തൻ ട്രയിലറുമായി ‘നുണക്കുഴി’

0
ജിത്തു ജോസഫും ബേസിലും ഒന്നിക്കുന്ന ചിത്രം നുണക്കുഴിയുടെ പുതിയ ട്രയിലർ പുറത്തിറങ്ങി. ഓഗസ്ത് 15 ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ട്രയിലർ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. കെ ആർ...

പ്രധാനതാരങ്ങളായി എസ് ജെ സൂര്യയും ഫഹദ് ഫാസിലും; സംവിധാനം വിപിൻദാസ്

0
ബാദുഷ സിനിമാസിന്റെ ബാനറിൽ വിപിൻദാസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തുന്ന  മാസ്സ് എന്റർടൈമെന്റ് മൂവിയിൽ എസ് ജെ സൂര്യയും മറ്റൊരു പ്രാധാനകഥാപാത്രമായി എത്തുന്നു.

‘കണ്ണൂര്‍ സ്ക്വഡിലെ കഥാപാത്രങ്ങള്‍ അമാനുഷികരല്ല’; മമ്മൂട്ടി

0
‘എല്ലാ സിനിമകളും കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ്. ഓരോരുത്തരും സിനിമകണ്ട് അഭിപ്രായം അറിയിക്കണം. പ്രേക്ഷകര്‍ക്ക് കണ്ടുപരിചയമുള്ള തിരിച്ചറിയാനാകുന്ന സജീവമായ ജീവസ്സുറ്റ കഥാപാത്രങ്ങളാണ് കണ്ണൂര്‍ സ്ക്വാഡില്‍ ഉള്ളത്.

മെഡിക്കല്‍ കോളേജിലെ നാലു വിദ്യാര്‍ഥികളുടെ ജീവിതകഥയുമായി മായാവനം; ഷൂട്ടിങ് പൂര്‍ത്തിയായി

0
ഡോ: ജഗത് ലാല്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത് പുതുമുഖം ആദിത്യ സായ് നായകനാകുന്ന ആദ്യ ചിത്രം മായാവനത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സായ് സൂര്യ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മായാവനം.

വിഷുവിനൊരുങ്ങി ഉസ്കൂള്‍ ; ട്രെയിലർ റിലീസായി

0
പി എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന ഉസ്കൂള്‍ ചിത്രത്തിന്റെി ട്രെയിലർ പുറത്തിറങ്ങി. പ്ലസ് ടൂ വിദ്യാര്ഥിനകളുടെയും അവരുടെ സെന്റ്്ഓഫ് സംഭവങ്ങളുമാണ് ചിത്രത്തിന്‍ പ്രമേയം